ബന്ധിപ്പൂരിൽ ആദ്യം എത്തിയവർ കണ്ടത് കിടിലൻ കാഴ്ചകൾ.

BANDIPUR-SAFARI-SIGHTINGS-TIGER-LEPERD

ബന്ദിപ്പൂർ, നാഗർഹോളെ ടൈഗർ റിസർവുകൾ ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. നവംബർ 7 മുതൽ ആയിരുന്നു ഇരു കടുവാ സങ്കേതങ്ങളും അടച്ചിട്ടത്. മനുഷ്യ വന്യജീവി സംഘർഷം തുടർന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇരു വന്യജീവി സങ്കേതങ്ങളും അടച്ചിട്ടത്. ഇതോടെ പ്രദേശത്തെ ടൂറിസ്റ്റ് മേഖലാ പരിപൂർണ്ണമായും സ്തംഭിച്ചിരുന്നു. വീണ്ടും കടുവാ സങ്കേതങ്ങൾ തുറക്കണം എന്ന ആവശ്യം ശക്തമായതോടെയാണ് ഇരുപത്തിരണ്ടാം തീയതി മുതൽ കടുവാ സങ്കേതങ്ങൾ തുറന്നത്. ബന്ദിപ്പൂരിൽ അന്ന് ഉച്ചയ്ക്ക് രണ്ടര മുതലായിരുന്നു ആദ്യ സഫാരി തുടങ്ങിയത്. കടുവാ സങ്കേതങ്ങൾ തുറക്കുന്നു എന്നറിഞ്ഞതോടെ സഞ്ചാരികളുടെ വലിയ തിരക്ക് തന്നെ അവിടേക്ക് എത്തി. ആദ്യദിവസം തന്നെ കണ്ണ് നിറയെ വന്യജീവികളുടെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരുന്നത്.

 കാടിനുള്ളിലെ സഫാരിയിൽ വന്യജീവികളെ കാണുക എന്നുള്ളത് എപ്പോഴും സംഭവിക്കുന്നതല്ല. പല സഫാരികൾ പോയാൽ പോലും കടുവയും പുലിയും പോലെയുള്ളവയെ കാണാൻ കഴിയാറില്ല. എന്നാൽ ബന്ദിപ്പൂരിൽ എത്തിയവർക്ക് ആദ്യദിവസം തന്നെ ഭാഗ്യം നിറഞ്ഞതായിരുന്നു. നൂറു ദിവസത്തിനുശേഷം നടന്ന ആദ്യത്തെ സഫാരിയിൽ കണ്ട മൃഗങ്ങളുടെ വിശദാംശങ്ങൾ കടുവാ സങ്കേതം അധികൃതർ പുറത്തുവിട്ടു. ആദ്യത്തെ സഫാരിയിൽ തന്നെ രണ്ട് കടുവകളെയാണ് കണ്ടത്. ഇവ പുൽതകിടിക്ക് സമീപത്തെ മണ്ണിനുള്ളിൽ കിടക്കുന്ന നിലയിലായിരുന്നു. ഇതുകൂടാതെ പുള്ളിപ്പുലിയേയും കണ്ടു. ഇതിന് പുറമേ ആന കാട്ടുപോത്ത് വിവിധതരം മാനുകൾ വിവിധ തരം പരുന്തുകൾ എന്നിവയെയും കാണാനായി. സാധാരണ ഗതിയിൽ ആനകളെയും കാട്ടുപോത്തിനെയും എല്ലാം ഏതാണ്ട് എല്ലാ സഫാരിയിലും കാണാറുള്ളതാണ്. എന്നാൽ കടുവകളെയും പുള്ളിപ്പുലിയേയും കാണാനായി എന്നതാണ് ആദ്യ യാത്രയുടെ നേട്ടം.

 തൊട്ടടുത്ത ദിവസം രാവിലെ നടന്ന സഫാരിയിലും കടുവയെ കാണാൻ കഴിഞ്ഞു. പുള്ളിപ്പുലികൾ രണ്ടെണ്ണം ഒരുമിച്ചു വരുന്ന കാഴ്ച വന്യജീവി ഫോട്ടോഗ്രാഫർമാർ പകർത്തിയിട്ടുണ്ട്. വൈകുന്നേരത്തെ സഫാരിയിൽ  കടുവകൾ രണ്ട് കുട്ടികൾക്കൊപ്പം ഉള്ള അപൂർവ കാഴ്ചയും കാണാൻ കഴിഞ്ഞു. ഇതുകൂടാതെ പുള്ളിപ്പുലിയും വൈകുന്നേരം ഉണ്ടായിരുന്നു.   വൈൽഡ് ഡോഗുകൾ മാനിനെ കൊന്നു ഭക്ഷിക്കുന്ന കാഴ്ചയും  സഞ്ചാരികൾക്ക് കൗതുകമായി.

 തുടർച്ചയായി അടഞ്ഞുകിടന്ന  കടുവാ സങ്കേതത്തിൽ  ഏറെക്കാലം സഫാരി വാഹനങ്ങൾ പ്രവേശിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം മേഖലകളിൽ എല്ലാം വന്യജീവികളുടെ സ്വൈര്യ വിഹാരം ആയിരുന്നു. പെട്ടെന്ന് സഫാരികൾ തുടങ്ങിയതോടെ ആദ്യമെത്തിയ  സഞ്ചാരികൾക്ക് ഇത് ഗുണമായി എന്ന് വേണം കരുതാൻ. ഏതായാലും കടുവാ സങ്കേതങ്ങളിൽ വരും ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *