ഇന്ത്യൻ പാസ്പോർട്ടിന്റെ ഗ്ലോബൽ റേറ്റിംഗ് കുതിച്ചുയരുന്ന കാഴ്ചയാണ് ഈ വർഷം ഉണ്ടാകുന്നത്. 2025ലെ നിലയിൽ നിന്ന് ആണ് പത്തു പോയിന്റിന്റെ കുതിച്ചുചാട്ടം സംഭവിച്ചത്. 2026 ൽ ഇന്ത്യൻ പാസ്പോർട്ടിന് ഗ്ലോബൽ റേറ്റിങ്ങിൽ 75 ആം സ്ഥാനമാണ് കൈവന്നത്. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു രാജ്യം കൂടി വന്നതോടെയാണ് റേറ്റിംഗും പത്തു പോയിന്റ് കുതിച്ച് ഉയർന്നത്. 2025 ൽ 55 രാജ്യങ്ങളിലായിരുന്നു ഇന്ത്യക്കാർക്ക് വിസ ഇല്ലാതെയോ(visa-free) വിസ ഓൺ അറൈവൽ(visa on arrival) രീതിയിലോ പ്രവേശനം ഉണ്ടായിരുന്നത്. ഇതാണ് 56 ആയി ഉയർന്നത്. ഏതായാലും ഇന്ത്യൻ പാസ്പോർട്ടിന്റെ ഗ്ലോബൽ റേറ്റിംഗ് ഉയർന്നത് ഇന്ത്യക്കാരായ വിനോദസഞ്ചാരികൾക്കാണ് വലിയ ഗുണമായി മാറുന്നത്.
ആഫ്രിക്കൻ രാജ്യമാണ് പുതുതായി പട്ടികയിലേക്ക് ഇടം പിടിച്ചത്. വെസ്റ്റ് ആഫ്രിക്കയിലെ ചെറിയ രാജ്യമായ ഗാമ്പിയയാണ് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശിക്കാൻ കഴിയുന്ന പുതിയ രാജ്യം. ആഫ്രിക്കയിലെ സ്മൈലിംഗ് കോസ്റ്റ് എന്നാണ് ഗാമ്പിയ അറിയപ്പെടുന്നത്.
ഏറെ ഭംഗി നിറഞ്ഞ രാജ്യം
ഭൂപ്രകൃതികൊണ്ട് ഏറെ ഭംഗി നിറഞ്ഞ കുഞ്ഞൻ രാജ്യമാണ് ഗാമ്പിയ. വളരെ ചെറിയ വിസ്തൃതിയാണ് ഈ രാജ്യത്തിന് ഉള്ളത്. എന്നാൽ ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നതും ശ്രദ്ധേയമാണ്. കടലോര ഭംഗിയാണ് ഗാമ്പിയയുടെ പ്രധാന ആകർഷണം. അതുകൊണ്ടുതന്നെയാണ് സ്മൈലിംഗ് കോസ്റ്റ് എന്ന വിശേഷണവും ഈ രാജ്യത്തിന് ഉള്ളത്. കേവലം കടലോര ഭംഗി മാത്രമല്ല ഗാമ്പിയ എന്ന രാജ്യത്തെ ശ്രദ്ധേയമാക്കുന്നത്. വൈവിധ്യമാർന്ന ചരിത്രവും ഈ രാജ്യത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. അതിനും പുറമേ വന്യജീവി പ്രേമികളെ സംബന്ധിച്ചും ഈ രാജ്യം വളരെ വൈവിധ്യമാർന്നതാണ്. വ്യത്യസ്തങ്ങളായ വന്യജീവികളാൽ സമ്പന്നമാണ് ഗാമ്പിയ.
അറ്റ്ലാന്റിക് സമുദ്രത്തിനും സിനഗലിനും ഇടയിലാണ് ഗാമ്പിയ എന്ന കുഞ്ഞൻ രാജ്യം സ്ഥിതിചെയ്യുന്നത്. എന്നാൽ ഈ രാജ്യത്തിന്റെ വിസ്തൃതിയെക്കുറിച്ച് കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. കേവലം 15 മൈൽ മുതൽ 30 മൈൽ വരെ മാത്രമാണ് ഗാമ്പിയയുടെ ഭൂവിസ്തൃതി. നമ്മുടെ ലക്ഷദ്വീപൊക്കെ പോലെ എന്ന് ഒരു വിദൂര വിശേഷണം നടത്താം. അതുകൊണ്ടുതന്നെ അവധിക്കാല യാത്രകൾ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഡെസ്റ്റിനേഷൻ തന്നെയാണ് ഇതെന്ന് സംശയം പറയാം.
മൂന്നു തരത്തിലുള്ള ഫ്രീ വിസ സൗകര്യങ്ങളാണ് ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിൽ ഉള്ളത്. അതിൽ ആദ്യത്തെതാണ് കേവലം പാസ്പോർട്ട് മാത്രം കൊണ്ട് ഫ്രീ വിസ അനുവദിക്കുന്ന രാജ്യങ്ങൾ. നേപ്പാളും മലേഷ്യയും ഭൂട്ടാനും എല്ലാം ഈ പട്ടികയിൽ വരും. ആഫ്രിക്കയിലെ അംഗോള ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇതിലുണ്ട്. മിഡിൽ ഈസ്റ്റിൽ ഖത്തറാണ് ഈ പട്ടികയിൽ ഇടം നേടിയ ഒരു രാജ്യം. ഇതുകൂടാതെ രണ്ടാമത്തെ രീതിയാണ് വിസ ഓൺ അറൈവൽ. കമ്പോഡിയ, ഇൻഡോനേഷ്യ, ലാവോസ്, മാലിദ്വീപ്,മ്യാൻമാർ,ശ്രീലങ്ക, തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ രീതിയിലാണ് ഇന്ത്യക്കാരെ സ്വീകരിക്കുന്നത്. ഇതുകൂടാതെ മൂന്നാമത്തെ രീതിയാണ് ഈ-വിസ (Electronic Travel authorisation). കെനിയ പോലെ ചില രാജ്യങ്ങളാണ് ഈ രീതിയിൽ ഇന്ത്യക്കാരെ സ്വീകരിക്കുന്നത്. ഓൺലൈൻ വഴിയുള്ള മുൻകൂട്ടിയുള്ള ഒരു അപ്പ്രൂവൽ മാത്രമാണ് ഇതിനു വേണ്ടത്. ഫലത്തിൽ വളരെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും. ഏതായാലും ഇന്റർനാഷണൽ യാത്ര ആഗ്രഹിച്ചിരിക്കുന്നവർക്ക് സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.


