മെയ് കഴിഞ്ഞ് ജൂൺ എത്താറാകുന്നു. മഴയാത്രകൾക്ക് സഞ്ചാരികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയം. വേനൽ മഴ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. കരിഞ്ഞുണങ്ങിയ ഹൈറേഞ്ച് മേഖല പതുക്കെ പച്ചപ്പണിഞ്ഞു. വരണ്ടുണങ്ങിയ വെള്ളച്ചാട്ടങ്ങളിൽ നീരുറവ കണ്ടു തുടങ്ങി. അതെ കാത്തിരുന്ന മഴക്കാല യാത്രികരെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങി കഴിഞ്ഞു. മഴക്കാലത്ത് വളരെ എളുപ്പം പോകാൻ കഴിയുന്ന 5 വഴികളെ കുറിച്ചാണ് ഇനി പറയുന്നത്.

മഴക്കാലം വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാലം കൂടിയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഒരു യാത്ര ഉറപ്പാക്കുക എന്നത് യാത്രികരായ ഓരോരുത്തരുടെയും ഉത്തരവാദിത്വം കൂടിയാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പലതും ഇടിഞ്ഞുവീഴുന്നതും അപകടം ഉണ്ടാകുന്നതും കഴിഞ്ഞ കാലങ്ങളിലൊക്കെ നമ്മൾ കണ്ടതാണ്. അതുകൊണ്ട് മഴ നനയാൻ പോകുന്നതിനൊപ്പം അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് കൂടി പരിഗണിച്ചു വേണം യാത്രകൾ നടത്താൻ. ഏറെക്കുറെ അപകടരഹിതമായ വഴികളാണ് ഇനി പറയുന്നത്. സഞ്ചാരികളെ സംബന്ധിച്ച് മഴയെത്തിയാൽ പിന്നെ ഇരിപ്പുരയ്ക്കാൻ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ മഴയെയും കോടമഞ്ഞിനെയും ഒക്കെ പ്രണയിക്കുന്നവർക്ക് ഈ വഴികൾ ഉപകാരപ്പെടും.
പുള്ളിക്കാനം (Pullikkanam)

റോഡുകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സഞ്ചാരികളെ സംബന്ധിച്ച് കേരളത്തിൽ ഒന്നാം നിലയിൽ തന്നെ നിൽക്കുന്ന റോഡുകളിൽ ഒന്നാണ് വാഗമണ്ണിൽ നിന്ന് പുള്ളിക്കാനത്തേക്കുള്ള (Pullikkanam) യാത്ര. മനോഹരമായ തേയിലത്തോട്ടങ്ങളും, ഇടയ്ക്കെത്തുന്ന പാറയിടുക്കുകളും, മൊട്ടകുന്നുകളും തേയിലത്തോട്ടങ്ങളിലെ മനോഹരമായ കുളങ്ങളും എല്ലാം ആസ്വാദകരെ സന്തോഷിപ്പിക്കും. തേയില തോട്ടത്തിന് നടുവിൽ നിൽക്കുന്ന പുള്ളിക്കാനം (Pullikkanam)പള്ളിയും ആസ്വാദകരുടെ മനസ്സിനെ ഹാപ്പി ആക്കും.

അങ്ങ് ദൂരെ ഇല്ലിക്കൽ കല്ല് കാണാവുന്ന രീതിയിൽ ഉള്ള വ്യൂ പോയിന്റും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പുള്ളിക്കാനം (Pullikkanam) കഴിഞ്ഞാൽ എത്തുന്ന എസ് വളവ്( S Curve )പച്ചപ്പണിഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. മലയാളത്തിലെ പ്രധാനപ്പെട്ട സിനിമകളായ ജോസഫ് ഉൾപ്പെടെ ചിത്രീകരിച്ച പ്രധാനപ്പെട്ട ലൊക്കേഷനും പുള്ളിക്കാനം റോഡ് തന്നെ.

വാഗമണ്ണിൽ നിന്ന് കാഞ്ഞാർ വഴി തൊടുപുഴയിൽ എത്തുന്ന രീതിയിൽ നിങ്ങൾക്ക് യാത്ര ചെയ്യാവുന്നതാണ്. കോട്ടയത്ത് നിന്നും തെക്കൻ കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഇതാണ് ഉചിതമായ വഴി. എറണാകുളം മുതൽ വടക്കോട്ടുള്ളവർക്ക് തൊടുപുഴയിൽ എത്തിയശേഷം കാഞ്ഞാർ വഴി പുള്ളിക്കാനം എത്തി നിങ്ങൾക്ക് വാഗമൺ സന്ദർശിക്കാം.

ചാർലിക്കുളം

മഴക്കാലം എത്തിയാൽ കാണേണ്ട ഇടമാണ് ചാർലി സിനിമയിലൂടെ പ്രസിദ്ധമായ ലാഡ്രം എസ്റ്റേറ്റ്. തേയില തോട്ടത്തിന് നടുവിൽ പൂത്ത മരങ്ങൾക്ക് കീഴിലായി സ്ഥിതിചെയ്യുന്ന ചാർളിക്കുളം ആരാധകരുടെ പ്രിയപ്പെട്ട ഇടമാണ്. മഴക്കാലത്ത് മാത്രമാണ് ഈ കുളങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് എന്നതാണ് പ്രത്യേകത. കുട്ടിക്കാനം(Kuttikkanam) കുമളി റോഡിൽ പാമ്പനാറിൽ നിന്നും തിരിഞ്ഞു വേണം ചാർലി കുളത്തിൽ എത്താൻ. തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള ഈ യാത്ര സഞ്ചാരികൾക്ക് അനുഭൂതി തന്നെ സമ്മാനിക്കും.
കുട്ടിക്കാനം – ഏലപ്പാറ റോഡ്

തിരക്കേറിയ മെയിൻ റോഡുകൾ സാധാരണ യാത്രക്കാരെ സംബന്ധിച്ച് ഇഷ്ടമുള്ള വഴികളല്ല. എന്നാൽ മൂന്നാറിലെ ഗ്യാപ്പ് റോഡ് ഇതിൽ നിന്നും വ്യത്യസ്തമാണ്. ഗ്യാപ്പ് റോഡിന് സമാനമായ ഒരു റോഡ് തന്നെയാണ് കുട്ടിക്കാനം – കട്ടപ്പന റോഡ്. ഇതിൽ ഏലപ്പാറ വരെയുള്ള ഭാഗം കാഴ്ചകൾ നിറഞ്ഞതാണ്. പച്ചപ്പു നിറഞ്ഞ തേയില തോട്ടങ്ങൾക്ക് ഇടയിലൂടെ ഇതുവഴിയുള്ള യാത്ര സഞ്ചാരികളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ഈ റോഡിൽ തന്നെ പല വെള്ളച്ചാട്ടങ്ങളും ഉണ്ട് എന്നുള്ളത് മഴക്കാലത്തെ മനോഹരമായ കാഴ്ചയാണ്. കുട്ടിക്കാനത്തെ(kuttikkanam )വൈറൽ ചായക്കടയിലേക്ക് പോകാനും ഇവിടെനിന്ന് തിരിഞ്ഞ് യാത്ര ചെയ്യാം. കുട്ടിക്കാനത്ത് നിന്നും പള്ളിക്കുന്നിലെ സി എസ് ഐ ചർച്ചിലേക്ക് ബ്രിട്ടീഷുകാരുടെ കല്ലറകൾ കാണാൻ പോകുന്നതും ഇതേ വഴിയിലാണ്. ഇയ്യോബിന്റെ പുസ്തകത്തിലെ വീട് ഉൾപ്പെടെയുള്ളവയും ഈ വഴിയിൽ നിന്ന് വേണം പോകാൻ.
സത്രം (Satram)

മഴക്കാലം എത്തിയാൽ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറുന്ന ഒന്നാണ് സത്രം(Satram). വണ്ടിപ്പെരിയാറിൽ നിന്നും 12 കിലോമീറ്റർ യാത്ര ചെയ്താൽ സത്രത്തിൽ എത്താം. പ്രധാനമായും മൂന്ന് വ്യൂ പോയിന്റുകളാണ് സത്രത്തിൽ (Satram) ഉള്ളത്. ഇതിൽ ഏറ്റവും മുകളിലുള്ള വ്യൂ പോയിന്റ് ആണ് ഏറ്റവും മനോഹരം.

വണ്ടിപ്പെരിയാർ ബിഎസ്എൻഎൽ ഓഫീസിന് സമീപത്തുനിന്നും ആണ് ഇവിടേക്ക് തിരിഞ്ഞു പോകേണ്ടത്. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഇവിടെക്കുള്ള യാത്ര മനസ്സിന് ആഹ്ലാദം പകരുന്നതാണ്. സത്രത്തിൽ എത്തിയാൽ ഇടുക്കിയിലെ ആദ്യത്തെ വിമാനത്താവളം എന്നറിയപ്പെടുന്ന എയർ സ്ട്രിപ്പിലും നിങ്ങൾക്ക് എത്താം. കോടമഞ്ഞു നിറഞ്ഞുനിൽക്കുന്ന വഴിയിലൂടെ ഉള്ള യാത്ര ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ്.
മേമല (MEMALA)

ഒരു ദിവസം തന്നെ പോയി വരാവുന്ന വഴികളാണ് മുകളിൽ പറഞ്ഞതെല്ലാം. ഒന്നിലധികം ദിവസം ഉണ്ടെങ്കിൽ കുറച്ചുകൂടി ആസ്വദിച്ച് പതുക്കെ പോയി വരാം. ഇക്കൂട്ടത്തിൽ ഒന്നുതന്നെയാണ് മേമലയിലേക്കുള്ള യാത്ര. കുട്ടിക്കാനം(kuttikkanam )ഏലപ്പാറ റോഡിൽ പള്ളിക്കുന്ന് കഴിഞ്ഞാൽ മേമല എത്തും. ഇവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞാൽ പിന്നെയുള്ളത് കാഴ്ചകളുടെ മനോഹര ലോകം. ടൈഫോഡ് എസ്റ്റേറ്റിൽ കൂടിയാണ് ഇവിടെ നിന്നുള്ള യാത്ര തുടങ്ങുന്നത്.

തേയിലത്തോട്ടങ്ങൾക്ക് ഇടയിലെ കുഞ്ഞു വഴികൾ യാത്രികർക്ക് സന്തോഷം പകരുന്നവയാണ്. ഇടയ്ക്ക് ഒഴുകിയെത്തുന്ന ചെറിയ അരുവികളും തോടുകളും എല്ലാം മഴക്കാലത്തെ മനോഹര കാഴ്ചകളാണ്. ഉറുമ്പിക്കരയിലേക്കും ഇതുവഴി പോകാം എന്നതാണ് ഒരു പ്രത്യേകത. ഓഫ് റോഡ് യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം കൂടിയാണ് ഉറുമ്പിക്കര. മഴക്കാലം എത്തുന്നതോടെ സുരക്ഷിതമായ ഒരു യാത്ര നിങ്ങളെ കാത്തിരിക്കുകയാണ്. ഇനിയും പറഞ്ഞു തീരാത്ത ഒരുപാട് വ്യൂ പോയിന്റുകളും ഈ റൂട്ടുകളിൽ ഉണ്ട്.


