ഗോവയിലേക്ക് ഇനി കെഎസ്ആർടിസി.

ksrtc-budget-trip-goa-trip-new

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഗോവ. ഇതുവരെ പോകാത്തവർ ആയിരിക്കാം ഒരുപക്ഷേ മലയാളികളായ യാത്രക്കാരിൽ ഏറെയും. ഗോവയെ കുറിച്ചുള്ള സിനിമകളും കഥകളും ഒക്കെ എത്രയോ തവണ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരിക്കലെങ്കിലും ഗോവയിൽ പോകാൻ ആഗ്രഹിക്കാത്ത ആരുണ്ടാകും! ഗോവയിലെ മനോഹരമായ ബീച്ചിൽ  കൂടി കറങ്ങി നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഗോവയിലെ രാത്രി കണ്ട് ആസ്വദിക്കാൻ കൊതിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു വഴി കെഎസ്ആർടിസി തുറക്കുകയാണ്.

 ഗോവൻ യാത്രയെക്കുറിച്ച് പലതവണ ചിന്തിച്ചിട്ടുള്ളവർ ആകും നിങ്ങൾ. എന്നാൽ കേരളത്തിൽനിന്ന് ട്രെയിൻ അല്ലാതെ ചിലവ് കുറഞ്ഞ മറ്റൊരു മാർഗ്ഗവും ഇല്ല എന്നതാണ് യാഥാർത്ഥ്യം. സാധാരണക്കാരന് അതുകൊണ്ട് തന്നെ ഗോവ യാത്ര അന്യമായി നിന്നു. ഇനി ആർക്കും അങ്ങനെയൊരു സങ്കടം വേണ്ട. കേരളത്തിലെ വിനോദസഞ്ചാരികളെ ഗോവയിലേക്ക് കൊണ്ടുപോകാൻ കെഎസ്ആർടിസി തയ്യാറെടുക്കുകയാണ്.

ട്രിപ്പ്‌ എങ്ങനെ?

 ബജറ്റ് ടൂറിസം പാക്കേജിലൂടെ വലിയ നേട്ടം ഉണ്ടാക്കിയ കെഎസ്ആർടിസി തങ്ങളുടെ സേവനം വിപുലപ്പെടുത്തുകയാണ്. ഗോവ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് ദീർഘദൂര ബജറ്റ് ടൂറിസം പാക്കേജ് ആണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വൈകാതെ ഇത് നടപ്പിൽ വരുമെന്ന് ഉദ്യോഗസ്ഥർ സൂചന നൽകി. അതായത് സാധാരണഗതിയിലുള്ള യാത്ര ബസ്സിന് ബദലായി ടൂറിസം പാക്കേജുകൾ ആണ് കെഎസ്ആർടിസി ആസൂത്രണം ചെയ്യുന്നത്. ഈ വർഷം തന്നെ ഗോവൻ യാത്രയ്ക്ക് ബസ്സുകൾ ഏർപ്പെടുത്താനാണ് നീക്കം. ദീർഘദൂര യാത്ര ആയതുകൊണ്ട് തന്നെ  ഡീലക്സ് ബസ്സുകൾ ഉൾപ്പെടെ  അവതരിപ്പിച്ചാണ് കെഎസ്ആർടിസി യാത്രയ്ക്ക് ഒരുക്കം നടത്തുന്നത്.

 കേരളത്തിലെ ഏതാണ്ട് എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര പാക്കേജ് നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്കും  യാത്ര പാക്കേജുകൾ നടപ്പിലാക്കി. മധുര,രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടത്തിയ യാത്ര വലിയ വിജയം കണ്ടതോടെയാണ് സമീപ

 സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ദീർഘിപ്പിക്കാൻ കെഎസ്ആർടിസി ആലോചിച്ചു തുടങ്ങിയത്. മറ്റ് ബജറ്റ് ടൂറിസം യാത്രകളെപ്പോലെ തന്നെ ഇതും വലിയ വിജയം ആകുമെന്ന പ്രതീക്ഷയിലാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ.

 ഗോവൻ യാത്രയെക്കുറിച്ചുള്ള ആസൂത്രണം തുടങ്ങിയെങ്കിലും എന്നുമുതൽ ആണെന്ന കാര്യത്തിൽ അന്തിമമായ വ്യക്തത വന്നിട്ടില്ല. ഗോവൻ ടൂറിസം യാത്രയ്ക്ക് എത്ര രൂപയാണ് പാക്കേജ് തുകയായി നൽകേണ്ടത് എന്നതും തീരുമാനമായിട്ടില്ല. സൂപ്പർ ഡീലക്സ് ബസ്സുകൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ചാർജ് അല്പം കൂടാൻ സാധ്യതയുണ്ട്. ഒന്നിലധികം ദിവസം യാത്ര വേണ്ടതിനാലും അതിനുള്ള പണം കൂടി നൽകേണ്ടിവരും. കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് ഗോവ യാത്ര ആസൂത്രണം ചെയ്യുന്നത്. ഏതായാലും സ്വന്തമായി വാഹനം വിളിച്ച് പോകുന്ന അത്ര ചിലവ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് ഉണ്ടാകില്ല എന്നാണ് അധികൃതർ നൽകുന്ന സൂചന. മറ്റു പൊതുഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ചും തുക കുറവായിരിക്കും എന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്ക് ഉൾപ്പെടെ പ്രിയപ്പെട്ട ഇടമായ ഗോവയിലേക്ക് യാത്രക്കാരുടെ വലിയ തിരക്കുണ്ടാകും എന്ന് തന്നെയാണ് കെഎസ്ആർടിസി അധികൃതരുടെ കണക്കുകൂട്ടൽ.

Share This Post

Leave a Reply

Your email address will not be published. Required fields are marked *