ആധുനിക നഗരങ്ങൾ കെട്ടിപ്പൊക്കുന്നതിന്റെ തിരക്കിലാണ് ഭരണകൂടങ്ങളും സമൂഹവും എല്ലാം. ആധുനിക യാത്രാ മാർഗങ്ങൾ ആയ മെട്രോ റെയിൽ ഉൾപ്പെടെ നഗരങ്ങളിൽ ഉയർന്നു കഴിഞ്ഞു. നഗരങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നു. പല ഗ്രാമങ്ങളും നഗരങ്ങളായി മാറി തുടങ്ങിയിട്ട് വർഷങ്ങളായി. തരിശ് ഭൂമിയായി കിടന്ന സ്ഥലങ്ങളിൽ പോലും പുതിയ നഗരങ്ങൾ നിർമ്മിക്കപ്പെടുന്നു. യാത്രയ്ക്ക് വേഗത കൂട്ടാൻ ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ വരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം എവിടെയും കാണാൻ സാധിക്കും. വീതി കൂടിയ റോഡും പാലങ്ങളും എല്ലാം ഓരോ ദിവസവും പുതിയതായി വരുന്നു. ടെക്നോളജിയുടെ വളർച്ച എല്ലാ മേഖലയിലും നമുക്ക് കാണാം. ഭാവിയിൽ ഇതിനുമപ്പുറത്തേക്ക് ഒരുപാട് ലോകം മാറുമെന്ന് നമ്മൾ ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ പണ്ട് എങ്ങനെയായിരുന്നു?
നമ്മുടെ പൗരാണിക നഗരങ്ങളെക്കുറിച്ച് നിങ്ങൾ പലതും കേട്ടു കാണും. ഹംപി ഉൾപ്പെടെയുള്ള നമ്മുടെ പുരാതന നഗരങ്ങൾ ഇന്നും ചരിത്രത്തിന്റെ ശേഷിപ്പായി നിലനിൽക്കുന്നു. വാസ്തുവിദ്യയും മനുഷ്യ വിഭവ ശേഷിയും കൊണ്ട് ഇന്ത്യയിൽ വളർന്നുവന്ന പുരാതന നഗരങ്ങളെ കുറിച്ച് എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ട്? അത് അറിയാൻ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അങ്ങനെയൊരു സ്ഥലത്തേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. സംസ്കാരസമ്പന്നമായ തമിഴ്നാടിന്റെ വേറിട്ട കാഴ്ച സമ്മാനിക്കുന്ന ചെട്ടിനാട്(chettinad).
പേരുപോലെ ചെട്ടികളുടെ നാട് തന്നെയാണ് ചെട്ടിനാട്. എന്നാൽ ചെട്ടിനാട്(chettinad)bഎന്നൊരു സ്ഥലം കൃത്യമായി നമുക്ക് പറയാൻ കഴിയില്ല. ആ പേരിൽ ഒരു സ്ഥലമില്ല എന്നർത്ഥം. നമ്മുടെ എറണാകുളം എല്ലാം പോലെ. കാരയ്ക്കുടിയാണ് ചെട്ടിനാടിന്റെ ഒരു കേന്ദ്രഭാഗം എന്നു പറയാം. ചെട്ടിനാട് എന്നാൽ ഒരുപാട് ഗ്രാമങ്ങൾ ചേർന്ന പ്രദേശമാണ്. ഏതാണ്ട് നൂറോളം ഗ്രാമങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് കുറഞ്ഞുവന്ന് ഏതാണ്ട് 75 ഗ്രാമങ്ങൾ ഉണ്ട് എന്നാണ് കണക്ക്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് ചെട്ടിനാട് സ്ഥിതി ചെയ്യുന്നത്. പുതുക്കോട്ട ജില്ലയിലും ഇതിന്റെ ഒരുഭാഗം വ്യാപിച്ചു കിടക്കുന്നുണ്ട്. രാജ്യത്തിന്റെ തന്നെ വൈവിധ്യമാർന്ന സംസ്കാരത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തിയ നാട് തന്നെയാണ് ചെട്ടിയാന്മാരുടെ ഈ ഭൂമി.
ഒരു സിനിമ കഥ പോലെ
ഏതാണ്ട് ഒരു രാജ്യം പോലെയായിരുന്നു ഒരുകാലത്ത് ചെട്ടിനാട് എന്ന് പറയാം. പതിമൂന്നാം നൂറ്റാണ്ടോടെയാണ് ചെട്ടിനാട്(chettinad) അങ്ങനെയൊരു പ്രദേശമായി വളരുന്നതിന്റെ തുടക്കം. യഥാർത്ഥത്തിൽ പ്രവാസികൾ എന്ന് ചെട്ടിനാട് കാരെ വിളിക്കാം. കാരണം അവർ ജീവിച്ചു വളർന്നത് ഇവിടെയല്ല. അതങ്ങ് കാവേരി പൂമ്പട്ടണം, നാഗപട്ടണം പോലെയുള്ള പ്രദേശങ്ങളിലാണ്.അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ അവിടെനിന്നും പലായനം ചെയ്താണ് ഇപ്പോഴത്തെ ചെട്ടി നാട്ടിലേക്ക് അവർ എത്തിയത്. നാട്ടുകോട്ട ചെട്ടിയാരുടെ നേതൃത്വത്തിലാണ് ഈ കുടിയേറ്റം നടന്നതെന്നാണ് ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നത്.

കുടിയേറ്റത്തിലൂടെ വന്ന ചെട്ടികൾ പിന്നീട് വളർന്ന കഥ ഒരു സിനിമയെ പോലും വെല്ലുന്നതാണ്. യഥാർത്ഥത്തിൽ പറഞ്ഞാൽ ഒരു തമിഴ് സിനിമയുടെ അതിശയോക്തി കലർന്ന പല കഥാസന്ദർഭങ്ങളും നമുക്ക് ഇവരുടെ ജീവിതം കേൾക്കുമ്പോൾ തോന്നാം. വാണിജ്യമായിരുന്നു ചെട്ടിനാട്(chettinad ) കാരുടെ ജീവിത സപര്യ. കേവലം കച്ചവടം എന്ന് പറഞ്ഞാൽ പോരാ ഇപ്പോഴൊക്കെ നടത്തുന്ന മൾട്ടി നാഷണൽ കമ്പനികളെ പോലെ അന്നേ വളർന്ന് വൻമരമായവരായിരുന്നു ചെട്ടിനാട്ടുകാർ. അതായത് തമിഴ്നാട്ടിൽ മാത്രം ഒതുങ്ങി കൂടിയവരല്ല അവരുടെ വാണിജ്യം എന്നർത്ഥം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കാം എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുക. അവിടെയൊന്നും ഒതുങ്ങില്ല ഈ മിടുക്കരായ മനുഷ്യരുടെ ജീവിത കഥ. ശ്രീലങ്കയിലും സിംഗപ്പൂരും ബർമ്മയും കമ്പോഡിയയിലും വിയറ്റ്നാമിലും മലേഷ്യയിലും എല്ലാം ചെട്ടിയാർമാർ യാത്ര ചെയ്തു. അങ്ങനെ ഇന്ത്യയിലെ കൊച്ചു ഗ്രാമത്തിൽ ഇരുന്നുകൊണ്ട് അതിസമ്പന്നരായി മാറിയ മനുഷ്യരാണ് ഈ ബുദ്ധിമാന്മാർ.
അതിസമ്പന്നർ എന്ന് വെറുതെ പറഞ്ഞാൽ പോര ഇവരെക്കുറിച്ച്. വിവിധ തരത്തിലുള്ള ബിസിനസുകൾ നടത്തി പണം ഉണ്ടാക്കി എന്നത് മാത്രമല്ല അന്നത്തെ ബാങ്കിംഗ് സമ്പ്രദായങ്ങൾ തന്നെ നടത്തിയിരുന്നത് ഈ ചെട്ടിയാർമാർ ആയിരുന്നുവെന്ന് ചരിത്രം പറയുന്നു. ബ്രിട്ടീഷുകാർക്കും രാജാക്കന്മാർക്കും വരെ പണം ആവശ്യം വന്നാൽ കടം കൊടുക്കാൻ കഴിയുന്നത്ര സമ്പന്നർ. വീണ്ടും ഞെട്ടിയില്ലേ! അതായത് സാധാരണ ഇക്കാലത്ത് ഇരുന്ന് ചിന്തിക്കുന്നത് പോലെ ആയിരുന്നില്ല ചെട്ടിയാർ മാരുടെ ജീവിതം. അന്നേ അതിസമ്പന്നന്മാരായി ലോകമാകെ സഞ്ചരിച്ച് എല്ലാ സാധ്യതകളും ഉപയോഗിച്ച മനുഷ്യരുടെ വലിയൊരു കൂട്ടമാണ് ചെട്ടിനാട്ടുകാർ.
ചെട്ടിനാട് ഫാഷൻ
കച്ചവടം എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരല്ല ഇവർ. സുഗന്ധദ്രവ്യങ്ങളും ഉപ്പുമൊക്കെയായിരുന്നു തുടക്കത്തിലെ കച്ചവട സാധനങ്ങൾ എന്നാണ് പറയപ്പെടുന്നത്. പിന്നീട് വസ്ത്രങ്ങളും ആഭരണങ്ങളും രത്നങ്ങളും പോലെ വലിയ കച്ചവടങ്ങളും ഇവർ നിയന്ത്രിച്ചു. സ്വർണ്ണക്കടകളിൽ ഇപ്പോൾ പോയാൽ നിങ്ങൾക്ക് ചെട്ടിനാട് സ്റ്റൈലിൽ ഉള്ള ആഭരണങ്ങൾ കിട്ടും. അവിടെയും ചെട്ടിയാൻമാരുടെ കയ്യൊപ്പ് ഉണ്ട്.നേരത്തെ പറഞ്ഞപോലെ രാജാക്കന്മാർക്കും ബ്രിട്ടീഷുകാർക്കും പണം വെറുതെ കടം കൊടുക്കുന്നു എന്നത് മാത്രമല്ല, അക്കാലത്തെ ബാങ്കിംഗ് സംവിധാനങ്ങൾ അടക്കം ഇവർ നടത്തിയിരുന്നതായാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ വലിയൊരു വിഭാഗം കൈവശപ്പെടുത്തിയിരുന്നത് ചെട്ടിനാട്ടുകാർ ആയിരുന്നു. അങ്ങനെ വിദേശത്തുൾപ്പെടെ വ്യാപിപ്പിച്ച തങ്ങളുടെ വാണിജ്യം കൊണ്ട് ഇന്ന് നിരവധി ചെട്ടിനാട്ടുകാർ നാടുവിട്ടു. പല കുടുംബങ്ങളും വിദേശത്തേക്ക് കുടിയേറി പാർത്തു എന്ന് തന്നെ പറയാം.
കെട്ടിട നിർമ്മാണ രീതി
കേവലം പണമുണ്ടാക്കുക മാത്രമല്ല ചെട്ടി നാട്ടുകാർ ചെയ്തത്. അക്കാലത്ത് ചെട്ടിനാട്ടുകാർ നിർമ്മിച്ച വീടുകളും മാളികകളും എല്ലാം വർത്തമാനകാലത്തോട് കിടപ്പിടിക്കുന്നവയാണ്. ഭാരതീയ വാസ്തു പാരമ്പര്യം പണ്ടുതന്നെ ലോകത്ത് വളരെ മുന്നിൽ നിൽക്കുന്നവയാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു വാസ്തു ശൈലി ചെട്ടിനാട്ടിലെ കെട്ടിടങ്ങളിൽ കാണാം. അതിന്റെ പ്രധാന കാരണം വാണിജ്യം നടത്താനുള്ള ഇവരുടെ വിദേശയാത്രകൾ തന്നെ. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സഞ്ചരിച്ച ചെട്ടിനാട്ടുകാർ അവിടുത്തെ നിർമ്മാണ വൈവിധ്യവും സാമഗ്രികളും എല്ലാം അവരുടെ സ്വന്തം നാട്ടിലേക്കും കൊണ്ടുവന്നു. അങ്ങനെ ഇന്ത്യയിൽ അക്കാലത്ത് തന്നെ ആധുനിക സൗധങ്ങൾ കെട്ടിപ്പൊക്കിയവരാണ് ചെട്ടിനാട്ടുകാർ.

ബെർമിസ് തേക്കും ഇറ്റാലിയൻ മാർബിളും തറയോടും എല്ലാം ചേട്ടനാട്ടിലെ വീടുകൾക്കും മണിമാളികകൾക്കും ഭംഗിക്കൂട്ടി. ഇപ്പോഴും ചെട്ടിനാട്ടിൽ എത്തിക്കഴിഞ്ഞാൽ ഈ പഴയ ഭവനങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. എന്നാൽ പലയിടത്തും നിങ്ങൾക്ക് പ്രവേശനമില്ല എന്ന് മാത്രം. പ്രത്യേക പാസ് വെച്ച് വീട്ടുകാർ തന്നെ ഇതെല്ലാം കാണിച്ചു തരുന്ന രീതിയും അവിടെയുണ്ട്. അതായത് ചെട്ടിയാന്മാരിൽ നിന്ന് തന്നെ ചെട്ടിനാടിന്റെ(chettinad) ചരിത്രം നിങ്ങൾക്ക് കേട്ടറിയാം. ഇപ്പോളും ചെട്ടിനാട്ടിലെ ആത്തംഗുടിയിൽ ടൈൽ നിർമ്മാണശാലകൾ കാണാൻ സാധിക്കും. പോകുന്ന വഴിയിൽ എല്ലാം ഇത്തരം നിർമ്മാണ കേന്ദ്രങ്ങൾ ആണ് ഉള്ളത്. കേരളത്തിലേക്ക് അടക്കം ഇവിടെ നിന്നും ടൈലുകൾ എത്തിക്കുന്നുണ്ട്.
ക്ഷേത്ര നഗരം
ക്ഷേത്ര നഗരം കൂടിയാണ് ചെട്ടിനാട് എന്ന് പറയാം. ഈ പ്രദേശത്താകെ നിരവധി ക്ഷേത്രങ്ങളാണ് ഇപ്പോഴും നിലകൊള്ളുന്നത്. ചോള രാജാക്കന്മാരാണ് ഇവയിൽ കൂടുതലും നിർമ്മിച്ചത് എന്നാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ കുടുംബ ക്ഷേത്രങ്ങൾ പോലെ കുലദൈവങ്ങളെ കുടിയിരുത്തി ചെടിയാന്മാരും ഇവിടെ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നിർമ്മാണത്തിലെ മനോഹാരിത കൊണ്ട് ആരെയും അതിശയിപ്പിക്കുന്നതാണ് ഈ ക്ഷേത്രങ്ങളെല്ലാം. പല ക്ഷേത്രങ്ങളും ചെറുതാണെങ്കിൽ പോലും ആ നാടിന്റെ സംസ്കാരവും ശൈലിയും എല്ലാം ഇതിന്റെ നിർമ്മാണത്തിൽ കാണാൻ സാധിക്കും. കൊത്തുപണികളും ചിത്രങ്ങളും എല്ലാം നിറച്ച മനോഹരമായ ഈ ക്ഷേത്രങ്ങൾ ആണ് ഇവ. വൈരാവൻ ക്ഷേത്രം, കർപ്പക വിനായകർ ക്ഷേത്രം, കോട്ടയൂർ ശിവക്ഷേത്രം, കുന്ദ്രാകുടി മുരുകൻ ക്ഷേത്രം എന്നിവയെല്ലാമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ. ഒരു ക്ഷേത്ര സംസ്കാരം തന്നെ ഇവിടെ നിലനിന്നിരുന്നു എന്ന് നമുക്ക് ഇവിടെ എത്തിയാൽ കാണാൻ സാധിക്കും. ചെറുതും വലുതുമായ ക്ഷേത്രങ്ങൾക്ക് ചുറ്റിലും ആണ് ഗ്രാമങ്ങൾ രൂപപ്പെട്ടത്. ഇവരുടെ വാണിജ്യവും ജീവിതവും സംസ്കാരവും എല്ലാം ഈ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി തന്നെയാണ് ഉള്ളത്.
രുചിയുടെ കലവറ
ചെട്ടനാടിനെ കുറിച്ച് ഒന്നും കേട്ടിട്ടില്ലെങ്കിലും ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് കേട്ടിട്ടോ കണ്ടിട്ടോ എങ്കിലും ഉണ്ടാകും. മറ്റൊന്നുമല്ല അത്. കേരളത്തിലെ ഹോട്ടലുകളിൽ ഉൾപ്പെടെ തീൻ മേശയിൽ എത്തുന്ന മെനു കാർഡിൽ ഒരു വിഭവം നിങ്ങൾ കണ്ടിട്ടുണ്ടാകും. ചിക്കൻ ചെട്ടിനാട്. അതെ ഇത്രയും പറഞ്ഞുവന്ന ചെട്ടിനാടിനെ ചേർത്തുവെക്കുന്നത് തന്നെയാണ് ഈ പറഞ്ഞ മെനുവിലെ ഐറ്റവും. ഈ ചിക്കൻ വിഭവത്തിന്റെ ഉത്ഭവം നമ്മുടെ ഈ ചെട്ടിനാട്(chettinad) തന്നെ. കേവലം ചിക്കനിൽ ഒതുങ്ങുന്നില്ല അവരുടെ രുചി വൈവിധ്യങ്ങൾ. മാംസാഹാരികളെയും സസ്യാഹാരികളെയും ഒക്കെ തൃപ്തിപ്പെടുത്താൻ പറ്റുന്ന തരത്തിലുള്ള വിഭവങ്ങൾ ഈ നാട്ടിൽ നിന്ന് പുറംലോകത്ത് എത്തിയിട്ടുണ്ട്. ഒരുപക്ഷേ നിങ്ങൾ ഹോട്ടലുകളിൽ നിന്ന് കഴിച്ചിട്ടും ഉണ്ടാകും. പക്ഷേ ഇതൊക്കെ അതിന്റെ തനത് രുചിയിൽ അറിയണമെങ്കിൽ ഇപ്പോഴും ഈ ചെട്ടിനാട്ടിലേക്ക് തന്നെ എത്തണം. വൈവിധ്യങ്ങളുടെ കലവറ സൃഷ്ടിക്കുന്ന രുചി പെരുമയുമായി ഈ നാട്ടിൽ നിരവധി ഭക്ഷണശാലകൾ ഇപ്പോഴുമുണ്ട്.

ചിക്കൻ മാത്രമല്ല മത്സ്യവും ഇവരുടെ പ്രധാനപ്പെട്ട ഇഷ്ട വിഭവമാണ്. ചെമ്മീനും ഞണ്ടും എല്ലാം ഇവർക്ക് പ്രിയപ്പെട്ടത് തന്നെ. സുഗന്ധവ്യഞ്ജനങ്ങൾ പണ്ടേ വാണിജ്യ ആവശ്യത്തിന് കൈകാര്യം ചെയ്തിരുന്ന ചെട്ടിനാട്ടുകാർ അവരുടെ തനത് വിഭവങ്ങളിലും കാര്യമായിത്തന്നെ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക മണം തന്നെയാണ് ഈ വിഭവങ്ങൾക്ക് എല്ലാം. എരിവും പുളിയും മസാലയും ഒപ്പും എല്ലാം നിറച്ച് വ്യത്യസ്തമായ ഒരു രുചിക്കൂട്ട് തന്നെ ഇവർക്ക് ഉണ്ട്. വെയിലത്ത് ഉണക്കിയെടുക്കുന്ന ഇറച്ചി ഇവിടത്തെ പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ്. അതും വിവിധതരത്തിൽ പാകം ചെയ്തത് നിങ്ങൾക്ക് കിട്ടും. ഉപ്പിലിട്ട വിവിധയിനം പച്ചക്കറികളും ചെട്ടിനാട്ടിൽ പ്രത്യേകമായി കാണാം. നല്ല വെയിലുള്ള പ്രദേശമായതുകൊണ്ട് തന്നെയാണ് ഇവർ ഇതെല്ലാം ഉണക്കി പിന്നീട് ഉപയോഗിക്കുന്ന നിലയിലേക്ക് കൊണ്ട് വരുന്നത്.
വിദേശത്ത് പണ്ടേ സഞ്ചരിച്ചിരുന്നവർ ആയതുകൊണ്ട് തന്നെയാണ് ക്ഷേത്ര നഗരം ആയിരുന്നെങ്കിൽ പോലും ഇത്രയധികം മാംസാഹാരങ്ങളുടെ രുചി വൈവിധ്യങ്ങൾ ഇവിടെ ലഭിക്കുന്നത്. ചിക്കൻ ചെട്ടിനാടിനെ കൂടാതെ പെപ്പർ ചിക്കൻ, വിവിധയിനം വറുത്ത സാധനങ്ങൾ, മുറുക്ക് ,വടഎന്നിവയും ഇവിടെ പ്രത്യേക രുചിയിൽ കിട്ടും. തേങ്ങാപ്പാൽ ചേർത്ത കറികളാണ് ചെട്ടിനാടിന്റെ മറ്റൊരു കയ്യൊപ്പ്. ഇവയെല്ലാം അതിന്റെ തനത് രുചിയിൽ കഴിക്കണമെങ്കിൽ ചെട്ടിനാട്ടിലേക്ക് തന്നെ പോകണമെന്ന് വീണ്ടും നിങ്ങളെ ഓർമിപ്പിക്കുകയാണ്.
വഴി ഇതാണ്
കേരളത്തിൽ നിന്ന് പല വഴിയിലൂടെയും നിങ്ങൾക്ക് ചെട്ടിനാട്ടിൽ എത്താം. അതായത് കാരെയ്കുടിയിൽ(karakudi) എത്തിയശേഷം വിവിധ ഗ്രാമങ്ങൾ തേടി പോകുന്നതായിരിക്കും നല്ലത്. ആത്തംഗുടി, കാണാടുകാതൻ തുടങ്ങി വിവിധ ഇടങ്ങൾ പറ്റിയ ഇടങ്ങളാണ്. എന്നാൽ ചിലയിടത്തെ പാലസുകളിൽ പ്രവേശനമില്ല. എവിടെയെത്തിയാലും ചുറ്റുമുള്ള തെരുവുകളിൽ എല്ലാം നിങ്ങൾക്ക് നടന്ന് ഭവനങ്ങൾ കാണാം. ചില ബംഗ്ലാവുകൾക്ക് 50 രൂപ ടിക്കറ്റ് എടുത്താൽ ഉള്ളിൽ കയറി കാഴ്ചകൾ എല്ലാം കാണാം. ഇവിടെ താമസിക്കുന്നവർ തന്നെ ചെട്ടിനാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വിവരങ്ങളും എല്ലാം നിങ്ങൾക്ക് പറഞ്ഞു തരും.

കേരളത്തിൽ മലബാർ മേഖലയിലുള്ളവർക്ക് പാലക്കാട് വഴി ചെട്ടിനാട് എത്തുന്നതാണ് ഉചിതം. സാമാന്യം വലിയൊരു നഗരം തന്നെയാണ് കാരയ്കുടി(karakudi).പാലക്കാട് നിന്ന് തിരിച്ചാൽ പൊള്ളാച്ചി-ധാരാപുരം- ഡിണ്ടിഗൽ വഴി നിങ്ങൾക്ക് ഇവിടെ എത്താം. കേരളത്തിൽനിന്ന് വിവിധ ബസുകൾ ഡിണ്ടിഗൽ വരെ ഉണ്ട്.അവിടെ നിന്നും തമിഴ്നാട് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ബസ്സുകൾ നിങ്ങൾക്ക് കിട്ടും.
മധ്യകേരളത്തിൽ നിന്ന് പോകുന്നവർ കുമളി ചെക്ക് പോസ്റ്റ് കടന്നുപോകുന്നത് ആകും നല്ലത്. അവിടെനിന്നും തേനി വഴി ഡിണ്ടിഗൽ എത്തണം. പിന്നീട് നിങ്ങൾക്ക് നേരത്തെ പറഞ്ഞപോലെ ബസ്സുകൾ ലഭ്യമാകും. ദക്ഷിണ കേരളത്തിൽ നിന്ന് വരുന്നവർക്കും വിവിധ വഴികൾ ഉണ്ട്. തിരുവനന്തപുരത്തുനിന്ന് പോകുന്നവർ നേരെ തിരുനെൽവേലി എത്തി ശിവകാശി, മധുരൈ വഴി നിങ്ങൾക്ക് കാരയ്കുടിയിലെത്താം(karakudi). കൊല്ലം ജില്ലയിൽ നിന്ന് പോകുന്നവർ പുനലൂർ, തെങ്കാശി വഴി തിരുനെൽവേലിയിൽ എത്തിയാൽ അവിടെ നിന്നും മധുര വഴി ഇവിടെയൊക്കെ പോകാം.
ബസുകൾ മാത്രമല്ല ട്രെയിൻ മാർഗ്ഗവും ഈ മേഖലയിലേക്ക് എത്താൻ സാധിക്കും. നേരത്തെ പറഞ്ഞ വിവിധ പ്രദേശങ്ങളിൽ തിരിച്ച് ട്രെയിനുകൾ കണ്ടെത്തുന്നതാണ് ഉചിതം. തെക്കുനിന്ന് പോകുന്നവർക്ക് അടുത്തുള്ള പ്രധാന നഗരം മധുരയാണ്. വടക്കുനിന്നുള്ളവർക്ക് ഡിണ്ടിഗലും. കൊല്ലത്തുനിന്ന് യാത്ര ചെയ്യുന്നവർക്ക് കാരയ്കുടി (karakudi)വരെ പോകുന്ന വേളാങ്കണ്ണി എക്സ്പ്രസ് ഉള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. ഇത് എറണാകുളത്ത് നിന്നും തുടങ്ങി കോട്ടയം വഴി കൊല്ലത്തെത്തിയ ശേഷമാണ് യാത്ര പുറപ്പെടുന്നത്. അതുകൊണ്ട് മധ്യകേരളത്തിൽ ഉള്ളവർക്കും ഇതൊരു അനുഗ്രഹമാണ്. എന്നാൽ തിങ്കൾ ശനി ദിവസങ്ങളിൽ മാത്രമാണ് ഈ ട്രെയിൻ ഓടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഏതായാലും രാജ്യത്തിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട ഇടങ്ങൾ തന്നെയാണ് പൗരാണിക നഗരങ്ങൾ. നമ്മുടെ നാടിന്റെ വളർച്ചയിൽ ഈ പ്രദേശങ്ങളെല്ലാം നടത്തിയ സംഭാവന ചെറുതല്ല. അതൊക്കെ നേരിട്ട് കണ്ട് ആസ്വദികക്കുക തന്നെ വേണം.


