Headlines

“വയനാടിന്റെ മറഞ്ഞിരിക്കുന്ന സൗന്ദര്യം: കാടും മലയും കാണാൻ 5 സ്പോട്ടുകൾ”

Wayanadയിലെ കാടുകളും മലനിരകളും നിറഞ്ഞ മനോഹരമായ പ്രകൃതി ദൃശ്യം

ലോകസഞ്ചാര ഭൂപടത്തിൽ തന്നെ ഇടം പിടിച്ച സ്ഥലമാണ് വയനാട്. കാടും,വയലും, മലകളും എല്ലാം നിറഞ്ഞ വയനാട് പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ  തിരികെ വിളിക്കുന്ന സ്ഥലമാണ്. ഒരിക്കലെങ്കിലും പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു മാജിക് വയനാടിന് ഉണ്ട്. പ്രകൃതി ഭംഗി നിറഞ്ഞ വ്യൂ പോയിന്റുകളും, തണുപ്പുള്ള കാലാവസ്ഥയും, കാനനഭംഗിയും എല്ലാം സഞ്ചാരികൾക്ക് പുതിയൊരു ഉണർവ് നൽകുന്നു. കേരളത്തിൽ നിന്നും തൊട്ടടുത്തായി തമിഴ്നാട്,കർണാടക വനപ്രദേശങ്ങൾ ഉണ്ട് എന്നുള്ളതാണ് വയനാടിന്റെ ഒരു പ്രത്യേകത. ബന്ദിപ്പൂർ ടൈഗർ റിസർവും, നാഗർഹോളേ ടൈഗർ റിസർവും കർണാടകത്തിൽ ആണെങ്കിൽ ഇതിനോട് ചേർന്ന് തമിഴ്നാടിന്റെ ഭാഗമായുള്ള മുതുമല കടുവാ സങ്കേതം സ്ഥിതി ചെയ്യുന്നു. വയനാട്ടിൽ നിന്നും 100 കിലോമീറ്റർ സഞ്ചരിച്ചാൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായ ഊട്ടിയിൽ എത്താം. നീലഗിരി മലനിരകളുടെ മനോഹരമായ കാഴ്ച. പ്രത്യേക പാസോ മറ്റ് അനുമതികളോ ഒന്നും എടുക്കാതെ  കാടിനുള്ളിൽ കൂടി സഞ്ചരിക്കാവുന്ന ബന്ദിപ്പൂർ കാനനപാത സുൽത്താൻബത്തേരിയിൽ അതിർത്തി പിന്നിട്ടാൽ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. കാടിനെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് മനം നിറയ്ക്കുന്ന കാഴ്ചകൾ സമ്മാനിക്കാൻ മസിനഗുടിയും തൊട്ടടുത്ത് തന്നെയാണുള്ളത്. അങ്ങനെ വയനാട് മാത്രമല്ല ചുറ്റുമുള്ള പ്രദേശങ്ങൾ എല്ലാം തന്നെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. മറ്റെവിടെയും പോകാതെ വയനാട്ടിൽ തന്നെ  സഞ്ചാരികളെ ആകർഷിക്കുന്ന  നിരവധി ടൂറിസം കേന്ദ്രങ്ങൾ ആണുള്ളത്. ജനത്തിരക്ക് കൊണ്ട് നിറയുന്ന ടൂറിസം കേന്ദ്രങ്ങൾക്കപ്പുറം മലകളെയും കാടിനെയും  ഇഷ്ടപ്പെടുന്നവർക്ക് സഞ്ചരിക്കാൻ കഴിയുന്ന വയനാട്ടിലെ അഞ്ച് കേന്ദ്രങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. സാധാരണ സഞ്ചാരികൾക്കപ്പുറം  കാടും മലയും താണ്ടി മനോഹരമായ വ്യൂ പോയിന്റുകളിലേക്ക് നടന്നു കയറാൻ കഴിയുന്നവർക്ക് വേണ്ടിയുള്ള വയനാട്ടിലെ ഇടങ്ങൾ. കാടിന്റെ മനോഹാരിത തൊട്ടറിഞ്ഞ് ജീവിക്കാൻ കഴിയുന്ന വന്യജീവി സങ്കേതങ്ങൾ. അങ്ങനെയുള്ള അഞ്ചു സ്ഥലങ്ങളെ കുറിച്ചാണ് വിശദമായി ഇനി പറയുന്നത്.

ബ്രഹ്മഗിരി 

 വയനാട്ടിലെ ഏറ്റവും മനോഹരമായ  ട്രക്കിങ്ങുകളിൽ ഒന്നാണ് ബ്രഹ്മഗിരി ട്രക്കിംഗ്. കേരള – കർണാടക അതിർത്തി പങ്കിട്ടു കൊണ്ടാണ് ബ്രഹ്മഗിരി മലനിരകൾ നിൽക്കുന്നത്.1608 മീറ്റർ ഉയരത്തിലാണ് ബ്രഹ്മഗിരി കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന വനത്തിൽ കൂടി യാത്ര ചെയ്തു മൊട്ടക്കുന്നിൽ എത്തിയാൽ പിന്നെ മനോഹര കാഴ്ചയാണ്. ട്രക്കിംഗ് ഗ്രൂപ്പുകൾ കൂട്ടമായി മലകേറുന്ന ബ്രഹ്മഗിരിയിലെ കാഴ്ച ഇതിനകം പല റീലുകളിൽ കൂടി നിങ്ങൾ കണ്ടിട്ടുണ്ടാകും. കേവലം മലമുകളിലേക്ക് ഉള്ള ഒരു യാത്ര മാത്രമല്ല ബ്രഹ്മഗിരി ട്രക്കിംഗ്. വനത്തിനുള്ളിൽ കൂടി ഉള്ള യാത്ര ആയതുകൊണ്ട് തന്നെ വന്യജീവികൾ ഏത് നിമിഷവും നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാം. അതുകൊണ്ടുതന്നെ  മലകയറ്റത്തിലെ സാഹസികതക്ക് ഒപ്പം വന്യജീവികളുടെ കാഴ്ച കൂടി നിങ്ങളെ ആവേശത്തിൽ ആക്കും. വന്യജീവികളുടെ കാഴ്ച എല്ലാ കാട്ടിലും ഉള്ളത് പോലെ ഭാഗ്യമുണ്ടെങ്കിൽ മാത്രമായിരിക്കും നിങ്ങളെ തേടി എത്തുക. നീലഗിരി മലനിരകളുടെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ‘ഇരുപ്പ് വെള്ളച്ചാട്ടം'(Irupp waterfalls )ഈ യാത്രയിൽ കാണാം എന്നതാണ് ഒരു പ്രത്യേകത. കേരളത്തിൽ കൂടെ ഉള്ള യാത്രയാണെങ്കിലും കർണാടകത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഒരു വ്യൂ പോയിന്റിൽ നിന്നുകൊണ്ട് തന്നെ നിങ്ങൾക്ക് ആസ്വദിക്കാം. ബ്രഹ്മഗിരി ട്രക്കിങ്ങിന്റെ ഒരു ഭാഗം കേരള വനം വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. സമാനമായ രീതിയിൽ മലയുടെ മറ്റൊരു ഭാഗത്ത് നിന്ന്  കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ട്രക്കിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. കേരള വനം വകുപ്പ് സംഘടിപ്പിക്കുന്ന ട്രക്കിങ്ങിന് 12 കിലോമീറ്റർ ദൂരമാണ്  ഉള്ളത്. അഞ്ചു മണിക്കൂർ മുതൽ 6 മണിക്കൂർ വരെയാണ് യാത്രയുടെ ദൈർഘ്യം.

 ട്രക്കിംഗ് വിവരങ്ങൾ.

 ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക പാസ് വാങ്ങി വേണം ബ്രഹ്മഗിരി ട്രക്കിങ്ങിൽ പങ്കെടുക്കാൻ. ഗൈഡിന് നൽകേണ്ട ഫീസ് ഉൾപ്പെടെ ഒരാൾക്ക് 1300 രൂപയാണ് ഇവിടുത്തെ ചാർജ്. വനം വകുപ്പിന് കീഴിലെ എക്കോ ടൂറിസം പദ്ധതി പ്രകാരമാണ് ട്രക്കിംഗ് നടത്തുന്നത്. രണ്ടുപേർക്ക് 2000 രൂപയാണ് ട്രക്കിങ്ങിനായി ഫീസ്. മൂന്നുപേർക്ക് 2,700 രൂപയും നാലുപേർക്ക് 3400 രൂപയുമാണ് ട്രക്കിംഗ് ചാർജ്. അഞ്ചുപേർക്ക് 3550 രൂപയും, ആറുപേർക്ക് 4250 രൂപയും, ഏഴുപേർക്ക് 4950 രൂപയുമാണ് ട്രക്കിംഗ് ചാർജ്. എട്ടുപേർക്ക് 5650 ഉം, 9 പേർക്ക് 6350 രൂപയുമാണ് ചാർജ് ആയി നൽകേണ്ടത്. അതായത് കൂടുതൽ പേർ യാത്ര ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ട്രാക്കിംഗ് ഫീസിൽ ലാഭമുണ്ട്. 9 പേർക്ക് വരെ ഒരു ഗൈഡ് ആയിരിക്കും സംഘത്തിൽ ഉണ്ടാകുക. അഞ്ചുപേർക്കുള്ള പ്രത്യേക സംഘങ്ങൾക്കും പാക്കേജുകളായി ഇവിടെ  ട്രക്കിംഗ് ഉണ്ട്. വിദേശികൾക്ക് അഞ്ചുപേർ അടങ്ങിയ പാക്കേജിന് 7500 രൂപയാണ് ഫീസ്. സ്റ്റുഡൻസിന് 100 രൂപ ആണ് ട്രക്കിംഗ് ഫീസ് ആയി നൽകേണ്ടത്. സ്റ്റിൽ ക്യാമറക്ക് 250 രൂപ ആണ് ഇവിടെ അടയ്ക്കേണ്ടത്. കേരള വനം വകുപ്പിന്റെ എക്കോ ടൂറിസം സൈറ്റ് വഴി ബുക്ക് ചെയ്ത് നിങ്ങളുടെ  ടിക്കറ്റ് ഉറപ്പിക്കാൻ കഴിയും. രാവിലെ 7:30 മുതലാണ് ഇവിടെ ട്രക്കിംഗ് തുടങ്ങുന്നത്. മാനന്തവാടിയിൽ നിന്ന് 25 കിലോമീറ്റർ യാത്ര ചെയ്താൽ നിങ്ങൾക്ക് ബ്രഹ്മഗിരി ട്രക്കിംഗ് പോയിന്റിൽ എത്താം.

 യാത്ര പോകും മുൻപ് വിശദമായ വിവരങ്ങൾ അറിയാൻ 8547602511,8547602506 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ചെമ്പ്ര 

 വയനാട്ടിൽ തന്നെ ഏറ്റവും മനോഹരമായ ട്രക്കിങ്ങുകളിൽ ഒന്നാണ് ചെമ്പ്രയിലേക്കുള്ള യാത്ര. ബ്രഹ്മഗിരിയാണോ ചെമ്പ്ര ആണോ നല്ലതെന്ന് ചോദിച്ചാൽ രണ്ടും ഒന്നിനൊന്നു മെച്ചം എന്ന ഉത്തരം പറയേണ്ടിവരും. കൽപ്പറ്റ നിന്നും മേപ്പാടിയിൽ എത്തിയാൽ ചെമ്പ്രയിലേക്ക് പോകാനുള്ള വഴിയുണ്ട്. രാവിലെ 7 മണി മുതലാണ് ഇവിടെ ട്രക്കിംഗ് ആരംഭിക്കുന്നത്. ഇതും ഓൺലൈൻ വഴി ബുക്ക് ചെയ്ത് നിങ്ങൾക്ക് യാത്ര ചെയ്യാം. ബ്രഹ്മഗിരിയെക്കാൾ കുറച്ചുകൂടി ഉയരമുണ്ട് ചെമ്പ്ര മലക്ക്. 2,100 മീറ്റർ ഉയരത്തിലാണ് മനോഹരമായ ചെമ്പ്ര മല സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയിൽ നിന്ന് 17 കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ നിങ്ങൾക്ക് ഇവിടെ എത്താം. വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലയും ചെമ്പ്ര തന്നെയാണ്.

ഏതാണ്ട് എല്ലാ മലകളുടെയും മുകളിൽ എത്തിയാൽ നമുക്ക് മനോഹരമായ കാഴ്ചകൾ തന്നെയാണ് കാണാൻ ആകുക. പല നഗരങ്ങളും  ഏരിയൽ വ്യൂവിൽ കാണാം എന്നതാണ് മല കയറ്റത്തിന്റെ ഒരു സവിശേഷത. ചെമ്പ്രയും അത്തരം മനോഹരമായ കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്നു. ചെങ്കുത്തായ മലനിരകളും മൊട്ട കുന്നും  ഒറ്റയടിപ്പാതയും എല്ലാം ചെമ്പ്ര മലയുടെയും മനോഹരമായ കാഴ്ചകളാണ്. ഇതിനെല്ലാം അപ്പുറം ചെമ്പ്രയെ ശ്രദ്ധേയമാക്കുന്നത് ഹൃദയ തടാകമാണ്(heart lake). ചെമ്പ്ര മലയുടെ മുകളിൽ വെള്ളം നിറഞ്ഞ ഒരു തടാകം ഉണ്ടെന്നത് അത്ഭുതം തന്നെയാണ്. വെറുമൊരു തടാകം അല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഹൃദയത്തിന്റെ ആകൃതിയിലാണ് ചെമ്പ്രയിലെ ഈ തടാകം സ്ഥിതി ചെയ്യുന്നത്.  എല്ലാ ത്യാഗങ്ങളും സഹിച്ച് മലമുകളിൽ എത്തിയാൽ നിങ്ങളെ ആശ്വസിപ്പിക്കാൻ പ്രകൃതിയുടെ മനോഹരമായ കാഴ്ച.

 കുറഞ്ഞത് അഞ്ചു പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമാണ് ചെമ്പ്രയിലേക്ക് യാത്ര അനുവദിക്കുക. കുട്ടികളുടെ വിനോദ യാത്ര യാണെങ്കിൽ അധ്യാപകർ ഒപ്പം ഉണ്ടാകണം. ഓൺലൈനിൽ ടിക്കറ്റ് എടുത്ത് വരുന്നവർ ഇതിന്റെ പ്രിന്റ് കോപ്പി ടിക്കറ്റ് കൗണ്ടറിൽ നൽകണം. പ്ലാസ്റ്റിക്കിന് കർശന നിരോധനമുള്ള മേഖലയാണ് ചെമ്പ്ര. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിന് പ്രത്യേകം തുക ഈടാക്കും. കൊണ്ടുപോയ പ്ലാസ്റ്റിക് തിരികെ കൊണ്ടുവന്നാൽ ആ പണം ഉടമയ്ക്ക് തിരിച്ചു ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള മുതിർന്നവർക്ക് 800 രൂപയാണ് ടിക്കറ്റ് ചാർജ്. കുട്ടികൾ ആണെങ്കിൽ 200 രൂപ നൽകിയാൽ മതിയാകും. വിദേശികൾക്ക് 1600 രൂപയാണ് ഒരു ടിക്കറ്റിന് നൽകേണ്ടി വരിക. രാവിലെ 7 മണിക്ക് മുൻപ് തന്നെ ചെമ്പ്രയിലെ ടിക്കറ്റ് കൗണ്ടറിൽ എത്താൻ മറക്കരുത്. വാഹനങ്ങളിൽ വരുന്നവർക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഒരാൾക്ക് ഓൺലൈൻ വഴി 10 ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

 വിശദവിവരങ്ങൾക്ക് 8547602689 എന്ന നമ്പറിൽ വിളിക്കുക.

 ബാണാസുരമല കാറ്റുകുന്ന് ആനച്ചോലമല 

 വയനാട്ടിലെ മനോഹരമായ മറ്റൊരു ട്രക്കിംഗ് പോയിന്റ് ആണ്  ബാണാസുര മല. കൽപ്പറ്റയിൽ നിന്ന് 29 കിലോമീറ്റർ ദൂരെയാണ് ബാണാസുരമല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിലാണ് ബാണാസുര മല സ്ഥിതി ചെയ്യുന്നത്. ബാണാസുര മല മീൻമുട്ടി വെള്ളച്ചാട്ടം ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ജൈവവൈവിധ്യത്തിന്റെ കേരളത്തിലെ തന്നെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മല. ബാണാസുര മലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രക്കിങ്ങുകളിൽ ഒന്നാണ് കാറ്റു കുന്ന് ആനച്ചോല ട്രക്ക്. ചെമ്പ്രയും ബ്രഹ്മഗിരിയും ഒക്കെ പോയിട്ടുള്ളവർക്ക് പുതിയൊരു അനുഭവം ലഭിക്കാൻ  ബാണാസുരമല ഒരു നല്ല തെരഞ്ഞെടുപ്പാണ്.

 കുറഞ്ഞത് അഞ്ചു പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഇവിടെയും ട്രക്കിംഗ് അനുവദിക്കുകയുള്ളൂ. ഇന്ത്യക്കാരനായ ഒരാൾക്ക് 800 രൂപയാണ് ടിക്കറ്റ് ചാർജ് ആയി ഇവിടെ നൽകേണ്ടത്. വിദേശിയാണെങ്കിൽ ഇത് 1400 രൂപ നൽകണം. ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് 500 രൂപയാണ് ടിക്കറ്റ് ചാർജ്. ഒരാൾക്ക് ഓൺലൈൻ വഴി 10 ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

 വിശദവിവരങ്ങൾക്ക് 8547602722,04936298399 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

 മുനീശ്വരൻ കുന്ന്

 മനോഹരമായ വ്യൂ പോയിന്റുകളാണ് ഓരോ മലകളുടെയും പ്രത്യേകത. വയനാട്ടിൽ ഏറ്റവും നന്നായി സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന ഇടം. അതാണ് മുനീശ്വരൻ കുന്നിന്റെ പ്രധാന സവിശേഷത. കുന്നിനു മുകളിൽ എത്തിയാൽ തേയില തോട്ടങ്ങളുടെ മനോഹരമായ കാഴ്ച നിങ്ങൾക്ക് കാണാം. കോടമഞ്ഞ് നിറഞ്ഞ ക്ലൗഡ് ബെഡ് ഉൾപ്പെടെ കാണുന്നതിനും ഇവിടെക്കുള്ള യാത്ര ഗുണമാണ്. കാലാവസ്ഥ അനുകൂലമാകണം എന്ന് മാത്രം. വനം വകുപ്പ് ഇവിടെക്കും കാഴ്ചക്കാർക്ക് ആയി പ്രത്യേക യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന് കർശന നിരോധനം ആണ് ഇവിടെയും ഉള്ളത്. വീഡിയോ ക്യാമറയ്ക്ക് 250 രൂപയും സ്റ്റിൽ ക്യാമറയ്ക്ക് 100 രൂപയും ഇവിടെ നൽകണം. മുൻപ് പറഞ്ഞ മലകളെപ്പോലെ ദീർഘദൂരമുള്ള ട്രക്കിംഗ് അല്ല ഇവിടുത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ 60 രൂപ മാത്രമാണ് ഇവിടെക്കുള്ള പ്രവേശന ഫീസ്. വിദേശികൾക്ക് 100 രൂപ നൽകണം. അഞ്ചു വയസ്സ് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 30 രൂപയാണ് ചാർജ്. സ്കൂൾ കുട്ടികൾക്ക് 20 രൂപയും കോളേജ് കുട്ടികൾക്ക് 40 രൂപയും  പ്രവേശന ഫീസ് നൽകിയാൽ മതി. പ്രധാനാദ്ധ്യാപകരുടെ കത്തുകൾ ഇതിനായി കയ്യിൽ കരുതണം. രാവിലെ 7 മണി മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. വൈകുന്നേരം ആറുമണി വരെയാണ് ഇവിടെ തങ്ങുന്നതിന് അനുമതി. മലയിലേക്ക് പ്രവേശിച്ചാൽ കേവലം മൂന്നു മണിക്കൂർ മാത്രമാണ്  ടിക്കറ്റിന്റെ കാലാവധി ഉണ്ടാകുക.

 തോൽപ്പെട്ടി വന്യജീവി സങ്കേതം.

 പ്രകൃതിസ്നേഹികളുടെ ഇഷ്ടപ്പെട്ട ഇടമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. നേരത്തെ പറഞ്ഞ മലകയറ്റങ്ങൾക്ക് താല്പര്യമില്ലാത്തവർക്ക് ഇവിടേക്ക് യാത്ര പോകാം. വിവിധ സമയക്രമം അനുസരിച്ച് ജീപ്പ് സഫാരികൾ നിങ്ങൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. നാലുപേർക്ക് യാത്ര ചെയ്യാവുന്ന ഒരു മണിക്കൂർ ജീപ്പ് സഫാരിക്ക് 2100 യാണ് ഇവിടെ ഫീസ്. വിദേശികൾ ആണെങ്കിൽ 4200 രൂപ നൽകണം. സ്റ്റിൽ ക്യാമറയ്ക്ക് 45 രൂപയും വീഡിയോ ക്യാമറയ്ക്ക് 255 രൂപയുമാണ് ഫീസ് ആയി നൽകേണ്ടത്.

 ഒരു മണിക്കൂർ അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ജീപ്പ് സഫാരിക്ക് 2,410 രൂപയാണ് ചാർജ്. വിദേശികൾ ആണെങ്കിൽ 4500 രൂപ നൽകണം. ക്യാമറ ചാർജിന് മാറ്റമില്ല. ആറുപേർക്ക് യാത്ര ചെയ്യാൻ 2,725 രൂപയാണ് ചാർജ്. വിദേശികൾക്ക് 4800 രൂപ നൽകണം. ഇതുകൂടാതെ വനം വകുപ്പിന്റെ താമസസൗകര്യങ്ങളും തോൽപ്പെട്ടിയിൽ ഉണ്ട്. രണ്ടുപേർക്ക് താമസിക്കാവുന്ന ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള  മുറിക്ക് 3413 രൂപയാണ് ചാർജ്. ഒന്നാം നിലയിൽ 4725 രൂപ നൽകണം. ഈ മുറികളിൽ രണ്ടു മുതിർന്നവർക്കൊപ്പം ഒരു കുട്ടിയെയും താമസിപ്പിക്കാം.

 വിശദവിവരങ്ങൾക്ക് 8547603561

 ഇതുവരെ പറഞ്ഞ ടൂറിസം കേന്ദ്രങ്ങളിൽ എല്ലാം ഇപ്പോഴത്തെ നിരക്കും വിവരങ്ങളുമാണ് പങ്കുവെച്ചത്. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച്   പാക്കേജുകൾക്ക് ഉൾപ്പെടെ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുകളിൽ തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കിയശേഷം വേണം യാത്ര പുറപ്പെടാൻ.  പ്രകൃതിയുടെ മനോഹരമായ ഇടങ്ങൾ നമുക്ക് കാണാൻ മാത്രമല്ല അനുഭവിച്ചറിയാൻ കൂടിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള വയനാട് യാത്രയിൽ ഈ സ്ഥലങ്ങളെ കൂടി പരിഗണിക്കുക.

Share This Post

Leave a Reply

Your email address will not be published. Required fields are marked *