ഓണാട്ടുകരയുടെ കിടിലൻ വിഭവം അസ്ത്രം; എളുപ്പത്തിൽ ഉണ്ടാക്കാം

asthram-food

ഓരോ നാടിനും ഓരോ പ്രാദേശിക രുചി വൈഭവങ്ങളുണ്ട്. ഓരോ നാടിനെയും അടയാളപ്പെടുത്തുന്നത് തന്നെ ഇത്തരം രുചികളുടെ കൂടി പേരിലാണ്. അങ്ങനെ നാടൻ വിഭവങ്ങളിൽപെട്ട ഒന്നാണ് അസ്ത്രം. പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ആണ് പ്രധാനമായും അസ്ത്രം ഉണ്ടാക്കുന്നത്. ഒരുതരം കിഴങ്ങ് കറി തന്നെയാണ് അസ്ത്രം. കഞ്ഞിക്കു ഒപ്പമാണ് അസ്ത്രം പ്രധാനമായും കഴിക്കുന്നത്. ശബരിമലയിലേക്ക് പോകുമ്പോൾ ഉള്ള അയ്യപ്പൻ കഞ്ഞി പോലെയുള്ള ചടങ്ങുകളിലും, ഭാഗവത സപ്താഹ വേദികളിലും എല്ലാം അസ്ത്രം ഒരു പ്രധാന വിഭവമാണ്.

പേരുപോലെ കഠിനം അല്ല അസ്ത്രം ഉണ്ടാക്കുന്ന രീതി. വീട്ടിൽ തന്നെ കിട്ടുന്ന ഒരു കൂട്ടം വിഭവങ്ങൾ കൊണ്ട് നമുക്ക് അസ്ത്രം ഉണ്ടാക്കാം. ചേന, ശീമ ചേമ്പ്, പച്ച ഏത്തക്ക, കാച്ചിൽ ചെറിയ കഷണം, വൻപയർ പ്രത്യകം വേവിച്ചെടുത്തത് എന്നിവ കൊണ്ട് വസ്ത്രം ഉണ്ടാക്കുന്ന രീതിയാണ് പറയുന്നത്. പ്രാദേശിക ഭേദം അനുസരിച്ച് ഇവയിൽ ചില വിഭവങ്ങൾ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ഒക്കെ ചെയ്യാറുണ്ട്.

വൻപയർ പെട്ടെന്ന് വേവിച്ചെടുക്കണമെങ്കിൽ കുക്കർ ഉപയോഗിക്കുക. മുളപ്പിച്ച രീതിയിലും ഇത് ഉപയോഗിക്കാം. അതിന് തലേദിവസം തന്നെ പയർ വെള്ളത്തിൽ ഇട്ടുവയ്ക്കണം. പിറ്റേദിവസം രാവിലെ വെള്ളം കളഞ്ഞശേഷം പാത്രത്തിൽ ഇട്ടുവച്ചാൽ വൈകുന്നേരത്തോടെ പയർ മുളച്ചു കിട്ടാനാണ് സാധ്യത. ചെറുപയർ സാധാരണഗതിയിൽ അസ്ത്രം ഉണ്ടാക്കുന്നതിന് ഉപയോഗിക്കാറില്ല.

നേരത്തെ പറഞ്ഞ വിഭവങ്ങളെല്ലാം കുറഞ്ഞ അളവിൽ ചേർത്തു നമുക്ക് അസ്ത്രം ഉണ്ടാക്കാം. ഇവയെല്ലാം പുറംതൊലി കളഞ്ഞശേഷം അരിഞ്ഞുവെക്കാം. അതിനുശേഷം ഇവയെല്ലാം ഒരുമിച്ച് വേവിച്ച് എടുക്കണം. കുക്കറിലിട്ട് വേവിക്കുന്നത് വളരെ പെട്ടെന്ന് പാചകം ചെയ്യുന്നതിന് സഹായിക്കും. വിവിധ തരത്തിലുള്ള മസാല പൊടികൾ കൂടി ചേർത്ത ശേഷമാണ് വേവിക്കേണ്ടത്.

ആവശ്യത്തിന് മഞ്ഞൾപൊടി, ഉപ്പ്, മുളകുപൊടി, എന്നിവ ചേർത്ത ശേഷം വെള്ളം ചേർത്ത് വേവിക്കാം. കഷ്ണങ്ങൾ കഷ്ടിച്ച് മുങ്ങിക്കിടക്കുന്ന നിലയിൽ വെള്ളം ചേർത്താൽ മതി. ആവശ്യത്തിന് കറിവേപ്പിലയും ഇട്ടശേഷം വേണം വേവിക്കാൻ.

അസ്ത്രത്തിന് രുചി കൂട്ടുന്നത് അതിന്റെ അരപ്പ് തന്നെയാണ്. തേങ്ങ ചിരകിയശേഷം ജീരകപ്പൊടി, മൂന്നു കഷണം ചുവന്നുള്ളി, രണ്ട് കഷണം വെളുത്തുള്ളി എന്നിവ ചേർത്താണ് അരച്ചെടുക്കേണ്ടത്. സാധാരണ തോരന് അരയ്ക്കുന്ന അത്രയും പാകത്തിൽ അരച്ചെടുത്താൽ മതി. കറിക്ക് അരിയുന്ന പോലെ വേണ്ട എന്നർത്ഥം. അരപ്പ് അവസാനഘട്ടത്തിൽ എത്തിയാൽ കുറച്ചു കറിവേപ്പില കൂടി ചേർത്ത് അരക്കാം.

കഷ്ണങ്ങൾ വെന്തുകഴിഞ്ഞാൽ അതേ പാത്രത്തിലേക്ക് ഈ അരപ്പ് ചേർക്കാം. തുടർന്ന് ഇളക്കി ചേർക്കണം. തുടർന്ന് ഇവ തമ്മിൽ ചേരുന്നതിന് ചെറിയ ചൂടിൽ അൽപസമയം വെക്കാം. ഇത് പൂർത്തിയായാൽ പിന്നെയുള്ളത് കടുക് വറുത്ത് ചേർക്കുന്ന രീതിയാണ്. ഇതിലേക്ക് പാണ്ടി മുളക്/ പിരിയാൻ മുളക് ( ചിലയിടങ്ങളിൽ വറ്റൽ മുളക് എന്നും പറയാറുണ്ട് ) ചെറിയുള്ളി, കറിവേപ്പില എന്നിവ ചേർത്ത് കടുക് വറുത്തെടുക്കാം. ഉള്ളി ചുവക്കുന്ന നിലയിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കറിയിലേക്ക് വറവ് ചേർക്കാം. ഇതോടെ ആസ്ത്രം റെഡിയാകും . കൃത്യമായ ഉപ്പുണ്ടോ എന്ന് ഉറപ്പുവരുത്തി നിങ്ങൾക്ക് അസ്ത്രം കഴിക്കാം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *