അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലതരത്തിലുള്ള തർക്കങ്ങളും തുടരുകയാണ്. നേരത്തെ ഇ ശ്രീധരൻ പ്രഖ്യാപിച്ച പദ്ധതിക്ക് പിന്നാലെ സംസ്ഥാന സർക്കാരും പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ശ്രീധരന്റെ പ്രഖ്യാപനത്തെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വരികയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് താൻ പിന്നോട്ടില്ല എന്ന നിലപാടുമായി ഇ ശ്രീധരൻ പുതുക്കിയ പദ്ധതി പ്രഖ്യാപിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തനിക്ക് വാക്കാൽ നൽകിയ ഉറപ്പ് പ്രകാരമാണ് പുതിയ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്ന് ശ്രീധരൻ ആവർത്തിച്ചു.
പൊന്നാനിയിലെ അതിവേഗ റെയിൽപാതയുടെ ഓഫീസിനു മുന്നിൽ വാർത്താസമ്മേളനം നടത്തിയാണ് ശ്രീധരൻ പുതുക്കിയ പദ്ധതി പ്രഖ്യാപിച്ചത്. പുതിയ പദ്ധതി പ്രകാരം ചെലവ് കുറയും. 56,500 കോടി രൂപ മാത്രമായിരിക്കും പുതിയ പദ്ധതിക്കായി വേണ്ടി വരിക. 200 കിലോമീറ്റർ വേഗതയിൽ ആയിരിക്കും പുതിയ പാത. അതേസമയം പുതുക്കിയ പദ്ധതിയിലും കണ്ണൂർ വരെയാണ് പാത ഉണ്ടാകുക. എന്നാൽ പത്തനംതിട്ടയെ പുതിയതായി പാതയിൽ ചേർത്തിട്ടുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 465 കിലോമീറ്റർ ആണ് പുതിയ പാത. 20 മുതൽ 30 കിലോമീറ്റർ വരെ ദൂരത്തിൽ സ്റ്റോപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങിയാൽ തിരുവനന്തപുരം എയർപോർട്ട് ആണ് ആദ്യ സ്റ്റോപ്പ്. തുടർന്ന് വർക്കല കൊല്ലം കൊട്ടാരക്കര വഴി പത്തനംതിട്ടയിലെത്തും. ഈ സ്ഥലങ്ങളിലെല്ലാം സ്റ്റോപ്പുകൾ ഉണ്ടാകും. തുടർന്ന് കോട്ടയം -വൈക്കം -എറണാകുളം- നെടുമ്പാശ്ശേരി -തൃശൂർ -പട്ടാമ്പി- മലപ്പുറം- കരിപ്പൂർ -കോഴിക്കോട് -കൊയിലാണ്ടി -വടകര തലശ്ശേരി- കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
തിരുവനന്തപുരം നഗരത്തിൽ തന്നെ ടണൽ വഴിയാണ് പാത തുടങ്ങുന്നത്. പാതയിൽ ഏറെ ഭാഗവും ടണൽ വഴി ആയതിനാൽ തന്നെ ഭൂമി ഏറ്റെടുക്കൽ അധികം വേണ്ടി വരില്ല. ഇതാണ് ചിലവ് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക ടീമിനെ ഇതിനകം രൂപീകരിച്ചു. ഡിസൈനിലെ സ്പീഡ് 200 കിലോമീറ്റർ ആണെങ്കിലും കൊമേഴ്സ്യൽ സ്പീഡ് മണിക്കൂറിൽ 140 കിലോമീറ്റർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നു മണിക്കൂർ 20 മിനിറ്റ് കൊണ്ട് എത്താം എന്നതാണ് പുതിയ പാതയുടെ പ്രത്യേകത.
അതേസമയം ശ്രീധരന്റെ പാതയെ കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ മൗനം പാലിച്ചിരുന്നു. ശ്രീധരൻ തന്റെ ഗുരുവാണ് എന്ന ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. പുതുക്കിയ പാതയുടെ നിർദേശം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഉടൻ കൈമാറും എന്നും ശ്രീധരൻ വ്യക്തമാക്കി. ശ്രീധരന്റെ പാത അംഗീകരിക്കില്ല എന്ന നിലപാട് ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ചില മന്ത്രിമാർ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിനു കൂടി താല്പര്യം ഇതാണെങ്കിൽ അതിനോട് കൂടി ചേർന്നു പോകാൻ ആയിരിക്കും സംസ്ഥാന സർക്കാരിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ വൈകാതെ ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


