രാജ്യത്തിന്റെ പുരാതന ചരിത്രം അറിയാൻ താല്പര്യമുള്ളവർ ആണോ നിങ്ങൾ? സ്കൂളിലെ പാഠപുസ്തകങ്ങളിലും മറ്റും പഠിച്ചു വായിച്ചറിയാൻ അല്ല. കഥകളും ചരിത്രപുസ്തകങ്ങളും വായിച്ചും കേട്ടും മനസ്സിലാക്കാനും അല്ല. നേരിട്ട് കണ്ട് ആ ചരിത്രത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ. അതിന് ഏറ്റവും നല്ല വഴി
നമ്മുടെ പുരാതന നഗരങ്ങളിലേക്ക് ഉള്ള യാത്രകൾ ആണ്.ഹംപിയും അജന്തയും എല്ലോറയും എല്ലാം ഭാരതീയ വാസ്തു ശില്പ ഭംഗിയും അതിന്റെ ആഴവും നമ്മളെ കാട്ടുന്നവയാണ്. അതിനൊപ്പം ചരിത്രവും വിജ്ഞാനവും പകർന്നു നൽകുന്നു. ചരിത്രത്തിൽ നമ്മുടെ രാജ്യം നേരിട്ട വെല്ലുവിളികളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും എല്ലാം വിളിച്ചോതുന്നു.കേവലം രാഷ്ട്രീയം കലർത്തി വക്രീകരിച്ച ചരിത്ര പുസ്തകങ്ങളിലൂടെ അല്ലാതെ മനസ്സിലാക്കാൻ ഈ യാത്രകൾ തന്നെ വേണം.നിങ്ങളുടെ യുക്തിയുടെ അളവുകോലിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ മഹനീയമായ ശേഷി തിരിച്ചറിയാം. അങ്ങനെയൊരു സ്ഥലത്തേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരുപക്ഷേ നിങ്ങൾ ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത ഒരു സ്ഥലം. കർണാടകയിലെ ഹോയ്സാല സാമ്രാജ്യത്തിന്റെ ആ പഴയ തലസ്ഥാനത്തേക്ക്. ഇന്നത്തെ ബേളൂരിലേക്ക്.
ലോകത്ത് തന്നെ ഇപ്പോഴും അവശേഷിക്കുന്ന പുരാതന നഗരത്തിന്റെ ശേഷിപ്പുകൾ ആണ് ഹമ്പി. ഒരുപക്ഷേ നിങ്ങൾ ഒരുപാട് കേട്ടും കണ്ടും അറിഞ്ഞുള്ള സ്ഥലം. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിൽ ലോകത്താകെ ശ്രദ്ധിക്കപ്പെട്ട ഇടം. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും പുരാവസ്തു വകുപ്പ് അമൂല്യനിധിയായി സൂക്ഷിക്കുന്ന സ്ഥലം. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ തന്നെ ഇടം പിടിച്ച രാജ്യത്തിന്റെ അഭിമാന കേന്ദ്രം. വിശേഷണങ്ങൾ അവസാനിക്കില്ല ഹംപിയെ കുറിച്ച്. പക്ഷേ കേവലം ഹംപിയിൽ ഒതുങ്ങുന്നതല്ല നമ്മുടെ പൗരാണിക വാസ്തുവിദ്യാശേഷിയുടെ പ്രകടനം. അജന്തയും എല്ലോറയും തുടങ്ങി ആ പട്ടിക നീണ്ടു പോകുന്നതാണ്.

പ്രസിദ്ധമായ സ്ഥലങ്ങൾ മാത്രമല്ല നമ്മുടെ പൈതൃകം ലോകത്തിനു മുന്നിൽ ഇപ്പോഴും കാട്ടാൻ അവശേഷിക്കുന്നത്. ഹംപിയും അജന്തയും എല്ലോറയും എല്ലാം ലോകപ്രസിദ്ധം തന്നെ ആണെങ്കിൽ അതിനോട് ചേർന്നു നിൽക്കുന്ന ശില്പ വൈവിധ്യങ്ങളുടെ പൗരാണിക ശേഷി വിളിച്ചോതുന്ന ഒരുപാട് സ്ഥലങ്ങൾ ഇനിയും ബാക്കിയാണ്. അവ പ്രസിദ്ധിയുടെ പട്ടികയിലേക്ക് എത്തിയിട്ടില്ല എന്ന് മാത്രം. അങ്ങനെ എല്ലാവരും അറിഞ്ഞിരിക്കേണ്ട, കണ്ടു മനസ്സിലാക്കേണ്ട ഒരു ഇടമാണ് ഹോയ്സാലന്മാരുടെ ആ പഴയ സാമ്രാജ്യം. കർണാടകയിലെ ഹാസന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ആ പൗരാണിക ക്ഷേത്ര നഗരം. യാത്രയുടെ ബക്കറ്റ് ലിസ്റ്റിൽ നിങ്ങൾ ഉൾപ്പെടുത്തേണ്ട ബേലൂർ.
ഒരു രാജവംശത്തിന്റെ ചരിത്രം
കർണാടകയിലെ ഹാസനിലാണ് ചരിത്രം ഇപ്പോഴും വലിയ ഓർമ്മപ്പെടുത്തലുകളുമായി നിൽക്കുന്ന ആ നഗരം. ഹോയ്സാല സാമ്രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനം. അവിടെ ഇപ്പോഴും അവശേഷിക്കുന്ന വിവിധ പൗരാണിക കേന്ദ്രങ്ങളിലേക്കാണ് നമ്മുടെ യാത്ര.ആദ്യം പോകുന്നത് ഹാസനിലെ ബേലൂർ ചന്നകേശവ ക്ഷേത്രത്തിലേക്ക്. ഒരിക്കലെങ്കിലും നിങ്ങൾ കാണേണ്ട രാജ്യത്തെ അത്ഭുതങ്ങളിൽ ഒന്നാണ് ചന്നകേശവ ക്ഷേത്രം . ഭാരതീയ ശില്പ പാരമ്പര്യത്തിന്റെ അപൂർവമായ കാഴ്ചകളിലൊന്ന്. കേവലം ഒരു ആരാധനാ കേന്ദ്രം എന്നതല്ല ഇതിന്റെ പ്രത്യേകത. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭാരതീയ വാസ്തു പാരമ്പര്യം എത്ര ഉയരത്തിൽ ആയിരുന്നു എന്ന് നമ്മളെ ഓർമിപ്പിക്കുന്ന ഇടമാണ് ബേലൂർ ചന്നകേശവക്ഷേത്രം.
കന്നടയിൽ ‘ചന്ന’എന്ന വാക്കിനർത്ഥം ഭംഗി എന്നു കൂടിയാണ്. ഈയൊരു വാക്കിൽ തന്നെയുണ്ട് ബേലൂർ ചന്ന കേശവ ക്ഷേത്രം എന്താണ് എന്നത്. വിഷ്ണു പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ ഉള്ളത്. അതുകൊണ്ടാണ് കേശവ ക്ഷേത്രം എന്ന നിലയിൽ ഇത് അറിയപ്പെടുന്നത്. ശിൽപ്പഭംഗിയുടെ സൂക്ഷ്മതയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പെട്ടെന്നുണ്ടാക്കിയെടുത്ത ഒരു ക്ഷേത്രമല്ല ഇത് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഏതെങ്കിലും ഒരു തലമുറ മാത്രമുണ്ടാക്കിയതല്ല ഈ ക്ഷേത്രം. 103 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ ഒന്നാണ് ബേലൂർ ചന്നകേശവ ക്ഷേത്രം. അതായത് ഒരു മൂന്നു തലമുറ എങ്കിലും ക്ഷേത്രനിർമാണത്തിൽ പങ്കാളികളാണ് എന്നർത്ഥം.

നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ക്ഷേത്രം
ഹോയ്സാല സാമ്രാജ്യത്തിന്റെ അധിപനായ വിഷ്ണു വർദ്ധന രാജാവാണ് ക്ഷേത്രനിർമാണത്തിന് പിന്നിൽ. 1117 ൽ തലക്കാട് ഉണ്ടായ യുദ്ധത്തിൽ ചോളന്മാരെ തോൽപ്പിച്ചതിന്റെ ആഹ്ലാദം കൊണ്ടാണ് രാജാവ് ക്ഷേത്രം ഉണ്ടാക്കിയത് എന്നാണ് രേഖകൾ ചൂണ്ടിക്കാണിക്കുന്നത്. ‘ദക്ഷിണ വാരണാസി’ എന്നും ഈ ക്ഷേത്രത്തിന് വിശേഷണം ഉണ്ട്. കല്ലിൽ കൊത്തി വെച്ചിരിക്കുന്ന കറങ്ങുന്ന ദശാവതാരമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്ന്. പാട്ടുപാടുന്നതും നൃത്തം കളിക്കുന്നതുമായ നിരവധി ശില്പങ്ങൾ ഇവിടുത്തെ ഭിത്തികളിൽ കാണാം. അക്കാലത്ത് തന്നെ ഭാരതീയ കലാ പാരമ്പര്യത്തിൽ രൂപം വന്ന മനോഹരമായ കാഴ്ചകളാണ് ഇത് സൂചിപ്പിക്കുന്നത്.
48 തൂണുകളിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 64 മൂലകൾ ഈ ക്ഷേത്രത്തിന് ഉണ്ട്. 640 ആനകളുടെ വ്യത്യസ്തമായ ശില്പങ്ങൾ ക്ഷേത്രത്തിന്റെ ചുമരുകളിലും തൂണുകളിലും കാണാം. സ്ത്രീകളുടെ വ്യത്യസ്തമായ നിരവധി ശില്പങ്ങൾ ചുമരിൽ കൊത്തി വെച്ചിരിക്കുന്നു. ഈ സ്ത്രീ ശില്പങ്ങളിൽ ഏതാണ്ട് 300 ൽ അധികം വ്യത്യസ്ത രീതിയിൽ പെട്ട മുടിക്കെട്ടുകൾ അമ്പരപ്പിക്കുന്നതാണ്. അക്കാലത്തെ രീതികളും ശൈലികളും സൗന്ദര്യ മാതൃകകളും നമ്മളെ ഞെട്ടിച്ചു കളയും. ഏതാണ്ട് ഒരു പ്ലാറ്റ്ഫോമിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
രാജാവിന്റെ കല്യാണ വിശേഷം

‘യോഗച്ചി'(yogachi river)നദിയുടെ തീരത്താണ് ചന്ന കേശവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പലതരം കഥകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. രാജാവായ വിഷ്ണുവർദ്ധൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അക്കാലത്ത് സ്ഥിരം യുദ്ധങ്ങൾ ആയിരുന്നു രാജാക്കന്മാരുടെ പ്രധാന വെല്ലുവിളി. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന യുദ്ധങ്ങളിൽ താൻ കൊല്ലപ്പെടുമോ എന്ന് വിഷ്ണുവർദ്ധൻ ആശങ്കപ്പെട്ടു. വിവാഹം കഴിച്ച ശേഷം താൻ കൊല്ലപ്പെട്ടാൽ തന്റെ ഭാര്യ അനാഥയാകും എന്ന ആശങ്കയാണ് വിഷ്ണുവർധനെ ഭരിച്ചിരുന്നത്. എന്നാൽ ഈ അഭിപ്രായം ആയിരുന്നില്ല വിഷ്ണുവർദ്ധന്റെ അമ്മയ്ക്ക്. എങ്ങനെയെങ്കിലും മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവർ വല്ലാതെ ആഗ്രഹിച്ചു. ഇതിനൊരു ഉപായം എന്ന നിലയിൽ സുന്ദരിയായ ഒരു നർത്തകിയെ അവിടെ എത്തിച്ച് നൃത്ത പരിപാടി അവതരിപ്പിച്ചു. ശാന്തള ദേവി എന്നായിരുന്നു ഈ നർത്തകിയുടെ പേര്. അതിസുന്ദരിയായ ശാന്തള ദേവി എന്ന നർത്തകിയിൽ വിഷ്ണുവർദ്ധന്റെ മനസ്സ് ചഞ്ചലമായി. ഒടുവിൽ ഇവരെ കല്യാണം കഴിക്കാനുള്ള സമ്മതം നൽകി രാജാവ്. ഭാവരംഗയിൽ സ്ഥിതിചെയ്യുന്ന ‘ദർപ്പണസുന്ദരി’എന്ന പ്രതിമ വിഷ്ണുവർധന രാജാവിന്റെ ഭാര്യയായ ശാന്തളാദേവി ആണെന്ന് കരുതപ്പെടുന്നു.
സോഫ്റ്റ് സ്റ്റോണിലാണ്(soft stone) ക്ഷേത്രത്തിന്റെ നിർമ്മാണം. അതുകൊണ്ടുതന്നെ അതിസൂക്ഷ്മമായ നിർമ്മാണ പ്രവർത്തികൾ ഇതിൽ സാധ്യമാണ്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന വീണയിലെ കമ്പികൾ പോലും കല്ലിൽ തീർത്തതാണ് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നാം. എന്നാൽ അത്രത്തോളം സൂക്ഷ്മ നിർമ്മിതികളാണ് ഇവിടെയുള്ളത്. മൃദുവായ കല്ലിൽ കൊത്തിയതുകൊണ്ടാണ് ഇത്തരം സൗകര്യങ്ങൾ ഉണ്ടായത്. എന്നാൽ സോഫ്റ്റ് സ്റ്റോൺ ആണെങ്കിലും വായു സഞ്ചാരം കൊണ്ട് കാലക്രമേണ ഇത് കൂടുതൽ ദൃഢമാകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിന്റെ തെളിവുകളാണ് നൂറ്റാണ്ടുകൾ കഴിഞ്ഞ ഇപ്പോഴും കാര്യമായ പരിക്കുകൾ ഒന്നും കൂടാതെ ഈ ക്ഷേത്രം നിലനിൽക്കുന്നത്.
വൈവിധ്യം നിറഞ്ഞ ശില്പങ്ങൾ
നാലേക്കർ വിസ്തൃതിയുണ്ട് ക്ഷേത്രത്തിന് മാത്രം. ഹോയ്സാലന്മാരുടെ മറ്റു ക്ഷേത്രങ്ങളെപ്പോലെ ഭിത്തി നിറയെ കൊത്തുപണികൾ നിറഞ്ഞതല്ല ഇവിടുത്തെ നിർമ്മാണ രീതി. നാഗങ്ങൾ ഇഴ പിരിഞ്ഞു നിൽക്കുന്ന ശില്പം ഇവിടുത്തെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ഏഴു പത്തിയുള്ള നാഗം പത്തി വിരിച്ചു നിൽക്കുന്ന മനോഹരമായ കാഴ്ചയും ഇവിടെയുണ്ട്. നാല് അടിയോളം ഉയരമുള്ളതാണ് ഈ ശിൽപം. കണ്ടാൽ മതിവരാത്ത അത്രയും ഭംഗിയുള്ള ദേവി വിഗ്രഹവും ഇവിടുത്തെ കാഴ്ചയാണ്.
ക്ഷേത്രത്തിന്റെ തെക്കുവശത്ത് നാല് തൂണുകൾ ഉള്ള കലാമണ്ഡപം സ്ഥിതി ചെയ്യുന്നു. 20 അടിയോളം ഉയരമാണ് ഈ കലാമണ്ഡപത്തിന് ഉള്ളത്.അക്കാലത്ത് കലാപരിപാടികൾ ദിവസവും നടന്നിരുന്ന ഇടമാണ് ഇതെന്ന് നിസംശയം പറയാം. ക്ഷേത്രത്തിനു മുന്നിലെ ഗരുഡ പ്രതിമയും മനോഹരമായ കാഴ്ചയാണ്. ഇതിന് പുറത്ത് സ്ഥിതിചെയ്യുന്ന കല്യാണി കുളം പോലും ശില്പ ഭംഗിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കുളത്തിനുള്ളിലേക്ക് സന്ദർശകർക്ക് ഇപ്പോൾ പ്രവേശനമില്ല.

ഗ്രാവിറ്റി പില്ലർ
സ്വർണ്ണം പൂശിയ കൊടിമരമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. അക്കാലത്ത് തന്നെ ഈ നിലയിൽ സ്വർണം പൂശിയെ കൊടിമരം ഉണ്ടാകുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. കവാടത്തിലെ ആനകളുടെ വലിയ രൂപവും മനോഹര കാഴ്ചയാണ്. ഇതിനെല്ലാം പുറമെയാണ് ശാസ്ത്ര സത്യങ്ങളുടെ നേർക്കാഴ്ചയായി മാറിയ ഇവിടുത്തെ ഗ്രാവിറ്റി പില്ലർ. ഗുരുത്വാകർഷണബലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാവിറ്റി പില്ലർ അക്കാലത്ത് തന്നെ ശാസ്ത്രത്തിന്റെ വളർച്ചയുടെ തെളിവാണ്. 43 അടി ഉയരമാണ് ഗ്രാവിറ്റി പില്ലറിന് ഉള്ളത്. ഒറ്റക്കല്ലിൽ 15 ടൺ ഭാരം കൊണ്ടാണ് ഈ പില്ലർ നിർമ്മിച്ചിരിക്കുന്നത്. സ്തംഭാകൃതിയിലാണ് ഇതിന്റെ നിർമ്മാണ രീതി. തൂണിന്റെ നടുഭാഗം മാത്രമാണ് ഭൂമിയിൽ സ്പർശിക്കുന്നത് എന്നതാണ് ഇതിന്റെ സവിശേഷത. അതായത് ഗുരുത്വാകർഷണബലം ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചാണ് ഇത് ഭൂമിയിൽ ഇങ്ങനെ നിർത്തിയിരിക്കുന്നത്.
അക്രമങ്ങൾ പലതവണ
അതിപുരാതനമായ ക്ഷേത്രം ആണെങ്കിലും പലതവണ ഇത് ആക്രമിക്കപ്പെട്ടു എന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. നിർമ്മാണത്തിനിടയിൽ തന്നെ ആക്രമം നേരിടേണ്ടിവന്നു. പലതവണ മോഷണത്തിനായി വലിയ ശ്രമവും നടന്നു. ഹാസൻ നഗരത്തിൽ നിന്ന് 38 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ നിങ്ങൾക്ക് രാജ്യത്ത് തന്നെ മനോഹരമായ ശില്പ വൈവിധ്യങ്ങളുടെ കാഴ്ചയായ ചന്നകേശവ ക്ഷേത്രത്തിൽ എത്താം.

ഹാലേബിഡു ഹൊയ്സാലേശ്വര ക്ഷേത്രം
ചന്ന കേശവക്ഷേത്രത്തിൽ ഒതുങ്ങുന്നതല്ല ബേലൂരിലെ ഹൊയ്സാലന്മാരുടെ നിർമ്മാണ മികവിന്റെ കാഴ്ചകൾ. ഇവിടെനിന്ന് കിലോമീറ്റർക്കുള്ളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു മനോഹര കാഴ്ചയാണ് ഹാലേബിഡുവിൽ സ്ഥിതിചെയ്യുന്ന ഹൊയ്സാലേശ്വര ക്ഷേത്രം. ചന്നകേശവക്ഷേത്രത്തിൽ വിഷ്ണു പ്രതിഷ്ഠ യാണെങ്കിൽ ഇവിടെയുള്ളത് ശിവപ്രതിഷ്ഠയാണ്. ഹാസനിൽ നിന്ന് 30 കിലോമീറ്റർ ദൂരം പോയാൽ ഈ ക്ഷേത്രത്തിൽ നിങ്ങൾക്ക് എത്താം. പന്ത്രണ്ടാം നൂറ്റാണ്ടിൽ വിഷ്ണുവർദ്ധൻ തന്നെയാണ് ഈ ക്ഷേത്രവും നിർമ്മിച്ചത് എന്നാണ് ചരിത്രരേഖകൾ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യനിർമ്മിതമായ ഒരു തടാകത്തിന്റെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചന്ന കേശവ ക്ഷേത്രം ആക്രമിക്കപ്പെട്ടതുപോലെ പതിനാലാം നൂറ്റാണ്ടിൽ ഹൊയ്സാലേശ്വര ക്ഷേത്രവും ആക്രമിക്കപ്പെട്ടു. ഡൽഹി സുൽത്താനാണ് ഈ ആക്രമണം നടത്തിയത് എന്നാണ് രേഖകൾ പറയുന്നത്. പതിനാലാം നൂറ്റാണ്ടിൽ തന്നെ രണ്ട് തവണയാണ് ക്ഷേത്രം ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയും ചെയ്തു എന്ന് രേഖകൾ പറയുന്നു. ഇതാണ് ക്ഷേത്രത്തിന്റെ വലിയ നാശത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ആരാധനാ രീതിയിലും പ്രത്യേകത
ശൈവ പാരമ്പര്യമാണ് ക്ഷേത്രത്തിന് എങ്കിലും വൈഷ്ണവ ശില്പ രീതികളാണ് ഇവിടെ കാണാൻ കഴിയുന്നത്. ജൈനമതത്തിൽ നിന്നുള്ള വിവിധ ചിത്രകല വൈവിധ്യങ്ങളും ക്ഷേത്രത്തിന്റെ ചുമരുകളിൽ കാണാം. ഇരട്ട ക്ഷേത്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ശിവന്റെ സ്ത്രീ പുരുഷ ഭാവങ്ങൾ ആണ് ഇതിനു കാരണം എന്നാണ് പറയപ്പെടുന്നത്. രണ്ട് ക്ഷേത്രങ്ങൾക്കും ഒരേ വലിപ്പമാണ് കാണുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന് ദർശനം ഉള്ളത്. ഇവിടെയുള്ള രണ്ട് നന്തി പ്രതിമകളും മനോഹരമായ കാഴ്ചയാണ്. തെക്കുവശത്ത് ഇരിക്കുന്ന നന്തിക്ക് മുന്നിൽ 7 അടി ഉയരത്തിൽ സൂര്യപ്രതിഷ്ഠയും കാണാം.

അക്രമങ്ങൾ നേരിട്ട ക്ഷേത്രം
ക്ഷേത്രത്തിന്റെ വടക്കുവശത്തെ കവാടത്തിൽ കൂടിയാണ് ഇപ്പോൾ സന്ദർശകർക്ക് അനുമതി ഉള്ളത്. ചതുരാകൃതിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ഏതാണ്ട് എല്ലാം. ചന്നകേശവ ക്ഷേത്രം പോലെ സോഫ്റ്റ് സ്റ്റോണിലാണ്(soft stone )ഈ ക്ഷേത്രത്തിന്റെ നിർമ്മാണം. വായുവുമായി സമ്പർക്കം വരുമ്പോൾ ഇത്തരം കല്ലുകൾ കൂടുതൽ ദൃഢമാകും എന്ന് പറഞ്ഞത് തന്നെ കാരണം. മാത്രമല്ല സൂക്ഷ്മമായി കൊത്തുപണികൾ ചെയ്യാനാകും. അതുകൊണ്ടുതന്നെ സങ്കീർണമായ കൊത്തുപണികളാണ് ഈ ക്ഷേത്രത്തിന്റെ ചുമരുകളിൽ ഉള്ളത്. ദക്ഷിണേന്ത്യൻ- ഉത്തരേന്ത്യൻ ലിപികളിലുള്ള വിവിധ ലിഖിതങ്ങളും ചുമരുകളിൽ കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജീവിതം ആലേഖനം ചെയ്യുന്നവയാണ് ഇവയിൽ പലതും. മഹാഭാരതം, രാമായണം ഉൾപ്പെടെയുള്ള ഇതിഹാസ ഗ്രന്ഥങ്ങളിലെ കഥകളും വരച്ചു വെച്ചിട്ടുണ്ട്. അക്രമങ്ങൾ ഉണ്ടായെങ്കിലും പിന്നീട് ഇത് നന്നായി പരിപാലിച്ചു എന്നതാണ് ഇപ്പോൾ ക്ഷേത്രത്തിൽ എത്തുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യം. മുൻപുണ്ടായ അക്രമങ്ങളിൽ ക്ഷേത്രത്തിലെ പല ശില്പങ്ങളും തകർന്നത് ഇന്നും സങ്കടകരമായ കാഴ്ചയാണ്. അക്കാലത്ത് ക്ഷേത്രങ്ങൾക്കെതിരെ നടന്ന അക്രമങ്ങളുടെ നേർക്കാഴ്ചയായി കൂടി മാറുകയാണ് ഇത്തരം ശില്പങ്ങൾ. ഇതിനു സമീപത്തായി ജൈന ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.

ക്ഷേത്രത്തിന് അലങ്കാര ഗോപുരങ്ങൾ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പിന്നീട് തകർന്നതോ തകർത്തതോ ആകാം. ഓരോ ശില്പങ്ങളുടെയും ചുവട്ടിൽ ശില്പികളുടെ പേരുകൾ കൊത്തി വച്ചിട്ടുണ്ട്. നാല് പ്രവേശന കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. വടക്കും തെക്കും ഓരോ കവാടങ്ങളും കിഴക്ക് രണ്ട് കവാടങ്ങളുമാണ് ഉള്ളത്. കവാടങ്ങൾക്കിടയിലും നിരനിരയായി ധാരാളം തൂണുകൾ ഉണ്ട്.ക്ഷേത്രത്തിന് അകത്തുള്ളത് പോലെയല്ല ഇവിടുത്തെ ശില്പങ്ങൾ. ലളിതമായ രീതിയാണ് ഇവിടെയുള്ളത്.

ഹൊയ്സാല ശൈലിയിൽ ആദ്യമായി രൂപകല്പന ചെയ്യപ്പെട്ട ക്ഷേത്രമാണ് ഇതെന്ന് ചരിത്രരേഖകൾ പറയുന്നു. വർഷങ്ങൾ നീണ്ട മനുഷ്യാധ്വാനത്തിന്റെ വലിയൊരു കാഴ്ചകൾ കൂടിയാണ് ഇവിടെ കാണാൻ കഴിയുന്നത്. ഭാരതീയരായ ഓരോരുത്തർക്കും അഭിമാനത്തോടെ കാണാവുന്ന ഇടം കൂടിയാണ് ഇത്. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മുടെ ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു നടന്നു പോകുന്നത് വർത്തമാനകാലത്തിൽ ജീവിക്കുന്നതിനും നല്ലതാണ്.
വഴി.

കേരളത്തിൽനിന്ന് മൈസൂരിൽ എത്തി അവിടെനിന്ന്ബസ്സിൽ കയറിയാൽ ഹാസനിൽ ഇറങ്ങണം. അവിടെനിന്ന് ബേലൂർ ബസ്സുകൾ നിങ്ങൾക്ക് ലഭിക്കും. മൈസൂരിൽ നിന്ന് 150 കിലോമീറ്റർ മാത്രമാണ് ഇവിടേക്ക് ദൂരമുള്ളത്. ബംഗളൂരുവിൽ ഉള്ളവർക്കും വളരെ പെട്ടെന്ന് ഇവിടെയെത്താം. 219 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടെയൊക്കെ ഉള്ളത്. ഏതാണ്ട് നാല് മണിക്കൂർ മാത്രം മതിയാകും നിങ്ങൾക്ക് ഇവിടെയൊക്കെ എത്താൻ.


