തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കേ പലതരത്തിലുള്ള പിആർ വർക്കുകളും സംസ്ഥാനത്ത് കൊഴുക്കുകയാണ്. അതിന്റെ ഭാഗമായി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യാൻ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എത്തിയത്. അഭിമുഖത്തിന്റെ ടീസർ അടക്കം ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 1.15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിലെ ചോദ്യങ്ങളും ഉത്തരങ്ങളും രസകരമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.ഇരുവർ എന്ന പേരിട്ട ഇന്റർവ്യൂവിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവിട്ടത്. മോഹൻലാലാണ് തന്റെ സാമൂഹിക മാധ്യമ പേജിലൂടെ വീഡിയോ പുറത്തുവിട്ടത്.ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ എന്ന ടാഗ് ലൈനോട് കൂടിയാണ് അഭിമുഖം പുറത്തുവരുന്നത്. അടുത്ത ദിവസങ്ങളിൽ യൂട്യൂബിൽ പ്രസിദ്ധീകരിക്കുന്നതിന് പുറമേ മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ വഴിയും അഭിമുഖം പുറത്തെത്തിക്കുന്നുണ്ട്. സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പാണ് അഭിമുഖത്തിന് പിന്നിൽ.

അഭിമുഖത്തിലെ ചോദ്യങ്ങളുടെ ചെറിയ കട്ടുകൾ വീഡിയോയിൽ കാണാം. രജനികാന്തിനെ ആണല്ലോ ഇഷ്ടം എന്ന് എന്ന് കേട്ടിട്ടുള്ളതായി മോഹൻലാൽ ചോദിക്കുന്നുണ്ട്. ആക്ഷൻ സിനിമകളോടാണ് തനിക്ക് പ്രിയമെന്ന് പിണറായി വിജയൻ വീഡിയോയിൽ പറയുന്നു. സമരങ്ങളുടെ ഭാഗമായി ഏറ്റ മർദ്ദനങ്ങളെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. തന്റെ ഏതെങ്കിലും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ ഡയലോഗ് പറയാൻ കഴിയുമോ എന്ന് മോഹൻലാൽ രസകരമായി പിണറായി വിജയനോട് ചോദിക്കുന്നുണ്ട്. ദാസനെയും വിജയനെയും മറക്കാൻ ആകില്ല എന്നൊരു മറുപടി പിണറായി പറയുന്നതായി വീഡിയോയിൽ കാണാം.
ഏതായാലും തെരഞ്ഞെടുപ്പിന് തൊട്ടടുത്തിരിക്കെ വിവിധ രാഷ്ട്രീയ പാർട്ടികൾ നേരത്തെ തന്നെ പിആർ വർക്കുകൾ തുടങ്ങിയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും വിവിധ വ്ലോഗർമാരെ ഉപയോഗിച്ചാണ് അഭിമുഖങ്ങൾ എടുത്ത് പ്രചരിപ്പിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പല അഭിമുഖങ്ങളും ഇതിനകം വൈറൽ ആയിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ തുടങ്ങി വിവിധ പാർട്ടികളിൽ ഉള്ളവരും ഇതിനകം സമാനമായ രീതിയിൽ ഉള്ള അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് മലയാളത്തിന്റെ മഹാനടനെ രംഗത്ത് കൊണ്ടുവന്ന് പ്രചരണത്തിന്റെ വാശിയിൽ ഒന്നാമത് എത്താൻ സിപിഎം ശ്രമം നടത്തിയത്.
ഏതായാലും മോഹൻലാലിനെ കൊണ്ടുവന്ന് നടത്തിയ അഭിമുഖത്തിന് പണം ചെലവായിട്ടുണ്ടോ എന്നത് വ്യക്തമല്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മുറ്റത്ത് കൂടി മോഹൻലാലും മുഖ്യമന്ത്രിയും നടന്നുനീങ്ങുന്നത് മനോഹാരമായി വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ രാഷ്ട്രീയ വിവാദമായി കൂടി ഈ അഭിമുഖം മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തുനിൽക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് കൂടുതൽ എന്തൊക്കെ തന്ത്രങ്ങൾ ഉണ്ടാകും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.


