കോവിഡ്ക്കാലം കഴിഞ്ഞതോടെ യാത്ര പ്രേമം കൂടി വന്ന ഒരു സാഹചര്യമാണ് എവിടെയും കാണാനുള്ളത്. ഒരുപാട് ആളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചുള്ള യാത്രകളാണ് കൂടുതലും. അവധി ദിവസങ്ങളിൽ ഇടുക്കിയും വയനാടും ഒക്കെ സഞ്ചാരികളെ കൊണ്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയാണ്. പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകൾ വിട്ട് പുതിയ പുതിയ ഇടങ്ങൾ കണ്ടെത്തുന്ന സഞ്ചാരികളും ഉണ്ട്.
ബൈക്ക് യാത്രികരായ ചെറുപ്പക്കാർ കണ്ടെത്തുന്ന സ്ഥലങ്ങളാണ് ഏറെ. സോളോ റൈഡുകളും ഗ്രൂപ്പ് റൈഡുകളും ഒക്കെ ഇന്ന് ഒരു ഹരമായി മാറിക്കഴിഞ്ഞു. ലഹരിയുടെ ഉപയോഗത്തിൽ നിന്ന് യാത്രയും റൈഡിങ്ങും ഒക്കെ ലഹരിയായി മാറ്റിയ വലിയൊരു വിഭാഗമാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. അഗസ്ത്യാർകൂടം മുതലുള്ള ട്രക്കിങ്ങുകൾ യുവാക്കളുടെ ഇഷ്ടവിനോദങ്ങളിൽ ഒന്നായി തീർന്നു. ഇതിനെല്ലാം സഹായകരമായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പ്ലാനുകളും ഒരുപാട് ആളുകൾക്ക് ഗുണമായി മാറുന്നുണ്ട്. പ്രത്യേകിച്ച് സാധാരണക്കാരായ വീട്ടമ്മമാർക്ക് പോലും വേണമെങ്കിൽ ഒറ്റയ്ക്ക് യാത്ര പോയി വരാൻ കഴിയുന്ന സാഹചര്യമാണ് കേരളത്തിൽ സൃഷ്ടിക്കപ്പെട്ടത്.
കാടുകളോടുള്ള പ്രണയവും മനുഷ്യർക്ക് കൂടി തുടങ്ങി. ഇതിലേക്ക് മനുഷ്യരെ അടുപ്പിച്ചതിൽ വ്ലോഗർമാർക്കുള്ള പങ്ക് ചെറുതല്ല. കാട്ടിലെ കടുവകളുടെയും ആനകളുടെയും പുലികളുടെയും ഒക്കെ ജീവിതം നേരിട്ട് പകർത്തി കാണിക്കുന്ന നിരവധി വ്ലോഗർമാരാണ് കേരളത്തിലുള്ളത്. മലയാളികളായ ഇവരെ കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്ലോഗർമാരും മനുഷ്യരെ കാട്ടിലേക്ക് അടുപ്പിക്കുന്നതിൽ പ്രധാനപ്പെട്ടവരായി മാറിക്കഴിഞ്ഞു. അങ്ങനെ യാത്രയുടെ പുതിയ വഴികൾ വികസിച്ചുകൊണ്ടിരിക്കുകയാണ്.
കേരള യാത്രകൾക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വിവിധ ടൂർ കമ്പനികൾ നടത്തുന്ന ട്രിപ്പുകൾക്ക് പുറമേ ഒറ്റയ്ക്ക് വർഷങ്ങളോളം സഞ്ചരിക്കുന്ന യാത്രികർ പോലും ഇന്ന് എല്ലാവർക്കും സുപരിചിതരാണ്. ടൂർ കമ്പനികൾ ഒന്നുമില്ലാതെ ബസ്സുകളെയും ട്രെയിനുകളെയും ഒക്കെ ആശ്രയിച്ച് മാത്രം യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും ഇന്നുണ്ട്. ഇന്റർനെറ്റിന്റെ വളർച്ചയോടെ എന്തറിവും ഒരു വിരൽത്തുമ്പിൽ നേടിയെടുക്കാൻ കഴിയുന്നു എന്നതാണ് സാധാരണക്കാർക്ക് കൈവന്ന ഗുണം. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏതു കോണിലേക്കും തങ്ങളുടെ ബജറ്റിൽ യാത്ര ചെയ്യാൻ നമ്മുടെ ആബാലവൃദ്ധം ജനങ്ങളും തയ്യാറായി കഴിഞ്ഞു. അങ്ങനെ നിങ്ങൾക്ക് കൊക്കിൽ ഒതുങ്ങാവുന്ന ബജറ്റിൽ നടത്താവുന്ന ഒരു വിദേശയാത്രയുടെ വിവരങ്ങൾ ആണ് ഇനി പറയുന്നത്.
യൂറോപ്പ് യാത്രയും ആഫ്രിക്കൻ സഫാരിയും അന്റാർട്ടിക്കയിലേക്കുള്ള യാത്രയുമൊക്കെ ഒരുപാട് ചിലവ് നിറഞ്ഞത് ആയിരിക്കും. എന്നാൽ വലിയ ചെലവില്ലാതെ നമ്മൾ ജീവിക്കുന്ന രാജ്യത്തിന് പുറത്തേക്ക് ഒരിക്കലെങ്കിലും ഒന്ന് പോകണം എന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. നമ്മുടെ രാജ്യത്തിന് പുറത്തുള്ള ഭക്ഷണവും മനുഷ്യരും അവിടുത്തെ ജീവിതവും സംസ്കാരവും കാഴ്ചകളും എല്ലാം കാണാൻ കൊതിയുള്ളവർ. അത്തരക്കാർക്ക് വളരെ എളുപ്പത്തിൽ പോകാവുന്ന ഒരു സ്ഥലത്തെ വിവരങ്ങളാണ് ഇനി പറയുന്നത്. നമ്മുടെ അയൽ രാജ്യമായ നേപ്പാളിലേക്ക്. നേപ്പാളിലെ തന്നെ കാഠ്മണ്ഡുവിലേക്ക് ട്രെയിൻ മാർഗ്ഗം ഒരു യാത്ര പോയാലോ. അതിന്റെ വിവരങ്ങൾ ഇനി പറയാം.

ഇന്ത്യയുടെ സ്വർഗ്ഗഭൂമിയാണ് ഹിമാലയം. ഹിമാലയത്തിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. ഹിമാലയ യാത്രയുടെ പുസ്തകങ്ങൾ വായിച്ച് നിർവൃതി അടഞ്ഞ വരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. ഹിമാലയത്തിന്റെ മടിത്തട്ടിൽ തന്നെയുള്ള സ്ഥലമാണ് നേപ്പാൾ. ഒരുപക്ഷേ ഇന്ത്യൻ സംസ്കാരങ്ങളോടും പ്രകൃതിയോടും ഒക്കെ ചേർന്ന് നിൽക്കുന്ന സ്ഥലം. ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളും എല്ലാം നിറഞ്ഞുനിൽക്കുന്ന പ്രദേശം. ആ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കാണ് ഈ ട്രെയിൻ യാത്ര.
നേപ്പാളിലേക്ക് ഒരു ട്രെയിൻ യാത്ര.
നേപ്പാളിലേക്ക് ഒരു ട്രെയിൻ യാത്ര എന്ന് പറയുമ്പോൾ ഒരു ട്രെയിനിൽ മാത്രം നമുക്ക് നേപ്പാളിൽ എത്താൻ കഴിയില്ല. പക്ഷേ നേപ്പാളിന് വളരെ അടുത്ത് സൗകര്യപ്രദമായ രീതിയിൽ എത്താവുന്ന ട്രെയിൻ സൗകര്യം കേരളത്തിൽ നിന്ന് ഉണ്ട്. അങ്ങ് തലസ്ഥാനമായ തിരുവനന്തപുരം മുതൽ ഉള്ളവർക്ക് ഈ ട്രെയിനിനെ ആശ്രയിച്ച് നേപ്പാളിൽ എത്താം.തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി) -ഗോരഖ്പൂർ രപ്തി സാഗർ എക്സ്പ്രസ് ആണ് നേപ്പാൾ യാത്രയ്ക്ക് നിങ്ങളെ സഹായിക്കുന്ന കേരളത്തിൽ നിന്നുള്ള ട്രെയിൻ. തിരുവനന്തപുരത്തെ പഴയ കൊച്ചുവേളിയിൽ(Thiruvananthapuram north) നിന്ന് യാത്ര തുടങ്ങുമെങ്കിലും മലബാറിൽ ഉള്ളവർക്ക് ഈ ട്രെയിനിൽ കയറണമെങ്കിൽ തൃശ്ശൂരിൽ എത്തണം. കാരണം ഈ ട്രെയിൻ ഷോർണൂരിൽ കയറാതെ ഒറ്റപ്പാലം പാലക്കാട് വഴിയാണ് യാത്ര പോകുന്നത്. തൃശ്ശൂർ വന്നില്ലെങ്കിൽ ഒറ്റപ്പാലം അല്ലെങ്കിൽ പാലക്കാട് പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് നിങ്ങൾക്ക് കയറാവുന്നതാണ്. കോഴിക്കോട് നിന്ന് കണക്ഷൻ ട്രെയിൻ സമയം നോക്കി ഇറങ്ങിയാൽ നിങ്ങൾക്ക് പാലക്കാട് നിന്ന് ഈ ട്രെയിനിൽ യാത്ര ചെയ്യാം.
കേരളത്തിൽ നിന്ന് യാത്ര തുടങ്ങുന്ന നിങ്ങൾ ട്രെയിനിന്റെ അവസാന സ്റ്റേഷൻ ആയ ഗോരഖ്പൂർ തന്നെ ഇറങ്ങണം. ഒരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. കൊച്ചുവേളിയിൽ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൻ ആണെങ്കിലും കോട്ടയത്തുള്ളവർക്ക് ഈ ട്രെയിനിൽ യാത്ര പോകാൻ ഒന്നുകിൽ എറണാകുളം ജംഗ്ഷനിൽ എത്തണം. കാരണം കായംകുളത്ത് നിന്ന് ആലപ്പുഴ വഴിയാണ് ഈ ട്രെയിൻ പോകുന്നത്. നിങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ നിന്ന് ട്രെയിനിൽ കയറിയാൽ മതിയാകും. കായംകുളം കഴിഞ്ഞാൽ ഹരിപ്പാടും അമ്പലപ്പുഴയും ആലപ്പുഴയും ചേർത്തലയും എല്ലാം ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്.
രാവിലെ 6:35 നാണ് ഇപ്പോൾ തിരുവനന്തപുരം നോർത്ത് എന്നറിയപ്പെടുന്ന പഴയ കൊച്ചുവേളി സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്നത്. 12512 എന്ന ട്രെയിൻ നമ്പർ സെർച്ച് ചെയ്താൽ രപ്തി സാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ മുഴുവൻ വിവരങ്ങളും നിങ്ങൾക്ക് അറിയാൻ കഴിയും. ട്രെയിൻ സമയങ്ങൾ പലപ്പോഴും മാറുന്നതുകൊണ്ടുതന്നെ നിങ്ങൾ പോകുന്നതിനു മുൻപ് അത്തരം വിവരങ്ങൾ ഒന്നുകൂടി തിരക്കുന്നത് നല്ലതായിരിക്കും. രാവിലെ 9:00 മണിക്ക് ആലപ്പുഴയിലും, 10.30 ന് എറണാകുളം ജംഗ്ഷനിലും ട്രെയിൻ എത്തും. ഏതാണ്ട് പ്രധാനപ്പെട്ട എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ട് എന്നതാണ് പ്രത്യേകത. ഒരു സൂപ്പർഫാസ്റ്റ് ട്രെയിൻ ആണെങ്കിലും കേരളത്തിൽ ഇത് ഒരു എക്സ്പ്രസിന്റെ ശൈലിയിലാണ് ഓടുന്നത് എന്ന് കാണാം. ഉച്ചയ്ക്ക് 12:15ന് തൃശൂരും,1:45 ന് പാലക്കാട് ജംഗ്ഷനും ഈ ട്രെയിൻ എത്തും. തുടർന്ന് കോയമ്പത്തൂർ, ഈറോഡ്, വിജയവാഡ,നാഗ്പൂർ, ഭോപ്പാൽ വഴിയാണ് ആണ് ട്രെയിനിന്റെ യാത്ര. മൂന്നുദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ഈ ട്രെയിനിൽ ഉള്ളത്. മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 3:15ന് ഈ ട്രെയിൻ ഗോരഖ്പൂർ ജംഗ്ഷനിൽ എത്തിച്ചേരും.
ട്രെയിനിനെ കുറിച്ച് അല്പം കാര്യങ്ങൾ കൂടി പറയാം. ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് രപ്തി സാഗർ എക്സ്പ്രസ് സർവീസ് നടത്തുന്നത്. അതായത് ചൊവ്വ,ബുധൻ, ഞായർ ദിവസങ്ങളിൽ ആണ് ട്രെയിനിന്റെ സർവീസുള്ളത്. തിരുവനന്തപുരം നോർത്തിൽ നിന്ന് ഗോരഖ്പൂർ വരെ 1, 110 രൂപ മാത്രമാണ് സ്ലീപ്പർ ടിക്കറ്റ് ചാർജ് ആയി നിങ്ങൾക്ക് നൽകേണ്ടി വരിക. തേർഡ് എസി ക്ലാസ്സിൽ 2,730 രൂപയാണ് ടിക്കറ്റ് ചാർജ്. സെക്കൻഡ് എസിയിൽ 3,945 രൂപ ചാർജ് വരും. ഫസ്റ്റ് എസിയിൽ 6,660 രൂപയാണ് ടിക്കറ്റ് നിരക്ക്. സാധാരണ യാത്ര ആഗ്രഹിക്കുന്ന നിങ്ങളെ സംബന്ധിച്ച് സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് എടുത്താൽ 1110 രൂപയ്ക്ക് ഗോരഖ്പൂർ വരെ യാത്ര ചെയ്യാം എന്നർത്ഥം.
എറണാകുളം പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നാണ് നിങ്ങൾ കയറുന്നതെങ്കിൽ നിങ്ങൾക്ക് ടിക്കറ്റ് നിരക്ക് ഇനിയും കുറയും.ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടോ എന്ന കാര്യവും നിങ്ങൾ തന്നെ നേരിട്ട് പരിശോധിക്കേണ്ടതാണ്. വളരെ കുറച്ചുദിവസം മാത്രമാണ് ട്രെയിൻ സർവീസ് നടത്തുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ വളരെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമായിരിക്കും നിങ്ങൾക്ക് റിസർവേഷൻ ലഭിക്കുക. ടിക്കറ്റ് കിട്ടിയില്ല എങ്കിൽ അവസാന നിമിഷം ഉള്ള തത്കാൽ പോലുള്ള സേവനങ്ങൾ നോക്കാവുന്നതാണ്. തിരുവനന്തപുരം മുതൽ ഗോരഖ്പൂർ വരെ 3,237 കിലോമീറ്റർ ദൂരം ചെറിയ തുകയ്ക്ക് യാത്ര ചെയ്യാം എന്നതാണ് ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രത്യേകത.
ഗോരക്പൂരിൽ നിന്ന് തുടർന്നുള്ള യാത്ര.

ഗോരഖ്പൂരിൽ നിന്റെ കേവലം മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ നിങ്ങൾക്ക് നേപ്പാൾ അതിർത്തിയിൽ എത്താം. ബസ്സിലോ ജീപ്പിലോ നിങ്ങൾക്ക് ഇവിടെ നിന്ന് യാത്ര ചെയ്യാവുന്നതാണ്. നേപ്പാൾ അതിർത്തിയായ സുനൗലിയിലേക്കാണ് നിങ്ങൾ യാത്ര പോകേണ്ടത്. നമുക്ക് ഫ്രീ വിസയിൽ സഞ്ചരിക്കാവുന്ന രാജ്യമാണ് നേപ്പാൾ. അതുകൊണ്ട് നിങ്ങളുടെ വോട്ടർ ഐഡിയോ പാസ്പോർട്ടോ കാണിച്ചാൽ തന്നെ അതിർത്തി കടക്കാവുന്നതാണ്. അതിർത്തി കടന്നെത്തുന്ന സ്ഥലമായ ഭൈരഹവയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് ധാരാളമായി ബസ്സുകൾ നിങ്ങൾക്ക് ലഭിക്കും. ഏതുസമയത്തും ബസ്സുകൾ ഉണ്ട് എന്നുള്ളതാണ് ഇവിടുത്തെ ഒരു പ്രത്യേകത.
ഗോരക് പൂരിൽ നിന്ന് സുനൗലിയിലേക്ക് 200 രൂപയിൽ താഴെ മാത്രമാണ് ബസ് ചാർജ്. അതിർത്തി കടന്നാൽ യാത്ര ചെയ്യുന്ന ബസ്സിന് 600 രൂപ മുതൽ 1000 രൂപ വരെ ബസ് ചാർജ് ചിലവാകും. ചുരുക്കിപ്പറഞ്ഞാൽ കയ്യിലൊരു 2000 രൂപയുണ്ടെങ്കിൽ തിരുവനന്തപുരത്ത് നിന്ന് നിങ്ങൾക്ക് നേപ്പാൾ വരെ സുഖമായി എത്താം. കാഠ്മണ്ഡുവിലേക്കുള്ള യാത്രയിൽ അടക്കം സീസൺ അല്ലാത്ത സമയത്ത് നിരക്കുകൾ വ്യത്യസ്തമാക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ച് വേണം യാത്ര ചെയ്യാൻ. ട്രെയിനും ബസ്സും അല്ലെങ്കിൽ അല്ലെങ്കിൽ വിമാനമാർഗ്ഗവും നിങ്ങൾക്ക് കാഠ്മണ്ഡുവിലെത്തി വിനോദസഞ്ചാരം നടത്താം. ഇതിനും വിസയുടെ ആവശ്യമില്ല എന്നതാണ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചത്.
കാഠ്മണ്ഡുവിൽ എന്തൊക്കെ?

ക്ഷേത്ര നഗരമാണ് കാഠ്മണ്ഡു എന്ന് ചുരുക്കത്തിൽ പറയാം. അതുകൊണ്ടുതന്നെ പൗരാണികമായ നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും എല്ലാം ഇവിടെയുണ്ട്. യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ പശുപതിനാഥ് ക്ഷേത്രം ആണ് ഇതിൽ ഏറ്റവും പ്രധാനം. കാഠ്മണ്ഡുവിൽ എത്തിയാൽ ഉറപ്പായും നിങ്ങൾ കാണേണ്ട ഒരു സ്ഥലം തന്നെയാണ് ഈ ക്ഷേത്രം. ഭക്തിയില്ലെങ്കിൽ പോലും കാഴ്ചയുടെ മനോഹാരിത കൊണ്ട് ഈ ക്ഷേത്രം നിങ്ങളെ ആകർഷിക്കും. ബാഗ്മതി നദിയുടെ തീരത്താണ് പശുപതിനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നമ്മുടെ ഗംഗയിൽ എല്ലാം ഉള്ളതുപോലെ വൈകുന്നേരത്തെ ആരതി ഈ ക്ഷേത്രത്തിലെ പ്രധാന സവിശേഷതയാണ്. അതുകൊണ്ടുതന്നെ സായാഹ്ന സമയം നോക്കി ക്ഷേത്രത്തിൽ പോകുന്നതായിരിക്കും കാഴ്ചകൾ കാണാൻ ഉചിതം.
ബുദ്ധമത കേന്ദ്രങ്ങൾ എല്ലാം തന്നെ സമാധാനത്തിന്റെ ഇടങ്ങൾ കൂടിയാണ്. അവിടുത്തെ നിശബ്ദത നിങ്ങളെ സമാധാനത്തിലേക്ക് നയിക്കുന്നു. അങ്ങനെയൊരു സ്ഥലമാണ് കാഠ്മണ്ഡുവിലെ ബൗദ്ധാനാഥ് സ്തൂപം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്തൂപങ്ങളിൽ ഒന്നാണ് ബൗദ്ധാനാഥ്. ഇത് കാണേണ്ടത് തന്നെയാണ് എന്ന് നിസംശയം പറയാം. കണ്ടാൽ വീണ്ടും കാണാൻ തോന്നുന്ന ഒന്ന് സ്വയംഭൂനാഥ് ക്ഷേത്രമാണ്. പ്രകൃതി അനുഗ്രഹിച്ച മനോഹരമായ ഒരു മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സൂര്യാസ്തമയം പോലെയുള്ളവ ഇവിടെനിന്ന് കാണുന്നത് നിങ്ങൾക്ക് പ്രത്യേക അനുഭൂതി തന്നെ നൽകും.
നേപ്പാളിന്റെ രുചി അറിയാം
ക്ഷേത്രങ്ങൾ മാത്രമല്ല രുചിയുടെ നഗരം കൂടിയാണ് കാഠ്മണ്ഡു. വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ നഗര ഹൃദയത്തിൽ തന്നെ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ഇഷ്ടം അനുസരിച്ച് രുചികൾ തേടിപ്പിടിക്കാൻ പറ്റിയ അവസരം കൂടിയാണ് കാഠ്മണ്ഡു നഗരം നിങ്ങൾക്ക് സമ്മാനിക്കുന്നത്. കാഠ്മണ്ഡുവിലെത്തിയാൽ ഉറപ്പായും ഇവിടുത്തെ ഭക്ഷണപദാർത്ഥങ്ങൾ രുചിച്ചു നോക്കുന്നത് നല്ലതാണ്. എവിടെയും പ്രാർത്ഥനാ ചക്രങ്ങളും ബൗദ്ധ പാരമ്പര്യത്തിലുള്ള പതാകകളും എല്ലാം ഈ മനോഹരമായ നഗരത്തിൽ നിറയെ കാണാം. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ നഗരം പുതിയൊരു അനുഭൂതി സമ്മാനിക്കും.
ഇന്ത്യക്ക് പുറത്തുള്ള ഒരു രാജ്യം എന്നതല്ല നേപ്പാളിന്റെ പ്രത്യേകത. ഇന്ത്യക്ക് സമാനമായ സംസ്കാരങ്ങൾ ഉൾപ്പെടെ ഇവിടെ കാണാം. എന്നാൽ പ്രകൃതി ഭംഗിയും നഗര കാഴ്ചകളും എല്ലാം മറ്റൊന്ന് തന്നെയാണ്. കൈലാസത്തിലേക്ക് നേപ്പാൾ വഴിയുള്ള യാത്രയും നിങ്ങൾ കേട്ടിട്ടുണ്ടാകും. അങ്ങനെ ഇന്ത്യയുടെ ആത്മാവിനോട് വളരെ ചേർന്നു നിൽക്കുന്ന ഒരു രാജ്യം തന്നെയാണ് നേപ്പാൾ. നമുക്ക് വളരെ എളുപ്പം പോകാവുന്ന സ്ഥലം എന്ന നിലയിൽ ഇനിയും നിങ്ങളുടെ യാത്ര വൈകിപ്പിക്കേണ്ട.


