കേരളത്തിന്റെ നൊമ്പരമായി മാറിക്കഴിഞ്ഞു കുഞ്ഞുമാലാഖ ആലിൻ ഷെറിൻ എബ്രഹാം. മലയാളികളുടെ ഉള്ളു പൊള്ളിച്ചു കടന്നുപോയ ആലിന് ആദരം അർപ്പിക്കുകയാണ് പ്രിയ നടൻ മോഹൻലാൽ. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ആലിൻ ഷെറിനെ കുറിച്ച് ലാലേട്ടൻ കുറിപ്പിട്ടത്. ആലിന്റെ ചിരിക്കുന്ന മുഖവും മാതാപിതാക്കളായ അരുണിന്റെയും ഷെറിന്റെയും ചിത്രം പങ്കുവെച്ചാണ് ലാലേട്ടൻ പോസ്റ്റ് ഇട്ടത്. മോഹൻലാൽ പറയുന്നതിങ്ങനെ…
“തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.”
ആലിൻ ഷെറിൻ മാത്രമല്ല ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ജീവനുകൾക്ക് പുതുജന്മത്തിന് കാരണക്കാരായ മാതാപിതാക്കളെ കൂടി മലയാളികൾ ഹൃദയത്തോട് ചേർത്തു വയ്ക്കുകയാണ്. ട്രാഫിക് സിനിമയിൽ പറയുന്നതുപോലെ ആ രണ്ട് മനുഷ്യരുടെ ഒരു ‘എസ്സിൽ'(YES) നിന്നാണ് ഇങ്ങനെ ഒരു പുതിയ ചരിത്രം നടന്നത്. അപ്രതീക്ഷിതമായി ആലിൻ വിടവാങ്ങിയെങ്കിലും അതുമൂലം മരണത്തെ മുന്നിൽകണ്ട് ജീവിച്ചിരുന്ന കുഞ്ഞുങ്ങൾക്കാണ് ജീവിതം തിരികെ കിട്ടുന്നത്. അതിന് കാരണക്കാരായവരാണ് മാതാപിതാക്കളായ അരുണും ഷെറിനും. മോഹൻലാലിനെ പോലെയുള്ള താരത്തിന്റെ കുറിപ്പിലൂടെ ആ വലിയ സന്ദേശത്തിന്റെ മാഹാത്മ്യം ആണ് ചൂണ്ടിക്കാട്ടുന്നത്. ഇതുപോലുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത് എന്ന് ലാലേട്ടൻ പറയുന്നത് അക്ഷരാർത്ഥത്തിൽ ശരി തന്നെ.


