കുമളിയിൽ സ്ഥിതിചെയ്യുന്ന പെരിയാർ ടൈഗർ റിസർവ് കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ് ആണ് പറമ്പിക്കുളം. പ്രകൃതിയുടെ മനോഹാരിത കൊണ്ടും വൈവിധ്യം കൊണ്ടും ഏതൊരു സഞ്ചാരികളെയും വല്ലാതെ ആകർഷിക്കുന്ന സ്ഥലമാണ് പറമ്പിക്കുളം. കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത് എങ്കിലും തമിഴ്നാട് വഴി കയറിവേണം പറമ്പിക്കുളത്ത് എത്താൻ. എന്ന് കരുതി പറമ്പിക്കുളം യാത്ര അത്ര ദുഷ്കരമല്ല. പറമ്പിക്കുളത്തേക്ക് എങ്ങനെയെത്താം എന്ന് ആലോചിക്കുന്നവർക്ക് ഏറ്റവും എളുപ്പവഴിയാണ് പാലക്കാട് നിന്നും പറമ്പിക്കുളത്തേക്കുള്ള ഒരേയൊരു കെഎസ്ആർടിസി ബസ്.
നമ്മുടെ ആനവണ്ടി തന്നെ ഈ യാത്രയ്ക്ക് നിങ്ങളെ സഹായിക്കും. രാവിലെ 7:45ന് പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നുമാണ് പറമ്പിക്കുളത്തേക്കുള്ള ഓർഡിനറി ബസ് പുറപ്പെടുന്നത്. ഒരേയൊരു കെഎസ്ആർടിസി സർവീസ് ആയതുകൊണ്ട് തന്നെ ചിലപ്പോൾ ഇത് 8 മണി വരെയൊക്കെ ബസ്റ്റാൻഡിൽ ഈ ബസ് കാണാറുണ്ട്. എട്ടുമണിക്കാണ് പുറപ്പെടുന്നതെങ്കിൽ 5 മിനിറ്റ് കൊണ്ട് ബസ് തൊട്ടടുത്ത സ്റ്റേഡിയം സ്റ്റാൻഡിൽ എത്തും. അതായത് ഓടിക്കിതച്ച് കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തുന്നവർക്ക് ബസ് കിട്ടിയില്ല എങ്കിൽ പെട്ടെന്നൊരു ഓട്ടോ വിളിച്ച് നിങ്ങൾക്ക് സ്റ്റേഡിയം സ്റ്റാൻഡിലേക്ക് പോകാം. അവിടെ ഈ ബസ് ഏതാണ്ട് 15 മിനിറ്റോളം കിടക്കും. അതായത് എട്ടുമണിക്ക് പുറപ്പെടുന്ന വണ്ടി 8.05ന് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തും. തുടർന്ന് 8:20ന് മാത്രമാണ് അവിടെ നിന്ന് പുറപ്പെടുക. നിങ്ങൾക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തിയും ഈ വണ്ടിയിൽ കയറാം. സീറ്റ് 100% ഉറപ്പിക്കാൻ കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തുന്നത് തന്നെയാണ് ഉചിതം.
പാലക്കാട് വിട്ടാൽ പിന്നെ മനോഹരമായ കാഴ്ചകളുടെ ലോകമാണ്. കൊഴിഞ്ഞാമ്പാറ ഗോപാലപുരം വഴി പൊള്ളാച്ചി എത്തി ആണ് ബസ് പറമ്പിക്കുളത്തേക്ക് പുറപ്പെടുന്നത്. ഒരു മണിക്കൂർ കൊണ്ട് ബസ് കേരള അതിർത്തി പിന്നീടും. പാലക്കാട് നിന്ന് പോകുമ്പോൾ മനോഹരമായ നെൽപ്പാടങ്ങളുടെ കാഴ്ച നിങ്ങളുടെ മനം കവരും എന്ന് ഉറപ്പാണ്. ഗോപാലപുരം പിന്നിട്ടാൽ തമിഴ്നാട് അതിർത്തി മുതൽ വലിയ കൃഷിത്തോട്ടങ്ങൾ കാണാം. തെങ്ങും തോപ്പുകളും കമുകിൻ തോട്ടങ്ങളും എല്ലാം കടന്നു പൊള്ളാച്ചി എത്തിയാൽ പിന്നെ മറ്റൊരു മനോഹര യാത്രയാണ്.

രാവിലെ ഏതാണ്ട് 9:50 ന് ബസ് പൊള്ളാച്ചി സ്റ്റാൻഡിൽ നിന്ന് പുറപ്പെടും. തെക്കൻ കേരളത്തിൽ നിന്ന് വരുന്നവർക്ക് പാലക്കാട് പോകാതെ നേരിട്ട് പൊള്ളാച്ചിയെത്തിയും ഈ ബസ്സിൽ കയറി യാത്ര പോകാം. രാവിലെ ഒമ്പതരയ്ക്ക് പൊള്ളാച്ചി സ്റ്റാൻഡിൽ എത്തുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്താൽ മതി. പൊള്ളാച്ചിയിൽ നിന്നുള്ള യാത്രയിൽ ഏറ്റവും മനോഹരമായ ഉള്ളത്
പൊള്ളാച്ചി കഴിഞ്ഞാൽ പ്രധാനപ്പെട്ട ഒരു കുഞ്ഞു പട്ടണം ആനമലയാണ്. ആനമലയിലേക്കുള്ള വഴി നിങ്ങൾ ഒരുപാട് വൈറൽ റീലുകളിൽ കണ്ടിട്ടുണ്ടാകും. ഇരുവശത്തും നിറഞ്ഞുനിൽക്കുന്ന പുളി മരങ്ങൾ ഈ റോഡിന്റെ ഭംഗി ഇരട്ടിയാക്കുന്നു. ഇതേ ആനമലയിൽ നിന്നാണ് ആളിയാർ വഴി വാൽപ്പാറക്ക് പോകുന്നത്. ആനമലയിൽ നിന്ന് 10 കിലോമീറ്റർ പോയാൽ ഈ യാത്രയിലെ അവസാനത്തെ ടൗൺ എത്തും. സേത്തുമടയ് എന്നാണ് ഇതിന്റെ പേര്. ഇവിടെയാണ് വനം വകുപ്പ് ചെക്ക് പോസ്റ്റ് ഉള്ളത്. അതായത് നമ്മൾ പൂർണ്ണമായും കാട്ടിലേക്ക് പ്രവേശിച്ചു കഴിഞ്ഞു

കെഎസ്ആർടിസി ബസിലെ യാത്ര ചെയ്യുന്നവർക്ക് ചെക്ക് പോസ്റ്റുകളിൽ പണം നൽകേണ്ടതില്ല. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക് ആദ്യം കാണുന്ന തമിഴ്നാടിന്റെയും പിന്നീട് കേരളത്തിൽ എത്തിയാൽ ഉള്ള ആനപ്പാടി ചെക്ക് പോസ്റ്റിലും പണം നൽകണം. കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ വനയാത്ര തുടങ്ങുന്നത് ഇവിടെയാണ്. സേത്തുമട മുതൽ 35 കിലോമീറ്റർ ദൂരം കൊടും കാടിനുള്ളിലൂടെയാണ് യാത്ര. അതായത് പക്ഷികളും മൃഗങ്ങളും എല്ലാം ഉൾപ്പെടുന്ന മനോഹരമായ കാട്.
കാടിനുള്ളിലൂടെ ഒറ്റ വരി പാത പോലെയാണ് റോഡ്. നിറഞ്ഞ പച്ചപ്പും ഇടയ്ക്കിടെയുള്ള വ്യൂ പോയിന്റുകളും നിങ്ങളുടെ മനസ്സ് നിറയ്ക്കും. തമിഴ്നാട്ടിലെ ആനമല ടൈഗർ റിസർവിലാണ് നമ്മൾ ആദ്യം എത്തുന്നത്. ഇവിടെയും സഫാരിയും ഫോറസ്റ്റ് വകുപ്പിന്റെ താമസസൗകര്യങ്ങളും എല്ലാം നിങ്ങൾക്ക് ലഭിക്കും. ആനമല ടൈഗർ റിസർവിന് കവാടമായ ടോപ് സ്ലിപ്പ് കഴിഞ്ഞാൽ 5 മിനിറ്റ് കൊണ്ട് തന്നെ നിങ്ങൾക്ക് പറമ്പിക്കുളത്തിന്റെ സഫാരി സെന്റർ ആയ ആനപ്പാടി ചെക്ക് പോസ്റ്റിൽ എത്താം. ഇവിടെ നിന്നാണ് നിങ്ങൾക്ക് സഫാരി ബുക്ക് ചെയ്യുന്നതിനും ട്രക്കിങ്ങിനും എല്ലാം ഉള്ള സൗകര്യം. താമസസൗകര്യവും ഇവിടെ ലഭിക്കും.

ആനപ്പാടി കഴിഞ്ഞാൽ പിന്നീട് തുണക്കടവ് ഡാം എത്തും. ഡാമിന്റെ വശങ്ങളിലൂടെയുള്ള ബസ് യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത കാഴ്ച നിങ്ങൾക്ക് സമ്മാനിക്കും. പോകുന്ന വഴി ഡാമിലേക്ക് ഇറങ്ങിയിരിക്കുന്ന വനം വകുപ്പിന്റെ ഹട്ടുകളും നമുക്ക് കാണാം. ആനപ്പാടിയിൽ അവസാനിക്കില്ല നമ്മുടെ ബസ് യാത്ര. അവിടെനിന്നും 22 കിലോമീറ്റർ ഉണ്ട് പറമ്പിക്കുളത്തേക്ക്. ആ യാത്രയിൽ ഇടയ്ക്കിടയ്ക്ക് മാറിവരുന്ന വനഭൂമിയുടെ സ്വഭാവങ്ങൾ നിങ്ങളെ കാണിച്ചു തരും.
പറമ്പിക്കുളത്തിന്റെ പ്രത്യേകതകളും വമ്പൻ തേക്കുകളും ഈ വഴിയിൽ ഇഷ്ടംപോലെ കാണാം. അങ്ങനെ യാത്ര ചെയ്തു 11:45 ന് ബസ് പറമ്പിക്കുളത്ത് എത്തും. താമസം ബുക്ക് ചെയ്യാതെ വരുന്നവർക്ക് ഇതുതന്നെ ഒരു മനോഹര യാത്രയാക്കി മടങ്ങാം. 12:30 ക്ക് ഇതേ കെഎസ്ആർടിസി ബസ് പറമ്പിക്കുളത്ത് നിന്ന് പാലക്കാട് മടങ്ങിപ്പോകും. പൊള്ളാച്ചിയിൽ നിന്നും പുറപ്പെടുന്ന തമിഴ്നാട് സർക്കാർ വൈകുന്നേരം അഞ്ചുമണിയോടെ തിരികെ പൊള്ളാച്ചിക്ക് പോകും. പറമ്പിക്കുളത്ത് അല്പസമയം ചെലവഴിച്ച ശേഷം വേണമെങ്കിൽ ഈ ബസ്സിൽ നിങ്ങൾക്ക് മടങ്ങാം. ഫോറസ്റ്റ് ട്രക്കിംഗ് ഉൾപ്പെടെ നടത്താൻ ആഗ്രഹമുള്ളവർ www.parambikulam.org എന്ന വെബ്സൈറ്റ് വഴി താമസവും സഫാരിയും ഒക്കെ ബുക്ക് ചെയ്തു കാടിനെ ആസ്വദിക്കാം.


