കേരള സ്റ്റോറി 2;തെളിവ് നിരത്തി പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്.

KERALA-STORY-2-SANTHOSH-PANDIT

 കേരള സ്റ്റോറി രണ്ടിന്റെ പുതിയ ദൃശ്യങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. നിർബന്ധിച്ച് യുവതിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യം ആണ് വിവാദമായി മാറിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ കടുത്ത നിലപാടെടുത്ത് രംഗത്തു വന്നു. കേരളത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ടവരാണ് ഇത്തരം സിനിമകളുമായി രംഗത്ത് വരുന്നത് എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.വിദ്യാർത്ഥി സംഘടനയായ ആയ എസ്എഫ്ഐ ഉൾപ്പെടെയുള്ളവർ ബീഫ് കഴിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തിനാണ്  തുടക്കമിട്ടത്. ഏതായാലും ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ബീഫിന്റെ രാഷ്ട്രീയം വീണ്ടും കേരളത്തിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് കേരള സ്റ്റോറി രണ്ടാം ഭാഗത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തു വന്നത്.

 നിർബന്ധിത മതപരിവർത്തനത്തിന് പിന്നാലെ യുവതിയെക്കൊണ്ട് ബീഫ് നിർബന്ധിച്ച് കഴിപ്പിച്ച വാർത്തയുടെ ലിങ്ക് ഷെയർ ചെയ്തു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് സിനിമയെ പിന്തുണയ്ക്കുന്നത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയിൽ വന്ന വാർത്തയുടെ ലിങ്ക് ഷെയർ ചെയ്തു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് നിലപാട് വ്യക്തമാക്കിയത്. എമ്പുരാൻ സിനിമയുടെ സമയത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വല്ലാതെ ചർച്ച ചെയ്തവരാണ് മലയാളികൾ. ആവിഷ്കാര സ്വാതന്ത്ര്യം എമ്പുരാൻ സിനിമയ്ക്ക് മാത്രം മതിയോ എന്ന് ചോദിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് നിലപാട് വ്യക്തമാക്കുന്നത്. മധ്യപ്രദേശിൽ സമാനമായ രീതിയിൽ നടന്ന സംഭവം ആണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 കേരള സ്റ്റോറി ഒന്നാം ഭാഗം ഇന്ത്യയിൽ ആകെ വൻവിജയമായിരുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.സിനിമ ദേശീയ അവാർഡ് നേടുന്നതിനും കാരണമായി. രണ്ടാമത്തെ ഭാഗത്തിന്റെ ട്രെയിലർ ഒറ്റ ദിവസം കൊണ്ട് ഒന്നരക്കോടിയിൽ അധികമാളുകളാണ് കണ്ടത്. യൂട്യൂബ് ട്രെൻഡിങ്ങിലും  ഇത് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ കേരളത്തിൽ മാത്രമാണ് ഇതൊരു വിവാദമായി മാറിയത് എന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.

 ഒന്നാം ഭാഗത്തിന്റെ പ്രധാന തീം ലൗ ജിഹാദ് ആയിരുന്നു. കേരളത്തിൽ ഇത് ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നതല്ല, എമ്പുരാൻ സിനിമ ഇറങ്ങിയപ്പോൾ നമ്മൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിയുടെ സംവിധായകനായ സുദീപ്തോ സെന്നിന് ഇല്ലേ എന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. അവർ അവരുടെ പൈസയ്ക്കാണ് അവർക്ക് ശരിയെന്ന് തോന്നുന്നത് എടുക്കുന്നത്. അത് നമുക്ക് കാണാനും കാണാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ഒരു സിനിമയെ പേടിക്കേണ്ട കാര്യമില്ല എന്നും പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

 മധ്യപ്രദേശിൽ നടന്ന സംഭവമാണ് എന്ന് രണ്ടാമത്തെ ഭാഗത്തിന്റെ ട്രെയിലറിൽ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട് എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം. “കേരള സ്റ്റോറി ഗോസ് ബിയോണ്ട് ” എന്നാണ് സിനിമയെ പറ്റി ട്രെയിലറിൽ പറയുന്നത്. കേരളത്തിൽ മാത്രമല്ല മറ്റുള്ള സ്ഥലങ്ങളിലും ഇത് സംഭവിക്കുന്നുണ്ട് എന്നാകാം ഉദ്ദേശിച്ചത് എന്നാണ് പണ്ഡിറ്റിന്റെ ന്യായീകരണം. കേരള സ്റ്റോറിയിൽ പറയുന്ന എല്ലാ കാര്യങ്ങളും വസ്തുതയാണെന്ന്  പറയുന്നില്ല. കേരളത്തിലും പ്രൊപ്പഗാണ്ടയുടെ ഭാഗമായി ഇറങ്ങുന്ന സിനിമകളില്ലേ എന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. പല സിനിമകളിലും കറുപ്പുടുത്തവർ വില്ലനായി വരുന്നു. ചില സിനിമകളിൽ സവർണ്ണനാണ് വില്ലൻ. ഇത്തരം നിരവധി കാര്യങ്ങൾ  ഫേസ്ബുക്ക് പോസ്റ്റിലൂടെ  സൂചിപ്പിച്ചാണ് സന്തോഷ് പണ്ഡിറ്റ്  കേരള സ്റ്റോറിക്ക് പിന്തുണ നൽകുന്നത്. കേരളത്തിലെ സംവിധായകൻമാർക്ക് മാത്രമല്ല ഹിന്ദി സംവിധായകന്മാർക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞു നിർത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. അതുകൊണ്ടുതന്നെ സിനിമ കണ്ട ശേഷം സ്വന്തം നിലയിൽ വിലയിരുത്തുന്നതാകും ഉചിതം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Share This Post

Leave a Reply

Your email address will not be published. Required fields are marked *