കേരളം കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എന്ന് എത്തും? വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പ്രഖ്യാപിച്ച അന്നുമുതൽ ഉയരുന്ന ചോദ്യം ആണിത്. ഏതായാലും റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് മലയാളികൾക്ക് വിഷുക്കണിയായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിന് കേന്ദ്രസർക്കാർ സമ്മാനിക്കും.
സ്ലീപ്പർ ട്രെയിൻ ഏതു വഴിക്ക് വേണമെന്ന ചർച്ചയും തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. ഇതിനും റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന സൂചന thelifepicture.com ന് ലഭിച്ചു. മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തിരുവനന്തപുരം – ബംഗളൂരു റൂട്ട് തന്നെയായിരിക്കും കേരളത്തിന് ആദ്യമായി ലഭിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം പരിഗണിക്കുക എന്നാണ് വിവരം. തിരുവനന്തപുരം മുതൽ ബംഗളൂരു വരെ നീളുന്ന സർവീസിനുള്ള കൂടിയാലോചനകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലെ ഏറ്റവും പ്രധാനപ്പെട്ട ആധുനിക സൗകര്യങ്ങൾ ഉള്ള റെയിൽവേ സ്റ്റേഷൻ ആയ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനൽ വരെയാണ് സർവീസ് എന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെ വന്നാൽ 842 കിലോമീറ്റർ ദൂരമാകും കേരളത്തിന്റെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. നിലവിൽ പകൽ എറണാകുളത്തുനിന്നും ബംഗളൂരുവിലേക്ക് സീറ്റർ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമേ ആയിരിക്കും രാത്രി യാത്ര ചെയ്ത് അതിരാവിലെ ബംഗളൂരുവിൽ എത്താൻ കഴിയുന്ന രീതിയിൽ പുതിയ സ്ലീപ്പർ സർവീസ് ക്രമീകരിക്കുക.
തിരുവനന്തപുരം – ബംഗളൂരു സർവീസ് 12 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സർവീസ് അനുവദിക്കുന്നതിന് മുൻപ് ട്രയൽ റണ്ണുകൾ നടത്തി ഇക്കാര്യത്തിൽ അന്തിമ വ്യക്തത വരുത്താനാണ് റെയിൽവേയുടെ തീരുമാനം. ഇതനുസരിച്ച് ആയിരിക്കും സമയക്രമം അടക്കം നിശ്ചയിക്കുക.
16 കോച്ചുകൾ ആണ് നിലവിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഉള്ളത്. എന്നാൽ എറണാകുളം – ബംഗളൂരു സീറ്റർ ട്രെയിനിന് എട്ടു കോച്ചുകൾ ആണ് നിലവിലുള്ളത്. ഇത് വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. ഏതായാലും സ്ലീപ്പർ ട്രെയിനിന് 16 കോച്ചുകൾ തന്നെ ഉണ്ടാകും എന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെയെങ്കിൽ 823 പേർക്ക് ആകെ യാത്രയിൽ പങ്കാളികളാകാം. തേഡ് എസി ക്ലാസിൽ 611 പേർക്കും, സെക്കൻഡ് എസിയിൽ 188 പേർക്കും, ഫസ്റ്റ് എസിയിൽ 24 പേർക്കും യാത്ര ചെയ്യാം. ആർഎസി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളിൽ അനുവദിച്ചിട്ടില്ല.
അതേസമയം ബംഗളൂരു റൂട്ടിന് പുറമേ ചെന്നൈയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കണം എന്ന ആവശ്യവും ശക്തമാണ്. കേരളത്തിൽ വന്ദേ ഭാരത ട്രെയിനുകൾക്ക് ലഭിക്കുന്ന വലിയ പിന്തുണ റെയിൽവേ മന്ത്രാലയവും ആവശ്യത്തോടെയാണ് കാണുന്നത്. കേരളത്തിൽ അനുവദിക്കപ്പെട്ട വന്ദേ ഭാരത് ട്രെയിനുകളിൽ എല്ലാം യാത്രക്കാർ നിറഞ്ഞ അവസ്ഥയാണ് ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കേരളത്തിന് ഉടൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രഖ്യാപിക്കും എന്നാണ് സൂചന. ട്രെയിൻ എത്തുന്നതിന്റെ രാഷ്ട്രീയ നേട്ടം കൂടി ഉപയോഗിക്കാൻ ആയിരിക്കും കേന്ദ്രസർക്കാർ ശ്രമം.


