ബന്ദിപ്പൂർ ടൈഗർ റിസർവ്, നാഗർഹോളെ ടൈഗർ റിസർവ് എന്നിവിടങ്ങളിൽ വീണ്ടും ഫോറസ്റ്റ് സഫാരി തുടങ്ങാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമയക്രമം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. നേരത്തെ തന്നെ എത്ര മണിക്കൂർ സഫാരി നടത്തണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നു. തുടർന്ന് വിദഗ്ധ സമിതിയുടെ കൂടി നിർദ്ദേശം പരിഗണിച്ചാണ് ബന്ദിപ്പൂരും നാഗർഹോളെയിലും പുതിയ സമയക്രമം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇരു കടുവാ സങ്കേതങ്ങളിലും തുടർന്ന് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനാണ് വന്യജീവി ബോർഡിന്റെ കൂടി നിർദ്ദേശപ്രകാരം തീരുമാനമെടുത്തത്. ഇതുപ്രകാരം രാവിലെയും വൈകുന്നേരവും ആണ് സഫാരികൾ ക്രമീകരിച്ചിട്ടുള്ളത്. ബന്ദിപ്പൂരും നാഗർഹോളെ ടൈഗർ റിസർവിലും രണ്ടുതരത്തിലാണ് സമയ ക്രമങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ബന്ദിപ്പൂർ(Bandipur) കടുവാ സങ്കേതത്തിൽ ദിവസം അഞ്ചു മണിക്കൂർ മാത്രമാണ് സഫാരി ഉണ്ടാകുക. രാവിലെയും വൈകുന്നേരവും രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സഫാരികളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. രാവിലത്തെ സഫാരി 6.30 മുതൽ 9 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള സഫാരി 3.30ന് തുടങ്ങി ആറുമണിവരെ നീണ്ടുനിൽക്കും. അതേസമയം നാഗർഹോളെ കടുവാ സങ്കേതത്തിൽ രണ്ട് ഗേറ്റുകൾ വഴി സഫാരി അനുവദിച്ചിട്ടുണ്ട്. ഇതിൽ നാഗർഹോളേ(Nagarhole)ഗേറ്റിൽ ദിവസം നാലു മണിക്കൂറും,സുങ്കഡകട്ടെ(Sunkadakatte) ഗേറ്റിൽ ആറുമണിക്കൂറുമാണ് സഫാരിരാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ വീതമുള്ള സ്ലോട്ടുകളാണ് നാഗർഹോളെയിൽ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകുന്നേരം 3 മണി മുതൽ 5 മണി വരെയും ആണ് ഇവിടുത്തെ സമയക്രമം. നാഗർഹോളെ ടൈഗർ റിസർവിന്റെ ഭാഗമായ സുങ്കഡകട്ടെ(Sunkadakatte) യിൽ രാവിലെ 6 30 മുതൽ 9 30 വരെയും വൈകുന്നേരം 3 മുതൽ 6 മണി വരെയും ആണ് സഫാരി ഉണ്ടാകുക. മനുഷ്യ വന്യജീവി സംഘർഷത്തിൽ പൊതുജന അവബോധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കടുവാ സങ്കേതങ്ങളുടെ വരുമാനത്തിൽ നിന്നും മൂന്നിലൊന്ന് ഇതിനായി ചിലവാക്കും. അടുത്ത രണ്ടു മാസത്തിനുള്ളിൽ എല്ലാ സഫാരി വാഹനങ്ങളിലും എൻജിൻ ബന്ധിപ്പിച്ച ജിപിഎസ് ഉപകരണങ്ങളും-ഡാഷ് ക്യാമറകളും സ്ഥാപിക്കാനും തീരുമാനമായി. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ 50 ശതമാനം മനുഷ്യ വന്യജീവി സംഘർഷം തടയുന്നതിനായി ഉപയോഗിക്കും. ആവശ്യമെങ്കിൽ JLR ന് കീഴിലുള്ള വാഹനങ്ങളും ഇതിനായി വിട്ടു നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ബസ്സുകൾക്ക് ആണ് മുൻഗണന നൽകേണ്ടത് എന്നും ഉത്തരവിൽ പറയുന്നു. മനുഷ്യ വന്യജീവി സങ്കർഷം കൂടിയതോടെയാണ് ബന്ദിപ്പൂരും നാഗർഹോളെ ടൈഗർ റിസർവിലും സഫാരികളിൽ നിർത്തിവച്ചത്. വന്യജീവികളുടെ ആക്രമണത്തിൽ പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. നവംബർ ഏഴു മുതലാണ് ഇതോടെ ഇരു കടുവാ സങ്കേതങ്ങളും അടച്ചു പൂട്ടിയത്. 100 ദിവസത്തോളം രണ്ട് കേന്ദ്രങ്ങളും അടച്ചുപൂട്ടിയതോടെ പ്രദേശത്തെ ടൂറിസം മേഖല താറുമാറായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടയാണ് പ്രത്യേക സമിതിയെ വെച്ച് വിഷയത്തെക്കുറിച്ച് പഠിച്ച് കർണാടക സർക്കാർ തുടർനടപടി സ്വീകരിച്ചത്.
ബന്ദിപ്പൂരും നാഗർഹോളെയിലും സഫാരി സമയമായി; സർക്കാർ ഉത്തരവ് പുറത്ത്.


