സിനിമയ്ക്കുള്ളിലെ സിനിമാ ചിത്രീകരണം മലയാളിക്ക് ഒരു പുതിയ കാഴ്ചയല്ല. ഉദയനാണ് താരം ഉൾപ്പെടെ നിരവധി സിനിമകൾ മലയാളികളുടെ ജനഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ദ്രൻസിനെ നായകനാക്കി സിനിമയ്ക്കുള്ളിലെ സിനിമ ചിത്രീകരണം പശ്ചാത്തലമാക്കി ആശാൻ റിലീസിന് ഒരുങ്ങുന്നത്.
അമ്പിളി, ഗപ്പി എന്നീ സിനിമകളിലൂടെ തന്റെ വരവറിയിച്ച സംവിധായകൻ ജോൺപോൾ ജോർജ് ആണ് ആശാന്റെ സംവിധായകൻ. സിനിമയിലെ പൊള്ളത്തരങ്ങളും ചലച്ചിത്രപ്രവർത്തകരുടെ അതിജീവന പോരാട്ടങ്ങളും നർമ്മം ചേർത്ത് അവതരിപ്പിക്കുകയാണ് ആശാൻ.
ആശാന് ഗംഭീര പിന്തുണയുമായി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും രംഗത്ത് വന്നു. ഇതുവരെ ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല എന്ന അതിഗംഭീര അഭിപ്രായമാണ് മമ്മൂട്ടി പങ്കുവെക്കുന്നത്. സിനിമ എടുത്തിരിക്കുന്ന രീതിയും സിനിമയോടുള്ള സമീപനവും എല്ലാം ഗംഭീരമാണ്. അഭിനേതാക്കളുടെ പ്രകടനങ്ങൾ ഉൾപ്പെടെ എല്ലാം മികച്ചു നിൽക്കുന്നു. ‘ഇതൊരു അത്ഭുത പരിപാടിയാണ്, വൻ പരിപാടിയാണ്’ മമ്മൂട്ടി വാചാലനായി. കഥ കേട്ടപ്പോൾ തന്നെ കുഴപ്പം വരില്ല എന്ന് അവർക്ക് ഗ്യാരണ്ടി കൊടുത്തിരുന്നു എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ ഇടയിൽ തന്റെ ഇടം അടയാളപ്പെടുത്തിയ നടനാണ് ഇന്ദ്രൻസ്. അടുത്തകാലത്ത് അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം മലയാളിയെ ഞെട്ടിച്ചു. ഇതിനെല്ലാം പിന്നാലെയാണ് കേരളത്തിന്റെ ആ പഴയ ഹാസ്യ കഥാപാത്രം തമാശയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമയിൽ നായകനായി എത്തുന്നത്.


