സുഗന്ധവ്യഞ്ജനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമ്പൂ. നമ്മുടെയൊക്കെ അടുക്കളകളിൽ കാലങ്ങളായി ഇടംപിടിച്ച ഒരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന ഇനം. എന്നാൽ ഗ്രാമ്പൂ കൊണ്ടുള്ള ആരോഗ്യ ഗുണം നമുക്ക് പലർക്കും അറിയുന്നുണ്ടാകില്ല.മുൻ കാലങ്ങളിൽ ഗ്രാമ്പൂവും ഏലക്കയും ഒക്കെ പലതരത്തിലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പൊൾ ഇതിന്റെ ഗുണമറിഞ്ഞ് ഉപയോഗിക്കുന്ന എത്രപേരുണ്ട് എന്നത് സംശയം തന്നെയാണ്. ഏലയ്ക്ക ഒരുപക്ഷേ ചായയിൽ ഇട്ടാൽ കിട്ടുന്ന രുചിയും അതിന്റെ മണവും ഒക്കെ നിങ്ങളെ ആകർഷിച്ചിട്ടുണ്ടാകും. അതുപോലെ ഒന്നുതന്നെയാണ് ഗ്രാമ്പൂ. എന്നാൽ എത്രപേർ ഇന്ന് ഗ്രാമ്പൂ നേരിട്ട് ചവക്കാറുണ്ട്? അങ്ങനെയൊരു ശീലം തന്നെ ഇല്ലാത്തവർ ഇനി തുടങ്ങുന്നത് നല്ലതാണ്. ഒരു രസത്തിന് ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവയ്ക്കുക എന്നല്ല പറഞ്ഞുവരുന്നത്. അതിന്റെ ഗുണങ്ങൾ അറിഞ്ഞു തന്നെ വേണം ഗ്രാമ്പൂ ചവയ്ക്കാൻ. ആരോഗ്യ സംരക്ഷണത്തിന്റെ കൂടി ഭാഗമാണ് ഇത്തരം സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം. എന്നാൽ എപ്പോൾ എങ്ങനെ വേണം ഇത് ഉപയോഗിക്കാൻ എന്നു കൂടി നമ്മൾ മനസ്സിലാക്കണം. മനസ്സിലാക്കിയാൽ ഇന്നത്തെ തലമുറ ഉൾപ്പെടെ ഇതിന്റെ ഉപയോഗം കാര്യമായി നിത്യജീവിതത്തിന്റെ ഭാഗമാകാൻ തന്നെയാണ് സാധ്യത.
പണ്ടുകാലത്ത് ഗ്രാമ്പൂ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ആ തലമുറയിൽ പെട്ടവർ ഇതിന്റെ ഗുണം അറിഞ്ഞു തന്നെ കഴിക്കുന്നവർ ആയിരുന്നു.സാധാരണഗതിയിൽ ഭക്ഷണം കഴിച്ച ശേഷമാണ് ഒന്നോ രണ്ടോ ഗ്രാമ്പൂ വായിൽ ഇട്ട് ചവക്കാറുള്ളത്. ശരീരത്തിൽ ഇതുമൂലം ഉണ്ടാകുന്ന ഗുണങ്ങൾ തിരിച്ചറിഞ്ഞു തന്നെയാകും പലരും ഇത് ചെയ്തിട്ടുണ്ടാവുക. കുറഞ്ഞത് ഇത് കഴിക്കുന്നത് മൂലം വായുടെ ശുചിത്വത്തിന് ഇത് സഹായകരമാണ് എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. മാത്രമല്ല ദഹനപ്രക്രിയയിലും ഇത് ചവയ്ക്കുന്നത് മൂലം ഉണ്ടാകുന്ന ഗുണം മനസ്സിലാക്കിയവരായിരിക്കും പലരും.
എന്തായാലും ഗ്രാമ്പുവിനെ കുറിച്ച് വലിയ ധാരണയില്ലാത്തവർ ഒന്നു മനസ്സിലാക്കുക. ഭക്ഷണശേഷം ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് മൂലം ഒരുപാട് ഗുണങ്ങളുണ്ട്.
ഗ്രാമ്പുവിന്റെ ഗുണങ്ങൾ
കഴിക്കുന്ന ഭക്ഷണം അസിഡിറ്റി ഉണ്ടാക്കുന്നു എന്ന പരാതിയുള്ളവരാണ് നിങ്ങളിൽ പലരും. പ്രത്യേകിച്ച് നമ്മുടെ ജീവിതശൈലി ആകെ മാറിയ സാഹചര്യത്തിൽ. വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്ന രീതി പതുക്കെ മാറിക്കൊണ്ടിരിക്കുകയാണ്. നാട്ടിൽ ആകെ ഹോട്ടലുകൾ കൂണുകൾ പോലെ മുളച്ചു പൊന്തുന്നു. പുതിയതരം ഭക്ഷണശീലങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഒരുകാലത്ത് പൊറോട്ടയാണ് പുതിയ തരംഗമായി വന്നതെങ്കിൽ പിന്നീട് ചൈനീസ് ഭക്ഷണശൈലിയോട് ആയി നമ്മുടെ താല്പര്യം. ഇത് നിലനിൽക്കുമ്പോൾ തന്നെ അറേബ്യൻ ഭക്ഷണ ശൈലികൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു.അറേബ്യൻ ഭക്ഷണരീതികൾ കൊണ്ടുള്ള വിഭവങ്ങൾ നിറഞ്ഞ നിരവധി ഹോട്ടലുകൾ ആണ് നഗരങ്ങളിൽ മാത്രമല്ല വഴിവക്കുകളിലും നിറഞ്ഞിരിക്കുന്നത്. അങ്ങനെ അൽഫാമും ബാർബിക്യുവും കുഴിമന്തിയും എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ബ്രോസ്റ്റഡ് ചിക്കൻ വിൽക്കുന്ന മൾട്ടി നാഷണൽ കമ്പനികളും നമ്മുടെ ചെറിയ ഗ്രാമങ്ങളിൽ പോലും കടകൾ തുടങ്ങിക്കഴിഞ്ഞു. അങ്ങനെ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും വലിയ മാറ്റമാണ് നമ്മുടെ ഭക്ഷണ സംസ്കാരത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ഉണ്ടായിരിക്കുന്നത്.
പറഞ്ഞുവന്നത് അസിഡിറ്റിയെ കുറിച്ചാണ്. നമ്മുടെ ഓരോരുത്തരുടെയും ശരീര രീതികളും വയറിന്റെ സ്വഭാവങ്ങളും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പലതരം പ്രതിക്രിയകളും നമ്മുടെ ശരീരത്തിൽ ഉണ്ടാകും. വ്യായാമമില്ലാതെ ഭക്ഷണം കഴിക്കുന്നത് മാത്രം ശീലമാക്കിയ നമുക്ക് ഇതുമൂലം ഉണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലാതായി. എന്നാൽ പല ഭക്ഷണങ്ങളും രുചിയോടെ കഴിച്ച ശേഷം നമുക്കുണ്ടാകുന്ന അസിഡിറ്റി പലരെയും അലട്ടാറുണ്ട്. ഗ്യാസ്ട്രബിളും വലിയ വില്ലനായി വരുന്നു. ഇതെല്ലാം പെട്ടെന്ന് മാറണമെന്ന് ആഗ്രഹമുള്ളവർ ആയിരിക്കും നമ്മളിൽ കൂടുതലും. അതുകൊണ്ടുതന്നെ

ഇതിനായി ഭക്ഷണശേഷം പല മരുന്നുകളും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഭക്ഷണം കഴിച്ച ശേഷം മരുന്നുകളെ സ്ഥിരമായി ആശ്രയിക്കുന്നത് എത്രത്തോളം ഗുണമാണ്? പലപ്പോഴും അമിതമായ മരുന്നുകളുടെ ഉപയോഗം നമുക്ക് വലിയ പ്രതിസന്ധികൾ തന്നെ സൃഷ്ടിക്കാറുണ്ട്. ഇതിനെയൊക്കെ മറികടക്കാൻ പറ്റുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഈ പറയുന്നത്. ഭക്ഷണം മൂലം ഉണ്ടാകുന്ന അസിഡിറ്റി മാറ്റാൻ ഗ്രാമ്പൂ ഇതിനൊരു നല്ല പ്രതിവിധി ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ഭക്ഷണങ്ങളും നിങ്ങൾക്ക് ആസിഡിറ്റി ഉണ്ടാക്കാറില്ല. ചില പ്രത്യേക തരം ഭക്ഷണം കഴിക്കുമ്പോൾ അത് നിങ്ങളുടെ ശരീരത്തിൽ അമിതമായ നിലയിൽ ആസിഡ് ഉൽപാദനം നടത്തുന്നുണ്ട്. ഇതാണ് വയറിനുള്ളിലെ എരിച്ചിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. ഇനി അങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകുന്നവരാണ് നിങ്ങൾ എങ്കിൽ ഭക്ഷണശേഷം ഒന്നോ രണ്ടോ ഗ്രാമ്പൂ ചവച്ചിറക്കിയാൽ നിങ്ങളുടെ വയറെരിച്ചിൽ മാറും എന്നാണ് വിദഗ്ധരായ ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടുന്നത്.
വയറിന് മാത്രമല്ല പല്ലിനും ഗുണം.
ഭക്ഷണശേഷം ഗ്രാമ്പൂ കഴിക്കുന്നതുമൂലം അസിഡിറ്റിയെ നിയന്ത്രിക്കാൻ കഴിയുമെന്ന് മനസ്സിലായല്ലോ! ഏതായാലും ഇതൊന്നു സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചു നോക്കുക. ദിവസവും കഴിക്കണം എന്ന നിർദ്ദേശമല്ല പറയുന്നത്. ഗ്രാമ്പു ചവയ്ക്കുന്നത് ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്ക് അസിഡിറ്റി ഉണ്ടാകുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ എങ്കിലും ഇത് ചവച്ചു നോക്കുക. ഗുണം കിട്ടാനാണ് സാധ്യത. കേവലം അസിഡിറ്റിയെ മാത്രമല്ല ഗ്രാമ്പൂ നിയന്ത്രിക്കുന്നത്. പല്ലിന്റെ ആരോഗ്യത്തിനും ഗ്രാമ്പൂ വളരെ ഗുണകരമാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പല ഭക്ഷണസാധനങ്ങളും കഴിക്കുമ്പോൾ പല്ലിന്റെ ഇനാമലിനെ ഉൾപ്പെടെ നശിപ്പിക്കുന്നു എന്നാണ് കാണുന്നത്. എന്നാൽ ഗ്രാമ്പൂ ചവച്ചാൽ വായിലെ പി.എച്ച് നിലനിർത്തുന്നതിന് അത് സഹായകരമാണ്. അതുകൊണ്ടുതന്നെ ഗ്രാമ്പു ചവയ്ക്കുന്നത് പല്ലിനെ സംരക്ഷിക്കുന്നു. ഫലത്തിൽ ആസിഡ് അറ്റാക്കിനെ തടയുന്നതിന് ഇത് ഗുണകരമാണ് എന്ന് അർത്ഥം.
വായ്നാറ്റം പമ്പകടക്കും
സാധാരണ രാവിലെയും രാത്രിയും ഒക്കെ പല്ല് തേക്കുന്ന രീതിയാണ് മലയാളികൾക്ക് ഉള്ളത്. ദന്ത സംരക്ഷണത്തിൽ കഴിയാവുന്നതെല്ലാം ചെയ്യാറുണ്ട്. എന്നാൽ വായ്നാറ്റം ഒരു വില്ലനായി അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. വായ്നാറ്റം ഉള്ളതുകൊണ്ടുതന്നെ തൊട്ടടുത്തു നിൽക്കുന്ന മനുഷ്യരോട് സംസാരിക്കാൻ തന്നെ സങ്കോചം തോന്നുന്നവരും ഉണ്ടാകും. പൊതുവിടങ്ങളിലും സൗഹൃദ വലയങ്ങളിലും എല്ലാം ഇതുമൂലം പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നവരും അപൂർവമായെങ്കിലും ഉണ്ടാകും. എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധിയാണ് ഗ്രാമ്പുവിന്റെ ഉപയോഗം. ഗ്രാമ്പു ചവയ്ക്കുന്നത് മൂലം വായ്നാറ്റം അകറ്റാൻ നിങ്ങൾക്ക് സാധിക്കും. കേവലം വായ്നാറ്റം ഇല്ലാതാകുക എന്നതല്ല ഇതിന്റെ യഥാർത്ഥ ഗുണം. ഗ്രാമ്പൂ ചവക്കുന്നത് മൂലം

വായിൽ നിലനിൽക്കുന്ന ബാക്ടീരിയ കൂടി ആണ് ഇല്ലാതാകുന്നത്. അതായത് വായ്നാറ്റത്തിന്റെ യഥാർത്ഥ കാരണം വായിൽ ഉള്ള ഈ ബാക്ടീരിയകളാണ്. ഗ്രാമ്പൂ കഴിക്കുന്നത് മൂലം ബാക്ടീരിയ ഇല്ലാതാകുന്നതോടെ ഈ ദുർഗന്ധവും അകന്നു പോകുന്നു. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന ‘യൂജിനോള്‍’ എന്ന പദാർത്ഥം ആണ് ബാക്ടീരിയയെ നശിപ്പിക്കുന്നത്.സാധാരണ വായ്നാറ്റം ഇല്ലാതാക്കാൻ നിങ്ങൾ പലതും ഉപയോഗിക്കുന്നുണ്ടെങ്കിലും അവ നാറ്റം മാത്രമാണ് ഇല്ലാതാക്കുക. എന്നാൽ ഗ്രാമ്പൂ ബാക്ടീരിയകളെ ഇല്ലാതാക്കി വായ ശുദ്ധമാക്കുന്ന അധിക ജോലി ചെയ്യുന്നു. പണം കൊടുത്ത് പുറത്തുനിന്ന് പലതും വാങ്ങി ഉപയോഗിക്കുന്നതിന് പകരം വീട്ടിലുള്ള ഗ്രാമ്പൂ തന്നെ നിങ്ങളെ ഇതിന് സഹായിക്കുന്നു.
മോണ വീക്കത്തിനും ഗുണം
ഗ്രാമ്പുവിന്റെ ഗുണം പ്രധാനമായും വയറിൽ മാത്രമല്ല വായിലും ഉണ്ടെന്ന് ഇതിനകം നിങ്ങൾക്ക് മനസ്സിലായിക്കാണും. വായകളെ ശുദ്ധീകരിക്കുന്നു എന്നത് മാത്രമല്ല ഗ്രാമ്പുവിന്റെ പ്രയോജനം. ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ ഗ്രാമ്പൂ വായയെ ശുദ്ധമാക്കുന്നതിനൊപ്പം നിങ്ങളുടെ മോണകളെയും സംരക്ഷിക്കും.
മോണകളുടെ വീക്കം പലപ്പോഴും പലർക്കും വെല്ലുവിളി ആകാറുണ്ട്. അണുബാധ ആണ് പലപ്പോഴും മോണകളെ കാര്യമായി ബാധികുന്നത്. എന്നാൽ ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങൾ മോണ വീക്കവും അണുബാധയും ഒഴിവാക്കി തരുന്നു. പല്ലുകളെ കൂടുതൽ ഉറപ്പിച്ചു നിർത്തുന്നത്തിനും ഗ്രാമ്പൂ ചവയ്ക്കുന്നത് ഗുണം ആണ്.
പലപ്പോഴും പല്ലുവേദന ഉൾപ്പെടെ മാറ്റിനിർത്തുന്നതിന് ഗ്രാമ്പു ഉപയോഗിക്കുന്ന രീതിയുണ്ട്. പണ്ടുകാലത്ത് മുതൽ വീടുകളിൽ ചെയ്തിരുന്ന രീതിയാണിത്. ആ നിലയിലും ഗ്രാമ്പൂ നിങ്ങൾക്ക് ഗുണകരമാണ്. മൗത്ത് വാഷുകളെ ആശ്രയിക്കാതെ പരമ്പരാഗത രീതിയായ ഗ്രാമ്പൂവിൽ അഭയം തേടുന്നത് നിങ്ങൾക്ക് ഗുണകരമാണ്. എന്നാൽ നല്ല ഗുണനിലവാരം ഉള്ളതും വിഷരഹിതവും ആയ ഗ്രാമ്പൂ തെരഞ്ഞെടുക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.


