നൂറു ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബന്ദിപ്പൂർ ടൈഗർ റിസർവ്വിൽ വീണ്ടും ഫോറസ്റ്റ് സഫാരി തുടങ്ങി. സഫാരി അടിയന്തരമായി തുടങ്ങാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് തുടർന്നാണ് ഇന്നലെ (22-02-2026) ഉച്ചമുതൽ സഫാരികൾ പുനരാരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയാണ് പരിശോധനകൾ പൂർത്തിയാക്കി ആദ്യ സഫാരി തുടങ്ങിയത്. ആദ്യദിവസം തന്നെ വന്യജീവി പ്രേമികളുടെ വലിയ തിരക്കാണ് ബന്ദിപ്പൂരിൽ അനുഭവപ്പെട്ടത്. സഫാരി എപ്പോൾ തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തത യാത്രക്കാർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഏതായാലും വീണ്ടും സഫാരി തുടങ്ങിയത് സഞ്ചാരികൾക്ക് ആവേശമായി.
ആദ്യദിവസം ഓൺലൈൻ ടിക്കറ്റ് ലഭിക്കാതെയാണ് പല സഞ്ചാരികളും ബന്ദിപ്പൂരിൽ എത്തിയത്. സഫാരി വീണ്ടും തുടങ്ങി എന്ന വാർത്ത അറിഞ്ഞതോടെ നിരവധി ആളുകൾ ഇത് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി വിളിക്കുന്നുണ്ടെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് അധികൃതർ വ്യക്തമാക്കി. വരുംദിവസങ്ങളിൽ അതുകൊണ്ട് തന്നെ അനുവദിക്കപ്പെട്ട നിലയിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കും എന്നാണ് പ്രതീക്ഷ.
കനത്ത പരിശോധനകൾക്ക് ഒടുവിൽ ആണ് സഫാരികൾ പുനരാരംഭിച്ചത്. നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ എതിർപ്പുണ്ടാകും എന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇതോടെ പോലീസ് വൻതോതിൽ സംഭവ സ്ഥലത്ത് സംഘടിച്ചു. യാത്രക്കാരുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് സഫാരികൾ പുനരാരംഭിച്ചത്. പൊലീസും സുരക്ഷാക്രമീകരണങ്ങൾ പരിശോധിച്ചു. മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ആയിരിക്കും സഫാരികൾ തുടരുക എന്ന് അധികൃതർ വ്യക്തമാക്കി.


