നിങ്ങൾ ദിവസവും മുട്ട കഴിക്കാറുണ്ടോ? മുട്ട കഴിച്ചാൽ ഗുണമാണോ അതോ ദോഷമാണോ ? മുട്ട എങ്ങനെയാണ് കഴിക്കുന്നത്? പുഴുങ്ങി കഴിക്കുന്നതാണോ ഓംലെറ്റോ ബുൾസൈയോ ആക്കുന്നതാണോ നല്ലത്? അതും അല്ലെങ്കിൽ വേറെ എന്തെങ്കിലും രീതിയാണോ ഗുണം ചെയ്യുക? മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരാൻ സാധ്യതയുണ്ട് എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇത്തരം സംശയങ്ങൾക്ക് എല്ലാം ഉത്തരം പറയാം. മുട്ട കഴിക്കുന്നത് മൂലമുള്ള ഫലത്തെക്കുറിച്ച് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്.
സ്ത്രീകൾ ഉറപ്പായും മുട്ട കഴിക്കണം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ ആരോഗ്യത്തിന് അനിവാര്യമായ പല പോഷക ഘടകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി പ്രായമാകുമ്പോൾ ഒരു പ്രശ്നമായി മാറാറുണ്ട്. എന്നാൽ സ്ഥിരമായി മുട്ട കഴിക്കുന്നവർക്ക് കാഴ്ചശക്തി തകരാറിലാകുന്നതിനെ ഒരു പരിധിവരെ നീട്ടാൻ കഴിയും. മുട്ടയിൽ അടങ്ങിയിരിക്കുന്ന ലുട്ടീൻ, സിയാക്സാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാരണമാകും. തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഇത് ഗുണമാണ്.
മുട്ട മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതായും പഠനത്തിൽ വ്യക്തമായിട്ടുണ്ട്. മുട്ടയിൽ ‘കോളിൻ’ എന്നൊരു പോഷകം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെ ഗുണകരമാണ്. നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിനും ഇത് ഗുണമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
എല്ലുകളുടെ കരുത്ത് പ്രായമാകും തോറും വളരെ പ്രധാനമാണ്. നമ്മുടെ എല്ലുകൾ പ്രായം ആകുംതോറും തേയ്മാനം സംഭവിച്ചു വരും. മുട്ടയിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. കാൽസ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ഇത് സഹായിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ ഇത് വളരെ നല്ലതാണ്.
മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എന്നത് നിങ്ങൾക്ക് അറിയാമായിരിക്കും. വളരെ ഉയർന്ന രീതിയിലാണ് പ്രോട്ടീൻ ഉള്ളത്. അതുകൊണ്ടുതന്നെ ഇത് കഴിക്കുമ്പോൾ വിശപ്പ് മാറുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകും. പ്രത്യേകിച്ച് രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട കഴിച്ചാൽ. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാൻ തോന്നുന്നത് ഒഴിവായിക്കിട്ടും. അങ്ങനെ ശരീര ഭാരം നിയന്ത്രിക്കപ്പെടാനും ഇത് ഗുണമാണ് എന്നാണ് വിലയിരുത്തൽ.
ആരോഗ്യമുള്ള ചർമ്മവും മുടിയും ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല. ഇതിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല എന്നതാണ് യാഥാർത്ഥ്യം. മുട്ടയിലെ ബയോട്ടിൻ,സൾഫർ എന്നിവ മുടികൊഴിച്ചിൽ തടയാനും സ്കിന്നിന് തിളക്കം കൂട്ടാനും സഹായിക്കുന്നുണ്ട്. മുട്ടയിലെ പ്രോട്ടീൻ കോശങ്ങളുടെ മികച്ച വളർച്ചയ്ക്കും സഹായകമാണ്.
ഇതിനെല്ലാം അപ്പുറം മുട്ടയിൽ അടങ്ങിയിരിക്കുന്ന നല്ല കൊളസ്ട്രോൾ ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്നാണ് ഇത്. മിതമായ രീതിയിൽ വേണം മുട്ട കഴിക്കാൻ. അങ്ങനെ ചെയ്താൽ ഹൃദ്രോഗസാധ്യത കുറയ്ക്കും എന്നു വരെ പുതിയ പഠനങ്ങൾ വന്നിട്ടുണ്ട്.
ഏതായാലും മുട്ട കഴിക്കുന്നവർക്ക് അതുമൂലം ഉണ്ടാകുന്ന ഉന്മേഷം വളരെ പെട്ടെന്ന് മനസ്സിലാകുന്നതാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ തന്നെയാണ് ഇതിന് കാരണം. അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ ദിവസം രണ്ടിൽ കൂടുതൽ മുട്ടകൾ കഴിക്കുന്നത് അത്ര ഗുണകരമാകില്ല എന്നും ചില ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ രണ്ടിൽ കൂടുതൽ ഉള്ളതിൽ മുട്ടയുടെ വെള്ള മാത്രമാണ് കഴിക്കുന്നതെങ്കിൽ നിങ്ങൾക്ക് പ്രശ്നമുണ്ടാകാൻ സാധ്യതയില്ല. മുട്ട പുഴുങ്ങി തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


