കേരളം ചുട്ടുപൊള്ളുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകൽ താപനില മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്ന വെല്ലുവിളി എങ്കിൽ രാത്രിക്കും ചൂട് കൂടുകയാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള നഗരമായി കോട്ടയം മാറി എന്നതാണ് ഞെട്ടിക്കുന്ന വിവരം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് രാജ്യത്തെ താപനില സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തെ കണക്ക് പ്രകാരമാണ് കോട്ടയത്ത് ചൂട് കുതിച്ചുയർന്നത്.
ഇന്നലെ മാത്രം കോട്ടയത്ത് 37. 5 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. സാധാരണ ദിവസങ്ങളെക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് അധികമായി കൂടിയത്. വ്യാഴാഴ്ച 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കോട്ടയത്ത് രേഖപ്പെടുത്തിയ താപനില. കഴിഞ്ഞവർഷവും ചില ദിവസങ്ങളിൽ രാജ്യത്ത് ചൂടിന്റെ കാര്യത്തിൽ കോട്ടയം ഒന്നാമത് എത്തിയിരുന്നു.
കോട്ടയം മാത്രമല്ല കേരളത്തിലെ മറ്റു പല പ്രധാന കേന്ദ്രങ്ങളും ചുട്ടുപൊള്ളുന്നു എന്ന വിവരമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. 36.8 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി കണ്ണൂർ വിമാനത്താവളം തൊട്ടു പിന്നിലുണ്ട്. പുനലൂർ ആണ് ഇതിനും പിന്നിൽ. 36.6 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ പകൽ താപനില. വെള്ളാനിക്കരയിൽ 36.2 ഉം നെടുമ്പാശ്ശേരിയിൽ 36.1 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി
കോട്ടയത്ത് വളരെ വേഗത്തിലാണ് താപനില കൂടിയത് എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 3.1 ഡിഗ്രി സെൽഷ്യസ് അധിക ചൂട് കഴിഞ്ഞ രണ്ടു ദിവസം കൊണ്ടാണ് വർദ്ധിച്ചത്. പുനലൂരിൽ ഒരു ഡിഗ്രി സെൽഷ്യസും. വെള്ളാനിക്കരയിൽ 0.8 ഡിഗ്രി സെൽഷ്യസുമാണ് അധികമായി ചൂടുകൂടിയത്.
ഇനി ശ്രദ്ധിച്ചേ മതിയാകൂ.
താപനില വളരെ വേഗം കൂടിയതുകൊണ്ടുതന്നെ പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി രംഗത്ത് വന്നു. ഉയർന്ന ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ പകൽ യാത്ര നന്നായി ശ്രദ്ധിക്കണം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സൂര്യാഘാതം,സൂര്യാതപം, പെട്ടെന്നുണ്ടാകുന്ന നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുന്നത് ശീലമാക്കണം. ദാഹം ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കാനുള്ള നിർദ്ദേശമാണ് ദുരന്തനിവാരണ അതോറിറ്റി നൽകുന്നത്.
ഈ പാനീയങ്ങൾ ഒഴിവാക്കണം.
നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ള പാനീയങ്ങളുടെ പട്ടികയും ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടു. പകൽസമയം മദ്യം, കാപ്പി, ചായ, കാർബണേറ്റ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കാനാണ് നിർദ്ദേശം. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. പകൽ പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ കുടയോ തൊപ്പിയോ ധരിക്കണം. കാലിൽ പാദരക്ഷ ഉറപ്പുവരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. സംഭാരം ശരീരത്തിന് വളരെ നല്ലതാണ്.
ഇവർ കൂടുതൽ ശ്രദ്ധിക്കണം.
ചൂട് കൂടിയതുകൊണ്ട് തന്നെ ചുറ്റുപാടും തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ കാട്ടുതീയെ ഭയപ്പെടണം എന്നും ജാഗ്രത നിർദ്ദേശത്തിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് സ്കൂളിൽ ശുദ്ധമായ കുടിവെള്ളവും വായു സഞ്ചാരമുള്ള മുറികളും ഉറപ്പാക്കണം. പരീക്ഷാ ഹാളുകളിൽ ജലലഭ്യത വേണം. അംഗനവാടി കുട്ടികൾക്കായി പ്രത്യേക ശ്രദ്ധ വേണം. കിടപ്പ് രോഗികൾ പ്രായമായവർ ഗർഭിണികൾ കുട്ടികൾ ഭിന്നശേഷിക്കാർ എന്നിവർ പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്.
സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ തുടർച്ചയായി ഉള്ള ദീർഘദൂര യാത്രകൾ വിശ്രമിച്ചുവേണം നടത്താൻ. ചൂട് നേരിട്ട് ഏൽക്കാതിരിക്കാൻ ഉള്ള വസ്ത്രധാരണം നടത്തണം. പുറത്ത് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും കുട ഉപയോഗിക്കണം. പൊതുസമ്മേളനങ്ങൾ നടത്തുമ്പോൾ പ്രത്യേക ജാഗ്രത വേണം. പുറംപണിയിൽ ഏർപ്പെടുന്ന തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ തുടർച്ചയായി കെട്ടിയിടരുത്. അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം എന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.


