നമ്മുടെയൊക്കെ വീടിന്റെ ചുറ്റുവട്ടത്ത് പലപ്പോഴും നടാതെ തന്നെ കിളിച്ചുവരുന്ന ഒന്നാണ് കുടംപുളികൾ. യാതൊരു പരിചരണവും കൂടാതെ വരുന്ന ഈ കുടംപുളികൾക്ക് പ്രയോജനം നിരവധിയുണ്ട്. അത് പറയും മുൻപ് വീട്ടിൽ കുടംപുളി ഇല്ലാത്തവർക്കായി അതെങ്ങനെ നടണമെന്നും പരിചരിക്കണമെന്നും ആദ്യം പറയാം.
പൊതുവേ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് കുടംപുളി നട്ടുപിടിപ്പിക്കാൻ നല്ലതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ആണെങ്കിൽ ഇത് മാത്രം തോട്ടമായും അല്ലെങ്കിൽ ഇടവിളയായും ഒക്കെ കുടംപുളികൾ നടാം. ബഡ് തൈകൾ ഉൾപ്പെടെ ഇപ്പോൾ വാങ്ങാൻ കിട്ടും. ബഡ് തൈകൾ നട്ടാൽ വേഗത്തിൽ കായ കിട്ടും എന്നതാണ് പ്രത്യേകത. സാധാരണ നിലയിൽ കിളിച്ചു വരുന്നവയ്ക്ക് പത്തുവർഷത്തിനുമേൽ കാലതാമസം എടുക്കും കായ്കൾ ഉണ്ടായി വരാൻ. കേരള കാർഷിക സർവകലാശാല അടക്കം പുതിയ തരം വിത്തുകൾ ഉല്പാദിപ്പിച്ചിട്ടുണ്ട്.
പൊതുവേ വീടിനു പരിസരത്ത് കിളിച്ചു വരുന്നത് കൊണ്ട് വളപ്രയോഗം നമ്മൾ സാധാരണയായി നടത്താറില്ല. എന്നാൽ നല്ല വളപ്രയോഗം ഉണ്ടെങ്കിൽ മികച്ച നിലയിൽ ഫലം ലഭിക്കും എന്നാണ് വിദഗ്ധരുടെ പക്ഷം. കാലിവളം, കമ്പോസ്റ്റ്, യൂറിയ, സൂപ്പർ ഫോസ്ഫേറ്റ്, എന്നിവ ചെടിയുടെ പ്രായം അനുസരിച്ച് നൽകാവുന്നതാണ്.
ജനുവരി മുതൽ മാർച്ച് മാസം വരെയാണ് പൂവിടുന്ന കാലം. ജൂലൈ മാസത്തോടെ കായ മൂപ്പെത്തും. കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റി ബലം ഉണ്ടാകുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്.
ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ളവയാണ് കുടംപുളികൾ. ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം കുറയ്ക്കുന്നതിന് ഇത് ഗുണമാണ്. അസിഡിറ്റി കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. കുടംപുളികൾ ഹൃദയത്തെ സംരക്ഷിക്കുന്നതായും ചില പഠനങ്ങൾ ഉണ്ട്. പ്രമേഹ നിയന്ത്രണത്തിനും ഇത് ഗുണമാണ്. ക്ഷീണം മാറ്റി മനുഷ്യന് ഊർജ്ജം പകരാനും ഇത് നല്ലതാണ്.


