മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ വിസ്മയിപ്പിച്ച ദൃശ്യം മൂന്ന് എന്നെത്തും എന്ന ചോദ്യം ഇനി വേണ്ട. ദൃശ്യം 3 സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള വിവരങ്ങളും തിയേറ്റർ കരാറും പുറത്തുവന്നു. ദൃശ്യം സിനിമയിലെ പോലെ ആ സസ്പെൻസ് നിലനിർത്തുന്നില്ല. വിഷു – ഈസ്റ്റർ റിലീസ് ആയി ഏപ്രിൽ രണ്ടിന് മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും ആശിർവാദ് ഫിലിംസ് പുറത്തുവിട്ടു.
തിയേറ്റർ ഉടമകളുമായി ഉണ്ടാക്കിയ കരാറാണ് ഇപ്പോൾ പുറത്തുവന്നത്. ഇതുവരെയുള്ള കരാറിലെ രീതികൾ ഒന്നുമല്ല ദൃശ്യം വീണ്ടും എത്തുമ്പോൾ തിയേറ്ററുകാരുമായി ഉണ്ടായിരിക്കുന്നത്. ആദ്യ ആഴ്ച വിതരണക്കാരുടെ ഷെയർ ബോക്സ് ഓഫീസ് ഷെയറിന്റെ അറുപത് ശതമാനം ആണ്. രണ്ടാമത്തെ ആഴ്ച ഇത് അമ്പതിഅഞ്ച് ശതമാനവും, മൂന്നും നാലും ആഴ്ചകളിൽ അൻപത് ശതമാനവും ആക്കി തീരുമാനമായി.
ഒരുമാസം സിനിമ പ്രദർശിപ്പിക്കണം എന്നതാണ് കരാർ. സിനിമ വിജയമാണെങ്കിലും പരാജയം ആണെങ്കിലും ആളുണ്ടെങ്കിലും ഇല്ലെങ്കിലും റിലീസ് മുതൽ ആദ്യ നാലാഴ്ച പ്രദർശനം തുടരണം എന്നർത്ഥം. ഹർത്താലും പണിമുടക്കും ബസ് സമരവും ഒക്കെ വന്നാലും തീയറ്റർ മുടങ്ങാൻ പാടില്ല എന്നാണ് കരാർ. മാത്രമല്ല എല്ലാ ദിവസവും 4 ഷോ വീതം പ്രദർശിപ്പിക്കണമെന്നും കരാറിൽ പറയുന്നു. ‘ദൃശ്യം 3’ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ മുൻകൂറായി 5 ലക്ഷം രൂപ നൽകണം.

ഫാൻസ് ഷോ ഇല്ല?
ലാലേട്ടൻ സിനിമകൾക്ക് ഫാൻസ് ഷോ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ‘ദൃശ്യം 3’ന് അങ്ങനെ പ്രത്യേക ഷോകൾ ഇല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഫാൻസ് ഷോ മൂലം നേരത്തെ ചില സിനിമകൾക്ക് ഉണ്ടായ തിരിച്ചടി മുന്നിൽ കണ്ടുകൊണ്ടാണ് ഈ തീരുമാനം എന്നാണ് ലഭ്യമാകുന്ന വിവരം. ‘മലയ്ക്കോട്ടെ വാലിബൻ’ പോലുള്ള സിനിമകൾക്ക് പ്രമോഷൻ മുതൽ പാളിയതായി പിന്നീട് വിലയിരുത്തൽ ഉണ്ടായിരുന്നു. സിനിമയ്ക്ക് അമിത പ്രതീക്ഷ ഉണ്ടാക്കിയത് പ്രമോഷൻ മൂലം ആണെന്നായിരുന്നു വിലയിരുത്തൽ. ഫാൻസ് ഷോ കണ്ട് ഇറങ്ങിയ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും മികച്ച സിനിമ ആയിരുന്നിട്ടും വാലിബനെ തളർത്തി.

പ്രതീക്ഷയിൽ ബോക്സ് ഓഫീസ്.
ഓരോ മോഹൻലാൽ ചിത്രത്തെയും വളരെ പ്രതീക്ഷയോടെയാണ് ബോക്സ് ഓഫീസ് കാണുന്നത്. തിയേറ്ററുകൾ നിറഞ്ഞുണ്ടാകുന്ന വിജയം സിനിമ വ്യവസായത്തിന് നൽകുന്ന കരുത്ത് ചെറുതല്ല. സസ്പെൻസ് ആയിരുന്നു ദൃശ്യം ഒന്നാം ഭാഗത്തിന്റെ കരുത്ത്. രണ്ടാം ഭാഗവും സസ്പെൻസ് കൊണ്ട് ആരാധകരെ ആവേശത്തിൽ ആക്കി. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ തന്നെ വിവിധതരത്തിലുള്ള തിരക്കഥകളുമായി പലരും സംവിധായകൻ ജീത്തു ജോസഫിനെ സമീപിച്ചിരുന്നു. സിനിമയ്ക്ക് തിരക്കഥാകൃത്ത് എഴുതിയതിനേക്കാൾ കൂടുതൽ കഥകൾ സാമൂഹികമാധ്യമങ്ങളിൽ എഴുതി പ്രചരിപ്പിച്ചവരും ഉണ്ട്. അതുകൊണ്ടുതന്നെ സസ്പെൻസ് നിലനിർത്തുന്നതിൽ എത്രകണ്ട് വിജയിക്കും എന്നിടത്താണ് മൂന്നാം ഭാഗത്തിന്റെ വിജയം. ആദ്യ രണ്ട് ഭാഗങ്ങളും വിജയിച്ച് ഒരു സിനിമ മൂന്നാം ഭാഗത്തേക്ക് എത്തുക എന്നതും എളുപ്പമുള്ള കാര്യമല്ല. ഏതായാലും ജീത്തു ജോസഫിന്റെ കഴിവിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മലയാളി സിനിമ പ്രേക്ഷകർ.


