ഈ കടുത്ത ചൂടിൽ മഞ്ഞു പെയ്യുന്ന സത്രത്തിലേക്ക് പോയാലോ?

satram-airstrip-trip-idukki-

വേനൽചൂട് പതുക്കെ പതുക്കെ കൂടി വരികയാണ്. കേരളത്തിലെ പല നഗരങ്ങളിലും 34 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് എത്തിക്കഴിഞ്ഞു. കഴിഞ്ഞവർഷത്തെപ്പോലെ രാത്രി ചൂട് ഇതുവരെ കൂടിയിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. വരുംദിവസങ്ങളിൽ ഈ അവസ്ഥ കൂടുതൽ രൂക്ഷമാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൂട് ചിലപ്പോൾ കഴിഞ്ഞ വർഷങ്ങളിലെ പോലെ 40 ഡിഗ്രിയും കഴിഞ്ഞ് മുന്നോട്ട് പോയേക്കാം. അങ്ങനെ വന്നാൽ എന്ത് ചെയ്യും? നഗരങ്ങളിൽ സ്ഥിരമായി ജീവിക്കുന്നവർക്ക്  മറ്റു വഴികൾ ഒന്നുമില്ല. എങ്കിലും ഇടയ്ക്ക് ശരീരവും മനസ്സും ഒന്ന് തണുപ്പിക്കാൻ ഹൈറേഞ്ചിലേക്ക് യാത്ര പോയാലോ. അങ്ങനെ ഒരു യാത്രയുടെ വിശേഷങ്ങൾ ആണ് ഇന്ന് പറയുന്നത്.

 ഹൈറേഞ്ചുകൾ എപ്പോഴും നമ്മളെ കൊതിപ്പിക്കുന്നവയാണ്. പ്രത്യേകിച്ച് നഗരങ്ങളിലെ ഫ്ലാറ്റ് മുറികളിലും വീടുകളിലും ജീവിതം ഒതുങ്ങി പോകുന്നവർക്ക്. പെട്ടെന്ന് ഒരു യാത്ര സാധ്യമാകാത്തവരായിരിക്കും പലരും. കുടുംബവും കുട്ടികളും ഒക്കെയായി അവധി ദിവസങ്ങളും പല തിരക്കുകൾ വന്നുചേരുന്നു. അങ്ങനെയുള്ളവർക്ക് കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ഒരു യാത്ര സാധ്യമാകില്ല. അവിടെയാണ് ഏകദിന യാത്രകളുടെ സാധ്യത കൂടുന്നത്.

 ഒരു ദിവസം പുലർച്ചെ പോയി വൈകുന്നേരം വരെ  ചിലവഴിച്ച് രാത്രിയോടെ വീട്ടിലേക്ക് മടങ്ങി എത്തുന്ന യാത്രയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.  ഇത്തവണ നമ്മൾ പോകുന്നത് സത്രത്തിലേക്കാണ്. ഇടുക്കി ജില്ലയിലെ മനോഹരമായ സ്ഥലം. ഏതുകാലത്തും കോടമഞ്ഞ് നിറഞ്ഞുനിൽക്കുന്ന സ്ഥലം. മനോഹരമായ മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും ചെറിയ അരുവികളും നിറഞ്ഞ സ്ഥലം. അവിടേക്കുള്ള യാത്രയോ നിറയെ കോടമഞ്ഞിലൂടെ.

 സത്രത്തിലേക്ക് എങ്ങനെ എത്താം?

 മധ്യകേരളത്തിലുള്ളവർക്ക് വളരെ എളുപ്പം പോയി വരാവുന്ന സ്ഥലമാണ് സത്രം. കോട്ടയത്തുനിന്ന് ഏതാണ്ട് 100 കിലോമീറ്റർ ദൂരെയാണ് സത്രം സ്ഥിതി ചെയ്യുന്നത്. സാധാരണ ട്രാഫിക് ആണെങ്കിൽ മൂന്നര മണിക്കൂറിന് താഴെ മതിയാകും സത്രത്തിൽ എത്താൻ. കോട്ടയത്തുനിന്നും -പാമ്പാടി – പൊൻകുന്നം – കാഞ്ഞിരപ്പള്ളി – മുണ്ടക്കയം വഴി കുട്ടിക്കാനത്ത് എത്തണം. അവിടെനിന്നും ദേശീയപാതയിൽ കൂടി  പീരുമേട് വഴി വണ്ടിപ്പെരിയാർ. വണ്ടിപ്പെരിയാർ നഗരത്തിലേക്ക്  എത്തുന്നതിന് തൊട്ട് മുൻപ് വലത്തേക്ക് വഴിയുണ്ട്. അതായത് പീരുമേട് കഴിഞ്ഞ് കരടിക്കുഴി കഴിയുമ്പോൾ മുതൽ നിങ്ങൾ വലത്തേക്കുള്ള വഴി പ്രതീക്ഷിക്കണം. സത്രത്തിലേക്ക് പോകുന്ന ബോർഡും രേഖപ്പെടുത്തിയിട്ടുണ്ട്.

 എറണാകുളം ജില്ലയിൽ നിന്ന് വരുന്നവർ ആണെങ്കിൽ തൊടുപുഴ -പുള്ളിക്കാനം- വാഗമൺ – ഏലപ്പാറ – കുട്ടിക്കാനം – വഴി സത്രത്തിൽ എത്തുന്നത് മറ്റൊരു മനോഹരമായ റോഡ് ട്രിപ്പ് ആണ്. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർ കിഴക്കൻ ഹൈവേയിൽ കൂടി തന്നെ മുണ്ടക്കയത്തെത്തി അവിടെ നിന്നും കുട്ടിക്കാനത്ത് വരാം.

 ആ 13 കിലോമീറ്റർ ഒരു രക്ഷയുമില്ല

 വണ്ടിപ്പെരിയാറിൽ നിന്ന് സത്രത്തിലേക്ക് തിരിച്ചാൽ പിന്നെ കാഴ്ചയുടെ മനോഹരമായ ലോകമാണ്. ഇരുവശത്തും തേയിലത്തോട്ടങ്ങൾ. ഇടയ്ക്ക് പെയ്തിറങ്ങുന്ന കോടമഞ്ഞ്. തോട്ടങ്ങൾക്കിടയിലൂടെ പോകുന്ന മനോഹരമായ അരുവികൾ. ഇടയ്ക്ക് കാട്ടാന പോലും മുന്നിലെത്താവുന്ന കാട്. യാത്രാനുഭവങ്ങൾ പറഞ്ഞാൽ തീരില്ല.

 മഞ്ചുമലയും അരുണക്കലെ എവിടി(AVT Tea Factory )തേയില ഫാക്ടറിയും എല്ലാം കണ്ട് വളഞ്ഞുപുളഞ്ഞ വഴിയിലൂടെ മൗണ്ട് സത്രത്തിലേക്ക് ആദ്യം. മൗണ്ട് സത്രത്തിൽ നിന്ന് നിങ്ങൾക്ക് ജീപ്പ് എടുത്ത് പല സഫാരികൾക്കും പോകാം. എന്നാൽ നമ്മുടെ യാത്ര ബുള്ളറ്റിലാണ്. പോകുന്ന വഴിയുള്ള കോടമഞ്ഞും ഹൈറേഞ്ചിലെ തണുത്ത കാറ്റും പൊടിമഴയും ആസ്വദിച്ച്. ഇടയ്ക്കിടയ്ക്കുള്ള വ്യൂ പോയിന്റുകളിൽ വണ്ടി നിർത്തി കണ്ണെത്താ ദൂരത്തോളം കാണുന്ന മൊട്ടക്കുന്നികൾ മനസ് നട്ട് ഒരു യാത്ര.

 സത്രത്തിൽ ഒരു വ്യൂ പോയിന്റ് മാത്രമല്ല 

 സത്രത്തിൽ പ്രധാനമായും മൂന്ന് വ്യൂ പോയിന്റുകൾ ആണുള്ളത്. ബൈക്കിൽ അടക്കം നേരിട്ട് എത്താവുന്ന പോയിന്റിലേക്കാണ് നമ്മുടെ യാത്ര. അതായത് സത്രം എയർ സ്ട്രിപ്പ് (air strip satram) സ്ഥിതിചെയ്യുന്ന പോയിന്റിലേക്ക്. ശബരിമല യാത്രികരും ഇതേ വഴിയിൽ കൂടിയാണ് യാത്ര ചെയ്യാറുള്ളത്. മണ്ഡല – മകരവിളക്ക് കാലത്ത് മാത്രമാണ് ഇതുവഴി തീർത്ഥാടകരെ കടത്തിവിടുന്നത്. സത്രം എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപ് വഴി രണ്ടായി പിരിയും. വലതുവശത്തേക്കുള്ളതാണ് തീർത്ഥാടകർക്കുള്ള വഴി. ഇടത്തോട്ട് പോയാൽ പ്രകൃതിയിലെ മനോഹരമായ ഒരു വ്യൂ പോയിന്റിൽ നിങ്ങൾക്ക് എത്താം. താഴെ വിമാനം വന്നിറങ്ങാവുന്ന എയർ സ്ട്രിപ്പും, അതിനും താഴെ സത്രത്തിലെ രണ്ടാമത്തെ അടങ്ങിയ മനോഹരയിടം. പെരിയാർ ടൈഗർ റിസർവിനോട് ചേർന്നുള്ളതായതുകൊണ്ട് തന്നെ ഒരുപക്ഷേ വന്യമൃഗങ്ങളെ ദൂരക്കാഴ്ചയിലെങ്കിലും കാണാൻ കഴിയുന്ന സ്ഥലം. ഒന്നു ചുരുക്കി പറയാം, ഈ പറയുന്നതിനപ്പുറം അനുഭവിക്കേണ്ട ഇടമാണ് സത്രം. അന്തരീക്ഷം ചുട്ടുപൊള്ളുന്ന ഈ കാലത്ത് പ്രകൃതി മനുഷ്യനെ തണുപ്പിക്കുന്ന ഇടം.

ശ്രദ്ധിക്കണം

🌹 ഇടയ്ക്ക് കാട്ടാനകളുടെ സാന്നിധ്യം ഉള്ള മേഖലകൾ ഉണ്ട്. രാത്രി ആയാൽ പ്രത്യേകം ശ്രദ്ധിക്കണം.

🌹 വന്യമൃഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ രാത്രി വൈകിയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്

🌹 ഹൈറേഞ്ച് ആയതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കാലാവസ്ഥ മാറും; ചില സമയങ്ങളിൽ മഴയ്ക്ക് സാധ്യത.  കരുതൽ വേണം 

🌹 വാഹനങ്ങളിൽ ഇന്ധനം കുറവാണെങ്കിൽ വണ്ടിപ്പെരിയാറിൽ നിന്ന് നിറയ്ക്കുക

🌹  നമ്മുടെ യാത്ര മൂലം പ്രകൃതി നശിക്കാതെ ഇരിക്കട്ടെ.

Share This Post

Leave a Reply

Your email address will not be published. Required fields are marked *