കൊച്ചി നഗരത്തിന്റെ വലിയ തിരക്കുകളിൽ നിന്ന് മാറി കേരളത്തിന്റെ ഗ്രാമക്കാഴ്ചകളുടെ കേന്ദ്രമാണ് നഗരത്തോട് ചേർന്നുള്ള. കടമക്കുടി. പൊക്കാളി പാടങ്ങളും കായൽ കാഴ്ചകളും എല്ലാം കാണാനായി സഞ്ചാരികൾ വൻതോതിൽ കടമക്കുടിയിലേക്ക് പോകാറുണ്ട്. കടമക്കുടിയിലെ സായാഹ്നം പേരുകേട്ടതാണ്. 14 ദ്വീപുകൾ അടങ്ങിയ കടമക്കുടിയിലേക്ക് കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. ഇതിനായി കടമക്കുടിയിൽ ഉൾപ്പെടെ നിർമ്മിച്ച രണ്ട് വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 1 മുതൽ പുതിയ സർവീസ് തുടങ്ങും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കടമക്കുടി പാളിയംതുരുത്ത് എന്നിവിടങ്ങളിലാണ് ടെർമിനലുകൾ പുതിയതായി നിർമ്മിച്ചത്. മറ്റ് സ്ഥലങ്ങളിലെ പോലെ അത്യാധുനിക സൗകര്യങ്ങൾ ഇവിടെയുമുണ്ട്. എയർകണ്ടീഷൻ ചെയ്തതാണ് ലോഞ്ചുകൾ. ഓട്ടോമാറ്റിക് ടിക്കറ്റ് കളക്ഷൻ ഗേറ്റുകൾ, ഭിന്നശേഷിക്കാർക്ക് സുഖമായ സഞ്ചാര പാത എന്നിവയും ഇവിടെ ഒരുക്കി കഴിഞ്ഞു. ബാറ്ററി ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ചിലയിടങ്ങളിൽ കനാലുകളുടെ ആഴം ഉറപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. രണ്ട് മീറ്റർ വരെ ആഴമാണ് ഡ്രഡ്ജിങ് നടത്തി ഉണ്ടാക്കിയെടുക്കുന്നത്.
ഹൈക്കോടതി ടെർമിനലിൽ നിന്നുമാണ് കടമക്കുടിയിലേക്ക് സർവീസ് ആരംഭിക്കുക. കടമക്കുടിയിലേക്ക് 20 മിനിറ്റ് ആയി യാത്രാസമയം കുറയും എന്നതാണ് ഇതിന്റെ പ്രത്യേകത. റോഡിലെ വലിയ ഗതാഗത തിരക്ക് ഒഴിവാക്കി പ്രദേശവാസികൾക്കും സഞ്ചരിക്കാൻ ആകും എന്നതാണ് പുതിയ ടെർമിനൽ വരുന്നതിന്റെ ഗുണം.കേവലം സഞ്ചാരികൾക്ക് മാത്രമല്ല പ്രദേശവാസികൾക്കും പുതിയ പദ്ധതി ഉപകാരപ്പെടും എന്നർത്ഥം.
നിലവിൽ പീഴാല – കടമക്കുടി ജലപാതയിൽ പലയിടത്തും ചീന വലകൾ ഉണ്ട്. ഏതാണ്ട് 40 ഓളം സ്ഥലങ്ങളിലാണ് ചീനവലകൾ ഉള്ളത്. ഇത് നശിപ്പിച്ചുകൊണ്ട് ഒരു യാത്ര ഉണ്ടാകില്ല എന്ന് കൊച്ചി വാട്ടർ മെട്രോ അധികൃതർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ വൈപ്പിൻ – വല്ലാർപാടം വഴിയാകും സർവീസ് തിരിച്ചു വിടുക. ഇക്കാര്യത്തിൽ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും. കൊച്ചി നഗരത്തിൽ 15 മിനുട്ട് ഇടവിട്ടാണ് വാട്ടർ മെട്രോ സർവീസുകൾ ഉള്ളത്. കടമക്കുടിയിലേക്കുള്ള പ്രദേശവാസികളുടെ സമയക്രമം കൂടി പരിശോധിച്ചായിരിക്കും സർവീസുകൾ ഏർപ്പെടുത്തുക. കൊച്ചിൻ ഷിപ്പിയാർഡ് ഇതിനായി മൂന്നു ബോട്ടുകൾ ഉടൻ വാട്ടർ മെട്രോയ്ക്ക് കൈമാറും.


