ഭക്ഷണങ്ങൾ വില്ലൻ ആകുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്ന കാര്യത്തിൽ കാര്യമായ ബോധവൽക്കരണവും ഈ കാലത്ത് നടക്കാറുണ്ട്. പൊതുവേ എണ്ണ പലഹാരങ്ങളെ കുറിച്ചും റെഡിമെയ്ഡ് ഭക്ഷണങ്ങളെ കുറിച്ചും ഒക്കെ പല മുന്നറിയിപ്പുകളും നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിനൊക്കെ അപ്പുറത്ത് നമ്മുടെ നിത്യജീവിതത്തിൽ എല്ലാവരും ചേർത്തുവച്ചിരിക്കുന്ന ഒരു ഭക്ഷണം നമ്മുടെ തലച്ചോറിനെ വരെ ബാധിക്കാം എന്നാണ് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.
പഞ്ചസാരയാണ് നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ വില്ലനായി മാറാവുന്ന ആ ഭക്ഷണമെന്ന് വിദഗ്ധർ പറയുന്നു. പഞ്ചസാര നേരിട്ട് കഴിക്കുന്നത് അല്ല പ്രധാന പ്രശ്നം. പാക്ക് ചെയ്ത ജ്യൂസുകൾ എനർജി ഡ്രിങ്കുകൾ ഇവയിൽ എല്ലാം ഉൾപ്പെടുന്ന പഞ്ചസാര ആണ് തലച്ചോറിനെ ബാധിക്കാറുള്ളത്. ഇത്തരം പാനീയങ്ങൾ കഴിക്കുമ്പോൾ തലച്ചോറിലേക്കും രക്തത്തിലേക്കും വളരെ വേഗത്തിലാണ് മധുരം എത്തുന്നത്. അനിയന്ത്രിതമായ രീതിയിൽ മധുരം എത്തുന്നത് മൂലം വേഗത്തിൽ തന്നെ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടി വരുന്നു. തലച്ചോറിന്റെ ക്രമം തെറ്റിയുള്ള ഈ വേഗത പലപ്പോഴും നമുക്ക് ദോഷം ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
വല്ലപ്പോഴും ഇത്തരം ഡ്രിങ്കുകൾ കഴിക്കുന്നതല്ല പ്രശ്നം. ഇതൊരു സ്ഥിരം പരിപാടിയാക്കി മാറ്റിയാൽ അത് തലച്ചോറിന്റെ താളം തെറ്റിക്കും. തലച്ചോറിലെ കോശങ്ങൾക്ക് നാശം ഉണ്ടാക്കുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഇത്തരം പാനീയങ്ങൾ സ്ഥിരമായി വാങ്ങി കുടിക്കുന്നവർ നന്നായി ഒന്ന് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് ജീവിതത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പ്.


