ഇന്ത്യക്കാരുടെ കാർ എന്ന സ്വപ്നം പലഘട്ടത്തിലും പല വാഹനങ്ങളും പൊളിച്ച് എഴുതിയിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ മാരുതിയുടെ വരവ് അങ്ങനെയൊന്നാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയുമായി എത്തിയ മാരുതി വൻവിജയം നേടി. ചെറുതല്ലാത്ത വിജയത്തിന്റെ ഒരു കഥയാണ് ഇനി പറയുന്നത്. ഇലക്ട്രിക്ക് കാറുകളിലേക്ക് പതുക്കെ പതുക്കെ ഇന്ത്യക്കാർ മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ വിലകൊണ്ടും ഊർജ്ജക്ഷമത കൊണ്ടും കയ്യടി നേടിയ ഒരു ചെറിയ കാർ ഉണ്ട്. എംജിയുടെ കോമറ്റ്.
കോമറ്റ് വാഹന പ്രേമികളുടെ ഇടയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ജനുവരി മാസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് വൻവർദ്ധനവാണ് ഈ വർഷം ഉണ്ടായത്. 776 കോമറ്റ് കാറുകളാണ് എംജി ജനുവരിയിൽ നിരത്തിലിറക്കിയത്. 2025 ജനുവരിയിൽ ഇത് കേവലം 173 വണ്ടികൾ മാത്രമായിരുന്നു. അതേസമയം ഡിസംബറിൽ ഇതിലും കൂടുതൽ കാറുകൾ വിറ്റിരുന്നു. 1,143 കാറുകളാണ് കഴിഞ്ഞ ഡിസംബറിൽ മാത്രം എംജി വിറ്റഴിച്ചത്.
ഇലക്ട്രോണിക് വാഹനങ്ങളുടെ രംഗത്ത് മികച്ച കുതിച്ചു കയറ്റമാണ് എംജി കോമറ്റ് സൃഷ്ടിച്ചത്. 230 കിലോമീറ്റർ ഓടാം എന്നതാണ് ഇതിന്റെ പ്രത്യേകത. നിരവധി ഫീച്ചറുകളും വണ്ടിയിൽ ഉണ്ട് എന്നുള്ളത് പ്രത്യേകതയാണ്. എൻട്രി ലെവൽ കാറിന് 7.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വിലയായി വരുന്നത്. അതേസമയം കാറിന്റെ വില മാത്രം എടുത്ത് ബാറ്ററി പാക്ക് വാടകയ്ക്ക് വാങ്ങുന്ന രീതിക്ക് 4.99 മുതൽ 7.80 രൂപക്ക് വരെ കിട്ടും. കിലോമീറ്റർ 2.50 രൂപയാണ് വാടകയായി നൽകേണ്ടത്.
എട്ടുവർഷം വാറണ്ടി അല്ലെങ്കിൽ 1.20 കിലോമീറ്റർ ആണ് ബാറ്ററികൾക്ക് വാറണ്ടി നൽകുന്നത്. മൂന്നുവർഷത്തെ റോഡ് സൈഡ് അസിസ്റ്റന്റ് ഉൾപ്പെടെ ലഭിക്കും. മൂന്ന് സൗജന്യ ലേബർ സർവീസുകളും പുതിയ വാഹനങ്ങൾക്ക് ഉണ്ട്. ഏതായാലും ടാറ്റയുടെ നാനോ കാറിന് ലഭിക്കാതെ പോയ പിന്തുണയാണ് കാർ പ്രേമികൾ കോമറ്റിന് നൽകുന്നത്.


