കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് വൻനേട്ടം

KSRTC-BUDGET-TOURISM-GROWING

 കേരളത്തിലെ സാധാരണക്കാരായ വിനോദസഞ്ചാരികളെ ടൂറിസത്തിലേക്ക് കൈപിടിച്ചുയർത്തിയ പദ്ധതിയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം. കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചുകൊണ്ടാണ് കെഎസ്ആർടിസി പദ്ധതി തുടങ്ങിയത്. ചെറിയ തുകയ്ക്ക് ഒരു ദിവസം കൊണ്ടുപോയി വരാവുന്ന തരത്തിലായിരുന്നു ട്രിപ്പുകൾ ഏറെയും ആസൂത്രണം ചെയ്തിരുന്നത്. വിവിധ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും കെഎസ്ആർടിസി പ്രത്യേകം ടൂർ പാക്കേജുകൾ തന്നെ നടത്തി. കൊട്ടിയൂരും തിരുവൈരാണിക്കുളം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് നടത്തിയ യാത്രകളെല്ലാം വിജയം കണ്ടു. കേരളത്തിലെ കാടുകളിലേക്ക് നടത്തിയ വന യാത്രകളും വൻ വിജയമായിരുന്നു. നെല്ലിയാമ്പതി,സൈലന്റ് വാലി, ഗവി അങ്ങനെ എണ്ണിയാൽ തീരാത്ത അത്ര യാത്രകൾ ഇപ്പോഴും തുടരുന്നു.

 ബജറ്റ് ടൂറിസം യാത്രകൾ വൻ വിജയമായി എന്നതാണ് ലാഭനഷ്ട കണക്ക് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. ഓരോ വർഷവും പങ്കെടുക്കുന്ന യാത്രികരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർദ്ധനവാണ് ഉണ്ടായത്. വരുമാന കണക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മൂന്നു വർഷമായാണ് ബജറ്റ് ടൂറിസത്തിൽ നിന്നുള്ള വരുമാനം കുതിച്ചുയർന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 2023 ൽ ഇരുപത് കോടി രൂപ മാത്രമായിരുന്നു കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിൽ നിന്നുള്ള ആകെ വരുമാനം. ആ വർഷം രണ്ടര ലക്ഷം യാത്രക്കാരാണ് ബജറ്റ് ടൂറിസത്തെ ആശ്രയിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തിയത്. തൊട്ടടുത്ത വർഷം വരുമാനം 23 കോടി രൂപയായി വർദ്ധിച്ചു. യാത്രക്കാരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായി. 3.2 ലക്ഷ്യം യാത്രക്കാരാണ് 2024ൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയെ ആശ്രയിച്ചത്. 2025ൽ നടന്നത് അതുവരെ ഇല്ലാത്ത വലിയ കുതിപ്പ് ആണ്. വരുമാനം 20 കോടി വർദ്ധിച്ചു. അതായത് 23 കോടി രൂപയിൽ നിന്ന് 43 കോടി രൂപയായി  കുതിച്ചുയർന്നു. മൂന്നുവർഷം കൂടി ചേർന്ന് 85 കോടി രൂപയുടെ വരുമാനമാണ് ബജറ്റ് ടൂറിസം പദ്ധതി കെഎസ്ആർടിസിക്ക് സമ്മാനിച്ചത്. 12.4 ലക്ഷം സാധാരണക്കാരായ വിനോദസഞ്ചാരികൾ ആണ് പദ്ധതിയെ ആശ്രയിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരം നടത്തിയത്. മൂന്നാർ ഗവി പാക്കേജുകൾ ആണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. കൊച്ചിയിലെ ക്രൂയിസ് യാത്രയും വൻവിജയമാണ്. തിരുവനന്തപുരം സൗത്ത് ഡിപ്പോ ആണ് ബജറ്റ് ടൂറിസം വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. രണ്ടാം സ്ഥാനം എറണാകുളം ഡിപ്പോ നേടിയെടുത്തു.

 മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡെക്കർ സർവീസും വൻ വിജയമാണ് നേടിയിട്ടുള്ളത്. തിരുവനന്തപുരത്ത് പരമ്പരാഗത രീതിയിൽ തുടങ്ങിയ ഡബിൾ ഡക്കർ യാത്ര കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. തിരുവനന്തപുരത്തിന് പുറമേ എറണാകുളത്തും മൂന്നാറുമായിരുന്നു ഡബിൾ ഡെക്കർ സർവീസുകൾ തുടങ്ങിയത്. എറണാകുളത്തെ സർവീസും മികച്ച വിജയമാണ്. തൃശ്ശൂരിലും സമാനമായ രീതിയിൽ ഡബിൾ ഡക്കർ സർവീസ് തുടരാനാണ് കെഎസ്ആർടിസിയുടെ ആലോചന.

Share This Post

Leave a Reply

Your email address will not be published. Required fields are marked *