രാജ്യത്ത് കാടുകളെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന കാഴ്ചയാണ് ഓരോ ദിവസവും പുറത്തുവരുന്നത് നമ്മുടെ വന്യജീവി സങ്കേതങ്ങളിലും കടുവാ സങ്കേതങ്ങളിലുമെല്ലാം ഇതിന്റെ തിരക്ക് കാണാനുണ്ട്. സിംഹങ്ങളെ തേടി ഗുജറാത്തിലെ ഗിർ വനത്തിലേക്ക് പോകുന്നവരും ഉണ്ട്. കാടിന്റെ ഭംഗിയും അവിടുത്തെ മൃഗങ്ങളുടെ സവിശേഷതയും എല്ലാമാണ് ഓരോ കാടുകളിലേക്കും മനുഷ്യരെ ആകർഷിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ അധികമാരും യാത്ര ചെയ്യാത്ത ഒരു കാഴ്ച തേടി നിങ്ങൾക്കും ഇനി പോകാം. ഇന്ത്യയിലെ ചീത്ത പുനരധിവാസ പദ്ധതി വിജയത്തിലേക്ക് എത്തുന്ന മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക്.
ചീറ്റ പദ്ധതി വിജയം കാണുന്നു
1952 ലാണ് ഇന്ത്യയിൽ ചീറ്റകളെ അവസാനമായി കണ്ടത്. ഇന്ത്യയിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും കാര്യമായി ഉണ്ടായിരുന്ന ചീറ്റകൾ പതുക്കെപ്പതുക്കെ പൂർണമായും ഇല്ലാതാകുകയായിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യയിൽ പഞ്ചാബ് മുതൽ തിരുനെൽവേലി വരെയുള്ള പ്രദേശങ്ങളിൽ ചീറ്റുകളുടെ സാന്നിധ്യം കാര്യമായി ഉണ്ടായിരുന്നു. ഗുജറാത്ത് രാജസ്ഥാൻ പശ്ചിമബംഗാൾ തുടങ്ങിയ ഇടങ്ങളിലും ചീറ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഛത്തീസ്ഗഡിൽ ആണ് അവസാനമായി കണ്ടതായി റിപ്പോർട്ട് ചെയ്തത്. 1947 ൽ ഛത്തീസ്ഗഡിലെ കോരിയ ജില്ലയിലെ സാൽവന മേഖലയിലാണ് ഇവ അവസാനമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലതരത്തിലുള്ള തിരച്ചിലുകളും പലയിടത്തും നടത്തിയെങ്കിലും ചീറ്റകളെ കാണാൻ കഴിഞ്ഞില്ല ഇതോടെയാണ് 1952 ൽ ഇന്ത്യയിൽ ചീറ്റകളുടെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്.
പ്രോജക്ട് ചീറ്റ (project cheetah)
ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ് ഇന്ത്യയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രോജക്ട് ചീറ്റ (project cheetah). നമീബിയയിൽ നിന്ന് ചീറ്റകളെ എത്തിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ പദ്ധതിക്ക് തുടക്കമിട്ടത്. 2022 ലാണ് പ്രോജക്ട് ചീറ്റ പദ്ധതി പ്രാബല്യത്തിൽ വരുന്നത്. ഇതിനു മുൻപ് തന്നെ പല ഘട്ടങ്ങളിലായി ഒരുക്കങ്ങളും പഠനങ്ങളും ഒക്കെ നടന്നെങ്കിലും ചീറ്റകളെ ഇന്ത്യയിൽ അന്ന് മാത്രം. ആദ്യമായി നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ചത്. 2022 സെപ്റ്റംബർ 17ന് ചീറ്റകളെ വനത്തിൽ തുറന്നു വിട്ടു. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ചീറ്റകളെ തുറന്നു വിട്ടത്. അതുവരെ ഇന്ത്യയിൽ നിന്ന് കാര്യമായി കേട്ട് കേൾവിയില്ലാത്ത ഒരു പദ്ധതിയിലേക്ക് പിന്നെ ലോകവും ശ്രദ്ധിച്ചു തുടങ്ങി.
എട്ടു ചീറ്റകളിൽ അവസാനിച്ചില്ല പ്രൊജക്റ്റ് ചീറ്റ(project cheetah). തൊട്ടടുത്ത വർഷം 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിച്ചത്. രണ്ടാംഘട്ടത്തിൽ 12 ചീറ്റകളെയാണ് എത്തിച്ചത്. ഇതും കുനോ ദേശീയ ഉദ്യാനത്തിൽ തന്നെയാണ് കൊണ്ടുവന്നത്. ഇതോടെ ആ ഘട്ടത്തിൽ ചീറ്റുകളുടെ എണ്ണം 20 ആയി ഉയർന്നു. 20 ചീറ്റകളെയും പാർപ്പിച്ച് പ്രജനനം നടത്തി എണ്ണം കൂട്ടുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ചില വെല്ലുവിളികൾ ഉണ്ടായെങ്കിലും പിന്നീട് ചരിത്രത്തിൽ ഇടം നേടുന്ന പദ്ധതിയായി പ്രൊജക്റ്റ് ചീറ്റ മാറുകയാണ്. ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് പദ്ധതി വൻ വിജയത്തിലേക്കാണ് നീങ്ങുന്നത്.
ഗാമിനിക്ക് വീണ്ടും കുട്ടികൾ ആയി

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന ഗാമിനി എന്ന ചീറ്റയാണ് പുതിയതായി പ്രസവിച്ചത്. മൂന്നു കുട്ടികൾക്കാണ് ഗാമിനി ജന്മം നൽകിയത്. ഫെബ്രുവരി 18 നായിരുന്നു ഈ മൂന്നു കുട്ടികൾ പുറത്തുവന്ന വാർത്ത കേന്ദ്രമന്ത്രി ഭൂപന്ദ്ര യാദവ് തന്നെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ഒരു കുട്ടി കൂടി പുറത്തു വന്നു. ഇതോടെ ഗാമിനി പ്രസവിച്ച കുട്ടികളുടെ എണ്ണം ഇത്തവണ നാലായി ഇന്ത്യയിൽ എത്തിയശേഷം പ്രസവിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം വൻതോതിൽ കൂടി. നിലവിൽ ദേശീയ ഉദ്യാനത്തിൽ ഇന്ത്യയിൽ പ്രസവിച്ച 28 ചീറ്റ കുഞ്ഞുങ്ങളാണ് ഉള്ളത്. ആകെ ചീറ്റകളുടെ എണ്ണം 39 ആയി വർധിക്കുകയും ചെയ്തു.
പ്രതിസന്ധികൾ നിരവധി
ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ഇന്ത്യ ചീറ്റകളുടെ മടങ്ങിവരായി ശ്രമിക്കുന്നത്. പല ഘട്ടങ്ങളിലും വൻ പ്രതിസന്ധികൾ തന്നെ നേരിട്ടു. കാലാവസ്ഥയും മറ്റ് രോഗങ്ങളും മൂലം കൊണ്ടുവന്ന ചീറ്റകളിൽ പലതും ചത്തുപോയി. ഇതുവരെ കൊണ്ടുവന്നതിൽ 21 ചീറ്റകളാണ് ഇന്ത്യയിൽ ജീവിക്കാൻ ആകാതെ ചത്തു പോയത്. അതായത് 9 ചീറ്റകളും 12 ചീറ്റ കുഞ്ഞുങ്ങളും ചത്തവയിൽപ്പെടുന്നു. പലതരം കാരണങ്ങൾ കൊണ്ടാണ് ചീത്തകളിൽ പലതും ചത്തു പോയത്. വിവിധതരത്തിലുള്ള ഇൻഫെക്ഷൻ പോലും ഇവയെ ബാധിച്ചിട്ടുണ്ട്. ചീറ്റുകളുടെ സഞ്ചാരം തിരിച്ചറിയാനായി സ്ഥാപിച്ച റേഡിയോ കോളറിൽ നിന്ന് പോലും ഇൻഫെക്ഷൻ ഉണ്ടായതായി വിവരം പുറത്തുവന്നിരുന്നു. ഇണ ചേരുന്ന സമയത്തുണ്ടായ പരിക്കുകൾ പോലും ചീത്തകളുടെ മരണത്തിന് കാരണമായി. കഴിഞ്ഞവർഷം ജൂലായ് മാസത്തിൽ ആണ് ‘നഭ’എന്ന ചീറ്റ ചത്തത്.
വീണ്ടും ചീറ്റ ഇറക്കുമതി.
വിവിധ രാജ്യങ്ങളിൽ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്താണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. പലതും ഇടയ്ക്ക് വച്ച് ചത്തു പോയെങ്കിലും പദ്ധതി തുടരാൻ കൂടുതൽ ചീറ്റകളുടെ സാന്നിധ്യം അനിവാര്യമാണെന്ന് കേന്ദ്രസർക്കാർ വിലയിരുത്തുന്നു. ഇതുകൊണ്ട് തന്നെയാണ് 2023ന് ശേഷം വീണ്ടും ഒരു ചീറ്റ ഇറക്കുമതിക്ക് കൂടി ദേശീയ ഉദ്യാനം സാക്ഷ്യം വഹിച്ചത്. നബീബ്യയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് രണ്ടുതവണയായി ചീറ്റകളെ കൊണ്ടുവന്നതെങ്കിൽ ഇത്തവണ പുതിയൊരു രാജ്യത്ത് നിന്നാണ് ചീറ്റകൾ ഇന്ത്യയിൽ എത്തിയത്. ബോട്ട്സ്വാനയിൽ നിന്നാണ് കഴിഞ്ഞദിവസം ചീറ്റകളെ കൊണ്ടുവന്നത്. വെള്ളിയാഴ്ചയാണ് എട്ടു ചീറ്റകളും ആയി ഉള്ള വിമാനം മധ്യപ്രദേശിൽ എത്തിയത്. തൊട്ടടുത്ത ആ ദിവസം ശനിയാഴ്ച ഇവയെ കുനോ ദേശീയ ഉദ്യാനത്തിൽ ഇറക്കിവിട്ടു. നിയന്ത്രിത മേഖലയിലാണ് ആദ്യം ഇവയെ തുറന്നു വിട്ടത്. കേന്ദ്രമന്ത്രി ഭൂപന്ദർ യാദവാണ് ഇത്തവണ കനോ ദേശീയ ഉദ്യാനത്തിൽ എത്തി ചീറ്റകളെ തുറന്നുവിട്ടത്. ഉദ്യാനത്തിലെ ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണത്തിലാണ് ഇപ്പോൾ പുതിയ ചീറ്റകൾ ഉള്ളത്.

എന്തുകൊണ്ട് കുനോ?
ഇന്ത്യയിൽ ഇന്ത്യയിൽ കടുവാ സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉള്ളതായി നിങ്ങൾക്ക് അറിയാം. പക്ഷേ എന്തുകൊണ്ടാണ് ചീറ്റകളുടെ പുനരുജ്ജീവന പദ്ധതിക്ക് മധ്യപ്രദേശിലെ കൂനോ ദേശീയോദ്യാനം തന്നെ തിരഞ്ഞെടുത്തു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം അവിടുത്തെ ആവാസവ്യവസ്ഥയുടെ ഗുണം എന്നത് തന്നെയാണ്. ഓരോ മൃഗത്തിനും പറ്റിയ ആവാസവ്യവസ്ഥയിലാണ് അവ കഴിയാറുള്ളത്. എല്ലാ കാട്ടിലും കടുവകൾ ഉണ്ടാകാറില്ല. ഏറ്റവും സമ്പന്നമായ കാടുകളിലാണ് കടുവ അധിവസിക്കുന്നത്. അതായത് ആ ജൈവവ്യവസ്ഥ കടുവയ്ക്ക് അനുയോജ്യമായതാണ് അർത്ഥം. അതുപോലെതന്നെയാണ് ചീറ്റകളുടെ കാര്യവും. ഇന്ത്യയിൽ ചീറ്റകളെ പുനരുജീവിപ്പിക്കാൻ ഏറ്റവും പറ്റിയ കാട് കുനോ ആണെന്ന് വിവിധ പഠനങ്ങൾ നടത്തി മനസ്സിലാക്കുകയായിരുന്നു. അവിടുത്തെ കാടിന്റെ രീതിയും, കാലാവസ്ഥ ക്രമവും എല്ലാം ഇക്കാര്യത്തിൽ പരിഗണിച്ചു. അവയ്ക്ക് വേട്ടയാടാൻ ഉള്ള സാഹചര്യവും പ്രത്യേകമായി പരിശോധിച്ചവയാണ്. അങ്ങനെയാണ് ഇന്ത്യയുടെ ഈ ചരിത്ര പദ്ധതിക്ക് കുനോ ദേശീയ ഉദ്യാനം വേദിയാകുന്നത്.
ചീറ്റകളെ കാണാൻ പോയാലോ?
ഇന്ത്യയിൽ നിങ്ങൾ ഇതുവരെ ചീറ്റകളെ കാണണം എന്നൊരു ആഗ്രഹം ഇപ്പോൾ തോന്നുന്നുണ്ടോ. കാടിനെ സ്നേഹിക്കുന്നവർക്കും വന്യമൃഗങ്ങളെ ഇഷ്ടമുള്ളവർക്ക് എല്ലാം ഇതിനകം ഇതൊരു ആഗ്രഹമായി മാറിക്കഴിഞ്ഞു എന്ന കാര്യത്തിൽ. പലപ്പോഴും കാടുകളിലേക്ക് മനുഷ്യർ യാത്ര ചെയ്യുന്നത് മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ പോയി അതിനെ കാണാനും ചിത്രങ്ങൾ എടുക്കുന്നതിനും ഒക്കെയാണ്. ഇതുവരെ സമീപ സംസ്ഥാനങ്ങളിൽ ഉള്ള കബനിയും ബന്ദിപ്പൂരും ഒക്കെ പോയവരാണ് നിങ്ങളെങ്കിൽ ഇന്ത്യയിലെ പ്രമുഖ കടുവാ സങ്കേതങ്ങൾ തന്നെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സിംഹങ്ങളെ കാണാൻ കൊതിയുള്ളവർ ആണെങ്കിൽ ഗുജറാത്തിലെ വനത്തിലേക്ക് പോകുന്നതാണ് നല്ലത്. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഇന്ത്യയിൽ സിംഹങ്ങളുള്ള ഒരേയൊരു സ്ഥലമാണ് ഗിർവനം. ഇതിനൊക്കെ അപ്പുറത്തേക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മളൊക്കെ കേൾക്കുന്നതാണ് ചീറ്റകളെക്കുറിച്ച്. അതുകൊണ്ടുതന്നെ ചീറ്റയെ കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ട്. മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിൽ എത്തിയാൽ മാത്രം മതി.
എങ്ങനെ പോകും

കുനോ നാഷണൽ പാർക്കിലേക്ക് പോകും മുൻപ് ഇത് എവിടെയെന്ന് ആദ്യം മനസ്സിലാക്കണം. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് കുനോ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്. പാർക്കിന്റെ ഒരു ഭാഗം മുറൈനാ ജില്ലയിലും വ്യാപിച്ചു കിടക്കുന്നുണ്ട്. വിന്ധ്യാചല മലനിരകളാണ് പാർക്കിന്റെ പ്രധാന ഭാഗം. ഏതാണ്ട് 700 ചതുര കിലോമീറ്റർ വിസ്തൃതിയിലാണ് കുനോ നാഷണൽ പാർക്കിന്റെ ഭൂപ്രകൃതിയുള്ളത്. മലനിരകൾ ഉള്ളതുകൊണ്ട് തന്നെ പുൽമേടുകളും ചെറിയ ചെടികളും എല്ലാം ഉൾപ്പെട്ടതാണ് നാഷണൽ പാർക്ക്. അതായത് കേരളത്തിലെ പോലെ നിറയെ മരങ്ങളും ഇടയ്ക്ക് മൊട്ടക്കുന്നും പുൽമേടുകളും എല്ലാം ചേർന്ന കാഴ്ചയല്ല ഇവിടത്തെ വനത്തിന്. അതുകൊണ്ടുതന്നെ വന്യമൃഗങ്ങളെ കാണാൻ കുറച്ചുകൂടി സാധ്യതയുള്ള സ്ഥലമാണ് കുനോ നാഷണൽ പാർക്ക് എന്ന് പറയാൻ കഴിയും.
കേവലം ചീറ്റകൾ മാത്രമല്ല അനവധി ജന്തുജാലങ്ങളും പക്ഷികളും എല്ലാം ഈ പാർക്കിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇരുന്നൂറോളം പക്ഷി ഇനങ്ങളാണ് കുനോ നാഷണൽ പാർക്കിൽ ഉള്ളത് എന്നാണ് ഇതുവരെ പുറത്തുവന്ന സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചീറ്റകൾ മാത്രമല്ല പുള്ളിപ്പുലിയും ഇവിടെ ധാരാളമായി ഉണ്ട്. ഹൈന, നീൽഗായ് പുള്ളിമാൻ എന്നിവ ഉൾപ്പെടെ നീളുന്നു ആ പട്ടിക.
ഏതുസമയത്ത് പോകുന്നത് ഉചിതമാണ്?
മഴക്കാലം ഒഴികെയുള്ള സമയത്ത് കുനോയിൽ എത്തുന്നതാണ് ഗുണം എന്നാണ് പാർക്ക് അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നത്. വ്യക്തമായി പറഞ്ഞാൽ നവംബർ മാസം പദ്ധതി മുതൽ മാർച്ച് പകുതി വരെയുള്ള സമയമാണ് കുനോയിൽ മികച്ച കാലാവസ്ഥയുള്ളത്. ജൂൺ പകുതി മുതൽ സെപ്റ്റംബർ വരെ ഏതാണ്ട് പൂർണമായും മഴക്കാലം ആയിരിക്കും. ഏതാണ്ട് ഈ സമയങ്ങളിൽ 90% വും മഴ രേഖപ്പെടുത്താറുണ്ട്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയം വിന്റർ സീസൺ ആയി അറിയപ്പെടുന്നു. ഡിസംബർ ജനുവരി മാസങ്ങളിൽ അന്തരീക്ഷ താപനില 6 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. മാർച്ച് മുതൽ ജൂൺ വരെ ഉള്ള സമയം കടുത്ത ചൂടുകാലമാണ്. ഏതാണ്ട് 42 ഡിഗ്രി സെൽഷ്യസ് വരെ ഈ സമയങ്ങളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്താറുണ്ട്. ഈ കാലാവസ്ഥ എല്ലാം പരിഗണിച്ചു വേണം നിങ്ങൾ യാത്രയ്ക്ക് പുറപ്പെടാൻ
സഫാരി എപ്പോൾ?

രാവിലെയും വൈകുന്നേരവും രണ്ട് സഫാരികളാണ് കുനോ ദേശീയ ഉദ്യാനത്തിൽ സാധാരണയായി ഉള്ളത്. എന്നാൽ കാലാവസ്ഥയിൽ നേരത്തെ സൂചിപ്പിച്ച മാറ്റം വരുന്നതുകൊണ്ടുതന്നെ സഫാരി സമയങ്ങളിലും മാറ്റം വരാറുണ്ട്.
ഒക്ടോബർ മുതൽ ഡിസംബർ വരെ
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ
രാവിലെ 7 മണി മുതൽ ആണ് സഫാരി തുടങ്ങുക. 11.30 വരെ ഈ സഫാരി നിങ്ങൾക്ക് തുടരാം. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാണ് സഫാരി
ജനുവരി – മാർച്ച്
ജനുവരി മാസം മുതൽ വീണ്ടും കാലാവസ്ഥ മാറുകയാണ്. അതുകൊണ്ടുതന്നെ ജനുവരി 1 മുതൽ മാർച്ച് 31 വരെ മറ്റൊരു സമയക്രമം ആണ് സഫാരികൾക്കുള്ളത്. രാവിലെ ആറുമണി മുതൽ 11 വരെയാണ് രാവിലത്തെ സഫാരി. വൈകുന്നേരം 3 മുതൽ 6 വരെയും
ഏപ്രിൽ -ജൂൺ
ഏപ്രിൽ മുതൽ ജൂൺ വരെയും സഫാരി സമയങ്ങൾക്ക് ചെറിയ മാറ്റങ്ങളുണ്ട്. എന്നാൽ രാവിലത്തെ സമയത്തിൽ മാറ്റമില്ല. രാവിലെ ആറു മുതൽ 11 വരെ തന്നെ സഫാരി തുടരും. വൈകുന്നേരം നാലുമണി മുതൽ ഏഴുമണിവരെയാണ് സഫാരി ഉണ്ടാകുക. അതായത് ആ സമയങ്ങളിൽ വൈകിയാകും സംഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സഫാരിയുടെ സമയം ഏഴുമണി വരെ ആക്കി നീട്ടുന്നത്.
സഫാരി എങ്ങനെ ബുക്ക് ചെയ്യും?
കുനോ നാഷണൽ പാർക്കിന്റെ വെബ്സൈറ്റിൽ എത്തിയാൽ തന്നെ നിങ്ങൾക്ക് ഫോറസ്റ്റ് സഫാരികൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകും. അവിടെ സഫാരി ബുക്കിംഗ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ മധ്യപ്രദേശ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സൈറ്റിലെക്ക് ആണ് പോകുന്നത്. അവിടെ നിങ്ങൾക്ക് മധ്യപ്രദേശിലെ വിവിധ ടൈഗർ റിസർവകളിലേക്കും കാടുകളിലേക്കും ഉള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. അതിൽ തന്നെ കുനോനാഷണൽ പാർക്കിലേക്ക് ബുക്ക് ചെയ്യാനുള്ള ലിങ്ക് നിങ്ങൾക്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകി സൈനപ്പ് ചെയ്ത ശേഷം വേണം നിങ്ങൾക്ക് ഇഷ്ടമുള്ള ദിവസം നോക്കി സഫാരി ബുക്ക് ചെയ്യാൻ. ധാരാളമായി തിരക്ക് കൂടുന്ന സമയമായതുകൊണ്ട് തന്നെ വളരെ മുൻകൂട്ടി നിങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുന്നതാണ് നല്ലത്. പെട്ടെന്നുള്ള യാത്രകളിൽ ടിക്കറ്റ് കിട്ടും എന്ന ഉറപ്പു പറയാൻ കഴിയില്ല.
സഫാരി നിരക്ക് എങ്ങനെ?
ജിപ്സി സഫാരിയാണ് കൂനോ നാഷണൽ പാർക്കിലെ പ്രധാന സവിശേഷത. മാത്രമല്ല നിങ്ങളുടെ സ്വകാര്യവാഹനങ്ങളിലും നാഷണൽ പാർക്കിനുള്ളിലൂടെ യാത്ര ചെയ്യാൻ സാധിക്കും എന്നത് ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. വാഹനങ്ങളുടെ ചാർജ് ഈടാക്കിയാണ് ജിപ്സി സഫാരി ബുക്ക് ചെയ്യേണ്ടത്. ഒരു ജിപ്സി സഫാരിക്ക് 4500 രൂപയാണ് നിങ്ങൾ നൽകേണ്ടത്. ആറുപേർക്ക് യാത്ര ചെയ്യാവുന്ന ജിപ്സികൾ ആണ് ഇവിടെ ഉള്ളത്.
സ്വകാര്യ വാഹനങ്ങളുമായി ആണ് നിങ്ങൾ പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഒരു വാഹനത്തിന് 1200 രൂപ ഫീസ് അടയ്ക്കണം. ഇതിന് പുറമേ ഒരു ഗൈഡിന്റെ സഹായത്തോടുകൂടി മാത്രമേ നിങ്ങൾക്ക് പാർക്കിനുള്ളിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ ഗൈഡിന്റെ ഫീസ് ആയി 400 രൂപ നിങ്ങൾ അധികമായി നൽകണം. നിങ്ങളുടെ കയ്യിൽ ക്യാമറകളും മറ്റും ഉണ്ടെങ്കിൽ അതിനുള്ള ചാർജ് പ്രത്യേകം അടക്കേണ്ടി വരും. സ്റ്റിൽ ക്യാമറകൾക്ക് 200 രൂപയും വീഡിയോ ക്യാമറകൾക്ക് ആയിരം രൂപയും ആണ് ഇവിടെ ഫീസ് നൽകേണ്ടത്. ക്യാമറകൾ ഉപയോഗിച്ച് വീഡിയോയും ഡോക്യുമെന്ററിയും മറ്റും ഷൂട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതിയും വാങ്ങണം. ഇന്ത്യയിൽ അപൂർവമായ ചീറ്റകളെ ചിത്രീകരിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണം എന്നർത്ഥം. എന്നാൽ ഇത് സങ്കീർണമായ നടപടിയല്ല എന്നാണ് അനുഭവ ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ തന്നെ ഇതിനുള്ള അനുമതി നൽകാറുണ്ട്. സാധാരണഗതിയിൽ മറ്റ് പല കടുവാ സങ്കേതങ്ങളിലും ഉള്ളപോലെ ലെൻസിന്റെ വലുപ്പം അനുസരിച്ച് പ്രത്യേക തുകയിടാക്കുന്ന രീതിയും കുനോ നാഷണൽ പാർക്കിൽ ഇല്ല. ഇത്തരം വിവരങ്ങളെല്ലാം നിങ്ങൾ പോകുന്ന സമയത്ത് വീണ്ടും പരിശോധിക്കേണ്ടതുണ്ട്. ഫീസുകളുടെ കാര്യത്തിൽ ഉണ്ടാകുന്ന മാറ്റവും സമയക്രമവും എല്ലാം ഓരോ ഘട്ടത്തിലും മാറാൻ സാധ്യതയുണ്ട് എന്നതാണ് പ്രത്യേകത.
യാത്ര എങ്ങനെ വേണം?
നിങ്ങൾ ഓരോരുത്തരും ഓരോ തരത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. പണമുള്ളവർ വിമാനത്തിൽ യാത്ര ചെയ്ത് വന്യജീവി സങ്കേരങ്ങളിലേക്ക് പോകുന്ന പതിവുണ്ട്. മറ്റ് ജോലികൾ ഉള്ളവർക്കും ഒരുപാട് ദിവസം അവധി കിട്ടുക എളുപ്പമല്ല. അതുകൊണ്ടുതന്നെ വിമാനയാത്രയായിരിക്കും ഇത്തരക്കാർക്ക് ഉചിതം. അതല്ലെങ്കിൽ ട്രെയിൻ വഴിയും നിങ്ങൾക്ക് കൂനോ ദേശീയ ഉദ്യാനത്തിന് സമീപം എത്താം. ഡൽഹി ജയ്പൂർ പോലെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ ടാക്സി വഴിയോ അല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ വാഹനത്തിൽ ഒക്കെ കുനോ ദേശീയ ഉദ്യാനത്തിൽ എത്താം.
വിമാനം
ഗ്വാളിയോർ വിമാനത്താവളം ആണ് കുനോ ദേശീയ ഉദ്യാനത്തിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്ന് ഏതാണ്ട് 170 കിലോമീറ്റർ ദൂരം ഉണ്ട് കുനോയിലേക്ക്. വിമാനത്താവളത്തിൽ ഇറങ്ങിയാൽ ടാക്സികളും മറ്റും വിളിച്ച് നാലു മണിക്കൂർ കൊണ്ട് നിങ്ങൾക്ക് കുനോ ദേശീയ ഉദ്യാനത്തിൽ എത്താം. ഇനി വിമാനത്തിൽ നിങ്ങൾ ഡൽഹിയിലോ ജയ്പൂരിലോ ഇൻഡോറിലോ ഒക്കെ എത്തിയാൽ തന്നെ മികച്ച റോഡുകൾ വഴി സഞ്ചരിച്ച് നിങ്ങൾക്ക് ഇവിടെയെത്താം.
അടുത്തുള്ള നഗരങ്ങൾ.
ശിവപുരിയാണ് കനോ ദേശീയ ഉദ്യാനത്തിന്റെ ഏറ്റവും അടുത്തുള്ള പ്രധാന നഗരം. 73 കിലോമീറ്റർ ആണ് ഇവിടെക്ക് ഉള്ളത്. സഭായി മാധോപൂരിലേക്ക് 133 കിലോമീറ്ററും, ഗ്വാളിയറിലേക്ക് 165 കിലോമീറ്ററും ആണ് ദൂരം. ഝാൻസിയിലേക്ക് 169 കിലോമീറ്ററും, കോട്ട ലയിലേക്ക് 214 കിലോമീറ്ററും ദൂരമുണ്ട്. ജയ്പൂരിൽ നിന്നും 325 കിലോമീറ്റർ ദൂരമാണ് ഇവിടെയൊക്കെ ഉള്ളത്. കുനോ ദേശീയ ഉദ്യാനത്തിൽ പ്രധാനമായും മൂന്ന് കവാടങ്ങൾ വഴി സഫാരികൾ ഉള്ളതുകൊണ്ടുതന്നെ ഈ കിലോമീറ്ററുകൾ വ്യത്യസ്തമായിരിക്കും.
എവിടെ താമസിക്കും
നഗരങ്ങൾ അടുത്തുണ്ടെങ്കിലും ദേശീയ ഉദ്യാനത്തിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ അതിനുള്ള സൗകര്യവും ഇവിടെയുണ്ട്. കനോ ദേശീയ ഉദ്യാനത്തിന് കീഴിൽ നാല് റസ്റ്റ് ഹൗസുകൾ ആണ് ഉള്ളത്. ഇവിടെ നിങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്. നേരത്തെ ബുക്ക് ചെയ്തു വരുന്നതായിരിക്കും റൂമുകൾ കിട്ടാൻ ഉചിതം. ഇതിന് സമീപത്ത് തന്നെ മധ്യപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ റിസോർട്ടും ഉണ്ട്. മധ്യപ്രദേശ് ടൂറിസം കുനോ റിസോർട്ട് എന്ന് തിരഞ്ഞാൽ ഇതും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് അവസരമുണ്ട്.
ശ്രദ്ധിക്കുക
മറ്റേതൊരു കാടിനെ കാട്ടിലും കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ട സ്ഥലമാണ് കുനോ ദേശീയോദ്യാനം. ചീറ്റകളുടെ സാന്നിധ്യം തന്നെയാണ് അതിനു കാരണം. നമ്മുടെ സംഭാഷണങ്ങൾ ഉൾപ്പെടെ വലിയ ശബ്ദമായി മാറി അവയ്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പലതരം കാലാവസ്ഥകൾ ഉള്ള സ്ഥലം ആയതുകൊണ്ട് ഇതിനനുസരിച്ചുള്ള വസ്ത്രങ്ങൾ കയ്യിൽ കരുതുന്നതും നല്ലതാണ്. നീണ്ടു നിവർന്നു കിടക്കുന്ന ദേശീയ ഉദ്യാനം ആയതുകൊണ്ട് തന്നെ ഒരുപക്ഷേ മൃഗങ്ങളെ കാണുക കുറച്ച് അകലെ ആയിരിക്കും. അതുകൊണ്ടുതന്നെ കയ്യിൽ ഒരു ബൈനോക്കുലർ കരുതുന്നത് നല്ലതാണ്. വന്യജീവിചിത്രം എടുക്കാൻ വരുന്നവരാണെങ്കിൽ പരമാവധി വലിയ സൂം ലെൻസുകൾ കയ്യിൽ കരുതുന്നത് നല്ലതാണ്. നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കാൻ വേണ്ട കാര്യങ്ങളൊക്കെ കയ്യിൽ സൂക്ഷിക്കുക. ചൂടുകാലമാണെങ്കിൽ സൺസ്ക്രീൻ,കുടിവെള്ളമെല്ലാം കയ്യിൽ കരുതുന്നത് നല്ലതായിരിക്കും.
ചീറ്റകളെ കാണാൻ കഴിയുമോ
കാട്ടിൽ വന്യജീവികളെ കാണുക എന്നുള്ളത് നിങ്ങളുടെ ഭാഗ്യം പോലെയാണ്. നിരവധി കടുവകൾ ഉള്ള കടുവാ സങ്കേതങ്ങളിൽ പോലും അവയെ കാണാൻ ചിലപ്പോൾ സാധിച്ചു എന്ന് വരില്ല. 39 ചീറ്റകൾ മാത്രമുള്ള കുനോ ദേശീയ ഉദ്യാനത്തിൽ അവയെ കാണാനുള്ള സാധ്യത ഇല്ല എന്നല്ല. വന്യജീവികളെ കാണുക ഒരു ഭാഗ്യം തന്നെയാണ്. കേവലം ഒരു സഫാരി മാത്രം എടുക്കാതെ ഒന്നിലധികം സഫാരികൾ എടുത്താൽ ഒരുപക്ഷേ ഏതെങ്കിലും ഒക്കെ സഫാരിയിൽ ചീറ്റകൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. പ്രതീക്ഷയോടെ യാത്ര ചെയ്യുക.


