മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം മൂന്ന്. ഏപ്രിൽ രണ്ടിനാണ് ദൃശ്യം മൂന്ന് തിയേറ്ററുകൾ കീഴടക്കുക. ഒന്നും രണ്ടു ഭാഗങ്ങൾ നേടിയ വൻ വിജയത്തിന് പിന്നാലെയാണ് മൂന്നാം ഭാഗം ജിത്തു ജോസഫ് ഒരുക്കുന്നത്. ദൃശ്യം മൂന്നിന്റെ കഥ സംബന്ധിച്ചുള്ള ചർച്ചകൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. വാഴത്തോട്ടത്തിൽ ആശങ്ക നിറഞ്ഞ മനസ്സുമായി നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രമാണ് ഏറ്റവും ഒടുവിൽ പോസ്റ്ററായി പുറത്തുവന്നത്. ജോർജുകുട്ടിയുടെ ആശങ്കകൾ അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റർ.
കുടുംബത്തിനുവേണ്ടി ആ വലിയ രഹസ്യം മനസ്സിൽ ഒളിപ്പിച്ച് കഴിയുന്ന ജോർജുകുട്ടിയെയാണ് ഒന്നും രണ്ടും ഭാഗത്ത് കണ്ടത്. മൂന്നാം ഭാഗത്തും ജോർജുകുട്ടിയുടെ ആത്മസംഘർഷം പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നു. തനിക്കെതിരെ അന്വേഷണവുമായി നിൽക്കുന്നവർക്കപ്പുറം സ്വന്തം മനസാക്ഷി തന്നെ ഒരു വില്ലനായി മാറുകയാണോ ജോർജുകുട്ടിക്ക്? ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്.
സിനിമയുടെ പ്ലോട്ട് സംബന്ധിച്ചുള്ള വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കുടുംബത്തിനുള്ളിൽ നിന്നുതന്നെയാണ് ജോർജുകുട്ടിക്ക് ഇത്തവണ വെല്ലുവിളി നേരിടേണ്ടി വരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ജോർജുകുട്ടിയുടെ മകളുടെ വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ സിനിമയിലുണ്ടെന്ന സൂചന പുറത്തു വന്നിട്ടുണ്ട്. ഇതിൽ നിന്നാണോ പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നത് എന്നാണ് ഇനി അറിയേണ്ടത്. വിദേശ വിതരണക്കാരായ ഫാർസ് ഫിലിസിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറംലോകത്ത് എത്തിയത് എന്നുള്ള സൂചനകൾ ഉണ്ട്. ഏതായാലും മൂന്നാം ഭാഗത്തെ കുറിച്ചുള്ള ആരാധകരുടെ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.


