പലപ്പോഴും അടിയന്തരമായി വിമാനയാത്ര ചെയ്യേണ്ടി വരുന്നവരാണ് നിങ്ങൾ. വളരെ അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ഉയർന്ന തുക നൽകേണ്ടിവരും. ഓരോ വിമാന കമ്പനികളുടെയും റേറ്റുകളിൽ അടക്കം വ്യത്യാസം വരാറുണ്ട്. യാത്ര റദ്ദാക്കിയാൽ പണം റീഫണ്ട് ചെയ്തു കിട്ടാൻ ഒരു മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഈ സാഹചര്യങ്ങൾ എല്ലാം മാറുകയാണ്. യാത്രക്കാർക്ക് ഗുണപരമായ ഒരുപാട് മാറ്റങ്ങൾ വരുന്നു. അത് എന്തൊക്കെയെന്ന് അറിയാം.
മാറ്റങ്ങൾ ഇതൊക്കെ ആണ്
വിമാനയാത്ര റദ്ദാക്കുക, തീയതി മാറ്റി യാത്ര ചെയ്യുക ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.അത്തരക്കാർക്ക് ഗുണമുണ്ടാകുന്ന ഒരുപാട് മാറ്റങ്ങൾ വിമാനയാത്രയിൽ ഇനിമുതൽ വരുന്നു. ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ വിമാന ടിക്കറ്റ് റദ്ദാക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനിമുതൽ ഇതിനായി അധിക ചാർജ് നൽകേണ്ടി വരില്ല. 48 മണിക്കൂർ വരെ അധിക ചാർജ് കൊടുക്കാതെ യാത്രാ ഡേറ്റ് മാറ്റിയെടുക്കാനും സാധിക്കും.
തീരുമാനം നടപ്പാക്കാൻ പക്ഷേ മാർച്ച് 26 വരെ കാത്തിരിക്കണം എന്ന് മാത്രം. പുതുക്കിയ മാനദണ്ഡങ്ങൾ അന്നുമുതലാണ് പ്രാബല്യത്തിൽ വരിക. മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റുന്നുണ്ടെങ്കിൽ ആ വിമാനത്തിന്റെ റേറ്റ് ചിലപ്പോൾ അധികമായി നൽകേണ്ടി വന്നേക്കാം. അതായത് മറ്റൊരു സമയത്തോ തീയതിയിലോ പോകുന്ന വിമാനങ്ങൾക്കുള്ള യാത്ര നിരക്കിലെ മാറ്റം നിങ്ങൾക്ക് ബാധകമാണ് എന്നർത്ഥം. എന്നാൽ ആഭ്യന്തര യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ കുറഞ്ഞത് ഏഴു ദിവസം മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അന്താരാഷ്ട്ര ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 15 ദിവസം വരെ ഉള്ള ടിക്കറ്റ് ആണ് എടുത്തതെങ്കിൽ ആനുകൂല്യമില്ല. അതായത് ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം മുതൽ 7 ദിവസം കഴിഞ്ഞുള്ള ആഭ്യന്തര യാത്രകൾക്ക് ആണ് അധിക നിരക്ക് നൽകാതെ റദ്ദാക്കാനും മാറ്റം വരുത്താനും(Look in Option)അവസരം. അന്താരാഷ്ട്ര യാത്ര യാണെങ്കിൽ 15 ദിവസം കഴിഞ്ഞുള്ളവയ്ക്കും. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.
പക്ഷേ ചില നിബന്ധനകൾ ഉണ്ട്
നിരവധി ഓൺലൈൻ വെബ്സൈറ്റുകളും ആപ്പുകളും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഇപ്പോൾ ഉണ്ട്. പെട്ടെന്ന് മൊബൈലിൽ എടുത്ത് ക്ലിക്ക് ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ അത്തരക്കാർക്ക് മുകളിൽ പറഞ്ഞ മാറ്റങ്ങളുടെ ഗുണം ലഭിക്കില്ല. ടിക്കറ്റുകൾ വിമാന കമ്പനികളുടെ സൈറ്റിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും നേരത്തെ പറഞ്ഞ ഇളവുകൾ ലഭിക്കുക. അല്ലെങ്കിൽ കമ്പനികളുടെ നേരിട്ടുള്ള കൗണ്ടറുകളിൽ നിന്ന് ബുക്ക് ചെയ്യുന്നവർക്ക്. അതുകൊണ്ടുതന്നെ ഇനി ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
വിവരങ്ങൾ തെറ്റിപ്പോയാൽ
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിങ്ങളുടെ വിവരങ്ങൾ തെറ്റായി നൽകിയിട്ടുണ്ടോ? അത് തിരുത്തി നൽകുന്നതിനും അധിക ചാർജ് നൽകേണ്ടി വരുന്ന സ്ഥിതിയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ബുക്കിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ ആ തെറ്റ് തിരുത്താനും ഇനി അവസരമുണ്ട്. 24 മണിക്കൂറിനുള്ളിൽ ആണെങ്കിൽ തെറ്റ് തിരുത്താൻ അധിക ചാർജ് നൽകേണ്ടി വരില്ല എന്നർത്ഥം. പക്ഷേ അവിടെയും ഗുണം വിമാന കമ്പനികളുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഉള്ളത്.
റീഫണ്ട് കിട്ടാൻ കാത്തിരിക്കേണ്ട
ടിക്കറ്റ് റദ്ദാക്കിയാൽ ഒരു മാസത്തിനുള്ളിൽ റീഫണ്ട് (refund)എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന രീതി. എന്നാൽ ഈ രീതിക്ക് മാറ്റം വരുന്നു. 14 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് പൂർത്തിയാക്കണം എന്നാണ് വിമാന കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഏജന്റ്മാർ വഴിയോ മറ്റ് വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യുന്നവർക്കും ഇത് ബാധകമാണ്. റീഫണ്ട് ചെയ്യാനുള്ള ഉത്തരവാദിത്വം വിമാന കമ്പനികൾക്കാണ് ഇനി ഉള്ളത് എന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(DGCA) വ്യക്തമാക്കി. വിമാന കമ്പനികളുടെ പ്രതിനിധികളാണ് ഏജന്റുമാർ ഇവർ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ നിർദ്ദേശം.
റീഫണ്ട് ഇങ്ങനെ
ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് എങ്കിൽ നിങ്ങൾക്ക് ഗുണം ഉണ്ട്. ഏഴു ദിവസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഉടമയുടെ അക്കൗണ്ടിലേക്ക് പണം തിരികെ നൽകണം എന്നാണ് പുതിയ ഉത്തരവ്. നേരിട്ട് പണം തന്നെ നൽകി ടിക്കറ്റ് എടുക്കുന്നവർ ആണെങ്കിൽ ടിക്കറ്റ് എടുത്ത ഓഫീസിൽ നിന്നും ഉടൻതന്നെ റദ്ദാക്കിയ പണം റീഫണ്ട് ആയി നൽകണം. ഏജന്റ്മാർ അല്ലെങ്കിൽ ട്രാവൽ പോർട്ടലുകൾ വഴി ബുക്ക് ചെയ്തവർ ആണെങ്കിൽ 14 ദിവസത്തെ കാലാവധി ആണ് റീഫണ്ടിനായി അനുവദിച്ചിരിക്കുന്നത്. റീഫണ്ട് തുക എയർലൈൻസ് തന്നെ യാത്രക്കാരുടെ ക്രെഡിറ്റ് ഷെൽ(credit shell)ആയി സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതായത് യാത്രക്കാരുടെ കയ്യിലേക്ക് പണം നൽകാതെ അവരുടെ പേരിൽ തന്നെ വിമാന കമ്പനി പണം സൂക്ഷിക്കുന്ന രീതി. ഭാവിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇതിൽനിന്ന് നിങ്ങൾക്ക് പണം എടുക്കാൻ കഴിയും എന്നതായിരുന്നു പ്രത്യേകത. എന്നാൽ യാത്രക്കാരുടെ താല്പര്യം ഇക്കാര്യത്തിൽ പരിഗണിക്കണം എന്നതാണ് പുതിയ മാറ്റം. ക്രെഡിറ്റ് ഷെല്ലായി പണം സൂക്ഷിക്കാൻ താല്പര്യമില്ല എങ്കിൽ യാത്രക്കാരന്റെ അക്കൗണ്ടിലേക്ക് തന്നെ പണം നൽകാൻ തയ്യാറാകണം.
യാത്ര ചെയ്തില്ലെങ്കിലും പണം റീഫണ്ട്
യാത്ര ചെയ്യാത്ത ടിക്കറ്റുകൾ ആണെങ്കിൽ പണം ഒന്നും തിരികെ നൽകാനില്ല എന്ന നില ഉണ്ടായേക്കാം.നോൺ റീഫണ്ടബിൾ(non refundable ) അല്ലെങ്കിൽ നോ ഷോ (no show ) വിഭാഗങ്ങൾ എന്ന പൊതുവേ കാണുന്നവ. അവർക്ക് സർക്കാരിന്റെ നികുതിയായി ടിക്കറ്റിൽ ചുമത്തുന്ന പണം തിരികെ നൽകണം എന്നാണ് പുതിയ നിർദ്ദേശം പറയുന്നത്. ടിക്കറ്റിന്റെ സുതാര്യത ഉറപ്പാക്കാൻ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ക്യാൻസലേഷൻ ചാർജ്ജുകൾ കൃത്യമായി വ്യക്തമാക്കണം എന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു. ക്യാൻസലേഷൻ ചാർജ് പരിധി ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനെക്കാളും ഫ്യൂവൽ സർചാർജിനെക്കാളും കൂടാൻ പാടില്ല എന്നും പുതിയ ഉത്തരവിൽ പറയുന്നു.
ഒരു ഗ്രൂപ്പായി യാത്ര ചെയ്യുന്നവരിൽ ഒരാൾക്ക് മാത്രം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി യാത്രയിൽ നിന്ന് പിന്മാറുന്ന സാഹചര്യം വരാറുണ്ട്. അത്തരക്കാർക്കും ഇളവുകൾ ഉണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്ന രോഗികൾക്ക് പണം മടക്കി നൽകണം എന്നാണ് പുതിയ ഉത്തരവ് പറയുന്നത്. മറ്റ് അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ വിമാന കമ്പനിയുടെ എയറോ സ്പേസ് മെഡിസിൻ സ്പെഷ്യലിസ്റ്റ് അഭിപ്രായം പരിഗണിക്കും. റീഫണ്ട് തീരുമാനിക്കുക അതിനുശേഷം ആയിരിക്കും.


