ആട് 3 രണ്ടു നൂറ്റാണ്ടുകളിലെ കഥ; മലയാളത്തിലെ നാലാമത്തെ ബിഗ് ബജറ്റ് ചിത്രം.

AADU3-TIME-TRAVEL-NEW-UPDATE

മലയാള സിനിമ പ്രേമികളുടെ ഇഷ്ട ചലച്ചിത്രമാണ് ‘ആട്’. ‘ആടി’ന്റെ ആദ്യഭാഗം തിയേറ്ററുകളിൽ വൻ പരാജയം ആയെങ്കിലും തുറന്ന് ടിവിയിൽ നടന്ന പ്രദർശനമാണ് വിജയത്തിൽ കലാശിച്ചത്. ഇതിനെ തുടർന്നാണ് ഫ്രൈഡേ ഫിലിംസ് ‘ആടി’ന്റെ രണ്ടാം ഭാഗം എടുക്കാൻ തീരുമാനിച്ചത്. രണ്ടാം ഭാഗവും ആദ്യ ആഴ്ചകളിൽ 80 തിയേറ്ററുകളിൽ മാത്രമാണ് ഓടിയത്. ആദ്യ ഭാഗത്തിന്റെ തീയേറ്റർ പരാജയമാണ് രണ്ടാം ഭാഗത്തെയും തുടക്കത്തിൽ ബാധിച്ചത്. തൊട്ടടുത്ത ആഴ്ച തന്നെ 240 തിയേറ്ററുകളിലേക്ക് ‘ആട്’ പ്രദർശനം തുടങ്ങി. അങ്ങനെ ‘ആട് രണ്ടാം ഭാഗം’ ചരിത്രവിജയമായി മാറി. ഇതിന് പിന്നാലെയാണ് ആട് മൂന്നാം ഭാഗം ഈ മാർച്ച് 19 ന് തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്. ഒന്നും രണ്ടു ഭാഗങ്ങൾ ഇഷ്ടപ്പെട്ട ആരാധകർ മൂന്നാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു. ഷാജി പാപ്പന്റെയും സംഘത്തിന്റെയും പുതിയ വിശേഷങ്ങൾ ഓരോ ദിവസവും പുറത്തു വരുന്നുണ്ട്.

 ടൈം ട്രാവൽ ജോണറിൽ പെട്ടതാണ് ആട് മൂന്ന് എന്നതായിരുന്നു തുടക്കം മുതൽ ഉയർന്ന അഭ്യൂഹം. നിർമ്മാതാവ് വിജയ് ബാബു പല അഭിമുഖങ്ങളും നൽകിയെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം അനുസരിച്ച് രണ്ടു നൂറ്റാണ്ടുകളിലെ കഥയാണ് ആട് 3 പറയുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിലെ കഥയാണ് ഇതിൽ ഒരു ഭാഗം എന്ന് നിർമ്മാതാവ് വിജയ് ബാബു സ്ഥിരീകരിച്ചു. എപ്പിക്ക് ഫാന്റസി എന്ന ജോണറിൽ ആണ് ആട് 3 തീയറ്ററുകളിൽ എത്തുന്നത്. രണ്ട് കാലഘട്ടം ചിത്രീകരിച്ചത് കൊണ്ട് തന്നെയാണ് വലിയ ബജറ്റ് സിനിമയ്ക്ക് വേണ്ടി വന്നതെന്നും വിജയ് ബാബു ചൂണ്ടിക്കാട്ടി. വലിയ ബജറ്റ് ആണെങ്കിലും നർമ്മത്തിന് പ്രാധാന്യം നൽകി തന്നെയാണ് സിനിമ ചിത്രീകരിച്ചത്.

 മലയാളത്തിലെ ഇതുവരെയുള്ളതിൽ നാലാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് ആട് 3 എന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം സിനിമയുടെ ബജറ്റ് എന്ത് എന്ന കാര്യത്തിൽ മൗനം തുടരുകയാണ്. വലിയ ബജറ്റിൽ ഉള്ള സിനിമ ആയതുകൊണ്ട് തന്നെയാണ് വേണു കുന്നപ്പള്ളിയുടെ കാവ്യാ ഫിലിംസുമായി ചേർന്നുകൊണ്ട് സിനിമ നിർമ്മിച്ചത് എന്ന് വിജയ് ബാബു വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണം തുടങ്ങിയ ശേഷമാണ് വേണു കുന്നപ്പള്ളി പ്രോജക്റ്റിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തിൽ മുംബൈയിലുള്ള ഒരുവൻ ടീമുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പ്രൊഡ്യൂസർ അസോസിയേഷൻ ആ ഘട്ടത്തിൽ മലയാള സിനിമ വലിയ നഷ്ടത്തിലാണ് എന്ന് വാർത്താസമ്മേളനം നടത്തി പറഞ്ഞതോടെ ഇവർ പിന്മാറി. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് വേണു കുന്നപ്പള്ളി സിനിമയിലേക്ക് എത്തുന്നത്.

 സിനിമ തുടങ്ങിയ ശേഷവും സഹനിർമ്മാതാവിനെ കിട്ടാതെ വന്നത് ആശങ്ക ഉണ്ടാക്കിയിരുന്നതായി  വിജയ് ബാബു വ്യക്തമാക്കി. പലതരം ആലോചനകൾക്ക് ഒടുവിലാണ് വേണു കുന്നപ്പള്ളിയിലേക്ക് കാര്യങ്ങൾ എത്തിയത്. 48 മണിക്കൂറിനുള്ളിൽ തന്നെ ചർച്ചകൾ പൂർത്തിയാക്കി ഇരുവരും ധാരണയിൽ എത്തിയിരുന്നതായി  വിജയ് ബാബു പറയുന്നു. പാലക്കാടാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. മഴക്കാലത്ത് നടന്ന ഷൂട്ടിംഗ് ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് വെള്ളം കൂടി സെറ്റ് ഒലിച്ചു പോകുന്ന സാഹചര്യം പോലും ഉണ്ടായി. ഒരുപാട് കഷ്ടതകൾ സഹിച്ചാണ് ‘ആട് മൂന്ന്’ പൂർത്തിയായതെന്ന് വിജയ് ബാബു പറയുന്നു. എട്ടുമാസം നീണ്ട ചിത്രീകരണത്തിൽ 127 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഏതായാലും ‘ആട് 3’ മലയാളം സിനിമ പ്രേക്ഷകർ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.

Share This Post

Leave a Reply

Your email address will not be published. Required fields are marked *