ആഡംബരത്തിന്റെ കാര്യത്തിലും വേഗതയുടെ കാര്യത്തിലും ഇന്ത്യയിൽ വിപ്ലവവുമായി മാറിയ ട്രെയിനുകളാണ് വന്ദേ ഭാരത്. ആധുനികമായ ഡിസൈൻ സൗകര്യങ്ങളും, വൃത്തിയും ഉൾപ്പെടെ ആളുകൾ വന്ദേ ഭാരതിനെ നെഞ്ചിലേറ്റി കഴിഞ്ഞു. കേരളത്തിലെ ട്രെയിനുകളിൽ ആണെങ്കിൽ ടിക്കറ്റ് കിട്ടാൻ തന്നെ ഇല്ല. കൂടുതൽ പുതിയ റൂട്ടുകളിൽ ട്രെയിൻ വേണമെന്ന് ആവശ്യവും ശക്തമാണ്. അതിനിടെയാണ് രാജ്യത്തെ ചില കോണുകളിൽ നിന്ന് വന്ദേ ഭാരത് ട്രെയിൻ സർവീസ് പിൻവലിക്കുന്ന വിവരം പുറത്തുവരുന്നത്.
പ്രധാനമായും രണ്ടു വന്ദേ ഭാരത് സർവീസുകളാണ് നിലവിൽ റെയിൽവേ നിർത്തിയത്. യാത്രക്കാരുടെ കുറവാണ് ഈ സർവീസുകൾ നിർത്താൻ കാരണം. രാജസ്ഥാനിലെ പുരാതന നഗരങ്ങളായ ജയ്പൂരിൽ നിന്നും ഉദയ്പ്പൂരിലേക്ക് നടത്തിയ സർവീസ് ആണ് നിർത്തിയതിൽ ഒന്നാമത്തേത്. ഇതുകൂടാതെ ഉദയ്പൂരിൽ നിന്നും ആഗ്രയിലേക്കുള്ള സർവീസും റെയിൽവേ നിർത്തലാക്കി. ഇവയിൽ ഒരു സർവീസ് റൂട്ട് മാറ്റി പുതുതായി ആരംഭിച്ചിട്ടുണ്ട്. ഉദയ്പൂരിൽ നിന്നും അഹമ്മദാബാദിലെ അസർവയിലേക്കാണ് പുതിയ സർവീസ് തുടങ്ങാൻ റെയിൽവേ തീരുമാനിച്ചത്.
ടൂറിസത്തിന് ഏറെ സാധ്യതയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകളാണ് റെയിൽവേ നിർത്തലാക്കിയത്. ഇത് റെയിൽവേ അധികൃതരെ ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ആളില്ലാത്ത വഴികളിൽ വണ്ടി ഓടിക്കുന്നതിന് പകരം മറ്റിടങ്ങളിൽ പരീക്ഷിച്ച് പ്രതിസന്ധി മറികടക്കാൻ ആണ് റെയിൽവേയുടെ തീരുമാനം.
തിരക്ക് കേരളത്തിൽ തന്നെ
വന്ദേ ഭാരത് ട്രെയിൻ യാത്രയ്ക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് കേരളത്തിൽ തന്നെയാണ്. കേരളത്തിൽ നിലവിൽ ഓടുന്ന മൂന്നു വണ്ടികളാണ് രാജ്യത്തുതന്നെ ഇതിൽ മുന്നിലുള്ളത്. ഒക്യുപൻസി നിരക്ക് അനുസരിച്ച് ഇരുന്നൂറ് ശതമാനത്തിന് അടുത്താണ് ഇവയുടെ നിരക്ക്. ആകെ ഓടുന്ന വണ്ടികളിൽ പകുതിയിലും യാത്രക്കാരുടെ എണ്ണം അൻപത് ശതമാനത്തോളം മാത്രമാണ്. ഒക്യുപൻസി റേറ്റും ഇവിടെ പിന്നിലാണ്. മംഗലൂരുവിൽ നിന്ന് ഗോവയിലേക്കുള്ള വണ്ടിയിൽ അടക്കം പല ദിവസങ്ങളും സീറ്റുകൾ കാലിയാണ്. രാജ്യത്താകെ 82 വന്ദേ ഭാരത് ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. എട്ടു കോച്ചുകൾ മാത്രം ഓടുന്ന വണ്ടികളിൽ പോലും യാത്രക്കാർ ഇല്ലാത്തത് റെയിൽവേയെ ആശങ്കപ്പെടുത്തുന്നുണ്ട്.
റൂട്ട് നിശ്ചയിച്ചതിലും പ്രശ്നം
തങ്ങളുടെ മണ്ഡലത്തിലൂടെ വന്ദേഭാരത് ട്രെയിൻ പോകുക എന്നത് ഓരോ എംപിമാരുടെയും ആവശ്യമാണ്. പല സംസ്ഥാനങ്ങളും പരമാവധി ട്രെയിനുകൾ വാങ്ങിയെടുക്കാനും ശ്രമം നടത്തി. ഇതുമൂലം അർഹതയില്ലാത്ത റൂട്ടുകളിൽ പോലും വണ്ടികൾ അനുവദിച്ചു നൽകേണ്ടി വന്നു. സ്റ്റോപ്പുകൾക്കായി കേരളത്തിൽ ഉണ്ടായ പ്രശ്നങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാകും.ഇതാണ് പല ട്രെയിനുകളിലും ആളില്ലാത്ത വണ്ടികളായി മാറിയതിന്റെ പ്രധാന കാരണം.
ഏതായാലും പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളും റെയിൽവേ തുടങ്ങി. റൂട്ട് മാറ്റിയുള്ള പരീക്ഷണമാണ് ഇതിൽ പ്രധാനമായും ചെയ്യുന്നത്. ഉദയ്പൂർ സർവീസ് അടക്കം മാറ്റിയതിലൂടെ ഇതാണ് വ്യക്തമാകുന്നത്. മാത്രമല്ല വന്ദേഭാരത് സർവീസ് ഇനിയും ആവശ്യമുള്ള ഒരുപാട് നഗരങ്ങൾ ഇന്ത്യയിലുണ്ട്. അവിടേക്ക് സർവീസ് എത്തുന്നതോടെ ഈ പ്രതിസന്ധി മറികടക്കും. ഏതായാലും രാജ്യത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ മാറ്റമാണ് റെയിൽവേയിൽ ഉണ്ടായിരിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി കൂടുതലായി കളത്തിൽ ഇറങ്ങുന്നതോടെ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറും.


