ഇവിടുത്തെ കാറ്റാണ് കാറ്റ്, കോടയാണ് കോട!

PARUNTHUMPARA-ROUTE-DETAILS-TRIP

പ്രകൃതി നിങ്ങളെ എപ്പോഴെങ്കിലും ലാളിച്ചിട്ടുണ്ടോ?  തഴുകിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതെല്ലാം അനുഭവിക്കാൻ പറ്റിയ ഒരിടമുണ്ട്. നിർത്താതെ വീശുന്ന കാറ്റും, തോരാതെ പെയ്യുന്ന പൊടി മഴയും. കോടമഞ്ഞിൽ അലിഞ്ഞു ചേരാൻ ഭൂമിയിലെ സ്വർഗം പോലെ ഒരിടം.പ്രകൃതിയെ ഒരു ബാൽക്കണിയിൽ നിന്ന് മതിമരുവോളം കണ്ട് ആസ്വദിക്കാവുന്ന ഇടം. അതെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ പരുന്തുംപാറ. പരുന്തുംപാറ യിലേക്കുള്ള യാത്രയുടെ വിവരങ്ങൾ അറിയാം.

 ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. ദേശീയപാതയിൽ നിന്ന് വളരെ അടുത്തുള്ള സ്ഥലം. പരുന്തിന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന പാറക്കൂട്ടമാണ് ഈ സ്ഥലത്തിന് പരുന്തുംപാറ എന്ന  പേര് വരാൻ കാരണം. മിക്ക സമയത്തുമുള്ള അതിശക്തമായ കാറ്റാണ് ഇവിടുത്തെ പ്രത്യേകത. പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരവും. നട്ടുച്ചക്ക് പോലും പെയ്യുന്ന കോട മഞ്ഞും ഇവിടെ എത്തുന്ന വിനോദ സഞ്ചരികൾക്ക് അനുഭൂതി നൽകുന്നു. ശബരിമല മകരവിളക്ക് ദർശനത്തിന് പറ്റിയ ഒരു വ്യൂ പോയിന്റ് കൂടിയാണ് ഇത്. പക്ഷേ കോടമഞ്ഞ് കനത്താൽ ദർശനത്തിന് പരിമിതികൾ ഉണ്ടാകും. വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന കനത്ത കാറ്റും  എല്ലാവർക്കും സഹിക്കാനായെന്ന് വരില്ല.

 ദേശീയപാതയിൽ കുട്ടിക്കാനത്ത് നിന്നും പീരുമേട് എത്തും മുൻപ് വലതുവശത്ത് പരുന്തുംപാറയുടെ ബോർഡ് നിങ്ങൾക്ക് കാണാം. വലിയ കവാടം തന്നെയാണ് ഇവിടെ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. കുട്ടിക്കാലത്ത് നിന്നും ആകെ 12 കിലോമീറ്റർ മാത്രമേ ഉള്ളൂ ഇവിടേക്ക്. ഹൈവേയിൽ നിന്ന് തിരിഞ്ഞാൽ മ5.3 കിലോമീറ്റർ യാത്ര ചെയ്താൽ വിശാലമായ പരുന്തുംപാറയിലേക്ക് നിങ്ങൾക്ക് എത്താം. പോകുന്ന വഴിയും കാഴ്ചകളുടേതാണ്. തേയിലത്തോട്ടങ്ങൾ നിങ്ങളെ വരവേൽക്കുന്നു. ഭക്ഷണം കഴിക്കാനുള്ള ഹോട്ടലുകളും താമസിക്കാനുള്ള ഹോംസ്റ്റേകൾ ഉൾപ്പെടെ ഈ വഴിയിൽ ഉണ്ട്. നല്ല തണുത്ത കാലാവസ്ഥയിൽ താമസിക്കാവുന്ന നിരവധി റിസോർട്ടുകളും ഇവിടെയുണ്ട്.

 മനോഹരമായ മൊട്ടകുന്നാണ് പരുന്തുംപാറ. പല തട്ടുകളായി നീണ്ടു നിവർന്നു കിടക്കുന്നു. റോഡിന് ഒരുവശം നീളത്തിൽ നിർമ്മിച്ചിരിക്കുന്ന നടപ്പാത ഫലത്തിൽ ഒരു ഗാലറി പോലെയാണ്. അവിടെനിന്ന് മനോഹരമായ കാഴ്ച തന്നെ നിങ്ങളെ കാത്തിരിക്കുന്നു.കേവലം ഒരു ടൂറിസം കേന്ദ്രം എന്നതിനപ്പുറം വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഇത്. അതുകൊണ്ടുതന്നെ തൊട്ടടുത്ത് വന്യമൃഗങ്ങൾ എത്തിയേക്കാം. പരുന്തുംപാറയിൽ നിന്നും സത്രം റൂട്ടിൽ മുന്നോട്ടു  പോകുമ്പോൾ ഉള്ള വഴികളിൽ ഇടയ്ക്ക് ആനക്കൂട്ടങ്ങൾ എത്താറുണ്ട്. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായതുകൊണ്ട് തന്നെ പുലിയും കടുവയും ഒക്കെ ഇതിന് അടുത്ത പ്രദേശങ്ങളിൽ എത്തിയേക്കാം. പക്ഷേ ടൂറിസം കേന്ദ്രം എന്ന നിലയിൽ ജനത്തിരക്കുള്ളത് കൊണ്ട് പരുന്തുംപാറയിൽ വന്യമൃഗങ്ങൾ എത്താറില്ല.

 നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 139 കിലോമീറ്റർ അകലെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. ട്രെയിൻ മാർഗം എത്താൻ കോട്ടയം റെയിൽവേ സ്റ്റേഷൻ ആണ് അടുത്ത്. ഇവിടെനിന്ന് 85 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. വാഹനത്തിരക്കനുസരിച്ച് ഏതാണ്ട് രണ്ടര മണിക്കൂർ വേണം യാത്രക്ക്. എറണാകുളം ഭാഗത്ത് നിന്ന് വരുന്നവർ തൊടുപുഴ വാഗമൺ ഏലപ്പാറ കുട്ടിക്കാനം വഴി ഇവിടെയെത്തുന്നതാണ് ഉചിതം. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്നവർ മലയോര ഹൈവേ വഴി മുണ്ടക്കയം എത്തി അവിടെനിന്നും കുട്ടിക്കാനം വഴി പരുന്തുംപാറ എത്താം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *