വാഴയുടെ “ഹൃദയം” അതാണ് വാഴക്കൂമ്പ്. ചിലയിടങ്ങളിൽ ‘കുടപ്പൻ’ എന്നും, ‘ചുണ്ട്’ എന്നും ഇതിന് വിളിപ്പേരുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ വാഴക്കൂമ്പിന് വാഴപ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധമാണ് ഈ വാഴക്കൂമ്പ്. വാഴക്കൂമ്പ് പാകം ചെയ്തു തൈരിനൊപ്പം ചേർത്തു കഴിക്കുന്നത് ആർത്തവ വേദനയകറ്റും. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ചയകറ്റാനും ഫലപ്രദമാണ്.
രക്തത്തിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനും വാഴക്കൂമ്പ് സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് കാരണം. കാൻസറിനെ പ്രതിരോധിക്കാനും, അകാല വാർധക്യത്തെ തടയുന്നതിനും, സ്ട്രസ്സ് കുറയ്ക്കാനും കുടപ്പൻ സഹായിക്കും. മുലപ്പാൽ വർദ്ധിപ്പിക്കാനുള്ള മികച്ചൊരു ഭക്ഷണം കൂടിയാണ് വാഴക്കൂമ്പ്. അതിനാൽ മുലയൂട്ടുന്ന അമ്മമാർ വാഴക്കൂമ്പ് കഴിക്കുന്നത് നിർബന്ധം ആക്കുക.
ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടെന്നതിനാൽ ദഹനപ്രക്രിയയെ സുഗമമാക്കാനും വാഴക്കൂമ്പിന് സാധിക്കും. വാഴക്കൂമ്പ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള വാഴക്കൂമ്പിന്റെ രുചിയും ഒന്ന് വേറെ തന്നെയാണ്. വാഴക്കൂമ്പ് മാത്രമായും, ഇതിനൊപ്പം പയർ ഇട്ടും സാധാരണ തോരൻ ഉണ്ടാക്കാറുണ്ട്.
ഒരു വാഴക്കൂമ്പും, ഒരു കപ്പ് തേങ്ങ ചിരകിയതും, നാലു കഷ്ണം വെളുത്തുള്ളിയും, ഒരു സ്പൂൺ അരിയും, മൂന്ന് പച്ചമുളകും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും, കടുകും, ഉപ്പും, കറിവേപ്പിലയും മാത്രം മതി വാഴക്കൂമ്പ് തോരൻ ഉണ്ടാക്കി എടുക്കാൻ. ഇതിനൊപ്പം വൻപയർ ചേർക്കാൻ താൽപര്യം ഉണ്ടെങ്കിൽ ആവശ്യത്തിനുള്ള വൻപയർ ഉപ്പിട്ട് വേവിച്ച് എടുക്കുക.
വാഴയ്ക്ക് കറ ഉള്ളതിനാൽ വാഴക്കൂമ്പിനും പൊതുവെ കറ ഉണ്ട്. അതിനാൽ ഇത് അരിയുന്നതിന് മുൻപ് കൈയ്യിലും, കത്തിയിലും വെളിച്ചെണ്ണ തേക്കുന്നത് കറ പിടിക്കാതിരിക്കാൻ സഹായിക്കും. ശേഷം വാഴക്കൂമ്പിന്റെ പുറത്തുള്ള കരിം പോളകൾ നമുക്ക് പൊളിച്ചു കളയാം. ആവശ്യത്തിന് പോള കളഞ്ഞിന് ശേഷമുള്ള ഭാഗമാണ് കറി വെയ്ക്കാനായി നാം ഉപയോഗിക്കുന്നത്. പോള പൊളിക്കുമ്പോൾ കിട്ടുന്ന വാഴ പൂവും കറിയ്ക്കായ് ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് രുചി വ്യത്യാസം ഒന്നും വാഴപ്പൂവിനും ഉണ്ടാകില്ല. ഇതും ചെറുതായി അരിഞ്ഞ് വാഴക്കൂമ്പിനൊപ്പം ചേർക്കാവുന്നതാണ്.
ചെറുതായി കൊത്തി അരിഞ്ഞെടുത്ത വാഴക്കൂമ്പിന്റെ കറ അല്ലെങ്കിൽ വല കളയാനായി വെളിച്ചെണ്ണ ചേർത്ത് നന്നായി തിരുമിയെടുക്കുക. ഈ സമയം തന്നെ അരിഞ്ഞ വാഴക്കൂമ്പിൽ നിന്ന് വല പോലെ കറ വേർതിരിഞ്ഞ് കൈയ്യിൽ കിട്ടും. ഇതുപോലെ മുഴുവൻ വലയും എടുത്തു കളഞ്ഞതിനു ശേഷമുള്ള ഭാഗമാണ് കറിയ്ക്കായി നാം ഉപയോഗിക്കുന്നത്. കറിയ്ക്കുള്ള അരപ്പിനായി തേങ്ങയും, പച്ചമുളകും, വെളുത്തുള്ളിയും, കറിവേപ്പിലയും ചേർത്ത് ചതച്ച് എടുക്കുക.
അടുപ്പ് കത്തിച്ച് ചീനചട്ടി ചൂടായാൽ ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ആദ്യം പൊട്ടിച്ചെടുക്കുക. ഇതിലേക്ക് അരി ഇട്ട് നന്നായി മൊരിച്ച് എടുക്കുക. അരി നന്നായി മൊരിഞ്ഞ് എന്ന് ഉറപ്പു വരുത്തേണ്ടത്. ഇതിലേക്ക് അരിഞ്ഞു വെച്ച വാഴക്കൂമ്പ്, മഞ്ഞൾ പൊടി , അരച്ചു വെച്ച അരപ്പ്, ഉപ്പ് എന്നിവ ചേർത്ത് അൽപം വെള്ളവും ഒഴിച്ച് നന്നായി ഇളക്കി മൂടിവെച്ച് വേവിക്കുക. വൻപയർ ചേർക്കാൻ താൽപര്യമുണ്ടെങ്കിൽ അരപ്പ് ഇടുന്നതിനൊപ്പം പയറും ഇട്ട് ഒന്നിച്ച് വേവിച്ചെടുത്താൽ മതിയാകും. വാഴക്കൂമ്പ് വെന്തതിന് ശേഷം കറിയിലെ ബാക്കിയുള്ള വെള്ളം തോരാനായി ചെറു തീയിൽ അൽപ നേരം വെച്ചതിനു ശേഷം ഉപയോഗിക്കാം.


