കേരളത്തിന്റെ മലയോര മേഖലയിലേക്ക് കർഷകരുടെ വലിയ ഒഴുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അതും സമീപ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള കർഷകരാണ് ഏറെയും ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലയിലേക്ക് എത്തുന്നത്. കാരണം ഒന്നുമാത്രം. ഏലകൃഷിക്ക് ലഭിക്കുന്ന മികച്ച വില. ഇടുക്കി ജില്ലയിലെ കമ്പംമെട്ട്, വണ്ടൻമേട് മേഖലകളിലാണ് പ്രധാനമായും തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ കാര്യമായി എത്തിയത്.
ഏലത്തിന് കിലോയ്ക്ക് 2400-2600 വരെ വില സ്ഥിരമായി നിൽക്കുന്നതാണ് തമിഴ്നാട്ടിൽ നിന്നുള്ള കർഷകരെ ആവേശത്തിലാക്കുന്നത്. കൃഷിയുള്ള ഏലത്തോട്ടങ്ങൾ ഏക്കറിന് 2 ലക്ഷം രൂപ വരെ പാട്ടം നൽകുകയാണ് ഇതര സംസ്ഥാനത്തെ കർഷകർ ചെയ്യുന്നത്. കൃഷി ഇല്ലാത്ത തരിശ് ഭൂമിയായി കിടക്കുന്ന സ്ഥലങ്ങൾക്ക് പലയിടത്തും ഒരു ലക്ഷം രൂപ വരെ വില ലഭിക്കുന്നുണ്ട്. പാട്ടം എടുക്കുന്നത് കൂടാതെ ചിലയിടങ്ങളിൽ സ്ഥലം വാങ്ങാനും തമിഴ് കർഷകർ തയ്യാറാകുന്നു. ഉൾപ്രദേശത്തുള്ള ഭൂമിയിൽ പലതിനും 50 ലക്ഷം രൂപ വരെ ഏക്കറിന് നൽകിയാണ് കച്ചവടം നടക്കുന്നത്.
ആശങ്ക ബാക്കിയാണ്

നിലവിലെ ഏലം വില കണ്ട് കേരളത്തിലേക്ക് എത്തുന്ന കർഷകർ അറിയാതെ പോകുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. സമാനമായ വില ഉയർന്നതും പിന്നീട് കൂപ്പുകുത്തിയത് ഒക്കെ ചരിത്രമാണ്. 2019 ൽ കേരളത്തിന്റെ വില കുത്തനെ ഉയർന്നിരുന്നു. പുറ്റടിയിലെ സ്പൈസസ് പാർക്കിൽ നടന്ന ഈ-ലേലത്തിൽ അന്ന് 7000 രൂപ വരെയാണ് ഒരു കിലോ ഏലത്തിന് വില വന്നത്. കട്ടപ്പന ഉൾപ്പെടെയുള്ള പ്രാദേശിക മാർക്കറ്റിൽ 6000 രൂപ വരെ വില എത്തിയിരുന്നു. അന്നും സമാനമായ രീതിയിൽ തമിഴ്നാട് കർഷകർ കേരളത്തിലേക്ക് ഒഴുകിയെത്തി. എന്നാൽ പിന്നീട് ഇടിഞ്ഞുവീഴുന്ന ഏലം വിലയാണ്. അന്ന് 950 വരെ വില വന്നു. എന്നാൽ ഉയർന്ന വിലയ്ക്ക് അനുസരിച്ച് കൂടിയ ഉത്പാദന ചിലവ് അന്ന് താഴ്ന്ന് ഇറങ്ങിയില്ല. ഈ സാഹചര്യം ആണ് ഇടുക്കിയിലെ കർഷകരെ ആശങ്കപ്പെടുത്തുന്നത്.
കാലാവസ്ഥ വില്ലൻ ആകുമോ?

കേരളത്തിന്റെ മലയോരമേഖലകളിൽ ഇപ്പോൾ അനുഭവിക്കുന്ന കാലാവസ്ഥയാണ് ഏലത്തിന് വലിയ വില്ലനായി മാറുന്ന ഒന്ന്. വലിയ ചൂടാണ് വേനൽക്കാലം ആരംഭിക്കുന്ന ഇപ്പോൾ തന്നെ മലയോര മേഖല നേരിടുന്നത്. ഇവിടുത്തെ ഏലം കർഷകരെ സംബന്ധിച്ച് ഇതുതന്നെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. പലയിടത്തും ജലാശയങ്ങൾ ഇതിനകം വറ്റിവരണ്ടു. വെള്ളം കിട്ടാത്ത ആകുന്നതോടെ ഏലച്ചെടികൾ ഉണങ്ങുന്നതിന് ഇത് കാരണമാകും. പാട്ടത്തിന് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്കും ഇതൊരു ആശങ്കയാണ്. വേനൽ മഴ പെയ്യാതിരുന്നാൽ ദുരിതം കൂടുമെന്ന് ഇവർ കരുതുന്നു. പ്രതിസന്ധികൾ കൂടുന്നതിന് മുൻപ് മഴയെത്തും എന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ കർഷകർ. ഇല്ലെങ്കിൽ വെള്ളമെത്തിക്കുന്നതിനുള്ള മറു മാർഗ്ഗങ്ങളെ കുറിച്ചുള്ള ആലോചനയും കർഷകർ തുടങ്ങി കഴിഞ്ഞു. ഏതായാലും ലാഭം നിലനിർത്തി ഏലകൃഷി പരിപോഷിപ്പിക്കുന്നത് ഹൈറേഞ്ച് മേഖലയിലെ കർഷകരെ സംബന്ധിച്ച് ഉണ്ടാകുന്ന ആശ്വാസം ചെറുതല്ല.


