Headlines

 “കണ്ണില്ലാത്ത കടുവക്കുഞ്ഞിനെ അഞ്ചുവർഷം വളർത്തിയ മനുഷ്യൻ; മംഗളയും റോയിയും തമ്മിലുള്ള പെരിയാറിലെ അപൂർവ്വ  കഥ”

“കാഴ്ചശക്തിയില്ലാത്ത കടുവക്കുഞ്ഞായ മംഗളയെ സ്നേഹത്തോടെ വളർത്തുന്ന പെരിയാർ ടൈഗർ റിസർവിലെ വാച്ചർ റോയ്”

കാടിന്റെ കഥകൾ എപ്പോഴും കൗതുകം നിറഞ്ഞതാണ്. മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഒരുപാട് വ്യത്യസ്തമായി ജീവിക്കുന്ന മൃഗങ്ങൾ. അവയുടെ ആവാസ വ്യവസ്ഥ,പരസ്പരമുള്ള പോരുകൾ. സ്നേഹത്തിന്റെ അപൂർവ കാഴ്ചകൾ. അങ്ങനെ എല്ലാത്തരത്തിലും കാട്ടിലെ ജീവിതം  ആകാംക്ഷയോടെ കാണുന്നവരാണ് മനുഷ്യർ. ആനകളോടും കടവുകളോടും പുലികളോടും എല്ലാം ഉള്ള മനുഷ്യരുടെ ഇഷ്ടം കാടുകളിലേക്കുള്ള യാത്രയിലേക്ക് അവരെ പ്രേരിപ്പിക്കുന്നു. മനുഷ്യ വന്യജീവി സംഘർഷം വലിയ വാർത്തകളായി നിറയുന്ന ഈ കാലത്ത് കാടിനെ അറിയാനുള്ള യാത്രകളും കൂടി വരുന്നു എന്നതാണ് യാഥാർത്ഥ്യം. വനം വകുപ്പിന്റെ ട്രക്കിംഗ് പ്രോഗ്രാമുകൾ എല്ലാം വലിയ വിജയം ആകാൻ ഒരു കാരണവും  ഈ കൗതുകമാണ്. അതിനിടെയാണ് ഒരു വന്യജീവിയും മനുഷ്യനും തമ്മിലുള്ള അപൂർവ ബന്ധത്തിന്റെ കഥ പുറത്തുവരുന്നത്. പെരിയാർ കടുവാ സങ്കേതത്തിലെ മംഗള(tiger mangala) എന്ന കടുവയും റോയി എന്ന വാച്ചറും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ.

  ഒരു സിനിമ പോലെയാണ് റോയിയുടെയും മംഗളയുടെയും(tiger mangala) ജീവിതം. കണ്ണുകാണാത്ത മംഗളയെ(tiger mangala) ജീവനുതുല്യം സ്നേഹിച്ച് ഒടുവിൽ താൽക്കാലികമായെങ്കിലും പിരിയേണ്ടി വന്ന കഥ. കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ  റോയിക്ക് ഈ കഥ പറയാൻ കഴിയില്ല. അത്രത്തോളം ഹൃദയം തൊട്ടാണ് മംഗളയും റോയും പിരിയുന്നത്.

 2020 നവംബർ 21 ന് ആണ് കഥയുടെ തുടക്കം. പെരിയാർ കടുവാ സങ്കേതത്തിന് കീഴിലുള്ള മംഗളാദേവി ക്ഷേത്രത്തിന് സമീപം  ഒരു കടുവ കുട്ടിയെ വനപാലകർ കണ്ടെത്തുന്നു. മംഗളാദേവി ക്ഷേത്രത്തിന് സമീപം ക്യാമറ ട്രാപ്പുകൾ ഒരുക്കാൻ പോയ സംഘമാണ് അവിടെ ഒരു ടാങ്കിന് സമീപം കടുവ കുഞ്ഞിനെ കണ്ടത്.കേവലം രണ്ടുമാസം മാത്രം പ്രായമുള്ള കടുവ കുട്ടിയായിരുന്നു ഇത്. അത്യന്തം അവശനിലയിൽ ആയിരുന്നു ഈ കുട്ടിക്കടുവ ഉണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്  അമ്മ ഉപേക്ഷിച്ചു പോയ കടുവയാണ് എന്ന് മനസ്സിലായത്.കടുവ അവശനിലയിൽ ആണെന്ന് കണ്ടതോടെ സംരക്ഷണത്തിനായി വനം വകുപ്പുരംഗത്ത് വന്നു. റാന്നിയിലും കോന്നിയിലും ഉള്ള വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടർമാരുടെ സംഘം സ്ഥലത്ത് എത്തി.കാട്ടിനുള്ളിൽ തന്നെ പ്രത്യേക കൂട് വെച്ച് പരിചരിക്കാൻ തുടങ്ങി. അവിചാരിതമായി ജീവിതത്തിൽ ഒറ്റപ്പെട്ട കടുവയ്ക്ക് അവർ മംഗള എന്ന പേരിട്ടു. മംഗളാദേവിക്ക് സമീപം നിന്ന് ഉപേക്ഷിക്കപ്പെട്ട അവളുടെ കഥ അങ്ങനെ എല്ലാവരും അറിഞ്ഞു.

വൈകാതെ മറ്റൊരു യാഥാർത്ഥ്യം കൂടി വനം വകുപ്പ് തിരിച്ചറിഞ്ഞു. മംഗളക്ക് കാഴ്ചശക്തിയില്ല. ഏതാണ്ട് 90 ശതമാനവും കാഴ്ച നഷ്ടപ്പെട്ട നിലയിലാണ് മംഗള ഉള്ളത്. ഇതോടെ കണ്ണിനുൾപ്പെടെയുള്ള ചികിത്സകളും നൽകാൻ വനം വകുപ്പുദ്യോഗസ്ഥർ പദ്ധതി തുടങ്ങി. തുടക്കത്തിൽ പാല് മാത്രം നൽകിക്കൊണ്ടായിരുന്നു ഉദ്യോഗസ്ഥർ പരിചരണം തുടങ്ങിയത്. അത്രയധികം തളർന്ന അവസ്ഥയിലായിരുന്ന മംഗളയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഉള്ള ശ്രമത്തിന്റെ തുടക്കം. പാത്രത്തിൽ ഒഴിച്ച് നൽകിയ പാല് കുടിക്കാൻ മംഗള തയ്യാറായില്ല. കേവലം രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിക്കടുവയ്ക്ക് അതിനുള്ള അറിവില്ലായിരുന്നു എന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. അടുത്ത് ചെന്ന ആരെയും മംഗള ഉപദ്രവിക്കുന്നില്ല എന്നതും ഇതിനകം ഉദ്യോഗസ്ഥർക്ക് മനസ്സിലായി. ഇതോടെ കൂടുതൽ പരിചരണത്തിനായി  ജീവനക്കാർ അടുത്ത് തുടങ്ങി. മംഗളയെ മടിയിൽ വച്ച് കുപ്പിയിൽ കൂടി പാല് നൽകാൻ തുടങ്ങി. ഇവിടെ മുതൽ ആണ് വനം വകുപ്പ് വാച്ചറായ റോയിയും മംഗളയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്.

 പരിചരണം തുടങ്ങി വളരെ വേഗത്തിൽ തന്നെ മംഗള(tiger mangala )മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. അവശനിലയിൽ ആയിരുന്ന അവസ്ഥയിൽ നിന്ന്  വളരെ വേഗത്തിൽ ജീവിതത്തിലേക്ക്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് കണ്ടതോടെ ഡോക്ടർമാർക്കും വലിയ പ്രതീക്ഷയായി. ആദ്യം പാർപ്പിച്ച സ്ഥലത്ത് നിന്നും കടുവയെ ‘കരടിക്കവല’യിലേക്ക് മാറ്റാൻ തീരുമാനിച്ചു. പിന്നീടുള്ള ഏഴുമാസം മംഗളയുടെ ജീവിതം കരടിക്കവലയിൽ ആയിരുന്നു. തലപൊക്കുന്നുണ്ടായിരുന്നെങ്കിലും കാലുകൾ ഏതാണ്ട് തളർന്ന നിലയിൽ ആയിരുന്നു. ഇതോടെ വാച്ചറായ റോയിക്കും കുട്ടനും ഒപ്പം അവരുടെ മുറിയിൽ തന്നെ മംഗള കഴിഞ്ഞുകൂടി.

 കരടി കവലയിൽ കഴിഞ്ഞ കാലത്ത് ഭക്ഷണം എത്തിച്ചു നൽകുന്നതായിരുന്നു ഒരു രീതി. ഇറച്ചി വളരെ ചെറിയ പീസുകൾ ആയി കൊത്തി നുറുക്കി. ഇതിനുശേഷം ഉരുളകളാക്കി നൽകുന്നതായിരുന്നു തുടക്കത്തിലെ ശീലം.  നിപ്പിൾ കുപ്പിയിൽ നിന്ന് പാല് വലിച്ചു കുടിക്കാൻ അപ്പോഴും മംഗളക്ക്(tiger mangala )അറിയില്ലായിരുന്നു. ഇതോടെ ചെറിയ തുള്ളികൾ ആക്കി ഇറ്റിച്ചു കൊടുത്തു. അങ്ങനെ പതുക്കെ പതുക്കെ നിപ്പിൾ കുപ്പിയിൽ നിന്ന് പാല് നേരിട്ട് കുടിക്കാൻ മംഗള പഠിച്ചു.

 മംഗളയുടെ അതിജീവനത്തിന്റെ കഥയിൽ റോയിക്കും വലിയ പങ്കുണ്ട്. അരക്കു താഴെ തളർന്ന നിലയിൽ ആയിരുന്നു ആദ്യകാലങ്ങളിൽ എല്ലാം മംഗള ഉണ്ടായിരുന്നത്. ഇതോടെ കാലുകൾ എങ്ങനെ ചലിപ്പിക്കാൻ കഴിയും എന്ന നിലയിൽ ചിന്തകൾ തുടങ്ങി. ഒരു ഫ്രിഡ്ജ് വാങ്ങിയാണ് ഇതിന് പരിഹാരം കണ്ടെത്തിയത്. പഴയ ഫ്രിഡ്ജിന്റെ ഡോർ ഇളക്കി മാറ്റിയശേഷം അതിൽ വെള്ളം നിറച്ചു. തുടർന്ന് മംഗളയെ  അതിലേക്ക് ഇറക്കിവെച്ചു. നീന്താനുള്ള ശ്രമത്തിനിടെ ആദ്യം വെള്ളം കുടിച്ചാണ് മംഗള തുടങ്ങിയത്. പിന്നീട് പതുക്കെപ്പതുക്കെ നീന്താനുള്ള ശ്രമം മംഗള തുടങ്ങി. അത് കാലിന്റെ തളർച്ച മാറ്റുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു.

 മംഗള വളരെ വേഗം വളർന്നു തുടങ്ങി. ഇതോടെ ആദ്യത്തെ ഫ്രിഡ്ജ് മതിയാകാതെ വന്നു. ഫ്രിഡ്ജിലെ വെള്ളത്തിൽ നീന്താതെ  എഴുന്നേറ്റു നിൽക്കുകയായിരുന്നു അന്ന് മംഗള ചെയ്തത്. ഇതോടെ 2000 ലിറ്ററിന്റെ ടാങ്ക് പ്രത്യേകമായി ഒരുക്കി. കടുവയുടെ ശരീരത്തിന്റെ താപനിലയ്ക്ക് അനുസരിച്ച് വെള്ളത്തിന്റെ താപനിലയും ക്രമീകരിച്ചു. സാധാരണ താപനിലയിൽ ഉള്ള വെള്ളത്തിൽ മംഗള വിറച്ചു തുടങ്ങിയതോടെയാണ് പുതിയ പരീക്ഷണം തുടങ്ങിയത്. അങ്ങനെ ഒരു ദിവസം മൂന്നുനേരം നീന്തൽ പരിശീലനമായി. തൊട്ടടുത്ത വർഷം ജനുവരി 20 മുതൽ മംഗള അങ്ങനെ പതുക്കെ നടക്കാൻ തുടങ്ങി.

 നടക്കാൻ തുടങ്ങിയതോടെ മംഗളയുടെ ദിനചര്യങ്ങൾ മാറി. ദിവസവും രാവിലെ അരമണിക്കൂർ മംഗള വാച്ചർമാർക്കൊപ്പം നടക്കാൻ തുടങ്ങി. പതുക്കെ പതുക്കെ സാധാരണ നിലയിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി. അങ്ങനെ   തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന റോയിയെ പിരിഞ്ഞു നിൽക്കാനാകാത്ത അവസ്ഥയിലേക്ക് മംഗള എത്തി. റോയിയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.

 വെല്ലുവിളികൾ തീർന്നില്ല

 പതുക്കെ പതുക്കെ ആരോഗ്യം വീണ്ടെടുത്ത അവസ്ഥയായിരുന്നു മംഗളക്ക് ഉണ്ടായിരുന്നത്. ഇതോടെ കടുവയെ വനത്തിൽ നിന്നും താഴേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു.2021 ജൂലൈ 29 ടൈഗർ  ദിനത്തിൽ  ആയിരുന്നു മംഗളയുടെ  താമസമാറ്റം. എന്നാൽ വൈകാതെ ആ യാഥാർത്ഥ്യം വീണ്ടും ഡോക്ടർമാർ തിരിച്ചറിഞ്ഞു. മംഗളയുടെ കാഴ്ചശേഷി പൂർണ്ണമായും നഷ്ടമായി. വനം വകുപ്പിന് കീഴിലെ വിദഗ്ധ ഡോക്ടർ ആയ അരുൺ സക്കറിയ ഉൾപ്പെടെയുള്ളവർ മംഗളയുടെ ആരോഗ്യനില പരിശോധിച്ചു. കൂടുതൽ വിദഗ്ധ  ചികിത്സ നൽകാൻ ഡോക്ടർമാരുടെ സംഘം തീരുമാനിച്ചു. മകളുടെ കാഴ്ച ശക്തി വീണ്ടെടുക്കാനുള്ള ശ്രമമാണ് ഡോക്ടർമാർ നടത്തിയത്. അമേരിക്കയിൽ നിന്ന് ഇതിനായി പ്രത്യേക മരുന്ന് ഇന്ത്യയിൽ എത്തിച്ചു.  നിപ്പിൾ കുപ്പിയിൽ നിന്നും പാൽ കുടിക്കുന്ന സമയത്ത് കണ്ണിലേക്ക് മരുന്ന് ഒഴിച്ചുകൊടുത്തു. ഒരു ദിവസം മൂന്നുനേരം ഈ തുള്ളി മരുന്ന് കണ്ണിൽ ഒഴിച്ചു. 2023 വരെ ഈ പരിചരണം തുടർന്നു. ഇതോടെ പതുക്കെ കാഴ്ച തിരിച്ചുവന്നു എന്നാണ് ഡോക്ടർമാർ വിലയിരുത്തിയത്.

 റോയിയെ പിരിയാൻ ആകാതെ മംഗള

 മംഗളയും റോയിയും തമ്മിലുള്ള ആത്മബന്ധം ഇതോടെ വലുതായി. റോയിയെ പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് മംഗള എത്തി. അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും പെരിയാർ ടൈഗർ റിസർവിലെ ഉദ്യോഗസ്ഥർക്ക് സുപരിചിതമാണ്. പരിചരണത്തിനിടെ ആറു ദിവസം റോയി അവധിയെടുത്തു. ഈ സമയം തേക്കടിയിൽ നിന്ന് പാലക്കാട്ടേക്ക് റോയ് മാറിനിന്നു. ഇതോടെ മംഗള അസ്വസ്ഥയായി. നേരത്തെ റോയിക്കൊപ്പം പരിചരിച്ച  വാച്ചർ ഭക്ഷണം നൽകിയെങ്കിലും അത് കഴിക്കാൻ മംഗള തയ്യാറായില്ല. ഇതോടെ റോയിയെ തന്നെ വിവരമറിയിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. മംഗളയുടെ പെരുമാറ്റം അറിഞ്ഞ റോയി അന്ന് രാത്രി തന്നെ പാലക്കാട് നിന്നും തിരിച്ചു തേക്കടിക്ക് മടങ്ങി. റോയി എത്തി  നൽകിയതോടെയാണ് മംഗള(tiger mangala )സ്വാഭാവിക നിലയിൽ വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. റോയിയെ വിട്ടൊരു ജീവിതം മംഗളക്ക് സാധ്യമല്ല എന്ന് തെളിയിക്കുന്ന നിമിഷം. ഇതോടെ റോയ് പറഞ്ഞാൽ എന്തും അനുസരിക്കുന്ന നിലയിലേക്ക് മംഗള മാറി. കടുവയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെങ്കിൽ പോലും റോയിക്കൊപ്പം മംഗള നടന്നു തന്നെ കൂട്ടിലേക്ക് കയറി.

 ഇടയ്ക്ക് ഒരു അകലം 

 പതുക്കെപ്പതുക്കെ മംഗള വളർന്നു. കുറച്ചുകൂടി വലിയ കൂട്ടിലേക്ക് ഇതോടെ മംഗളയെ മാറ്റി. കടുവ വളർന്നതോടെ വലിയ കൂടിനുള്ളിലേക്ക് കയറുന്ന രീതി റോയ് പതുക്കെ കുറച്ചു . മംഗളയുടെ ഭാരം കൂടിയതോടെ ലാളിക്കാൻ കഴിയുന്ന സാഹചര്യവും ഇല്ലാതായി . സ്നേഹത്തോടെ തിരിച്ചു പ്രതികരിച്ചാൽ പോലും റോയിക്ക് പരിക്ക് പറ്റുന്ന നില ആയി. അതുകൊണ്ടാണ് ബോധപൂർവ്വം ഒരു അകലമിട്ടത്.

 മംഗളയുടെ ഭാവി തീരുമാനിച്ചത് ഇങ്ങനെ

 പ്രായം കൂടി മുതിർന്ന കടുവ ആയതോടെ മംഗളയെ ഇനി എന്തു ചെയ്യണം എന്ന ചിന്തയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. സാധാരണഗതിയിൽ കാട്ടിൽ നിന്ന് കിട്ടുന്ന കടുവകളെ ചികിത്സ പൂർത്തിയാക്കി കാട്ടിലേക്ക് മടക്കി വിടുന്ന രീതിയാണ് ഉണ്ടാകാറുള്ളത്. എന്നാൽ വേട്ടയാടൽ പോലും പഠിക്കാത്ത മംഗളക്ക് കാട്ടിൽ അതിജീവനം സാധ്യമാകുമോ എന്ന സംശയം ഉദ്യോഗസ്ഥർക്ക് ഉണ്ടായി. മറ്റു മൃഗങ്ങൾ ആക്രമിക്കാനുള്ള സാധ്യതയുമുണ്ട്.ഇതോടെ വിദഗ്ധർ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചു. ഈ സംഘമാണ് കടുവയെ കാട്ടിലേക്ക് മടക്കി അയച്ചാൽ അതിന്റെ ജീവനെത്തന്നെ ബാധിച്ചേക്കാം എന്ന വിലയിരുത്തൽ നടത്തിയത്. തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് സംഘം റിപ്പോർട്ട്‌ കൈമാറി. ഇതേ തുടർന്നാണ് കൂടുതൽ വിദഗ്ധരായ ഡോക്ടർമാരുടെ പരിചരണം നിരന്തരം ആവശ്യമുണ്ട് എന്ന നിഗമനത്തിലേക്ക് എത്തിയത്. അങ്ങനെയാണ് ഡോക്ടർമാരുടെ സാന്നിധ്യം എപ്പോഴും ഉള്ള തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആശുപത്രിയിലേക്ക് മംഗളയെ മാറ്റാൻ തീരുമാനമായത് 

വേദനയോടെ റോയ് 

 അഞ്ചുവർഷത്തെ വേർപെടുത്താൻ ആകാത്ത ബന്ധം  നിറകണ്ണുകളോടെയാണ് റോയി പറയുന്നത്. കഴിഞ്ഞ അഞ്ചുവർഷവും പ്രതികൂലമായ എല്ലാ സാഹചര്യങ്ങളോടും മംഗള പൊരുത്തപ്പെട്ടതായി റോയ് ഓർക്കുന്നു. അതുകൊണ്ടുതന്നെ പുത്തൂരിലേക്ക് മാറ്റണമെന്ന തീരുമാനത്തെ റോയി അനുകൂലിക്കുന്നില്ല. മംഗളക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയാണ് റോയിയെ മുന്നോട്ടു നയിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളോട് എന്നപോലെ തോന്നുന്ന  ആത്മബന്ധത്തിൽ നിന്നുണ്ടായ ആശങ്ക. എന്നാൽ ആശങ്ക ഒന്നും വേണ്ട എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഏത് സാഹചര്യത്തോടും പൊരുത്തപ്പെട്ട് കഴിയാനുള്ള കഴിവ് കടുവയ്ക്ക് ഉണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

 മംഗളയെ പിരിയാനുള്ള വേദനയിൽ ഒപ്പം തൃശ്ശൂരിലേക്ക് പോകാൻ പോലും റോയ് തയ്യാറായി. എന്നാൽ പാർക്കിനുള്ളിൽ താമസിക്കുന്നതിനുള്ള സൗകര്യമുണ്ടായില്ല. റോയ് m വാടകയ്ക്ക് താമസിക്കണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. ചെറിയ വരുമാനമുള്ള റോയിക്ക് ഇതിന് സാധിക്കാതെ വന്നു. ഏതുനിമിഷവും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ തൃശ്ശൂരിലേക്ക് പോകാൻ ഇപ്പോഴും റോയ് തയാറാണ്. മറ്റാർക്കും പറഞ്ഞാൽ മനസ്സിലാകാത്ത തരത്തിൽ കണ്ണുനിറഞ്ഞുകൊണ്ട് വീണ്ടും റോയ് ആവർത്തിക്കുന്നു . മംഗളയുടെ ജീവിതം നഷ്ടമാകരുത് എന്ന് മാത്രമാണ് ഈ മനുഷ്യന്റെ ആഗ്രഹം.

റോയിയുടെ പെണ്ണ് 

 മംഗളയാണ് വനം വകുപ്പിനും നാട്ടുകാർക്കും എല്ലാം ഈ കടുവ. പക്ഷേ റോയിക്ക് അതൊരു പെണ്ണാണ്. റോയ് ‘പെണ്ണ്’ എന്നു വിളിച്ചാൽ വിളി കേൾക്കുന്ന മംഗള. ഒരു കടുവയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന് ഇതിൽപരം എന്താണ് വിവരണം വേണ്ടത്. “മനുഷ്യനെക്കാൾ  മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്ന ജീവി”,റോയ്ക്ക് അതാണ് മംഗള. വയ്യാതെ കിടന്ന കാലം മുതൽ ഒപ്പം കൂടിയ  റോയിയെ വിട്ടുപിരിഞ്ഞ മംഗള ഇനി തൃശ്ശൂരിൽ കഴിയും. അതിജീവനത്തിന്റെ മാത്രമല്ല മനുഷ്യ- വന്യജീവി സ്നേഹത്തിന്റെ കൂടി കഥയായി.

Share This Post

Leave a Reply

Your email address will not be published. Required fields are marked *