നമ്മുടെ വീട്ടിലെ പറമ്പിൽ സാധാരണയായി കൃഷി ചെയ്തുവരുന്ന ഒന്നായിരുന്നു മത്തങ്ങ. എന്നാൽ കൃഷിഭൂമി കുറഞ്ഞു വന്നതോടെ മത്തങ്ങയുടെ ഇടം നമ്മുടെ വീട്ടുവളപ്പിൽ നിന്ന് അന്യമായി. ടെറസ് കൃഷി ചെയ്യുന്ന പലരും ഇപ്പോഴും മത്തങ്ങ കൃഷി ചെയ്യാറുണ്ട്. ഏതായാലും പൊതുവിൽ മത്തങ്ങ നമ്മുടെ പറമ്പുകളിൽ കുറഞ്ഞു വന്നിട്ടുണ്ട്. എന്നാൽ മത്തങ്ങയെ നന്നായി മനസ്സിലാക്കിയാൽ ഒരു മത്തൻ ചെടി വീട്ടുവളപ്പിൽ നടാൻ നിങ്ങൾ ആഗ്രഹിച്ചു പോകും. മത്തങ്ങയുടെ വലിപ്പം പോലെ അത്രത്തോളം ഗുണങ്ങൾ നിറഞ്ഞതാണ് പച്ചക്കറികളിലെ ഈ താരം.
ശാസ്ത്രീയമായി പറഞ്ഞാൽ ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകൾ, വിവിധതരം വിറ്റാമിനുകൾ, ധാതുക്കൾ, ആൽഫ കരോട്ടിൻ, ബീറ്റ കരോട്ടിൻ, വിവിധയിനം നാരുകൾ എന്നിവ മത്തങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്രയധികം ഗുണം ഒരു പച്ചക്കറിയിലോ! അതുതന്നെയാണ് മുൻപ് പറഞ്ഞത്. പോഷകങ്ങൾ അത്രയധികം നിറഞ്ഞതാണ് മത്തങ്ങ.
മത്തങ്ങ കഴിച്ചാൽ
മത്തങ്ങയുടെ ശാസ്ത്രീയമായ ഗുണങ്ങൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും. അതിലും പ്രധാനമാണ് ഇനി പറയുന്നത്. മത്തങ്ങ കഴിച്ചാൽ എന്താണ് ഗുണം എന്നത് ആണ് നമ്മൾ മനസ്സിലാക്കണം.അപ്പോൾ മത്തങ്ങയെ കൂടുതൽ അറിയാൻ നിങ്ങൾക്ക് സാധിക്കും.
മത്തങ്ങയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. ഈ നാരുകൾ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. കലോറി വളരെ കുറഞ്ഞതാണ് മത്തങ്ങ. എന്നാൽ ഫൈബർ ധാരാളം അടങ്ങിയത്. സ്വാഭാവികമായും അതുകൊണ്ടുതന്നെ നിങ്ങളുടെ വിശപ്പിനെ വേഗം ശമിപ്പിക്കാൻ ഇത് ഗുണകരമാണ്. 100 ഗ്രാം മത്തങ്ങ എടുത്താൽ 26 കലോറി മാത്രമാണ് ഉള്ളത്. 200 ഗ്രാം മത്തങ്ങയിൽ ഒരു ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. അങ്ങനെ ശരീരവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് മത്തങ്ങ.
രോഗപ്രതിരോധശക്തി കൂട്ടാനും മത്തങ്ങ നിങ്ങളെ സഹായിക്കും. മത്തങ്ങയിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇതാണ് നിങ്ങളുടെ രോഗ പ്രതിരോധശക്തിയെ ഗുണകരമായി സഹായിക്കുന്നത്. വിറ്റാമിൻ മാത്രമല്ല പൊട്ടാസ്യവും മത്തങ്ങയിൽ ധാരാളമായി ഉണ്ട്. പൊട്ടാസ്യം നിങ്ങളുടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. തീർന്നിട്ടില്ല മത്തങ്ങയുടെ ഗുണങ്ങൾ. മത്തങ്ങ കുരുവിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും വളരെ നല്ലതാണ്. മത്തങ്ങ ദിവസം ഒരു നേരമെങ്കിലും കഴിച്ചാൽ ബാക്ടീരിയകൾ കൊണ്ടുള്ള അണുബാധയ്ക്കെതിരെ ശരീരം പ്രതികരിക്കും.
മത്തങ്ങയുടെ കുരു നിങ്ങൾ കണ്ടിട്ടുണ്ടാവും. അത് വയറ്റിൽ എത്തിക്കഴിഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. അതായത് മത്തങ്ങ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന വളരെ പ്രധാനപ്പെട്ട ഒരു പച്ചക്കറി ഇനമാണ്. മത്തങ്ങയിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ ചർമ്മത്തിലെ ചുളിവുകൾ തടയുന്നതിനെ സഹായിക്കുന്നുണ്ട്. സ്ഥിരമായി വെയില് കൊള്ളുന്നവർ ആണൊ നിങ്ങൾ? അങ്ങനെ എങ്കിൽ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ചർമ്മത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മത്തങ്ങ വളരെ നല്ലതാണ്. ചർമം തിളങ്ങുന്നതിനും ഇത് ഗുണകരമാണ്. മത്തങ്ങ പതിവായി കഴിക്കുന്നത് കാൻസറിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.


