വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഏതെന്ന് അറിയുമോ? ഉത്തരമിതാണ്. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഹൈദരാബാദ്. 5500 ഏക്കർ ആണ് ഹൈദരാബാദ് വിമാനത്താവളത്തിന്റെ വലിപ്പം. രണ്ടാം സ്ഥാനത്തുള്ളത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. തൊട്ടു താഴെ ബാംഗ്ലൂരും അതിനും താഴെ ഗോവയും വരുന്നുണ്ട്. ഏറ്റവും കൂടുതൽ വിമാനങ്ങൾ എയർ ട്രാഫിക്കിന്റെ കാര്യത്തിൽ പക്ഷേ ഡൽഹി ആണ് ഒന്നാമത്. 79 മില്യൻ യാത്രക്കാരാണ് ഇവിടെ. പക്ഷേ ഈ പറഞ്ഞ കണക്കുകൾ ഒക്കെ ഇനി പഴങ്കഥ ആവുകയാണ്. പുതിയൊരു വിമാനത്താവളം ഇന്ത്യയിൽ വരുന്നു. അത് ഇന്ത്യയിലെ വിമാനത്താവളങ്ങളോട് മത്സരിക്കാൻ അല്ല എന്ന് മാത്രം. ലോകത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമായി മാറാൻ. വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിലെ നാലാമത്തെ വലിയ വിമാനത്താവളം എന്ന പേര് ഉദ്ഘാടനം ചെയ്യുന്നതോടെ ഇതിന് വന്നുചേരും. എന്നാൽ ഏഷ്യയിലെ കണക്ക് മറ്റൊന്നാണ്. ഏഷ്യയിൽ ഒന്നാം സ്ഥാനം തന്നെയാണ് ഈ വിമാനത്താവളത്തിന് ഉള്ളത്. പറഞ്ഞുവരുന്നത് ഇന്ത്യയുടെ വിമാനയാത്രയ്ക്ക് അതിനിര്ണായക നാഴികക്കല്ലായി മാറുന്ന നോയിഡ ഇന്റർനാഷണൽ എയർപോർട്ടിനെ കുറിച്ചാണ്. അതായത് ഉത്തർപ്രദേശിൽ ആണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുന്നത്.
ഉത്തർപ്രദേശിൽ എന്നു പറഞ്ഞാൽ ഒരല്പം ദൂരെയെന്ന് തോന്നിയേക്കാം. എന്നാൽ ഡൽഹിയോട് ചേർന്നുള്ള ഉത്തർപ്രദേശിന്റെ ഭാഗമായ നോയിഡയിലാണ് പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നത്. നോയിഡയിലെ ജവാറിൽ ആണ് ഇന്ത്യയുടെ അഭിമാനമാകുന്ന വിമാനത്താവളം ഉടൻ തുറക്കുന്നത്. നിർമ്മാണം പൂർത്തിയായ വിമാനത്താവളം മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
നോയിഡ എന്നത് ഇന്ത്യയുടെ രാജ്യ തലസ്ഥാനമായ ഡൽഹിയോട് വളരെ ചേർന്നു നിൽക്കുന്ന സ്ഥലമാണ്.അത്കൊണ്ട് തന്നെ കേവലം ഇന്ത്യയിൽ വലിയൊരു വിമാനത്താവളം വരുന്നു എന്നത് മാത്രമല്ല നോയിഡ അന്താരാഷ്ട്ര വിമാനത്താവളം കൊണ്ടുള്ള ഗുണം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ എയർ ട്രാഫിക് തിരക്ക് അനുഭവപ്പെടുന്നത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. അതുകൊണ്ടുതന്നെ ഡൽഹിക്ക് തൊട്ടടുത്ത് പുതിയ വിമാനത്താവളം വരുന്നത് രാജ്യത്തിനാകെ ഗുണമാകും എന്നർത്ഥം. ഡൽഹിയിലെ എയർ ട്രാഫിക് കുറയ്ക്കുന്നതിനും കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ തുടങ്ങുന്നതിനും നോയിഡ ആന്താരാഷ്ട്ര വിമാനത്താവളം ഗുണകരമാകും എന്നർത്ഥം.
രാജ്യത്ത് വിമാന യാത്രകളെ ആശ്രയിക്കുന്ന ജനങ്ങളുടെ വൻതോതിൽ കൂടിയ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ എയർ ട്രാഫിക് തിരക്കുകാരണം വേണ്ടത്ര സർവീസുകൾ ഉൾപെടുത്താൻ പലപ്പോഴും കഴിയാറില്ല. പ്രധാനമന്ത്രിയെ പോലെ ഉള്ളവരുടെ യാത്രകൾ ഉള്ള സമയമാണെങ്കിൽ മണിക്കൂറുകൾ എയർ ട്രാഫിക് സംവിധാനം സ്തംഭിച്ചു നിൽക്കുന്ന അവസ്ഥ പോലും ഉണ്ടാകും. ഇത് മറ്റ് സർവീസുകളെ വൈകിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും. ഇതിന് പരിഹാരമായാണ് കൂടുതൽ വിമാനത്താവളം തുടങ്ങുന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. മാത്രമല്ല ഡൽഹി പോലെ യാത്രക്കാർ ഏറ്റവും അധികം സഞ്ചരിക്കുന്ന ഒരു പാതയിൽ കൂടുതൽ വിമാന സർവീസുകൾ വർദ്ധിപ്പിക്കാൻ പുതിയ വിമാനത്താവളം സഹായകരമാകും.
പറഞ്ഞാൽ തീരാത്ത അത്ര സൗകര്യങ്ങൾ
ഇന്ത്യയിൽ ഓരോ പുതിയ വിമാനത്താവളങ്ങളും കൂടുതൽ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഉദ്ഘാടനം ചെയ്യുന്നത് . വിമാനത്താവളങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഇത് കൃത്യമായി മനസ്സിലാകുന്ന ഒന്നാണ്.അതിൽ നിന്നെല്ലാം ഒരുപിടി മുകളിൽ നിൽക്കും ജവാർ വിമാനത്താവളം(jawar airport). ഉദ്ഘാടന ഘട്ടത്തിൽ തന്നെ ലോകോത്തര സൗകര്യങ്ങളാണ് നോയിഡ
വിമാനത്താവളത്തിൽ(noida aiport) സജ്ജമാക്കുക. വളരെ വേഗത്തിൽ സാധ്യമാകുന്ന ചെക്ക്-ഇൻ(check in) സംവിധാനമാണ് ഒരു പ്രത്യേകത. പാസഞ്ചർ ലോഞ്ചുകളും ആധുനിക സൗകര്യമുള്ളവയാണ്. റീടൈൽ സോണുകൾ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് എന്നിവയെല്ലാം പുതിയ അനുഭവം യാത്രക്കാർക്ക് നൽകുമെന്ന് ഉറപ്പ്.
3900 മീറ്റർ റൺവേ ആണ് തുടക്കത്തിൽ തന്നെ വിമാനത്താവളത്തിൽ ഉണ്ടാവുക. അതുകൊണ്ടുതന്നെ വൈഡ്-ബോഡി(wide -body flights) ഉള്ള വലിപ്പം കൂടി വിമാനങ്ങൾക്കും തുടക്കം മുതൽ ഇവിടെനിന്ന് സർവീസ് തുടങ്ങാൻ കഴിയും. അതായത് തുടക്കം മുതൽ തന്നെ അന്താരാഷ്ട്ര വിമാന സർവീസുകൾ ഇവിടെനിന്ന് ഉണ്ടാകും എന്നർത്ഥം. ഒരുപക്ഷേ ഇന്റർനാഷണൽ കണക്ടിവിറ്റിയുള്ള ഏറ്റവും വലിയ വിമാനത്താവളമായി ഭാവിയിൽ ഇത് മാറുമെന്ന് ഉറപ്പ്. തുടക്കത്തിൽ തന്നെ പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്(noida airport) കഴിയും.
പ്രതിവർഷം 60 മുതൽ 120 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുകയാണ് വിമാനത്താവളത്തിന്റെ ഇപ്പോളത്തെ ലക്ഷ്യം. ഇതിനായി വിപുലമായ പദ്ധതികളും അണിനിറയിൽ തയ്യാറായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വിമാനത്താവളം എന്നതിനപ്പുറം ഏറ്റവും വലിയ വ്യോമഗതാഗത കേന്ദ്രമായി മാറ്റാനാണ് സർക്കാർ ശ്രമം
ഗ്രീൻ എയർപോർട്ട്
ഡൽഹി(delhi) ഉൾപ്പെടെയുള്ള നമ്മുടെ നഗരങ്ങൾ വായു മലിനീകരണം മൂലം വലിയ ബുദ്ധിമുട്ടിലാണ്. ഇനിയൊരു പ്രതിസന്ധി ഉണ്ടാക്കാൻ പാടില്ല എന്ന കാഴ്ചപ്പാട് ഭരണകൂടങ്ങൾക്ക് വന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ പൂർണമായും ഒരു ഹരിത വിമാനത്താവളമാണ് നോയിഡയിൽ ഒരുക്കിയിരിക്കുന്നത്. സൗരോർജമാണ്(solar energy )ഇവിടുത്തെ പ്രധാന ഊർജ്ജ സ്രോതസ്സ്. ഇത് കൂടാതെ ജലസംരക്ഷണ മാതൃകകളും നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ(noida airport)ഉണ്ട്. നെറ്റ്-സീറോ കാർബൺ പുറന്തള്ളലാണ് വിമാനത്താവളം ലക്ഷ്യമിടുന്നത്. ഇതു മുന്നിൽക്കണ്ടുള്ള ആധുനികമായ മാലിന്യനിർമാർജന പദ്ധതികളും നോയിഡയിൽ ഒരുങ്ങിക്കഴിഞ്ഞു.
കണക്റ്റിവിറ്റി ആണ് സാറെ മെയിൻ
ഗതാഗത മാർഗങ്ങളുടെ കണക്ടിവിറ്റി ഓരോ പുതിയ പദ്ധതികളിലും വളരെ പ്രധാനമാണ്. നഗരത്തിന്റെ ഒരു ഭാഗത്ത് വിമാനത്താവളം ഉണ്ടായാൽ തന്നെ അവിടേക്ക് കണക്ടിവിറ്റി റോഡുകൾ ഇല്ലെങ്കിൽ പിന്നെ എന്ത് ഗുണം. വിമാനത്താവളത്തിലെത്താൻ മണിക്കൂറുകൾ യാത്ര ചെയ്യേണ്ട അവസ്ഥ ഉണ്ടാകും. എന്നാൽ ഇതിനെല്ലാം ഒരു മാതൃകാ എയർപോർട്ട് ആയി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം(noida airport )മാറുകയാണ്. റോഡ് കണക്ഷൻ മാത്രമല്ല, മെട്രോ വരെ ഈ വിമാനത്താവളവുമായി ചേർന്ന് പോകുന്നു. അതും സാധാരണ റോഡുകൾ അല്ല എക്സ്പ്രസ് ഹൈവേകൾ തന്നെ.
ജവാർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കും(delhi ), ഗ്രേറ്റർ നോയിഡയിലേക്കും എല്ലാം എക്സ്പ്രസ് വേകൾ വഴി നിങ്ങൾക്ക് വളരെ വേഗം സഞ്ചരിക്കാം. രാജ്യത്ത് തന്നെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായ ആഗ്രയിലേക്കും(agra )മറ്റും വളരെ വേഗത്തിൽ എത്താനും ഇവിടെനിന്ന് എക്സ്പ്രസ് വേ തന്നെ ഉണ്ട്. യമുന എക്സ്പ്രസ് വേ ആണ് നോയിഡ വിമാനത്താവളവുമായി(noida airport ) ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കണക്ടിവിറ്റി. ഗംഗ – യമുന എക്സ്പ്രസ് ഹൈവേയിലേക്ക് വളരെ വേഗം എത്താൻ കഴിയുന്ന ലിങ്ക് റോഡുകളും സജ്ജമായി കഴിഞ്ഞു. അതായത് ബസ്സുകൾ ടാക്സികൾ മെട്രോ ട്രെയിൻ ഉൾപ്പെടെ മൾട്ടിലെവൽ ഗതാഗത കണക്ടിവിറ്റിയാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (noida airport )ഒരുക്കുന്നത്.
ടൂറിസം കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ പോകാം.
ലോകം തന്നെ ഏറ്റവും മനോഹരമായി കാണുന്ന ഇന്ത്യയിലെ ടൂറിസം ഡെസ്റ്റിനേഷനാണ് താജ്മഹൽ(thajmahal). ആഗ്രയിലെ താജ്മഹലിലേക്ക്(thajmahal)യമുന എക്സ്പ്രസ് വേ വഴി നോയിഡ വിമാനത്താവളത്തിൽ(noida airport ) നിന്ന് മൂന്നു മണിക്കൂർ കൊണ്ട് എത്താം. അതായത് ആഗ്രയിലേക്ക് (agra) വിമാനമാർഗം പോകാൻ നേരത്തെ ഉള്ളതിനേക്കാൾ എളുപ്പമുള്ള വഴി ആണ് ഇപ്പോൾ വരുന്നത്. മാത്രമല്ല മഥുരയും വൃന്ദാവനും എല്ലാം പോകാൻ മികച്ച കണക്റ്റിംഗ് കേന്ദ്രമായി പുതിയ വിമാനത്താവളം മാറും.
രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക്(delhi) വിനോദസഞ്ചാരത്തിന് എത്തുന്നവർക്കും പുതിയ വിമാനത്താവളം ഗുണം ചെയ്യും. ഡൽഹിയിൽ (delhi)നിന്ന് കേവലം 75 കിലോമീറ്റർ മാത്രം അകലെയാണ് പുതിയ വിമാനത്താവളം. ഇന്ത്യാ ഗേറ്റും ചെങ്കോട്ടയും, കുത്തബ്മിനാറും ഉൾപ്പെടെ ഡൽഹിയിലെ (delhi )കാഴ്ചകൾ കാണാൻ പോകുന്നവർക്ക് ഇത് ഉപകാരപ്പെടും.
വിമാന സർവീസുകൾ ഒരുങ്ങുന്നു.
ആദ്യദിവസം തന്നെ അന്താരാഷ്ട്ര വിമാന സർവീസുകൾ നോയിഡയിൽ(noida airport)നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻഡിഗോയും(indigo)ആകാശ(akasa) എയർ പോലെയുള്ള വിമാന കമ്പനികളും എല്ലാം വിവിധ സർവീസുകൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വടക്കെ ഇന്ത്യയിലേക്കുള്ള ഒരു പ്രധാന കവാടമായി കൂടി ഇനി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം(noida airport)മാറുമെന്ന് ഉറപ്പാണ്. ഇവിടെനിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ബാംഗ്ലൂർ,ഹൈദരാബാദ്,ചെന്നൈ, അഹമ്മദാബാദ്, ഗോവ,ലക്നൗ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് തുടക്കം മുതൽ തന്നെ സർവീസുകൾ ഉണ്ടാകും
2021 നവംബറിലായിരുന്നു വിമാനത്താവളത്തിന് തറക്കല്ലിട്ടത്. കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി സാങ്കേതിക കാരണങ്ങൾ കൊണ്ട് ഇത് വൈകുകയായിരുന്നു.
പിപിപി മോഡൽ
പബ്ലിക് -പ്രൈവറ്റ് പാർണർഷിപ്പിലാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം(noida airport )ഒരുങ്ങുന്നത്. ഉത്തർപ്രദേശ് സർക്കാരും സൂറിച്ച് എയർപോർട്ട് ഇന്റർനാഷണലുമായി ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞദിവസം നടത്തിയിരുന്നു. സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡാനിയേൽ ബ്രിർച്ചറുമായി ആയിരുന്നു കൂടിക്കാഴ്ച. എയർപോർട്ടിലേക്കുള്ള ഭാവി നിക്ഷേപ പരിപാടികളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇന്ത്യയുടെ വളർച്ചക്ക് നിർണായക പങ്ക് വഹിക്കുന്ന ഒന്നാകും നോയിഡ അന്താരാഷ്ട്ര വിമാനത്താവളം(noida airport) എന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നിലവിൽ വരുന്നതോടെ ഒരു ലക്ഷം പേർക്ക് നേരിട്ടുമല്ലാതെയും ജോലി കിട്ടും. ഏതായാലും പ്രധാനമന്ത്രി നരേന്ദ്രമോദി(narendramodi)മാർച്ചിൽ പുതിയ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(yogi adithyanadh) കഴിഞ്ഞദിവസം വ്യക്തമാക്കി.
ഇന്ത്യയിലെ എയർപോർട്ടുകളുടെ തലസ്ഥാനം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എയർപോർട്ടുകൾ ഏതു സംസ്ഥാനത്താണ് ഉള്ളത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ഉത്തർപ്രദേശ് എന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്ന് തന്നെയാണ് ഉത്തർപ്രദേശ്. അതുകൊണ്ടുതന്നെ ഇവിടെ വിമാനത്താവളങ്ങൾക്കും ഒട്ടും കുറവില്ല. 17 വിമാനത്താവളങ്ങളാണ് ഉത്തർപ്രദേശിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. എയർപോർട്ടുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് മഹാരാഷ്ട്രയാണ്. 15 വിമാനത്താവളങ്ങളാണ് മഹാരാഷ്ട്രയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഗുജറാത്ത് ഇതിന് തൊട്ടു പിന്നിലുണ്ട്. 13 വിമാനത്താവളങ്ങളാണ് ഗുജറാത്തിൽ നിലവിൽ ഉള്ളത്.
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ളതും ഉത്തർപ്രദേശിൽ തന്നെ. 5 അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് നിലവിൽ ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്നത്. അതായത് വായു മാർഗം ഇന്ത്യയിലെ ഏറ്റവും കൂടുതൽ നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശ് ആണ് എന്നർത്ഥം. 2012 വരെ ഉത്തർപ്രദേശിലെ രണ്ട് വിമാനത്താവളങ്ങൾ മാത്രമായിരുന്നു ഇന്റർനാഷണൽ ഓപ്പറേഷൻ നടത്തിയിരുന്നത്. ബാക്കി മൂന്നു വിമാനത്താവളങ്ങൾ വന്നത് 2021 മുതലാണ്. ലക്നൗ, വാരണാസി, ഖുശി നഗർ, അയോധ്യ എന്നിവയാണ് നിലവിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. നോയിഡ വിമാനത്താവളം കൂടി പ്രവർത്തനം തുടങ്ങുമ്പോഴാണ് ഈ പട്ടിക അഞ്ചിൽ എത്തുന്നത്.
കേരളത്തിന്റെ സ്ഥാനം എന്ത്?
കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം നെടുമ്പാശ്ശേരിയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ആണ്. വലിപ്പം കൊണ്ടുമാത്രമല്ല കേരളത്തിലെ വിമാനയാത്രക്കാരുടെ 63% ശതമാനവും കൊച്ചി വിമാനത്താവളത്തെ ആണ് ആശ്രയിക്കുന്നത്. ലോകത്തെ വിമാനത്താവളത്തിൽ കൊച്ചിക്ക് ഒരു ഒന്നാം സ്ഥാനം കൂടിയുണ്ട്. ലോകത്ത് ആദ്യമായി പൂർണ്ണമായും സോളാർ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ആണ്. എയർ ട്രാഫിക്കിന്റെ കാര്യത്തിൽ ഇന്ത്യയിലെ എട്ടാമത്തെ തിരക്കുള്ള വിമാനത്താവളമാണ് കൊച്ചി. വർഷം ഒരു കോടി യാത്രക്കാരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. അന്താരാഷ്ട്ര സർവീസുകളുടെ കാര്യത്തിൽ ഇന്ത്യയിലെ നാലാമത്തെ തിരക്ക് പിടിച്ച അന്താരാഷ്ട്ര വിമാനത്താവളമാണ് കൊച്ചിയിൽ ഉള്ളത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് കൊച്ചി. മറ്റൊരു കാര്യത്തിൽ കൂടി കൊച്ചി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇന്ത്യയിൽ പബ്ലിക് -പ്രൈവറ്റ് പാർട്ണർഷിപ്പിൽ ഉണ്ടാക്കിയ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
പലകാര്യത്തിലും ഒന്നാമത് എത്തിയെങ്കിലും രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്ക് നേരിട്ട് വിമാനങ്ങൾ ഇല്ലാത്തത് കൊച്ചിയുടെ പരിമിതിയാണ്. അതുകൊണ്ടുതന്നെ കൂടുതൽ തുക നൽകി വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമാണ് കേരളത്തിൽ നിന്ന് യാത്ര തുടങ്ങുന്നവർക്ക് ഉള്ളത്. അധിക തുക നൽകുക എന്നത് മാത്രമല്ല കണക്റ്റിംഗ് ഫ്ലൈറ്റ് വഴി പല വിമാനത്താവളത്തിലും മണിക്കൂറുകളോളം കാത്തുനിന്ന് വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുമ്പോൾ കേരളത്തിൽ എരുമേലി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ നിർമ്മാണ പ്രവർത്തികൾ എവിടെയും എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


