കൊച്ചി മെട്രോയിൽ അതിവേഗ ബോട്ട് വരുന്നു.

KOCHI-WATER-METRO-SPEED-BOAT-HYDOGEN

 രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് തുടങ്ങിയത് കൊച്ചിയിലാണ്. അവിടെ വാട്ടർ മെട്രോ പുതിയൊരു കുതിച്ചുചാട്ടത്തിന് കളമൊരുക്കുകയാണ്. അതിവേഗ ബോട്ട് സർവീസുകൾ വികസിപ്പിക്കാനാണ് വാട്ടർ മെട്രോയുടെ പദ്ധതി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അതിവേഗം എത്തുന്നതാണ് പദ്ധതി. അണിയറയിൽ വൻ ഒരുക്കങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. നെടുമ്പാശ്ശേരിയിലേക്ക് വലിയ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മണിക്കൂറുകൾക്കു മുൻപ് തന്നെ കൊച്ചിയിൽ നിന്നും യാത്ര തുടങ്ങേണ്ട അവസ്ഥ. ഈ സാഹചര്യത്തിലാണ് ഭാവി മുന്നിൽകണ്ട് അതിവേഗ സർവീസിന് കളം ഒരുങ്ങുന്നത്. ഹൈഡ്രജൻ ബോട്ടുകളാണ് ഇതിനായി രൂപകൽപ്പന ചെയ്യുന്നത്

 എന്താണ് ഹൈഡ്രജൻ ബോട്ട്?

 ഡീസലിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ബോട്ടുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഭാവിയിൽ ബാറ്ററിയുടെ ലഭ്യത വളരെ കുറയും എന്നാണ് കണക്കുകൂട്ടൽ. ഡീസൽ പരിസ്ഥിതി മലിനീകരണത്തിന് കാരണമാണ്. ഒരുപാട് കാലം ഇതുമായി മുന്നോട്ടു പോകാൻ ആകില്ല. അവിടെയാണ് ഹൈഡ്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ബോട്ടുകളുടെ പ്രസക്തി. വേഗത കൂടിയുള്ള യാത്രയ്ക്കും ഹൈഡ്രജൻ ബോട്ടുകൾ സഹായകരമാണ്. കൊച്ചിൻ ഷിപ്പിയാർഡ് ആണ് ബോട്ടുകളുടെ നിർമ്മാണം നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെ വന്നാൽ ആലുവ മുതൽ നെടുമ്പാശ്ശേരി വരെ 10 മിനിറ്റ് കൊണ്ട് എത്താവുന്ന സർവീസ് ആണ് രൂപകൽപ്പന ചെയ്യുന്നത്.

 ആലുവയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക്.

 നിലവിൽ ആലുവ വരെയാണ് മെട്രോ സർവീസ് ഉള്ളത്. ഇവിടെനിന്നും ഫീഡർ ബസ്സുകൾ വഴിയാണ് പലയാത്രക്കാർ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്. റോഡിലെ ഗതാഗതക്കുരുക്ക് മൂലം ബസ്സുകൾ പലപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്.  ഇതിന് പരിഹാരമായാണ് വാട്ടർ മെട്രോയുടെ പുതിയ പദ്ധതി. ആലുവയിൽ നിന്ന് പെരിയാർ പുഴയിലൂടെയും ചെങ്ങൽ കനാലിലൂടെയും ബോട്ട് നെടുമ്പാശ്ശേരിയിൽ എത്തിക്കുക. ഇതിനുള്ള സാധ്യത പഠനം തുടങ്ങിക്കഴിഞ്ഞു. അടുത്ത ഒരു മാസത്തിനുള്ളിൽ പഠനം പൂർത്തിയാകും എന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് അംഗീകാരം നേടിയെടുക്കും. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് വാട്ടർ മെട്രോ സ്റ്റേഷനിലേക്ക് സ്കൈ വാക്കും രൂപകൽപ്പനയിൽ ഉണ്ട്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ(BPCL) ഹൈഡ്രജൻ പ്ലാന്റ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ളതും ഗുണമാണ്.

 നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ വരുന്നതും യാത്രക്കാർ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് വന്നാൽ വേഗത്തിലുള്ള യാത്ര സാധ്യമാകും. കൊച്ചിയിൽ നിന്നുള്ളവർക്ക് മാത്രമല്ല ഒരല്പം ദൂരെ നിന്ന് വരുന്നവർക്കും നേരിട്ട് വിമാനത്താവളത്തിൽ ഇറങ്ങാം. ഹൈഡ്രജൻ ബോട്ടുകൾ വിമാനത്താവളത്തിലേക്ക് വരുന്ന പദ്ധതിക്ക് അംഗീകാരം ആയില്ലെങ്കിൽ വാട്ടർ മെട്രോയിൽ ഉപയോഗിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. 50 വർഷം മുന്നിൽക്കണ്ടുള്ള വികസന പദ്ധതികൾക്കാണ് കൊച്ചിയിൽ രൂപകല്പന തുടരുന്നത്. കൊച്ചിൻ മെട്രോയുടെ അടുത്ത ഘട്ടം കൂടി പൂർത്തിയായാൽ അത് നഗരത്തിന് വലിയ ആശ്വാസമാകും. നാഷണൽ ഹൈവേയുടെ പണികൂടി പൂർത്തിയാകുന്നതോടെ റോഡ് യാത്രക്കാർക്കും വലിയൊരു നേട്ടമാണ്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *