Headlines

കാട് രക്ഷിക്കാൻ പെൺകടുവയുടെ 889 കിലോമീറ്റർ യാത്ര; ഇത് ചരിത്ര ദൗത്യം

TIGRESS-T6-SAHYADRI-TIGER-RESERVE-RELOCATION

ഒരു കാട് സംരക്ഷിക്കാൻ പെൺ കടുവ യാത്ര ചെയ്തത് ആയിരത്തോളം കിലോമീറ്റർ.

 നമ്മുടെ ഭൂമിയെ നിലനിർത്തുന്നത് ഒരർത്ഥത്തിൽ കാടുകളാണ്. കാടുകൾ ഇല്ലെങ്കിൽ പ്രകൃതിയുടെ സന്തുലനം തന്നെ ഇല്ലാതാകും. മഴ നമുക്ക് അന്യമാകും. കാട് നിലനിൽക്കണമെങ്കിൽ അവിടെ മൃഗങ്ങൾ ഉണ്ടാകണം. ഏതെങ്കിലും ഒരു മൃഗം മാത്രമായി പെറ്റു പെരുകിയാലും കാട് നിലനിൽക്കില്ല. മൃഗങ്ങളുടെ അനുപാതത്തിലും ഒരു സന്തുലിതാവസ്ഥ ഉണ്ടാകണം. 

ജൈവ സമ്പുഷ്ടമായ ഒരു കാടിന്റെ പ്രത്യേകതയാണ് കടുവകളുടെ സാന്നിധ്യം. കൃത്യമായ അതിർത്തി അടയാളപ്പെടുത്തി ജീവിക്കുന്ന സ്വഭാവമാണ് കടുവകൾക്ക് ഉള്ളത്. തന്റെ അതിർത്തിക്കുള്ളിലേക്ക് മറ്റു കടുവകൾ വന്നാൽ അതിനെ ആക്രമിക്കുന്ന ശീലവും ഉണ്ട്. ഇങ്ങനെ ആക്രമിച്ച് കൊലപ്പെടുത്തുന്ന രീതി പോലും ഉണ്ടാകാറുണ്ട് . മാർജാര കുടുംബത്തിലെ (പന്തേര ടൈഗ്രിസ് ) ഏറ്റവും ശക്തിയുള്ളതും വലുതുമായ ജീവിയാണ് കടുവ. പൂർണ്ണ വളർച്ചയെത്തിയ ആൺകടുവകൾക്ക് 200 കിലോഗ്രാമെങ്കിലും ഭാരം ഉണ്ടാകും. 300 കിലോഗ്രാമിൽ അധികം ഭാരം ഉള്ള കടുവകളും പലയിടത്തും കണ്ടിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയുന്നതാണ് ആൺ കടുവകളുടെ ശീലം. പ്രജനനകാലത്ത് മാത്രമാണ് പ്രായപൂർത്തിയായ ആൺ കടുവകൾ ഇണയുടെ ഒപ്പം ജീവിക്കുന്നത് . 105 മുതൽ 110  ദിവസം വരെയാണ് കടുവകളുടെ ഗർഭകാലം. പ്രസവിച്ചു കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞുങ്ങൾ കണ്ണു തുറക്കുന്നത്. ഒരു കടുവയുടെ കുഞ്ഞ് പ്രായപൂർത്തിയാകാൻ മൂന്നുവർഷമെങ്കിലും എടുക്കും. 12 വർഷമാണ് കടുവകളുടെ ആയുർദൈർഘ്യം.

 ഇതാണ് ആ സങ്കീർണമായ ദൗത്യം

 കടുവകളെ കുറിച്ച് പറഞ്ഞുവന്നത് അടുത്തിടെ രാജ്യത്ത് നടന്ന ഒരു സങ്കീർണമായ ദൗത്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടാനാണ്. ഒരു കാടിനെ സമ്പന്നമാക്കാൻ ആണ് ഈ ചരിത്രപരമായ  ദൗത്യം നടന്നത്. 889 കിലോമീറ്റർ നീണ്ട ഒരു പെൺ കടുവയുടെ പ്രയാണമാണ് സംഭവം.മഹാരാഷ്ട്രയിലെ സാഹ്യാദ്രി ടൈഗർ റിസർവിന് വേണ്ടിയാണ്  ചരിത്രപരമായ ഈ യാത്ര നടന്നത്. മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിൽ നിന്നാണ്  ആയിരത്തോളം കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്രയിലെ കടുവാ സങ്കേതത്തിലേക്ക് പെൺകടുവ എത്തിയത്. കടുവ ഒറ്റയ്ക്ക് നടത്തിയ ഒരു യാത്രയല്ല ഇത്. മഹാരാഷ്ട്രയിലെ കാടിനെ സമ്പുഷ്ടമാക്കാൻ രാജ്യത്തെ വനം വകുപ്പ് ആസൂത്രണം ചെയ്തു നടത്തിയ ഒരു വലിയ പദ്ധതിയാണ് കഴിഞ്ഞദിവസം പൂർത്തിയായത്. 

1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കടുവകളെ കാടുമാറ്റുന്ന ചരിത്ര ദൗത്യം നടന്നത്. കടുവയെ  ഏതെങ്കിലും ഒരു കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു പോയി മറ്റൊരു കാട്ടിൽ വിടുന്നു എന്ന് ലളിതമായി ചിന്തിക്കാൻ കഴിയുന്ന ഒന്നല്ല നടന്നത്. വർഷങ്ങൾ വേണ്ട തയ്യാറെടുപ്പുകൾ തന്നെ ഈ പദ്ധതിക്ക് വേണ്ടിവന്നു. വന്യജീവി നിയമപ്രകാരം കടുവകൾ പോലെ ഷെഡ്യൂൾ ഒന്നിലെ മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്രസർക്കാരിന്റെ(MoEFCC) അനുമതി ആവശ്യമാണ്. ഷെഡ്യൂൾ ഒന്നിൽ പെടാത്ത മൃഗങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരിന്റെ അനുമതി മാത്രം മതിയാകും. എന്നാൽ ഇത് പ്രകാരം സംസ്ഥാനങ്ങൾ മൃഗങ്ങളെ മാറ്റുമ്പോൾ അപകടങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടായാൽ അനുമതി റദ്ദാക്കുന്നതിന് ഉൾപ്പെടെയുള്ള അധികാരം കേന്ദ്രസർക്കാരിന് തന്നെയാണ്. അതായത് കേന്ദ്രത്തിന്റെ അനുമതിയോടുകൂടിയാണ് മധ്യപ്രദേശും മഹാരാഷ്ട്രയും ചേർന്ന് ആ വലിയ ദൗത്യം നടത്തിയത്.

 സഹ്യാദ്രിയിലെ പ്രതിസന്ധി

 ചന്ദോളി ദേശീയോദ്യാനവും കൊയ്ന വന്യജീവി സങ്കേതവും രണ്ടായി നിലനിൽക്കുകയായിരുന്നു.  ഇവയെ ഒരുമിപ്പിച്ച് 2010 ൽ ഒരു കടുവാ സങ്കേതം രൂപീകരിച്ചു. അതാണ് സഹ്യാദ്രി ടൈഗർ റിസർവ്(STR). പശ്ചിമഘട്ടത്തിലെ വടക്കേ അറ്റത്തെ കടുവാ സങ്കേതമാണ് സഹ്യാദ്രി ടൈഗർ റിസർവ്. കൊയ്ന നദിയിലെ ശിവസാഗർ റിസർവോയറിനും ‘വാരണ’ നദിയിലെ വസന്തസാഗർ റിസർവോയറും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പുള്ളിപ്പുലികളും, കാട്ടുനായ്ക്കളും, കാട്ടികളും, മ്ലാവുകളും ഈ കാട്ടിൽ  ഉണ്ട്. നാലു കൊമ്പുള്ള മാനും ഭീമൻ അണ്ണാനും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. 

കടുവകളുടെ സാന്നിധ്യമാണ് ഒരു കാടിന്റെ പ്രധാനപ്പെട്ട സവിശേഷത എന്ന് വീണ്ടും പറയേണ്ടതില്ലല്ലോ! കാട് സമ്പുഷ്ടമാക്കാൻ കടുവകളുടെ സാന്നിധ്യം വേണമെന്ന അറിവിൽ നടന്ന ഒരു ദൗത്യമാണ് നേരത്തെ പറഞ്ഞത്. സഹ്യാദ്രിയിലെ ആ കുറവ് പരിഹരിക്കാനാണ് നാലു വയസ്സുകാരിയായ പെൺ കടുവയെ പെഞ്ച് കടുവാ സങ്കേതത്തിൽ (pench tiger reserve )നിന്ന് മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്നത്. സഹ്യാദ്രി ടൈഗർ റിസർവിൽ(sahyadri tiger reserve )കടുവകളുടെ പുനരുജ്ജീവനം സാധ്യമാക്കാൻ നടന്ന ചരിത്ര ദൗത്യം.

 സഹ്യാദ്രിയുടെ സാധ്യത തിരിച്ചറിഞ്ഞു കൊണ്ടാണ് അങ്ങനെ ഒരു ചരിത്ര ദൗത്യത്തിലേക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കടന്നത്. കടുവകളുടെ സാന്നിധ്യം കൊണ്ട് കാടിന്റെ സന്തുലിതാവസ്ഥ പൂർണ്ണമാക്കാൻ നടന്ന പദ്ധതി.ഫെബ്രുവരി ഏഴിനാണ് ചരിത്രപരമായ  ദൗത്യം പൂർത്തിയായത്. സഹ്യാദ്രി ടൈഗർ റിസർവിലെ(sahyadri tiger reserve )കൊയ്നയിലാണ് കടുവയെ കൊണ്ടുവന്ന് തുറന്നുവിട്ടത്. ദീർഘകാലമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് നടന്നത്.നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കടുവയെ കാട് മാറ്റി പുതിയ കാട്ടിൽ എത്തിച്ചത്. കടുവകളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെ നടത്തിയ പദ്ധതി ആയതുകൊണ്ട് അതിന് ആരോഗ്യമുള്ള കടുവയെ കണ്ടെത്തുക എന്നതായിരുന്നു ആദ്യദൗത്യം.

 ആരാകണം ആ പെൺ കടുവ?

 പെഞ്ച് ടൈഗർ റിസർവിലാണ് (pench tiger reserve )മാസങ്ങൾ നീണ്ട നിരീക്ഷണവും പരീക്ഷണങ്ങളും നടന്നത്. കേവലം പ്രജനനത്തിന് കഴിവുണ്ടോ എന്നത് മാത്രമല്ല ഈ രംഗത്തെ പ്രഗൽഭരുടെ ടീം പരിശോധിച്ചത്. കണ്ടെത്തിയ കടുവയുടെ വേട്ടയാടാൻ ഉള്ള കഴിവും പരിശോധിക്കപ്പെട്ടു. കടുവകളുടെ വേട്ടയാടൽ പെട്ടെന്ന് കേൾക്കുമ്പോൾ നമുക്ക് അസ്വസ്ഥത തോന്നുന്ന കാര്യം ആയിരിക്കാം. കാഴ്ചയിൽ വളരെ പാവങ്ങളായ മാനുകളെയും ഭീമന്മാരായ കാട്ടുപോത്തിനെയും ഒക്കെ  കടുവ തന്ത്രപൂർവ്വം ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളും നിങ്ങളെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ അതാണ് കാടിന്റെ നീതി. അങ്ങനെ ഒരു നീതി നടപ്പായില്ലെങ്കിൽ പ്രകൃതിയുടെ തന്നെ താളം തെറ്റും. 

ഏതെങ്കിലും ഒരു മൃഗം മാത്രം അധികമായി പെറ്റ് പെരുകിയാൽ ആ കാടിന്റെ സന്തുലിതാവസ്ഥയെ തകരാറിലാക്കും. ഉദാഹരണത്തിന് മാൻവർഗ്ഗങ്ങൾ ഒരു പരിധിയിൽ കൂടുതൽ പെറ്റു പെരുക്കുകയാണെങ്കിൽ അവിടുത്തെ പുല്ലുകൾ പൂർണമായും അപ്രത്യക്ഷമാകുന്ന നിലയിലേക്ക് പതുക്കെ എത്താൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ പിന്നീട് അത് മഴയെ തന്നെ ബാധിക്കും. മഴയെ ബാധിച്ചാൽ അത് കാടിനെ മാത്രമല്ല ബാധിക്കുക. നമ്മുടെ നാട്ടിലെ ജലാശയങ്ങളിൽ വെള്ളമില്ലാതെ ആകും. അങ്ങനെ വന്നാൽ നമ്മുടെ കിണറുകളിലും വെള്ളം കിട്ടാതെ ആകും. ഫലത്തിൽ ജലദൗർബല്യം കാര്യമായി കൂടും. അതായത് കാടിനെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നമ്മുടെ നാടിനെ കൂടിയാണ് ബാധിക്കുന്നത്. അതായത് മനുഷ്യനെ ആകെ ബാധിക്കും എന്നർത്ഥം. അതുകൊണ്ടുതന്നെയാണ് കേന്ദ്രസർക്കാർ ഇത്തരം പദ്ധതികൾ സംസ്ഥാന വനം വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്നത്.

 പെഞ്ചിൽ നിന്ന് സഹ്യാദ്രിയിലേക്ക് ആ യാത്ര 

 കടുവയെ തെരഞ്ഞെടുത്ത പ്രക്രിയ നേരത്തെ വ്യക്തമാക്കിയല്ലോ. തെരഞ്ഞെടുത്ത കടുവയുടെ പരിശോധനകൾ ആണ് പിന്നീട് നടന്നത്. ഒരു കാട്ടിൽ നിന്ന് മറ്റൊരു കാട്ടിലേക്ക് മൃഗങ്ങളെ കൊണ്ടുപോകുന്നത് എങ്ങനെയെന്ന് നിങ്ങൾ ഇതിനകം കണ്ടിട്ടുണ്ടാകും. അരികൊമ്പൻ ദൗത്യം തന്നെ മലയാളിക്ക് അത്രയും വലിയ അറിവ് നൽകിയ ഒന്നാണ്. പരിപൂർണ്ണമായും അങ്ങനെയല്ലെങ്കിലും സമാനമായ നടപടികളാണ് കടുവയുടെ കാര്യത്തിലും ഉണ്ടായത്. അരിക്കൊമ്പനെ കൊണ്ടുപോയത് പോലെ പ്രത്യേക വാഹനത്തിൽ സംരക്ഷണം പൂർണമായും ഉറപ്പിച്ചാണ് ആ യാത്ര നടന്നത്. എന്നാൽ കേവലം മണിക്കൂറുകൾ കൊണ്ട് മാത്രം എത്തുന്നത് ആയിരുന്നില്ല മഹാരാഷ്ട്രയിലേക്ക് നടന്ന ഈ പെൺകടുവയുടെ യാത്ര.

 കിലോമീറ്റർ കൂടുതലുള്ളതുകൊണ്ടുതന്നെ കൃത്യമായി ഇടവേളകളിൽ വിശ്രമം ഉൾപ്പെടെ ഉറപ്പാക്കിയാണ് യാത്ര നടത്തിയത്. കടുവയെ കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനം തന്നെ സജ്ജീകരിച്ചു. ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധരുടെ വലിയൊരു സംഘം തന്നെ ഈ യാത്രയിൽ അനുഗമിച്ചു. ഇടയ്ക്കിടെ യാത്ര നിർത്തി കടുവയുടെ ആരോഗ്യനില കൃത്യമായി  പരിശോധിച്ചു. അങ്ങനെയാണ് 889 കിലോമീറ്റർ യാത്ര പൂർത്തിയാക്കി  T6 എന്ന പേരിൽ അറിയപ്പെട്ടിരുന്ന നാലു വയസ്സുകാരിയായ പെൺകടുവയെ സഹ്യാദ്രി ടൈഗർ റിസർവിൽ എത്തിച്ചത്.

കൊയ്‌നയിലും ദൗത്യം 

 T6 കടുവയെ കൊയ്നയിൽ എത്തിച്ച ശേഷം നിർണായകമായ പരിശോധനകൾ ആണ് നടന്നത്. പ്രത്യേകിച്ച് കാലാവസ്ഥ പരിശോധന ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ നടത്തി. പുതിയ കാലാവസ്ഥയിൽ കടുവ എങ്ങനെയാണ് പൊരുത്തപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു പരിശോധന നടന്നത്. പുതിയ കാടുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന കാര്യവും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം പരിശോധിച്ചു. ഇതിനുശേഷമാണ്  T6 നെ നിയന്ത്രിത മേഖലയിൽ തുറന്നുവിട്ടത്. തുറന്നുവിട്ട ശേഷവും കടുവയുടെ പരിശോധന തുടരുകയാണ്.ഇതിനായി സാറ്റലൈറ്റ് റേഡിയോ കോളർ ഘടിപ്പിച്ച്  ആണ് കടുവയെ  വിട്ടത്. മൃഗത്തിന്റെ സഞ്ചാരപഥം ഉൾപ്പെടെയുള്ളവ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് റേഡിയോ കോളർ സ്ഥാപിക്കാൻ ഉള്ളത്. അരികൊമ്പൻ ദൗത്യത്തിലും റേഡിയോ കോളർ ധരിപ്പിച്ച് ആയിരുന്നു ആനയെ കാട്ടിൽ തുറന്നു വിട്ടത്. മയക്കുവെടി വെച്ചു പിടികൂടിയ ഉടൻ തന്നെ റേഡിയോ കോളർ കഴുത്തിൽ സ്ഥാപിച്ചിരുന്നു. സമാനമായ നടപടികളാണ് കടുവയുടെ കാര്യത്തിലും ചെയ്തത്.  കാടിനുള്ളിൽ നിന്ന് പുറത്തേക്ക് പോകുന്നുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടിയാണ് ഇത്തരം നടപടികൾ പൂർത്തിയാക്കിയത്.

മുതിർന്ന വനം വകുപ്പുദ്യോഗസ്ഥർ ഡോക്ടർമാർ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വലിയൊരു സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. ഇതിന്റെ ചിത്രങ്ങൾ വനം വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഫലത്തിൽ ഉള്ളിൽ തുറന്നു വിട്ട കടുവയുടെ നിരീക്ഷണം തുടരുകയാണ്. നിയന്ത്രിത മേഖലയിലാണ് ഇപ്പോൾ കടുവയുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ  ഇതിനപ്പുറം പോകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികളും തുടരുന്നുണ്ട്. കടുവയുടെ ആരോഗ്യ പരിശോധനയ്ക്കും ഇത് സഹായകരമാണ്. ക്യാമറ ട്രാപ്പുകൾ വെച്ചും കടുവയുടെ നീക്കങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധിച്ചു വരുന്നുണ്ട്.

 ഒരു കടുവയിൽ ഒതുങ്ങുന്നതല്ല പദ്ധതി 

 കേവലം ഒരു കടുവയെ മാത്രം കൊണ്ടുവന്ന് ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുമോ? സ്വാഭാവികമായും നിങ്ങൾക്ക് ഉണ്ടാകാവുന്ന ഒരു സംശയമാണിത്. അങ്ങനെയല്ല എന്നതാണ് ലളിതമായ ഉത്തരം. T6 നെ കൊണ്ട്  മാത്രം കടുവകളുടെ പുനരുജ്ജീവനം സാധ്യമല്ല. അതിനുള്ള വിപുലമായ പദ്ധതികൾ തന്നെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകാതെ ഒരു ആൺ കടുവയെ കൂടി  സഹ്യാദ്രിയിൽ എത്തിക്കും എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അവിടെയും തീരില്ല കാര്യങ്ങൾ. ആകെ 8 കടുവകളെയാണ് പദ്ധതിയുടെ ഭാഗമായി ഇവിടേക്ക് കൊണ്ടുവരുന്നത്.

 കേവലം പെഞ്ച് ടൈഗർ റിസർവിൽ നിന്നും മാത്രമല്ല കടുവകളെ സഹ്യാദ്രിയിലേക്ക് കൊണ്ടുവരുന്നത്. മഹാരാഷ്ട്രയിലെ തന്നെ പ്രശസ്തമായ കടുവാ സങ്കേതം ആണ് തടോബ കടുവാ സങ്കേതം. ഇവിടെ നിന്നു കൂടി കടുവകളെ കൊണ്ടുവരുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി ചില കടുവകളെ നേരത്തെ തന്നെ കൊണ്ടുവരികയും ചെയ്തു. അതായത് ആകെ കൊണ്ടുവരുന്ന 8 കടുവകളിൽ അഞ്ച് എണ്ണവും  പെൺ കടുവകൾ ആണ് എന്നതാണ് കണക്ക്. മൂന്ന് ആൺ കടുവകൾ ആണ് ഈ പദ്ധതി പ്രകാരം ഇവിടെ എത്തിക്കുക. അങ്ങനെ ആകെയുള്ള 8 കടുവകൾ  ഇണ ചേരുന്നതിലൂടെ വൈകാതെ കടുവകളുടെ എണ്ണം കൂട്ടാം എന്നതാണ് പദ്ധതി. അങ്ങനെ  വലിയൊരു ദൗത്യം തന്നെയാണ് രാജ്യത്ത് നടക്കുന്നത് എന്ന് നിസംശയം പറയാം.

 വെല്ലുവിളികൾ നിരവധി 

 മനുഷ്യ വന്യജീവി സംഘർഷം വൻതോതിൽ കൂടിയ സാഹചര്യമാണ് രാജ്യത്ത് പൊതുവേ ഉള്ളത്. പല കാടുകളിലും കടുവകളുടെ എണ്ണം പെരുകി നിൽക്കുന്നതും പ്രതിസന്ധിക്ക് കാരണമാകാറുണ്ട്.  കാടിന്റെ ജൈവികാവസ്ഥയ്ക്ക് വന്ന തകരാറും പ്രതിസന്ധി ആകുന്നുണ്ട്. എന്നാൽ ഇതിനെല്ലാം അപ്പുറം മനുഷ്യർ വന്യജീവികളുടെ അതിക്രമം നേരിടാൻ തുടങ്ങിയതോടെ പ്രതിഷേധങ്ങൾ ശക്തമാണ്. അതുകൊണ്ടുതന്നെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന പ്രധാന ദൗത്യമാണ് മഹാരാഷ്ട്ര വനം വകുപ്പ് പ്രാഥമികമായി ചെയ്തത്. കാട്ടിലേക്കാണ് കടുവയെ കൊണ്ടുവരുന്നത് എങ്കിലും തൊട്ടടുത്തു കിടക്കുന്ന പ്രദേശത്തുണ്ടാകുന്ന പ്രതിഷേധം പദ്ധതിയെ തന്നെ ദോഷകരമായി ബാധിച്ചേക്കും. ഇതാണ് പ്രധാന വെല്ലുവിളി. അത്തരം ബോധവൽക്കരണ പരിപാടികൾ വ്യാപകമായി പൂർത്തിയാക്കിയ ശേഷമാണ് കടുവകളെ കൊണ്ട് വരുന്ന നടപടിയിലേക്ക് സർക്കാറുകൾ കടന്നത്. കേവലം കടുവകളെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ല ഇത്തരം നടപടികൾ എന്നതാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. മനുഷ്യർക്ക് വേണ്ടി തന്നെയാണ് കടുവകളെ ഉപയോഗിച്ചുള്ള ഈ ദൗത്യം സർക്കാരുകൾ നടപ്പാക്കുന്നത്. കാടില്ലെങ്കിൽ നാടില്ല എന്ന പ്രാഥമിക ബോധ്യം ആണ് ഇവിടെ ഉണ്ടാകേണ്ടത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *