ട്രെയിൻ യാത്രയ്ക്കിടെ സ്പീക്കർ ഫോൺ വെച്ച് പാട്ട് കേൾക്കുന്നവരാണോ നിങ്ങൾ. എങ്കിൽ പിഴ വീഴും എന്ന് ഉറപ്പിച്ചു കൊള്ളുക. ഹെഡ് ഫോൺ വെക്കാതെ ഉച്ചത്തിലുള്ള സംഗീതമോ മറ്റെന്തെങ്കിലും ഓഡിയോ ഉൾപ്പെടെ കേട്ടതിന് 57, 538 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംഭവം ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള ട്രെയിനുകളിൽ അല്ല എന്ന് മാത്രം. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ബംഗലൂരുവിന്റെ ‘നമ്മ മെട്രോ’ ആണ് യാത്രക്കാരെ അച്ചടക്കം പഠിപ്പിക്കാനായി രംഗത്ത് വന്നത്.
കഴിഞ്ഞ ഒരു വർഷക്കാലം യാത്രക്കാർ നടത്തിയ അച്ചടക്ക ലംഘനങ്ങൾക്ക് ഇട്ട പിഴയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്. ആകെ ഒരു ലക്ഷം ആളുകൾക്കാണ് ബംഗളൂരു മെട്രോ(ബിഎംആർസിഎൽ )വിവിധതരത്തിലുള്ള നിയമലംഘനങ്ങൾക്ക് പിഴകിട്ടത്. യാത്രക്കാരായ പലരും ഇതുവരെ ചിന്തിക്കാത്ത നിലയിലാണ് പിഴയുടെ കണക്കുകൾ പുറത്തുവരുന്നത്.
നിയമലംഘനങ്ങൾ എന്തൊക്കെ?
എന്തൊക്കെ നിയമലംഘനങ്ങളാണ് യാത്രക്കാർ നടത്തിയത് എന്ന് മെട്രോ(BMRCL) അധികൃതർ വ്യക്തമാക്കുന്നുണ്ട്. മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വെച്ച് സഹയാത്രികരെ കൂടി ബുദ്ധിമുട്ടിച്ചവർക്കാണ് ഏറ്റവും കൂടുതൽ പിഴ ലഭിച്ചത്. ഇതുകൂടാതെ മറ്റ് നിരോധിത പ്രവർത്തനങ്ങൾ നിരവധിയായി യാത്രക്കാർ നടത്തിയിട്ടുണ്ട്. മറ്റുള്ളവർ റിസർവ് ചെയ്ത സീറ്റുകളിൽ ഇരിക്കുക എന്നതാണ് ഒരു കുറ്റമായി മെട്രോ കാണുന്നത്. ട്രെയിനുകൾക്കുള്ളിൽ ഇരുന്ന് ഭക്ഷണം കഴിച്ചതിനും പിഴ ഈടാക്കിയിട്ടുണ്ട്. നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനും ബംഗളൂരു മെട്രോ പിഴ ഈടാക്കി. ഗുഡ്ക്ക പാൻ മസാല ഇവയൊക്കെ ട്രെയിനുകൾക്കുള്ളിൽ ഇരുന്ന് ചവയ്ച്ചവർക്കാണ് പ്രധാനമായും പിഴ വീണത്.
ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേകം സീറ്റുകൾ ഈ ട്രെയിനിൽ റിസർവ് ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിൽ നിന്ന് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിച്ച 37,038 പേർക്കാണ് പിഴ അടയ്ക്കേണ്ടി വന്നത്. ട്രെയിനുകൾക്കുള്ളിൽ ഇരുന്ന് ഭക്ഷണം കഴിച്ചതിന് 1907 കേസുകൾ രജിസ്റ്റർ ചെയ്തു. ഗുഡ്ക പാൻ മസാല ഇവയുടെ ഉപയോഗത്തിന് 1677 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ശിക്ഷകൾ ഇങ്ങനെ
2002ലെ മെട്രോ റെയിൽവേസ് നിയമപ്രകാരമാണ് പിഴകൾ ചുമത്തിയിരിക്കുന്നത്. പുകവലിക്കുകയോ, പുകയില ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് 250 മുതൽ 500 രൂപ വരെയാണ് പിഴ അടക്കേണ്ടി വരിക. മദ്യപിച്ച് യാത്ര ചെയ്താൽ 500 രൂപയാണ് പിഴയായി നൽകേണ്ടി വരിക. ഇത്തരക്കാരെ ട്രെയിനിൽ നിന്ന് പുറത്താക്കുകയും ചെയ്യും. ട്രെയിനിൽ ഉള്ളിലിരുന്ന് ഭക്ഷണം കഴിച്ചാൽ 250 രൂപ പിഴയായി നൽകണം. ഉച്ചത്തിൽ മൊബൈൽ ഫോൺ സംഗീതം ഉൾപ്പെടെ ഉള്ള ശബ്ദ മലിനീകരണങ്ങൾക്ക് 250 രൂപയാണ് പിഴ. അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ഷൂട്ട് ചെയ്യുന്നതിനും 500 രൂപ പിഴ നൽകണം. ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ 50 രൂപ മുതൽ പിഴ അടക്കേണ്ടി വരും. വനിതാ കോച്ചിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 500 രൂപയാണ് പിഴ. മെട്രോ ട്രാക്കുകളിൽ കയറുകയോ ഇറങ്ങുകയോ ചെയ്താൽ 250 രൂപ മുതൽ 1000 രൂപ വരെ പിഴ കൂടാതെ തടവശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.


