ബൊഗൈൻവില്ല നന്നായി പൂക്കാൻ

BOGAINVILLEA-CULTIVATION-MALAYALAM-TIPS

വീടിന് മനോഹാരിത നൽകുന്നതാണ് ബോഗൈൻവില്ല ചെടികൾ.പല നിറത്തിലും വർണത്തിലും ഉള്ള പൂക്കൾ വീടുകൾക്ക് അലങ്കാരം തന്നെ ആകുന്നു. വൈവിധ്യങ്ങളായ ചെടികൾ വീട്ടുമുറ്റത്ത് നടാറുണ്ട്. എന്നാൽ ഇത് വേണ്ടവിധം പൂക്കുന്നില്ലേ? അങ്ങനെ ഒരു പരാതി നിങ്ങൾക്ക് ഉണ്ടോ? ഉണ്ടെങ്കിൽ അത് പരിഹരിക്കാം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്

വെളിച്ചം പ്രധാനം

 സൂര്യപ്രകാശവും ചെടികളും തമ്മിലുള്ള ബന്ധം ചെറിയ പ്രായത്തിൽ സ്കൂളുകളിൽ തന്നെ നമ്മൾ പഠിക്കുന്നതാണ്. ചെടികൾ നിറയെ പൂക്കുന്നതിന് സൂര്യപ്രകാശം പ്രധാനമാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. കടലാസ് ചെടികൾക്കും(Bougainville) അത് പ്രധാനമാണ്. അതുകൊണ്ടുതന്നെ ചെടികൾ എവിടെ നടണം എന്നത് ആദ്യം തന്നെ തീരുമാനിക്കണം. ദിവസം കുറഞ്ഞത് ആറുമണിക്കൂർ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിലാണ് കടലാസ് ചെടികൾ നടേണ്ടത്. തണലിൽ വെച്ച ചെടികൾക്ക് ഇലകൾ വരുന്നുണ്ടാകും. നന്നായി വളരുകയും ചെയ്യും. പക്ഷേ പൂ മാത്രം വളരെ കുറവായിരിക്കും. വൃക്ഷത്തണൽ ഇല്ലാത്ത തുറന്ന മുറ്റം, ടെറസ്, ബാൽക്കണി ഇവയൊക്കെ പറ്റിയ സ്ഥലങ്ങളാണ് എന്നർത്ഥം.

വെള്ളം എത്ര വേണം 

 ചെടികൾക്ക് വെള്ളം വേണമെന്ന് നമുക്കറിയാം. പക്ഷേ എത്ര വെള്ളം വേണം എന്ന് അറിയുമോ? ചെടികൾ വളരെ വേഗത്തിൽ വളരാൻ കാര്യമായി വെള്ളമൊഴിക്കുന്നവരായിരിക്കും നിങ്ങൾ. അങ്ങനെയെങ്കിൽ അവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. ചെടികളുടെ സ്വഭാവം അനുസരിച്ച് വേണം വെള്ളം ഒഴിക്കാൻ. കടലാസ് ചെടികളുടെ കാര്യത്തിൽ വെള്ളം കുറച്ചു മാത്രം മതി എന്നതാണ് പ്രത്യേകത. കുറച്ചു വെള്ളത്തിൽ കൂടുതൽ പൂക്കൾ ഉണ്ടാകുന്നു. മണ്ണ് പൂർണമായും ഉണങ്ങിയ ശേഷം മതി ചെടിക്ക് വെള്ളം. നിങ്ങളുടെ ഭൂപ്രദേശം അനുസരിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതിയാകും വെള്ളം ഒഴിക്കൽ.വെള്ളം കെട്ടിനിൽക്കുന്നത് പൂർണമായും ഒഴിവാക്കണം. മഴക്കാലത്ത് ആണെങ്കിൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വേനൽക്കാലത്താണ് കടലാസ് ചെടികൾ കാര്യമായി  പൂക്കാറുള്ളത് എന്ന് ശ്രദ്ധിച്ചാൽ കാര്യം പിടികിട്ടും. കൂടുതൽ വെള്ളം ഒഴിച്ചാൽ വേരുകൾ ചീഞ്ഞു പോകും എന്ന് മാത്രമല്ല, പൂക്കൾ വളരെ കുറവായിരിക്കും.

പ്രൂണിങ് പ്രധാനം 

ചെടികൾ വെറുതെ അങ്ങ് വളർത്തി വിടുക അല്ല വേണ്ടത്. അതിന്റെ സ്വഭാവം അനുസരിച്ച് കൃത്യമായി പരിചരിക്കണം. പരിചരണത്തിൽ പ്രധാനമാണ് ഇടക്കുള്ള വെട്ടി മുറിക്കൽ (pruning). നീണ്ട് നിവർന്നു കിടക്കുന്ന പഴയ ശാഖകളിൽ പൂക്കൾ ഉണ്ടാകില്ല. അത്തരം ശാഖകൾ വെട്ടി കളഞ്ഞാൽ പുതിയ ശാഖകൾ വരികയും അവിടെ പൂക്കൾ ഉണ്ടാവുകയും ചെയ്യും. ബലമില്ലാത്ത ശാഖകൾ കൊണ്ടും ചെടിക്ക് ഗുണമില്ല. ഒരു ശാഖയിൽ ഉണ്ടാകുന്ന പൂക്കൾ പൂർണമായും തീർന്നാൽ അവിടെ പ്രൂണിംങ്(pruning)നടത്താം. വർഷത്തിൽ മൂന്നോ നാലോ തവണ പരമാവധി ഇത് തുടരാവുന്നതാണ്.

വളപ്രയോഗം ശ്രദ്ധിക്കണം.

 കടയിൽ കാണുന്ന പൂത്തിരിക്കുന്ന ചെടികൾ വീട്ടിൽ കൊണ്ടുപോയി വെക്കാറുണ്ട്. പിന്നീട് അവ വീണ്ടവിധം പൂക്കുന്നില്ല എന്നതാണ് നമ്മുടെ പരാതി. അവിടെയാണ് വളപ്രയോഗം പ്രധാനമാകുന്നത്. ചെടികൾ പൂക്കാൻ വളം പ്രധാനമാണ്. ചെടികൾ പൂക്കുന്നതിന് ആവശ്യമായ വളം തന്നെ നൽകണം എന്ന് മാത്രം.എല്ലുപൊടി (Bone meal) ചെടികൾക്ക് വളരെ നല്ലതാണ്.മാസത്തിൽ ഒരിക്കൽ മാത്രം ഇട്ട് കൊടുത്താൽ മതിയാകും.  ഇതല്ലെങ്കിൽ ഫോസ്ഫറസും മാസത്തിൽ ഒരിക്കൽ കൊടുക്കുന്നത് നല്ലതാണ്.

 വാഴപ്പിണ്ടി  വേരിനടുത്ത് കുഴിച്ചിടുന്നതും നല്ലതാണ്.മീൻ കഴുകിയ വെള്ളം  ആഴ്ചയിൽ ഒരിക്കൽ ഒഴിക്കുന്നത് നല്ലതാണെന്ന് അനുഭവസ്ഥർ പറയുന്നു. എപികെ (10:52:10)  പൂ തുടങ്ങുമ്പോൾ മാത്രം ഇടാം. എപ്സം സാൾട്ട് ഒരു ടേബിൾ സ്പൂൺ  നാല് ലിറ്റർ വെള്ളത്തിൽ മാസത്തിൽ ഒരിക്കൽ കൊടുക്കുന്നത് നല്ലതാണ്. ചില വളങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. യൂറിയ പോലെയുള്ള നൈട്രജൻ വളങ്ങൾ കൊണ്ട് ചെടി ധാരാളമായി വളരും. പക്ഷേ പൂക്കൾ ഉണ്ടാകാറില്ല. ചെടി ചെറിയ ചട്ടിയിൽ വെക്കുന്നതും ഗുണമാണ്. അതിൽ ആകും കൂടുതൽ പൂക്കൾ ഉണ്ടാകുക. 

മണ്ണ് – മണൽ – കമ്പോസ്റ്റ് 2:1:1 എന്ന അനുപാതത്തിൽ തയ്യാറാക്കി വേണം ചെടികൾ നടാൻ.

Share This Post

Leave a Reply

Your email address will not be published. Required fields are marked *