നെല്ലിയാമ്പതി വനങ്ങളുടെ രാജാവ് ഒടുവിൽ വിടവാങ്ങി. നെല്ലിയാമ്പതിയിലെ വന്യജീവി പ്രേമികളുടെ ആവേശമായിരുന്ന ചില്ലി കൊമ്പൻ ചരിഞ്ഞ വിവരമാണ് ഏറ്റവും ഒടുതൽ പുറത്തുവരുന്നത്. തമിഴ്നാട് വനമേഖലയുടെ ഭാഗമായ ആളിയാറിൽ ആണ് ചില്ലി കൊമ്പന്റെ ജഡം കണ്ടെത്തിയത്. ആളിയാർ ഡാമിന്റെ ഭാഗമായുള്ള കനാലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹം ഉള്ളത്. കനാൽ മുറിച്ചു കടക്കുന്നതിനിടെ മുങ്ങിത്താണതാകാം മരണകാരണമെന്നാണ് പ്രാഥമിക സൂചന. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തെക്കുറിച്ച് പരിശോധിച്ചു വരികയാണ്.
കേരളത്തിലെ കാട്ടാനകളിൽ ജനപ്രിയനായിരുന്നു ചില്ലി കൊമ്പൻ. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ റോഡിൽ തന്നെ പലപ്പോഴും ചില്ലി കൊമ്പൻ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ ആരെയും ഉപദ്രവിക്കാത്ത ആന എന്ന നിലയിലാണ് ചില്ലി കൊമ്പൻ അറിയപ്പെട്ടിരുന്നത്. പൊതുവേ ശാന്ത സ്വഭാവക്കാരനായിരുന്നു ചില്ലി കൊമ്പൻ.
നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവൻ ആയിരുന്നു ചില്ലി കൊമ്പൻ. കാണുന്ന മിക്ക സമയങ്ങളിലും തുമ്പിക്കൈയിൽ ഈറയുടെ ചില്ലി കാണാമായിരുന്നു. അങ്ങനെയാണ് ചില്ലി കൊമ്പന് ആ പേര് വീണത്. നെല്ലിയാമ്പതിയിലെ വനമേഖലയിലും തേയില തോട്ടങ്ങളിലും എല്ലാം സജീവ സാന്നിധ്യമായിരുന്നു ചില്ലി കൊമ്പൻ. നിരവധി വന്യജീവി ഫോട്ടോഗ്രാഫർമാർ ചില്ലി കൊമ്പന്റെ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഇവയെല്ലാം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ആളിയർ കോണ്ടൂർ കനാലിലാണ് ചില്ലികൊമ്പന്റെ ജഡം കണ്ടെത്തിയത്. വിശദമായ പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് വകുപ്പ് ഉദ്യോഗസ്ഥർ.


