വൈക്കത്ത് ഇനി സോളാർ ബോട്ടുകൾ മാത്രം 

vaikkom-solar-boat-for-service-new

രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട് സർവീസ് ആരംഭിച്ച സ്ഥലം ആണ് വൈക്കം. അവിടെയാണ് പുതുചരിത്രം രചിച്ചുകൊണ്ട് ഡീസൽ ബോട്ടുകൾക്ക് പകരം പകരം പൂർണ്ണമായും സോളാർ ബോട്ടിലേക്ക് സർവീസ് മാറ്റുന്നത്.ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് പുതിയ മൂന്ന് സോളാർ ബോട്ടുകൾ കൂടി അനുവദിച്ചു. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ബോട്ടുകൾ വരുന്നത്. പുതിയ ബോട്ടുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു.

 സോളാർ ബോട്ടുകൾ മാത്രമല്ല, വൈക്കം ബോട്ട് ജെട്ടി ഇനി സോളാർ ഊർജ്ജത്തിൽ ആണ് പ്രവർത്തിക്കുക.രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്‌പോർട്ട് സ്റ്റേഷനായിരിക്കും ഇത്. 2017 മുതൽ സർവീസ് നടത്തുന്ന ‘ആദിത്യ’യാണ് രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട്. പുതിയ ബോട്ടുകൾ വന്നെങ്കിലും ചാർജിങ്ങിന് അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നിലവിൽ ഇത് തിരികെ കൊണ്ടുപോയി. ഏറ്റവുമടുത്ത ദിവസങ്ങളിൽ തന്നെ സോളാർ ബോട്ടുകൾ സർവീസ് തുടങ്ങുമെന്നാണ് ജലഗത വകുപ്പ് അറിയിച്ചത്. കൊണ്ടുവന്ന ബോട്ടുകൾക്ക് ഇൻഷുറൻസ് ഇല്ലാത്തതും ജീവനക്കാർക്ക് പരിശീലനം നൽകാത്തത് മൂലവും ആണ് സർവീസ് വൈകുന്നത്.

ഒരു സോളാർ ബോട്ടിന് 3.15 കോടി രൂപയാണ് നിർമാണച്ചെലവ്. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ് ക്ലാസിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ  ആണ് ബോട്ടുകളുടെ നിർമ്മാണം. പുതിയതായി നിർമിച്ച ബോട്ടുകൾക്ക് 80 കിലോവാട്ട് ബാറ്ററി ശേഷിയുണ്ട്. മണിക്കൂറിൽ ശരാശരി 10.8 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുന്ന ഇവയ്ക്ക് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. ഡീസൽ ബോട്ടുകളേക്കാൾ അഞ്ചുമിനിറ്റ് സമയലാഭം ആണ് സോളാർ ബോട്ടുകൾക്ക് ഉള്ളത്. പുതിയ ബോട്ടുകളിൽ  75 പേർക്ക് യാത്ര ചെയ്യാൻ ആകും.

 ഡീസൽ ബോട്ടുകളുടെ ഉപയോഗ മൂലം ഉള്ള മാലിന്യ പ്രശ്നം കൂടി പരിഹരിക്കാനാണ് സോളാറിലേക്ക് ജലഗതാഗത വകുപ്പ് കടന്നത്.

സോളാർ ബോട്ടുകൾ ഉപയോഗിക്കുമ്പോൾ ജലാശയങ്ങളിലെ മലിനീകരണം പൂർണമായും ഒഴിവാക്കാനാകും. വർഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസൽ ചെലവ് ലാഭിക്കാമെന്നും അധികൃതർ കണക്കുകൂട്ടുന്നു.ഏഴുവർഷത്തിനുള്ളിൽ നിർമാണച്ചെലവ് തിരിച്ചുപിടിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള മാരിടൈം ബോർഡ്, അനർട്ട് എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുകയും ശബ്ദവും ഉണ്ടാകില്ല. ഡീസൽ പോലെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവന നൽകുന്നതായിരിക്കും പദ്ധതി. സോളാർ ബോട്ടുകൾക്കു മുകളിലുള്ള 20 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകൾക്ക് പുറമേ, സ്റ്റേഷനിൽ  ചാർജിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്.സോളാർ ബോട്ടുകളിൽ സമീപഭാവിയിൽ എ.സി. സൗകര്യം കൂടി ഉറപ്പാക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.

Share This Post

Leave a Reply

Your email address will not be published. Required fields are marked *