വന്യജീവി പ്രേമികളുടെ പ്രിയതാരം ആയിരുന്ന കൊമ്പൻ റിവോൾഡോ ചരിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് ചികിത്സയിലിരിക്കെ ആണ് റിവോൾഡോ വിടവാങ്ങിയത്. മുതുമല ടൈഗർ റിസർവിന് കീഴിലെ മസിനഗുഡിയിൽ ഏറെക്കാലമായി നിറസാന്നിധ്യമായിരുന്നു റിവോൾഡോ. ഒരിക്കൽപോലും നാട്ടുകാരെയോ വിനോദസഞ്ചാരികളെയോ ആക്രമിക്കാതെ ശ്രദ്ധ നേടിയ കാട്ടുകൊമ്പൻ ആണ് റിവോൾഡോ. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാർക്ക് ദാവീദാരുമായുള്ള റിവോൾഡോയുടെ സൗഹൃദം വാർത്തകളിൽ ഇടം നേടിയിരുന്നു.
അടുത്തകാലത്തായി റിവോൾഡോയെ കാണാനില്ലെന്ന് വാർത്ത പരന്നിരുന്നു. പിന്നീട് നടത്തിയ തിരച്ചിലാണ് അവശനിലയിൽ കാട്ടിൽ ഒരു ഭാഗത്ത് ആനയെ കണ്ടത്. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മസിനഗുഡിയിലെ ഒരു റിസോർട്ടിൽ എത്തിയ ആനയ്ക്ക് നേരത്തെ ആക്രമണം നേരിടേണ്ടി വന്നിരുന്നു. തീപ്പന്തം കത്തിച്ച് എറിഞ്ഞത് മൂലം ആണ് അന്ന് പരിക്കേറ്റത്. തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം വനം വകുപ്പ് സംരക്ഷണകേന്ദ്രത്തിൽ ചികിത്സ നൽകി. തുടർന്ന് പരിസ്ഥിതി പ്രവർത്തക മനേകാ ഗാന്ധി ഇടപെട്ടാണ് ആനയെ കാട്ടിലേക്ക് തുറന്നുവിട്ടത്. റേഡിയോ കോളർ ധരിപ്പിച്ചാണ് അന്ന് ആനയെ വിട്ടത്.
മൂന്നുമാസം മുൻപാണ് മുതുമല റേഞ്ചിൽ നിന്ന് റിവോൾഡോയെ കാണാറായത്. 15 ദിവസം മുൻപ് ആണ് ആനയുടെ ശരീരത്തിൽ മാരക പരിക്ക് കണ്ടത്. മറ്റ് ആനകളുടെ അക്രമത്തിൽ ഉണ്ടായ പരിക്കാണ് ശരീരത്ത് ഉണ്ടായിരുന്നത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു . ആനയെ എഴുന്നേൽപ്പിക്കാൻ ഉള്ള പരമാവധി ശ്രമങ്ങൾ വനം വകുദ്യോഗസ്ഥർ നടത്തി. എന്നാൽ ഉച്ചയോടെ നാട്ടുകാരുടെ പ്രിയപ്പെട്ട കൊമ്പൻ വിട വാങ്ങുകയായിരുന്നു.
മസിനഗുഡിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാർക്ക് ദാവീദാരാണ് റിവോൾഡോയ്ക്ക് അങ്ങനെ ഒരു പേരിട്ടത്. ഫുട്ബോൾ പ്രേമി കൂടിയായിരുന്നു അദ്ദേഹം. നേരത്തെ തുമ്പിക്കൈക്ക് മുറിവേറ്റ് ഭക്ഷണം കഴിക്കാൻ ആകാതെ വന്നപ്പോൾ മാർക്കാണ് റിവോൾഡോയ്ക്ക് ഭക്ഷണം നൽകിയത്. ഭക്ഷണം നൽകിയതിന് പിന്നാലെ മുറിവുകളിൽ മരുന്നു പുരട്ടിയതോടെ ഇരുവരും സൗഹൃദത്തിൽ ആയി. മാർക്ക് മരിച്ചതിനുശേഷവും റിവോൾഡോ അദ്ദേഹത്തെ തേടി പതിവായി എത്തുമായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് സഞ്ചാരികളെ ആകർഷിച്ചത്.


