വിവാദങ്ങൾ ആളിക്കത്തിയ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും. രണ്ടാം ഭാഗത്തിന്റെ ട്രെയിലർ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ആദ്യ ഭാഗത്തേതിന് സമാനമായി തന്നെയാണ് രണ്ടാം ഭാഗവും കേരള സ്റ്റോറി പുറത്തുവരുന്നത്. ഇതുവരെ പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. തീവ്രവാദവും ഉള്ള മതം മാറ്റവും എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് ട്രെയിലർ.
അതേസമയം കേരള സ്റ്റോറിക്ക് രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വിവാദവും ആളിക്കത്തുകയാണ്. സംസ്ഥാന സിനിമ സാംസ്കാരിക മന്ത്രി സജി ചെറിയാൻ തന്നെയാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കെ രാഷ്ട്രീയ വിവാദമായി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം മാറാനുള്ള സാധ്യത കൂടിയാണ് ഇതോടെ ഉയർന്നുവരുന്നത്. രണ്ട് ദിവസം കൊണ്ട് തന്നെ നാല് മില്യൺ അടുത്ത് ആളുകളാണ് ട്രെയിലർ കണ്ടത്. യൂട്യൂബ് ട്രെൻഡിങ്ങിലും ഇത് ഇടം പിടിച്ചു കഴിഞ്ഞു.


