വളരെ രുചികരമായ ഒരു ഭക്ഷണമാണ് പീനട്ട് ബട്ടർ. നമ്മളിൽ പലർക്കും ഇത് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ ഭാഗമായി ഇത് ഉൾപ്പെടുത്തുക സ്വാഭാവികം. എന്നാൽ പീനട്ട് ബട്ടർ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? പീനട്ട് ബട്ടർ നിങ്ങളുടെ കൊളസ്ട്രോളിന് എങ്ങനെയാണ് ബാധിക്കുക? ഇത്തരം വിഷയങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് പീനട്ട് ബട്ടർ?
പീനട്ട് ബട്ടറിന്റെ ഗുണദോഷ വശങ്ങൾ അറിയും മുൻപ് അതെന്താണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും നമ്മൾ മനസ്സിലാക്കണം. സാധാരണ നിലക്കടല തന്നെ വറുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി കിട്ടുന്നതാണ് പീനട്ട് ബട്ടർ. ഉപ്പ് പഞ്ചസാര എണ്ണ ഇവയൊക്കെ പലപ്പോഴും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. സ്മൂത്തീസ്,കുക്കീസ്, കേക്കുകൾ എന്നിവയിലൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. ബ്രെഡിനൊപ്പം ചേർത്ത് കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണെന്ന് പറയാം. അത് കഴിക്കുന്നതിലൂടെ എനർജിയും നിങ്ങൾക്ക് കൂടും.
പീനട്ട് ബട്ടർ കൊളസ്ട്രോളിനെ എങ്ങനെ ബാധിക്കും?
പീനട്ട് ബട്ടർ മിതമായ അളവിൽ ആണ് കഴിക്കുന്നതെങ്കിൽ അത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതിൽ അടങ്ങിയിരിക്കുന്ന നല്ല കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളും കൊളസ്ട്രോളിന് തടയുന്നതിന് ഗുണകരമാണ്. വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അത് ഹൃദയാരോഗ്യത്തിന് നല്ലതാണ് എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പീനട്ട് ബട്ടറിൽ ലോ ഗ്ലൈസെമിക് ഇൻഡക്സ് ആണുള്ളത്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗം കൂട്ടുന്നതല്ല ഇത്. ടൈപ്പ് ടു പ്രമേഹം ഉള്ളവർക്ക് പോലും ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ഇത് കഴിക്കാം. കുറഞ്ഞ കഴിച്ചാൽ തന്നെ ശരീരത്തിന് വളരെ വേഗം ഊർജ്ജം ലഭിക്കുന്നതിന് ഇത് കാരണമാകും. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടെ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ഒന്നു മുതൽ രണ്ട് ടേബിൾ സ്പൂൺ വരെ മാത്രം അളവിൽ ഇത് കഴിക്കുന്നതാണ് ഉചിതം.
എന്തൊക്കെയാണ് ദോഷങ്ങൾ?
പല കടകളിൽ നിന്നായി പല നിലവാരത്തിലുള്ള പീനട്ട് ബട്ടറുകൾ നിങ്ങൾ വാങ്ങാറുണ്ടാകും. ഇത് തയ്യാറാക്കുന്ന വിധത്തിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മത വളരെ പ്രധാനമാണ്. അമിതമായി പഞ്ചസാരയുടെ അളവ് ചേർത്താൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും. സമാനമാണ് ഉപ്പിന്റെ കാര്യത്തിലുള്ള സ്ഥിതിയും. എണ്ണ ഉപയോഗിച്ചുകൊണ്ടാണ് പീനട്ട് ബട്ടർ തയ്യാറാക്കുന്നത്. എണ്ണയിൽ അടങ്ങിയിരിക്കുന്ന ‘ട്രാൻസ് ഫാറ്റ്’ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. മാത്രമല്ല പീനട്ട് ബട്ടറിൽ കലോറി ധാരാളമായി ഉണ്ട്. അത് ശരീരഭാരം കൂടുന്നതിന് കാരണമാകും. അങ്ങനെയും കൊളസ്ട്രോൾ നിങ്ങളെ ബാധിക്കാം.
ശരിക്കും എന്താണ് കൊളസ്ട്രോൾ?
പീനട്ട് ബട്ടർ അമിതമായി കഴിക്കുന്നത് മൂലം കൊളസ്ട്രോൾ വരാനുള്ള സാധ്യതയെ പറ്റിയാണ് മുകളിൽ പറഞ്ഞത്. അങ്ങനെ പറയുമ്പോൾ തന്നെ കൊളസ്ട്രോൾ എന്താണെന്ന് കൂടി നമ്മൾ മനസ്സിലാക്കണം. ശരീരകോശങ്ങളുടെ നിർമ്മാണം, വിറ്റാമിൻ ഡി യുടെ ഉത്പാദനം, ഹോർമോൺ ഉൽപാദനം എന്നിവയ്ക്കുവേണ്ടി കരൾ ഉല്പാദിപ്പിക്കുന്ന കൊഴുപ്പാണ് കൊളസ്ട്രോൾ. ഇത് രക്തത്തിലൂടെ സഞ്ചരിക്കുന്നു. ഈ കൊഴുപ്പിന്റെ അളവ് കൂടിക്കഴിഞ്ഞാൽ രക്ത ധമനികളിൽ ഇത് അടിഞ്ഞുകൂടുന്ന സാഹചര്യം വരും. രക്തം അടിഞ്ഞുകൂടിയാൽ പിന്നെ ഹൃദയാഘാതം സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്.
കൊളസ്ട്രോളിന് കാരണമെന്ത്?
നമ്മുടെ ഭക്ഷണ രീതികൾ തന്നെയാണ് പലപ്പോഴും കൊളസ്ട്രോളിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. മാംസം മുട്ട പാലുൽപന്നങ്ങൾ എന്നിവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമാകും. പുകവലിയും പലപ്പോഴും കൊളസ്ട്രോളിലേക്ക് കാര്യങ്ങൾ എത്തിക്കും. വ്യായാമം ഇല്ലാത്തവരാണ് നിങ്ങൾ എങ്കിൽ കൊളസ്ട്രോൾ നിങ്ങളുടെ ജീവിതത്തിൽ വില്ലനായി വരാം.


