Headlines

“തമിഴ്നാട്ടിൽ കേരളത്തിന്റെ സ്വന്തം കൊട്ടാരം; 600 രൂപ മുതൽ താമസിക്കാം

KUTTALAM-PALACE-ONLINE-BOOKING-FULL-DETAILS

വിനോദസഞ്ചാരത്തിനായി ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മൾ. കേരളത്തിനകത്തും പുറത്തും വിദേശത്തേക്കും ഒക്കെ നിങ്ങൾ യാത്ര ചെയ്യാറുണ്ടാകും. പലതരം ഹോട്ടലുകളിൽ താമസിച്ചായിരിക്കും നിങ്ങളുടെ  വിനോദസഞ്ചാര യാത്രകൾ. പലർക്കും പല ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം ഉണ്ടാകും. സ്റ്റാർ ഹോട്ടൽ മുതൽ ഹോം സ്റ്റേ വരെ ഉള്ള സ്ഥലങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്  നമ്മൾ. പലരുടെയും സാമ്പത്തികശേഷിയും വിഭിന്നമാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ കൂടി പരിഗണിച്ചായിരിക്കും താമസ സൗകര്യം തീരുമാനിക്കുക. ഭൂമിശാസ്ത്രപരമായ സവിശേഷതകളും പരിഗണയിൽ ഉള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. ഏറ്റവും മനോഹരമായ വ്യൂ പോയിന്റുകൾ ഉള്ള താമസസ്ഥലങ്ങളിൽ ഒരു രാത്രിയെങ്കിലും തങ്ങാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങനെ നിങ്ങൾ ഒരിക്കലെങ്കിലും പോയി താമസിക്കേണ്ട ഒരു സ്ഥലത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

കോടമഞ്ഞ് നിറഞ്ഞ മലയോരമേഖല നമ്മുടെ ടൂറിസം മേഖലയ്ക്ക് തന്നെ വലിയ സമ്പത്താണ്. ഏതാണ്ട് എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങൾ ഉണ്ട് എന്നത് കേരളത്തിന്റെ വലിയ സവിശേഷതയാണ്. ഇതു മാത്രമല്ല ഒരുവശത്ത് മലയും, കോടമഞ്ഞും, തേയില തോട്ടങ്ങളും, ഏലക്കാടുകളും എല്ലാം ആണെങ്കിൽ  മറുവശത്ത് കടൽ തീരം ഉണ്ട്. അതും കേരളത്തിന്റെ പടിഞ്ഞാറൻ മേഖലയാകെ നീണ്ടു നിവർന്നു കിടക്കുന്ന അതിര്. അവിടെയും തീർന്നില്ല കേരളത്തിന്റെ സവിശേഷതകൾ.നമ്മുടെ മനോഹരമായ കായൽ തീരങ്ങൾ ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ ഇടംപിടിച്ചവയാണ്. ആലപ്പുഴയും, കുമരകവും ഒക്കെ വിദേശികളുടെ ഇഷ്ട ഇടങ്ങളാണ്. ഇതിനെല്ലാം പുറമേ മനോഹരമായ നദികളുടെ തീരങ്ങളും വിനോദസഞ്ചാര ഇടങ്ങളാണ്. ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം  ദിവസങ്ങളോളം താമസിക്കാനുള്ള സൗകര്യങ്ങൾ വലിയതും ചെറിയതുമായ ഹോട്ടലുകളും ഹോംസ്റ്റേയും വഴി നമുക്ക് ലഭ്യമാണ്. നേരത്തെ പറഞ്ഞപോലെ പ്രധാനപ്പെട്ട വ്യൂ പോയിന്റുകൾ കേന്ദ്രീകരിച്ചാണ് പല ഹോട്ടലുകളുടെയും സ്ഥാനമുള്ളത്.

 കേരളത്തിൽ എല്ലാ നിലവാരത്തിലുമുള്ള ഹോട്ടലുകൾ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ എല്ലാം ഉണ്ട്. പക്ഷേ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകാതെ താമസിക്കാൻ കഴിയുന്ന ഒരു മാർഗം ഉള്ളത് എത്രപേർക്കറിയാം. പറഞ്ഞുവരുന്നത് സർക്കാറിന് കീഴിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളെ കുറിച്ചാണ്. കേരളത്തിൽ ഏതാണ്ട് എല്ലാ മേഖലകളിലും സാധാരണക്കാർക്ക് ആശ്വാസമായി റസ്റ്റ് ഹൗസുകൾ ഉണ്ട്. അതും ആധുനികമായ പല സൗകര്യങ്ങളോടും കൂടി. സംസ്ഥാനത്തെ റസ്റ്റ് ഹൗസുകൾ എല്ലാം പൊതുമരാമത്ത് അടുത്തകാലത്ത് നവീകരിച്ചു എന്നതാണ് സർക്കാർ ജനങ്ങളോട് ചെയ്ത ഗുണമുള്ള പ്രവർത്തി. മാത്രമല്ല ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തി. മൂന്നാറിലും കൊച്ചിയിലും തുടങ്ങി കേരളത്തിന്റെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലും നഗരങ്ങളിലും ഒക്കെയുള്ള ഇത്തരം റസ്റ്റ് ഹൗസുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിലൊന്നും പെടാതെ ഓൺലൈനിൽ പോലും ഇല്ലാതിരുന്ന ഒരു റസ്റ്റ് ഹൗസ് കേരളത്തിന് ഉണ്ട്. അത് പക്ഷേ കേരളത്തിൽ അല്ല എന്ന് മാത്രം. കഴിഞ്ഞ കുറച്ചു നാളുകളായി  മാത്രം ഓൺലൈനിൽ നിന്നും ബുക്ക് ചെയ്ത് നിങ്ങൾക്ക് പോകാവുന്ന ഒരു മനോഹര ഇടം. വെറുമൊരു റസ്റ്റ് ഹൗസ് എന്ന് പറഞ്ഞാൽ. അക്ഷരാർത്ഥത്തിൽ ഒരു കൊട്ടാരം തന്നെ. അതിന്റെ വിവരങ്ങളാണ് ഇനി പറയുന്നത്. തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സ്വന്തം കുറ്റാലം കൊട്ടാരം.

 കുറ്റാലം കൊട്ടാരം

 യഥാർത്ഥത്തിൽ ചരിത്രത്തിന്റെ അവശേഷിപ്പാണ് കുറ്റാലം കൊട്ടാരം. തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലെ തെങ്കാശി താലൂക്കിലാണ് കുറ്റാലം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ കൊട്ടാരത്തിന്. 1882 ൽ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന വിശാഖം തിരുനാളാണ് കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപം വിശ്രമമന്ദിരം എന്ന നിലയിൽ കുറ്റാലം കൊട്ടാരത്തിന്റെ നിർമ്മാണം തുടങ്ങിയത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിർമ്മാണ മേൽനോട്ടവും എല്ലാം വഹിച്ചത്  യൂറോപ്പിൽ നിന്നുള്ള എൻജിനീയർമാരായിരുന്നു എന്നാണ് ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വിശാഖം തിരുനാൾ മഹാരാജാവിന് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ആയില്ല. തുടർന്ന് ശ്രീമൂലം തിരുനാൾ മഹാരാജാവ് ആണ് കുറ്റാലം കൊട്ടാരത്തിന്റെ പണിപൂർത്തിയാക്കിയത്. 56.57  ഏക്കർ വരുന്ന വിശാലമായ സ്ഥലത്താണ് കുറ്റാലം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേവലം സ്ഥലത്തിന് മാത്രമല്ല വിസ്തൃതിയുള്ളത്.2639.98 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കൊട്ടാരം തന്നെ സ്ഥിതി ചെയ്യുന്നത്.

 ഒന്നൊന്നര റസ്റ്റ് ഹൗസ്.

 കേരളത്തിലെ നഗരപ്രദേശങ്ങളിൽ  പൊതുമരാമത്ത് വകുപ്പിന് കീഴിൽ വലിയ റസ്റ്റ് ഹൗസുകൾ തന്നെയുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ റസ്റ്റ് ഹൗസുകൾ എല്ലാം വലിപ്പംകൊണ്ട് ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. എന്നാൽ ഇതിനെയെല്ലാം  കടത്തി വെട്ടുന്ന സൗകര്യങ്ങളാണ് കുറ്റാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കൊട്ടാരത്തിനുള്ളത്. നേരത്തെ പറഞ്ഞതുപോലെ വിശാലമായ  കോമ്പൗണ്ടിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേവലം ഒരു കെട്ടിടം മാത്രമല്ല കുറ്റാലം കൊട്ടാരം. കുറ്റാലം കൊട്ടാരം, ദളവ കൊട്ടാരം,അമ്മച്ചി കൊട്ടാരം തുടങ്ങി ചെറുതും വലുതുമായ 11 കെട്ടിടങ്ങളാണ്  കൊട്ടാരത്തിൽ ഉള്ളത്. ഇത്രയും സ്ഥലത്ത് 34 മുറികളാണ് താമസത്തിനായി ഉള്ളത്. ഒരുകാലത്ത് നാശത്തിന്റെ വക്കിൽ ആയിരുന്നു കുറ്റാലം കൊട്ടാരം. അറ്റകുറ്റപ്പണികൾ ഒന്നും നടത്താതെയും വേണ്ടത്ര സംരക്ഷണം ഇല്ലാതെയും  പരിതാപകരമായിരുന്നു സ്ഥിതി. പിന്നാലെ സർക്കാർ കൊട്ടാരം നവീകരിച്ച് മികവുറ്റതാക്കി മാറ്റി. അതുകൊണ്ടുതന്നെ ഒരു കൊട്ടാരത്തിൽ താമസിക്കുന്ന അനുഭവത്തിൽ നിങ്ങൾക്ക് ഇവിടെ കഴിയാം. ഇവിടെയുള്ള ഓരോ മുറികൾക്കും വ്യത്യസ്തമായ ചാർജ്ജുകൾ ആണ് നൽകേണ്ടി വരിക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ പറയാം.

 നിയമ പോരാട്ടങ്ങളുടെ വഴി

 കുറ്റാലം കൊട്ടാരം കേരളത്തിന്റെ കയ്യിൽ നിർത്താൻ ഒരുപാട് നിയമ പോരാട്ടങ്ങൾ നടന്നു എന്നതാണ് പുതിയ ചരിത്രം. തിരുവിതാംകൂർ മഹാരാജാവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെട്ടിടം ആയതുകൊണ്ട് തന്നെ സ്വാഭാവികമായും ഇത് സർക്കാരിലേക്ക് വന്നുചേരുകയായിരുന്നു. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് കൊട്ടാരത്തിന്റെ നോട്ടക്കാർ ആയിരുന്ന തേവർ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ഈ കുടുംബത്തിന്റെ ആവശ്യം പൂർണമായും തള്ളി സംസ്ഥാന സർക്കാരിന് അനുകൂലമായ വിധി വന്നത്. വർഷങ്ങൾ നീണ്ടുനിന്നു ഈ നിയമ പോരാട്ടം.

 2019 മെയ് മാസമാണ് തേവർ കുടുംബത്തിന്റെ അവകാശവാദം തള്ളി തിരുനെൽവേലി ജില്ലാ റവന്യൂ ഓഫീസർ ഉത്തരവ് ഇറക്കിയത് . കേരള സർക്കാരിനാണ് കൊട്ടാരത്തിന്റെ അവകാശം എന്നായിരുന്നു ഈ ഉത്തരവ്. എന്നാൽ ഈ ഉത്തരവിൽ അവസാനിച്ചില്ല നിയമ പോരാട്ടം. തേവർ കുടുംബം കോടതിയെ സമീപിച്ചു. 2025 മെയ് മാസം ആണ് ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കൊട്ടാരത്തിന്റെ അവകാശം തേവർ കുടുംബത്തിന് അല്ല എന്ന് ഹൈക്കോടതി  ഉത്തരവ് ഇട്ടു. തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവിനെ ശരിവെച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്.

 കുറ്റാലം കൊട്ടാരത്തിന്റെ പട്ടയം തമിഴ്നാട് സർക്കാർ കേരളത്തിന്റെ പേരിൽ ആക്കിയിരുന്നു. ഇത് റദ്ധ് ചെയ്യണം എന്നതായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. ഫലത്തിൽ പുതിയ കോടതി ഉത്തരവ് വന്നതോടെ കേവലം സംസ്ഥാന സർക്കാരിന് മാത്രമല്ല പൊതുജനങ്ങൾക്കും ആശ്വാസമായി. സർക്കാർ ഉടമസ്ഥതയിലുള്ള കൊട്ടാരം സ്വകാര്യ വ്യക്തികളിലേക്ക് പോയാൽ ഇപ്പോൾ പൊതുജനത്തിന് തുറന്നു കൊടുത്തിരിക്കുന്ന പോലെ കുറഞ്ഞ നിരക്കിൽ താമസം സാധ്യമാകുമായിരുന്നില്ല. ആ നിലയിൽ കൂടി വിധി പ്രസക്തമായി.

 രാജഭരണം മാറി ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിരവധി ഉടമ്പടികൾ തയ്യാറാക്കിയിരുന്നു. ഈ ഉടമ്പടികളിൽ ഒന്നും കൊട്ടാരത്തെക്കുറിച്ച് പരാമർശിക്കുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. രാജകുടുംബത്തിന്റെ വിൽപത്രത്തിലും ഇത് സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ഇല്ലെന്നും വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി ഉത്തരവ്.പട്ടയം അനുവദിച്ചത് കൊട്ടാരം കെയർടേക്കറുടെ പേരിലാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഈ കെയർ ടേക്കറെ നിയമിച്ചത് സർക്കാർ ആണ്. അതുകൊണ്ടുതന്നെ ഉടമസ്ഥാവകാശം സർക്കാരിനാണ്. മാത്രമല്ല രാജകുടുംബങ്ങൾ തമ്മിലുള്ള സ്വത്തു കൈമാറ്റ രേഖകളിലും കുറ്റാലം കൊട്ടാരത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല. ഇതോടെയാണ് കൊട്ടാരം പൊതു സ്വത്താണ് എന്ന നിലപാടിലേക്ക് മധുര ബഞ്ച് എത്തിയത്.

 തമിഴ്നാടും സ്വന്തമാക്കാൻ നോക്കി

 ഇതാദ്യമായി അല്ല കൊട്ടാരവുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ഉണ്ടാകുന്നത്. തേവർ കുടുംബം നിയമ പോരാട്ടം നടത്തുന്നതിന് മുൻപ് ആദ്യം കേരള സർക്കാരിനെതിരെ രംഗത്ത് വന്നത് തമിഴ്നാട് സർക്കാർ തന്നെയായിരുന്നു. കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം തമിഴ്നാട് സർക്കാരിനാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നിയമ പോരാട്ടം നടന്നത്. 2010ലായിരുന്നു തമിഴ്നാട് ഇങ്ങനെയൊരു നീക്കം നടത്തിയത്. എന്നാൽ കോടതി തമിഴ്നാടിന്റെ നിലപാടും തള്ളിക്കളഞ്ഞു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർദ്ദേശം അനുസരിച്ച്  തിരുനെൽവേലി റവന്യൂ ഓഫീസർ കേരള സർക്കാറിന് അനുകൂലമായ ഉത്തരവ് ഇറക്കിയത്. നിയമ പോരാട്ടങ്ങൾ ഇവിടെയൊന്നും അവസാനിക്കുമെന്ന് ഇപ്പോഴും കരുതാൻ വയ്യ.

 ഓൺലൈൻ വഴി റൂം ഉറപ്പിച്ചിട്ട്  പോകാം 

 രണ്ട് കോടി രൂപ ചെലവാക്കിയാണ്  കുറ്റാലം കൊട്ടാരം കേരളസർക്കാർ അടുത്തകാലത്ത് നവീകരിച്ചത്. അതുവരെ ഒരു ഭാർഗവീനിലവയത്തിന് സമാനമായ നിലയിൽ നിലവാരമില്ലാതെയാണ് കെട്ടിടം ഉണ്ടായിരുന്നതെങ്കിൽ നവീകരണത്തോടെ സ്ഥിതി മാറി. ആധുനികമായ പല സൗകര്യങ്ങളും മുറികളിൽ വന്നു. എസി മുറികൾ ഉൾപ്പെടെ ഇവിടെ ലഭ്യമാകും. നവീകരണം പൂർത്തിയായെങ്കിലും ആദ്യഘട്ടത്തിൽ ഓൺലൈൻ വഴി ഇവിടുത്തെ റൂം ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നില്ല. റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിൽ ഉണ്ടായിരുന്ന പോരായ്മ പരിഹരിച്ചതോടെയാണ് ഇതിന് ഇപ്പോൾ കഴിയുന്നത്. ഇത്രയധികം പ്രധാനപ്പെട്ട ഒരു റസ്റ്റ് ഹൗസ് ആയതുകൊണ്ട് തന്നെ നേരത്തെ തന്നെ റൂം ബുക്ക് ചെയ്തു യാത്ര പുറപ്പെടുന്നതായിരിക്കും നല്ലത്.

 റൂം നിരക്കുകൾ ഇങ്ങനെ.

 നേരത്തെ തന്നെ പലതരത്തിലുള്ള മുറികൾ കൊട്ടാരത്തിൽ ഉണ്ട് എന്ന് വ്യക്തമാക്കിയല്ലോ. അതും പല നിലവാരത്തിലും വലിപ്പത്തിലും ഉള്ളതാണ്. 3500 രൂപയാണ് ഇവിടുത്തെ ഏറ്റവും ഉയർന്ന നിരക്ക് എന്നാണ് പിഡബ്ല്യുഡി വ്യക്തമാക്കുന്നത്. അഞ്ചുപേർക്ക് താമസിക്കാൻ കഴിയുന്ന ശീതീകരിച്ച മെയിൻ പാലസ് സ്യൂട്ട് റൂമിന് 3500 രൂപ നൽകണം. ഇവിടെ എക്സ്ട്രാ ബെഡ് ഒന്നിന് 150 രൂപയാണ് തുക. നാലുപേർക്ക് കഴിയാവുന്ന മറ്റൊരു മെയിൻ പാലസ് സ്യൂട്ട് റൂമും ഇവിടെയുണ്ട്. ഇതിന് 3500 രൂപ ആണ് നൽകേണ്ടത്. എക്സ്ട്രാ ബെഡിന് 150 രൂപയും. മൂന്ന് പേർക്ക് താമസിക്കാൻ കഴിയുന്ന കോട്ടേജ് റൂമിന് 3500 രൂപ തന്നെ നൽകണം. എക്സ്ട്രാ ബെഡിന് 150 രൂപ. ഇത് ശീതീകരിച്ച മുറി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മുറിയുടെ വലിപ്പവും സൗകര്യവും എല്ലാം അനുസരിച്ചാണ്  താരിഫ് നിശ്ചയിച്ചിട്ടുള്ളത്.

 ‘അമ്മ വക നാലുകെട്ട്’ റൂമാണ് ഇവിടെയുള്ള മറ്റൊരു പ്രധാനപ്പെട്ട മുറി. ഇവിടെയും നാലുപേർക്ക് താമസിക്കാൻ കഴിയും. പക്ഷേ ഈ മുറിയും ശീതീകരിച്ചിട്ടില്ല. 3000 രൂപയാണ് ഈ മുറിക്ക് വാടകയായി നിങ്ങൾ നൽകേണ്ടത്. ഇവിടെയും എക്സ്ട്രാ ബെഡിന് 150 രൂപ.  ‘പാലസ് അനക്സ് സ്യൂട്ട്’ റൂമിൽ അഞ്ചുപേർക്ക് കഴിയാം. ശീതീകരിക്കാത്ത ഈ മുറിക്ക് 2500 രൂപ ചാർജ് നൽകണം. രണ്ടുപേർക്ക് കിടക്കാവുന്ന ട്വിൻ ടൈപ്പ് ക്വാർട്ടേഴ്സ് സ്യൂട്ട് റൂമിന് 2000 രൂപയാണ് ചാർജ്. 1500 രൂപയ്ക്ക് മൂന്നുപേർക്ക് കഴിയാവുന്ന  സ്കോർപിയോൺ സ്യൂട്ട് റൂമും നിങ്ങൾക്ക് കിട്ടും. ശീതീകരിക്കാത്ത സാധാരണ സ്യൂട്ട് റൂമിനും 1500 രൂപയാണ് തുക. പാലസ് അനക്സ് ഡബിൾ റൂമിൽ രണ്ടുപേർക്ക് താമസിക്കാം. ഇതിന് 1300 രൂപ കൊടുത്താൽ മതി. ശീതീകരിച്ച ഡബിൾ റൂമിന് ആയിരം രൂപ മതിയാകും. ഇതുകൂടാതെ രണ്ടുപേർക്ക് കഴിയാവുന്ന ശീതീകരിക്കാത്ത  സ്കോർപിയോൺ റൂമിനും ആയിരം രൂപയാണ് തുക. ഇതിലും കുറഞ്ഞ തുകയ്ക്കും നിങ്ങൾക്ക് ഇവിടെ മുറികൾ കിട്ടും. ശീതീകരിക്കാത്ത സ്കോർപിയോൺ ഹാൾ റൂമിന് 600 രൂപ മാത്രമാണ് തുക. സ്ഥിരീകരിക്കാത്ത ഡബിൾ റൂമിനും 600 രൂപ നൽകിയാൽ മതിയാകും.

 ബുക്ക് ചെയ്യുന്നത് എവിടെ?

 പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് മുറികൾ ബുക്ക് ചെയ്യുന്നത്. പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് (pwd rest house online booking ) എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ തന്നെ സൈറ്റിന്റെ ലിങ്ക് നിങ്ങൾക്ക് കിട്ടും. അവിടെ റേറ്റുകൾ അറിയുന്നതിന് പ്രത്യേകിച്ച് ഇടം തന്നെയുണ്ട്. കുറ്റാലം പാലസ് റസ്റ്റ് ഹൗസ് കേരളത്തിന് പുറത്താണ് എന്ന് നേരത്തെ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ വിവിധ ജില്ലകളിലെ പട്ടിക എടുക്കുമ്പോൾ കൊല്ലം ജില്ലയുടെ പട്ടികയിലാണ് കുറ്റാലം പാലസ് കാണുക. ഇക്കാര്യം കൃത്യമായി മാർക്ക്‌ ചെയ്താൽ മാത്രമാകും നിങ്ങൾക്ക് റസ്റ്റ് ഹൗസ് ബുക്ക് ചെയ്യാൻ കഴിയുക. നിങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ അല്ലെങ്കിൽ ജനറൽ പബ്ലിക് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്തശേഷം വേണം മുകളിൽ പറഞ്ഞ തുക അനുസരിച്ച് ബുക്ക് ചെയ്യാൻ.

 ഡിസ്കൗണ്ട് കിട്ടാൻ വഴി ഉണ്ട് 

 മുകളിൽ പറഞ്ഞ റേറ്റുകൾ ഒരുപക്ഷേ നിങ്ങൾക്ക് ഉയർന്ന തുകയാകും. അങ്ങനെയുള്ളവർക്ക് കുറഞ്ഞ തുകയിൽ കുറ്റാലം പാലസ് ബുക്ക് ചെയ്യാൻ വേറൊരു ഉപായം കൂടി പറഞ്ഞു തരാം. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരാണ് റൂം ബുക്ക് ചെയ്യുന്നതെങ്കിൽ അവർക്ക് പകുതി തുക നൽകിയാൽ മതിയാകും. സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്ര നടത്തുന്നതിന് ആകെത്തുകയുടെ നാലിലൊന്നു ഭാഗം മാത്രമേ നൽകേണ്ടതുള്ളൂ. നിങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ അല്ലെങ്കിലും ഡിസ്കൗണ്ട് കിട്ടാൻ വഴിയുണ്ട്. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ നിങ്ങൾക്ക് വേണ്ടി മുറി ബുക്ക് ചെയ്തു തന്നാൽ കുറഞ്ഞ തുകയിൽ നിങ്ങൾക്ക് മുറി കിട്ടും. ആ ഉദ്യോഗസ്ഥർ നേരിട്ട് താമസിച്ചില്ലെങ്കിലും നിങ്ങൾക്ക് വേണ്ടി മുറി എടുത്തു തരാൻ ആകും. ഓൺലൈൻ സൈറ്റിൽ ഇതിനെല്ലാം  സൗകര്യമുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ  തസ്തികകൾ അനുസരിച്ചാണ് റിഡക്ഷൻ സംബന്ധിച്ചുള്ള കുറവുകൾ ഉണ്ടാകുക.കുറ്റാലം പാലസ് മാത്രമല്ല അവിടെ താമസിച്ചുകൊണ്ട് കുറ്റാലം ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലും തെങ്കാശിയുടെ മനോഹരമായ കാഴ്ചകളിലേക്ക് എല്ലാം നിങ്ങൾക്ക് പോകാം. ഇത്തരം സർക്കാർ സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കുക.

Share This Post

Leave a Reply

Your email address will not be published. Required fields are marked *