തീയേറ്ററുകൾക്ക് ആഘോഷമാകാൻ ‘പെണ്ണും പൊറോട്ടും’13 ന്

pennum-porottum-rajesh-madhavan-movie-review

മലയാളചലച്ചിത്ര പ്രേമികൾക്ക് അഭിനയത്തിലൂടെ  ഒരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച നടനാണ് രാജേഷ് മാധവൻ. സിനിമയിലെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാസ്റ്റിംഗ് ഡയറക്ടർ പദവിയിൽ നിന്ന് സിനിമാ സംവിധായകൻ എന്ന നിലയിലേക്ക് രാജേഷ് മാധവൻ മാറുന്ന  ചിത്രമാണ് പെണ്ണും പൊറോട്ടും. ഈ മാസം 13ന് തിയേറ്ററുകളിൽ എത്തുന്ന പെണ്ണും പൊറോട്ടും ആരാധകരുടെ മനം കീഴടക്കും എന്ന് ഉറപ്പായി കഴിഞ്ഞു. 

 തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ(IFFK) കാഴ്ചക്കാരെ അമ്പരപ്പിച്ച സിനിമയാണ് പെണ്ണും പൊറോട്ടും. ചലച്ചിത്ര മേളയിൽ എത്തുന്ന പ്രേക്ഷകരെ മാത്രമല്ല എല്ലാത്തരം കാണികളെയും ആകർഷിക്കാൻ കഴിയുന്നതാണ് സിനിമയെന്ന് അന്ന് തന്നെ കാഴ്ചക്കാർ അഭിപ്രായപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ സിനിമയുടെ ട്രെയിലർ കൂടി പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷ കൂടുകയാണ്.

 മൃഗങ്ങളെയും താരങ്ങളാക്കി രാജേഷ് മാധവൻ 

 കാസ്റ്റിംഗ് ഡയറക്ടർ എന്ന നിലയിൽ നിരവധി സിനിമാതാരങ്ങളെ കഥാപാത്രങ്ങൾക്ക് അനുസരിച്ച്  തെരഞ്ഞെടുക്കുന്നതിൽ മികവ് കാട്ടിയ ആളാണ് രാജേഷ് മാധവൻ. രാജേഷ് മാധവനെ കൂടാതെ ഫാലിമി, ബി 32 മുതൽ 64 വരെ തുടങ്ങിയ സിനിമകളിലൂടെ സാന്നിധ്യം ഉറപ്പിച്ച  റൈന രാധാകൃഷ്ണനും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതു കൂടാതെ സുട്ടു എന്ന നായ ആണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതിൽ പ്രധാനി.സുട്ടുവിന് ടോവിനോ തോമസ് ശബ്ദം നൽകുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. നാട്ടിൻപുറത്തുകാരായ പുതുമുഖ അഭിനേതാക്കളെ രാജേഷ് മാധവൻ ഈ സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിക്കുന്നു. അതിനുപുറമേ 400 ഓളം മൃഗങ്ങളും സിനിമയിലെ കഥാപാത്രങ്ങളാണ്. മനുഷ്യനെ കൂടാതെ മൃഗങ്ങളെയും അഭിനയം പഠിപ്പിച്ച് കളത്തിൽ ഇറക്കിയ കാസ്റ്റിംഗ് ഡയറക്ടറായി ഇതോടെ രാജേഷ് മാധവൻ മാറുകയാണ്.

ചിരിപ്പിക്കുക മാത്രം അല്ല ചിന്തിപ്പിക്കും 

 “നിൽക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടിപ്പോകാൻ അല്ലേ ലോകമിത്രയും വലുതായിരിക്കണെ”. പെണ്ണും പൊറോട്ടയും സിനിമയിലെ ഒരു പ്രധാന ഡയലോഗ് ആണിത്. ഈ ഡയലോഗ് മാത്രം മതി രാജേഷ് മാധവൻ എന്താണ് സിനിമയിൽ ഒരുക്കിയിരിക്കുന്നത് എന്ന് നിസംശയം മനസ്സിലാക്കാം. രാജേഷ് മാത്രമല്ല സിനിമയിലെ ഓരോ താരങ്ങളും അഴിഞ്ഞാടുകയാണെന്ന് ചലച്ചിത്രമേളയിലെ പ്രദർശനത്തിനുശേഷം പുറത്തിറങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു. നാടൻ താരങ്ങൾ അവരുടെ സ്വതസിദ്ധമായ ശൈലിയിൽ അഭിനയത്തികവ് കാട്ടി എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. തിരുവനന്തപുരത്തെ ചലച്ചിത്ര മേളയ്ക്ക് മുൻപ് ഗോവയിൽ നടന്ന മേളയിൽ ആയിരുന്നു  സിനിമയുടെ ആദ്യ പ്രദർശനം. സിനിമ ആസ്വാദകരെ സംബന്ധിച്ച് തിയേറ്റർ കീഴടക്കാൻ കഴിയുന്ന ഒരു പുതിയ ചലച്ചിത്രം കൂടി 13 മുതൽ പ്രദർശനം തുടങ്ങുകയാണ് എന്ന് പ്രതീക്ഷിക്കാം.

 മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച സന്തോഷ് ടി കുരുവിളയുടെ  എസ്ടികെ ഫ്രെയിംസ് (STK Fraims) ആണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചത്. ഇതിനൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ്‌, എന്നിവരും ഉണ്ട്. ഭീഷ്മ പർവം, റാണി പത്മിനി തുടങ്ങിയ സിനിമകളുടെ സഹരചയിതാവായ  രവിശങ്കർ ആണ് കഥയും തിരക്കഥയും എഴുതിയത്. സബിൻ ഉരുളിക്കണ്ടിയാണ് ക്യാമറ. ചമൻ ചാക്കോ എഡിറ്റിങ്ങും ഡോൺ വിൻസെന്റ് സംഗീതവും ഒരുക്കിയിരിക്കുന്നു. സിനിമ സാങ്കേതികപരമായും ഏറെ മുന്നിൽ നിൽക്കുന്നുവെന്ന് ഇതിനകം തന്നെ അഭിപ്രായം നേടിയിരുന്നു.

Share This Post

Leave a Reply

Your email address will not be published. Required fields are marked *